Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017 നക്ഷത്രഫലം: കാണിപ്പയ്യൂർ

star-sign

2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ 

അശ്വതി: പരീക്ഷണനിരീക്ഷണങ്ങൾ, കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങൾ തുടങ്ങിയവയിൽ വിജയം വരിക്കും. വർധിച്ചുവരുന്ന ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകാൻ പരസഹായം തേടും. പുതിയ തലമുറയിലുള്ളവരുടെ ക്ഷമാശീലക്കുറവും മൂല്യച്യുതിയും മനോവിഷമത്തിനു വഴിയൊരുക്കും. ദീർഘകാലവീക്ഷണത്തോടുകൂടിയ പദ്ധതികൾ വിഭാവനം ചെയ്യും. ഭരണസംവിധാനത്തിലുള്ള അപാകതകൾ നിഷ്കർഷയോടുകൂടി തിരുത്തുവാൻ സാധിക്കും. സംഘടിത ശ്രമങ്ങൾ വിജയിക്കും.

ഭരണി: പരീക്ഷകളിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകും. തൊഴിൽമേഖലകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും. തൊഴിൽ മേഖലകളിൽനിന്നു സാമ്പത്തികനേട്ടമുണ്ടാകും. കലാകായികമത്സരങ്ങൾ, ഇന്റർവ്യൂ, പരീക്ഷകൾ തുടങ്ങിയവയിൽ പ്രശസ്തവിജയമുണ്ടാകും. സംഘടിതശ്രമങ്ങൾ വിജയിക്കും. ഉദ്യോഗം ഉപേക്ഷിച്ചു വ്യാപാര വ്യവസായങ്ങൾ തുടങ്ങും. നിരവധി ചുമതലകൾ ഏറ്റെടുക്കേണ്ടതായി വരും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. കർമമണ്ഡലങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും.

കാർത്തിക: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിക്കു ചേരും. അനാരോഗ്യകരമായ അവസ്ഥകൾ പലപ്പോഴും അവധിയെടുക്കാൻ പ്രേരിപ്പിച്ചേക്കാം. അറിയാത്ത കാര്യങ്ങളിൽ ഗ്രഹിതം പറയരുത്. ഏറ്റെടുക്കുന്ന കർമമണ്ഡലങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. അന്യദേശത്തു വസിക്കുന്നവർക്കു മാസങ്ങളോളം മാതാപിതാക്കളോടൊത്തു താമസിക്കാൻ അവസരം ലഭിക്കും. ആഗ്രഹങ്ങൾ സഫലീകൃതമാകും. സംതൃപ്തിയോടുകൂടി ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യാനിടവരും.

രോഹിണി: ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. വൈവിധ്യങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം വന്നുചേരുന്നതിനാൽ അഭിമാനം തോന്നും. അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസവും ആഹ്ലാദവും തോന്നും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർഥനാകും. 

മകയിരം: ഉല്ലാസയാത്രകൾക്കും പുണ്യതീർഥ, ദേവാലയ ദർശന യാത്രകൾക്കും അവസരമുണ്ടാകും. വാഹനം മാറ്റിവാങ്ങും. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കാനിടവരും. ഏറ്റെടുത്ത ദൗത്യം നടപ്പാക്കാൻ പരിചയസമ്പന്നരെ നിയമിക്കും. പൂർവികസ്വത്തു രേഖാപരമായി ലഭിക്കുമെങ്കിലും വിട്ടുവീഴ്ചാ മനോഭാവം വേണ്ടിവരും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനുചേരാൻ സാധിക്കും. പ്രവർത്തന മേഖലകളിൽ പുരോഗതിയുണ്ടാകും.

തിരുവാതിര: ഈശ്വരപ്രാർഥനകളാൽ പുനഃപരീക്ഷയിൽ വിജയമുണ്ടാകും. പണം കടംകൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, കുറി ചേരുക, സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കുക, മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുക തുടങ്ങിയവ ഒഴിവാക്കണം. മഹദ്വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ നിഷ്ഠകൾ പാലിക്കേണ്ടിവരും. അനാരോഗ്യകരമായ അവസ്ഥാവിശേഷത്താൽ പലപ്പോഴും അവധിയെടുക്കാനിടവരും. കഴിവിന്റെ പരമാവധി പരിശ്രമിക്കുമെങ്കിലും അനുഭവഫലങ്ങൾ കുറയും. വാഹനം മാറ്റിവാങ്ങും. 

