Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1193 നിങ്ങൾക്ക് എങ്ങനെ?

1139 yearly Prediction

മേടക്കൂറ്

ഈ വർഷം പൊതുവെ കാലസ്ഥിതി മെച്ചപ്പെടുകയാണ്. അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളും ചിങ്ങം 27ന് വ്യാഴം ഏഴിലേക്ക് വരുന്നതോടുകൂടി ആശ്വാസമാകും. യാത്രാകാര്യങ്ങളോ വിവാഹാദി മംഗളകാര്യങ്ങളോ നടന്നുകിട്ടും. തുലാം 10 ന് അഷ്ടമശനിദോഷവും മാറിക്കിട്ടും. വ്യവഹാരങ്ങളോ കുടുംബജീവിതത്തിലെ പ്രശ്നങ്ങളോ തീർന്ന് കിട്ടുവാന്‍ മാർഗ്ഗം തെളിയും. വൃശ്ചികം 15ന് മുമ്പായി തന്നെ പോലീസ്, പട്ടാളം, സെക്യൂരിറ്റി വിഭാഗങ്ങളിൽ ശ്രമിക്കുന്നവർക്ക് ജോലിലാഭം. ടൂറിസ്റ്റ് കാർ, ഓട്ടോറിക്ഷ, മറ്റ് യന്ത്രാദിവസ്തുക്കൾ മുതലായ വരുമാന മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് നേട്ടം. റിയൽ എസ്റ്റേറ്റ് കാര്യങ്ങളിൽ പുരോഗതി, മറ്റ് ഏതു രംഗങ്ങളിലായാലും കാര്യനിർവ്വഹണശേഷി വർദ്ധനയും ഉണ്ടാകും. അതിനുശേഷം മേടം 31 വരെ കർമപുഷ്ടി, വിദ്യാഭ്യാസജയം, വിദേശഗുണം, കൃഷിയിലോ കച്ചവടവ്യാപാരങ്ങളിലോ ആയാലും പുരോഗതി, ധനാഗമം, ഉദ്ദേശകാര്യസിദ്ധി, ദാമ്പത്യപ്രീതി, യുവതീയുവാക്കൾക്ക് വിവാഹസിദ്ധി, ഗൃഹത്തിന്റെയോ, വാഹനത്തിന്റെയോ മറ്റു സുഖോപകരണങ്ങളുടെയോ ലാഭം, സ്ഥിതി, വലുപ്പം, പ്രതാപം എന്നിവയും ഉണ്ടാകും. മേടം 31 മുതൽ വ്യാഴത്തിന്റെ ഗുണഫലങ്ങൾ വേധിച്ചുപോകുന്നതുകൊണ്ട് അപ്രതീക്ഷിത ദോഷാനുഭവങ്ങൾക്ക് ഇടവന്നേക്കും. കർക്കടകം 1 മുതൽ വർഷാവസാനം കാലസ്ഥിതി വീണ്ടും മെച്ചപ്പെടും.

ഇടവക്കൂറ്

പ്രായമനുസരിച്ച് ഏതു രംഗത്തായാലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഗുണാനുഭവങ്ങൾ ചിങ്ങം 27 വരെ തുടർന്നും ലഭിക്കും. ജനസ്നേഹവും പ്രതാപവർദ്ധനയും വീണ്ടും തുടരുന്നതാണ്. എന്നാൽ ചിങ്ങം 27 മുതൽ വർഷം മുഴുവനും ആറിൽ സഞ്ചരിക്കുന്ന വ്യാഴത്തിന്റെ ദോഷാനുഭവങ്ങൾക്കും ഇടയുണ്ട്. എങ്കിലും ആജ്ഞാഗുണം, സ്ഥാനലാഭം, മാനസിദ്ധി, ധനലാഭം, ബന്ധുസൗഹൃദം, സന്താനങ്ങളെകൊണ്ട് സന്തോഷം എന്നിവ ഉണ്ടാകും. തുലാം 10ന് കണ്ടകശനിദോഷം മാറിക്കിട്ടും. (പിന്നീട് വരുന്ന അഷ്ടമശനിയും അത്ര ഗുണകരമല്ല.) മനപ്രയാസങ്ങളെ തരണം ചെയ്യാൻ കഴിയും. തൊഴിൽരംഗത്ത് കാര്യപ്രാപ്തിയോടെ പ്രവർത്തിച്ച് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഈശ്വരാധീനത്തിന് പ്രത്യേകം ശ്രമിക്കുകയാണെങ്കിൽ ഭൂമി, സ്വർണ്ണം, യന്ത്രാദിവസ്തുക്കൾ എന്നിവകൊണ്ട് ചില ഗുണാനുഭവങ്ങൾക്കും ഇടയുണ്ട്. കലാകാരന്മാർക്കും വിദ്യാർത്ഥികൾക്കും കൂടി മകരം 3 വരെയുള്ള ഈ അവസരം അനുകൂലമാണ്. അതിനുശേഷം മീനം 12 വരെ ശാരീരികമായും മാനസികമായും സുഖക്കുറവ് അനുഭവപ്പെടും. പിന്നീട് വർഷാവസാനം കർക്കടകം 31 വരെ ശുക്രന്റെ ഇഷ്ടസ്ഥിതികൊണ്ട് സാമ്പത്തികഗുണവും ജനസഹകരണവും ഉണ്ടാകും.