പുണർതം: ക്രിയാത്മക നടപടികൾക്കു മേലധികാരിയുടെ അനുമോദനം ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചുലഭിക്കും. കീഴ്ജീവനക്കാരുടെ പിൻബലത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആധ്യാത്മിക സേവനപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ആർഭാടങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുവഴി മിച്ചംവയ്ക്കാൻ സാധിക്കും.  പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം നേടും. 

പൂയം: വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധകൊണ്ടു മുറിവുകളും വീഴ്ചയും ഉണ്ടാകും. അവിചാരിത തടസ്സങ്ങളെ അതിജീവിക്കാൻ അഹോരാത്ര പ്രയത്നം വേണ്ടിവരും. അർഹമായ അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാകില്ല. വിദേശബന്ധമുള്ള വ്യാപാര വിതരണ മേഖല പുനരാരംഭിക്കും. 

ആയില്യം: ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആർഭാടങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി മിച്ചംവയ്ക്കാൻ സാധിക്കും. മാതാപിതാക്കളോടൊപ്പം താമസിക്കാൻ സാധിക്കും. ആഗ്രഹസാഫല്യത്താൽ നിർവൃതിയുണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കാനും പുതിയ ആശയങ്ങൾ അവലംബിക്കാനും സാധിക്കും. 

∙മകം: സന്തുഷ്ടമായ ജീവിതം നയിക്കാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും. കടം കൊടുത്ത തുക തിരിച്ചു ലഭിക്കും. മറ്റുള്ളവരുടെ ഉയർച്ചയിൽ ആഹ്ലാദമുണ്ടാകും. സ്വത്തുതർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. അർഥശൂന്യമായ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഉൾപ്രേരണയുണ്ടാകും. സമയബന്ധിതമായ പ്രവർത്തനങ്ങൾ ചെയ്തുതീർക്കാൻ പരസഹായവും, പ്രതീക്ഷിച്ചതിലുപരി പണച്ചെലവും അനുഭവപ്പെടും. 

പൂരം: സൗഹൃദസംഭാഷണത്തിൽ സ്വീകരിക്കുന്ന നിർദേശങ്ങളും ഉപദേശങ്ങളും സ്വന്തം അനുഭവത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കുകയില്ലെങ്കിലും അന്യർക്ക് ഉപകാരപ്രദമാകും. വ്യാപാര വ്യവസായമേഖലകളിൽ പുരോഗതിയുണ്ടാകുമെങ്കിലും സാമ്പത്തികനേട്ടം കുറയും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. അനന്തസാധ്യതകളോടുകൂടിയ മേഖലകളിൽ ജോലിചെയ്യാനുള്ള അവസരം വന്നുചേരും. വിദ്യാർഥികൾക്ക് അകാരണ ഭയവും ഉദാസീനമനോഭാവവും ഉണ്ടാകും. 

ഉത്രം: കടം കൊടുത്ത തുക തിരിച്ചു ലഭിക്കും. മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കും. കീഴ്ജീവനക്കാരെ നിയന്ത്രിക്കാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. നിബന്ധനകൾക്കു വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. അർഥശൂന്യമായ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുവാൻഉൾപ്രേരണയുണ്ടാകും. വിപരീത സാഹചര്യങ്ങളെ അതിജീവിക്കാനാകും. സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങൾ വർഷാന്ത്യത്തിൽ സഫലമാകും. പ്രാദേശിക പിന്തുണ ലഭിച്ചതിനാൽ കക്ഷിരാഷ്ട്രീയ മത്സരത്തിൽ വിജയിക്കും.

അത്തം: ഏറ്റെടുത്ത ദൗത്യം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. വ്യക്തിസ്വാതന്ത്യ്രത്താൽ പുതിയ ഭരണപരിഷ്കാരം പ്രവർത്തനതലത്തിൽ ആവിഷ്കരിക്കും. വഴിപാടുകൾ ചെയ്യാനിടവരും. മേലധികാരിക്കു തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കാൻ സാധിക്കും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി നേടും. അഭയംപ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. വാഹനം മാറ്റിവാങ്ങും.

ചിത്തിര: വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധകൊണ്ടു വീഴ്ചയും മുറിവുകളും ഉണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതുവഴി പുതിയ ആശയങ്ങൾ ഉത്ഭവിക്കും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. നിരവധികാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടുപോകും. സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. 

ചോതി: ദുഷ്പ്രചാരണങ്ങൾ നിഷ്പ്രഭമാകും. ജന്മനാട്ടിലേക്കുള്ള പുനരധിവാസത്തിന് അകാരണതടസ്സങ്ങൾ അനുഭവപ്പെടാം. അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കാൻ സാധിക്കുകയില്ല. ഈശ്വരപ്രാർഥനകളാലും സൗമ്യസമീപനത്താലും പ്രതികൂല സാഹചര്യങ്ങളെ ഏറക്കുറെ അതിജീവിക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിനപ്രയത്നം വേണ്ടിവരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. കൂടുതൽ ചുമതലകൾ ഏറ്റെടുക്കാനിടവരും. അനന്തസാധ്യതകളോടുകൂടിയ മേഖലകളിൽ ജോലിചെയ്യാനുള്ള അവസരം വന്നുചേരും.

വിശാഖം: സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കാനും പുതിയ ആശയങ്ങൾ അവലംബിക്കാനും സാധിക്കും. ആഗ്രഹങ്ങൾ സാധിക്കുന്നതിൽ കൃതാർഥനാകും. ഉത്തേജക മരുന്നുകൾ ഉപേക്ഷിച്ചു പ്രകൃതിജീവന ഔഷധ രീതി അവലംബിക്കും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സത്യസന്ധമായ പ്രവർത്തനങ്ങൾ വിമർശനങ്ങളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. സ്വന്തം നിലപാടിൽ നിന്നു വ്യതിചലിക്കാതെ ലക്ഷ്യപ്രാപ്തി നേടും. 

അനിഴം: ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ സന്ദർശിച്ച് ആശ്വാസവചനങ്ങളും സാമ്പത്തിക സഹായവും നൽകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. പ്രവർത്തന പുരോഗതിക്ക് അനുയോജ്യമായ ആശയങ്ങൾ ആജ്ഞാനുവർത്തികളിൽനിന്നു വന്നുചേരുന്നതിനാൽ ആത്മവിശ്വാസം വർധിക്കും. ജീവിതനിലവാരം വർധിച്ചതിനാൽ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങാൻ തയാറാകും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

തൃക്കേട്ട: അന്യദേശത്തോ വിദേശത്തോ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. മാതാപിതാക്കളോടൊപ്പം താമസിക്കാൻ സാധിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. വ്യക്തിസ്വാതന്ത്യ്രത്താൽ പുതിയ ഭരണപരിഷ്കാരം പ്രവർത്തനതലത്തിൽ ആവിഷ്കരിക്കും. പ്രവർത്തന മണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ നിർദേശം തേടും. സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവുമുണ്ടാകും. 

മൂലം: ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. അർഹമായ പൂർവിക—പിതൃസ്വത്തുക്കൾ രേഖാപരമായി ലഭിക്കും.  ഭയഭക്തിബഹുമാനത്തോടുകൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ അന്തിമ നിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടും. പുരോഗതിയില്ലാത്ത ഗൃഹം വിൽക്കാൻ തയാറാകും. മറ്റുള്ളവരുടെ ദൃഷ്ടിയിൽ ധനാഢ്യനെന്നു തോന്നുന്ന വിധത്തിൽ ജീവിതവൃത്തി നയിക്കുന്നതിൽ ആത്മാഭിമാനം തോന്നും. കർമമേഖലകളിൽ അത്യധ്വാനം ചെയ്താലും പ്രതീക്ഷിച്ച അംഗീകാരവും അനുഭവവും ഉണ്ടാവുകയില്ല. 

പൂരാടം: അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിച്ചു വിദേശവാസം തുടരാനിടവരും. വിദേശ ബന്ധമുള്ള വ്യാപാര വിതരണ മേഖല പുനരാരംഭിക്കും. കൂറുമാറി പ്രവർത്തിക്കുന്നതിനാൽ കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ വിജയസാധ്യത കുറയും. വിനയം, ക്ഷമ, കാര്യനിർവഹണശക്തി തുടങ്ങിയവ സകലകാര്യ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ ഉപകരിക്കും. സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉൾപ്രേരണയുണ്ടാകും. 

ഉത്രാടം: പുരോഗതിയില്ലാത്ത ഗൃഹം വിൽപന ചെയ്ത് പണി ചെയ്തുവരുന്ന ഗൃഹം വാങ്ങാൻസാധിക്കും. സ്വഭാവവിശേഷത്താൽ പുതിയ തൊഴിലവസരങ്ങൾ വന്നുചേരും. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകും. തൊഴിൽമേഖലകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർഥനാകും. മഹദ്വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. 

തിരുവോണം: വിൽപനോദ്ദേശ്യത്തോടെ വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകുമെന്നതിനാൽ വിൽപനയ്ക്കു തയാറാകും. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ചു പ്രവർത്തനക്ഷമമാക്കാൻ സാധിക്കും. പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സംഘത്തിൽ ഉൾപ്പെടുത്തിയ മേലധികാരിയോട് ആദരം തോന്നും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. യാഥാർഥ്യങ്ങൾ മനസ്സിലാക്കാത്തതിനാൽ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും. 

അവിട്ടം: തൊഴിൽപരമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി ഗൃഹം വാങ്ങി താമസമാക്കാൻ സാധിക്കും. കുടുംബ ജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ദാമ്പത്യബന്ധം പുന:സ്ഥാപിച്ചു സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടം കൊടുത്ത തുക മധ്യസ്ഥർ മുഖാന്തരം ഗഡുക്കളായി ലഭിക്കാൻ ധാരണയാകും. മകളുടെ സുരക്ഷിതത്വം മാനിച്ചു സുരക്ഷിതമായ സ്ഥലത്തേക്കു മാറിത്താമസിക്കാൻ നിർബന്ധിതനാകും. എല്ലാ പ്രകാരത്തിലും താങ്ങും തണലുമായി പ്രവർത്തിക്കുന്നവരെ അനുമോദിക്കാൻ അവസരമുണ്ടാകും. 

ചതയം: മറ്റുള്ളവരുടെ ഉയർച്ചയിൽ ആഹ്ലാദം കണ്ടെത്തുന്ന മനഃസ്ഥിതിക്ക് അനുമോദനങ്ങൾ വന്നുചേരും. ഈശ്വരപ്രാർഥനകളാലും യുക്തിപൂർവമുള്ള സമീപനത്താലും മാർഗതടസ്സങ്ങൾ നീങ്ങും. വികസ്വരരാജ്യത്തേക്കു താമസം മാറ്റാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. പദ്ധതി ആസൂത്രണങ്ങളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ചാൽ തൊഴിൽ മേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. 

പൂരുരുട്ടാതി: വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കാൻ വിദഗ്ധോപദേശം തേടും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. വിൽപനോദ്ദേശ്യം മനസ്സിൽ കരുതി വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകയാൽ വിൽപനയ്ക്കു തയാറാകും. ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ സർവകാര്യവിജയവും സമാധാനവും സ്വസ്ഥതയും അനുഭവയോഗ്യമാകും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സംജാതമാകും. ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. 

ഉത്തൃട്ടാതി: ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ചു പ്രവർത്തനക്ഷമമാക്കാൻ സാധിക്കും.ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. വിനയമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ചു സർവകാര്യവിജയം നേടാൻ ഉപകരിക്കും. അധികാരപരിധിയിൽ പെടുന്ന കാര്യങ്ങൾ ആത്മാർഥതയോടുകൂടി പ്രാവർത്തികമാക്കാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. സന്താനങ്ങൾക്കു സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. സഹകരണപ്രസ്ഥാനങ്ങളുടെ സാരഥ്യം വഹിക്കാനിടവരും.

∙രേവതി: ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. വൈവിധ്യങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം വന്നുചേരുന്നതിനാൽ ആത്മാഭിമാനം തോന്നും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർഥനാകും. മഹദ്വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. സഹോദരങ്ങൾക്കു ക്ഷേമം വന്നുചേരുന്നതിൽ ആത്മാർഥമായി അനുമോദിക്കും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.