മിഥുനക്കൂറ്

വർഷാരംഭത്തിൽ ചിങ്ങം 27 വരെ വേണ്ടപ്പെട്ടവർക്ക് ക്ലേശം, അകൽച്ച, വ്യസനം എന്നിവയ്ക്ക് ഇടയുണ്ടെങ്കിലും ചിങ്ങം 27 മുതൽ വർഷം മുഴുവനും വ്യാഴം അഞ്ചില്‍ സഞ്ചരിക്കുന്നതുകൊണ്ട് ഈശ്വാരാധീനം തെളിയും. തൻമൂലം സന്താനങ്ങൾക്ക് (നവദമ്പതികൾക്ക് സന്താനലാഭം പ്രായഭേദമനുസരിച്ച്, സന്താനങ്ങൾക്ക് വിദ്യാഭ്യാസം, രോഗവിമുക്തി, പരീക്ഷാജയം, ജോലിലാഭം, വിദേശഗുണം, വിവാഹസിദ്ധി, ഗൃഹം, വാഹനം മുതലായവയുടെ ക്രയവിക്രയം, അവർക്ക് സന്താനലാഭം) വേണ്ടിയുള്ള പ്രവർത്തനത്തിൽ മുഴുകേണ്ടി വരും. എന്നാൽ തുലാം 10 മുതൽ കണ്ടകശനിദോഷകാലം തുടങ്ങുകയാണ്. അത് ഈ വർഷം മാത്രമല്ല വരുന്ന രണ്ടു വർഷത്തേക്കുണ്ട്. ജീവിതപങ്കാളിക്കോ അവരുടെ വീട്ടുകാർക്കോ പലവിധ ക്ലേശം, യാത്രാതടസ്സം, ദാമ്പത്യസുഖഹാനി, മംഗളകാര്യതടസ്സം, വ്യവഹാരം, സാമ്പത്തിക കുരുക്ക്, രോഗപീഡ (ആശുപത്രിവാസം), അപകടസന്ധി, ഇഷ്ടബന്ധുവിയോഗം എന്നിവയും കൂടി ഫലങ്ങളാണ്. ദോഷശാന്തിയ്ക്ക് പ്രത്യേകം പരിശ്രമിക്കണം. തന്മൂലം മിഥുനം 4 മുതൽ വർഷാവസാനം കർക്കടകം 31 വരെ ധനലാഭം, വാക്ശുദ്ധി, മനഃസുഖം എന്നിവ ഉണ്ടാകും.

കർക്കടകക്കൂറ്

വർഷാരംഭത്തിൽ വ്യാഴത്തിന്റെ ദോഷഫലങ്ങൾ വേധിച്ചു പോകുന്നതുകൊണ്ട് വസ്ത്രാഭരണലാഭം, അശനശയനസൗഖ്യം, വിവാഹാദിമംഗള കാര്യങ്ങളിൽ സന്തോഷം, സജ്ജനസഹകരണം, വിദേശഗുണം എന്നിവ കന്നി 27 വരെയുള്ള ഫലങ്ങളാണ്. തന്നെയുമല്ല ചിങ്ങം 27 മുതൽ തന്നെ വ്യാഴം നാലിലേക്ക് മാറും. വർഷാവസാനം വരെ തുടരുകയും ചെയ്യും. വീടിന്റെയോ വാഹനത്തിന്റെയോ കാര്യം ഈ അവസരത്തിൽ നടക്കാതിരിക്കില്ല. തുലാം 10 മുതൽ ശനി ഇഷ്ടസ്ഥാനത്ത് ആറിൽ സഞ്ചരിക്കുകയാണ്. മുപ്പതു വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ശനിയുടെ അനുകൂല കാലമാണ്. (ആറിൽ ശനി ആനയെ വാങ്ങുമെന്നാണ് ചൊല്ല്) മേടം 19 മുതൽ വർഷം കഴിയുമ്പോഴും ചൊവ്വ ഏഴിൽ ആണ് സഞ്ചരിക്കുന്നത്. ദാമ്പത്യസുഖക്കുറവ്, സ്ത്രീകലഹം, സഞ്ചാരക്ലേശം, രോഗപീഡ (പകർച്ചവ്യാധി), ശത്രുപീഡ എന്നിവക്കിടയുണ്ട്. കുജപ്രീതി ചെയ്യണം.

ചിങ്ങക്കൂറ്

വർഷാരംഭം ചിങ്ങം 27 വരെ രണ്ടിൽ സഞ്ചരിക്കുന്ന വ്യാഴത്തിന്റെ അനുകൂല അവസരമാണ്. ചില നല്ല കാര്യങ്ങൾക്കുവേണ്ടി ധനം ചെലവു ചെയ്യേണ്ടിവരും. തുലാം 10നു മാത്രമേ കണ്ടകശനിദോഷം തീർത്തുകിട്ടുകയുള്ളു. മാതാവിനോ മാതൃതുല്യ ജനങ്ങൾക്കോ നല്ലതല്ല. പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണ്ട അവസരമാണ്. ധനു 29 വരെ ശുക്രന്റെ ഇഷ്ടസ്ഥിതികൊണ്ട് അശനശയനസൗഖ്യം ക്രയവിക്രയഗുണം, സ്ഥാനഭ്രംശത്തിന് ഇടയുണ്ടെങ്കിലും ധനാഗമം പലവിധത്തിൽ സന്തോഷം, ജനസ്നേഹം എന്നിവ ഫലമാകുന്നു. പോലീസ്, പട്ടാളം, സെക്യൂരിറ്റി, ഹോസ്പിറ്റൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് മകരം മൂന്ന് വരെ അനുകൂല അവസരം കിട്ടും. തന്നെയുമല്ല മേടം 19 മുതൽ വർഷാവസാനം വരെയും വീണ്ടും അവസരമുണ്ട്. ജ്വല്ലറി, റിയൽഎസ്റ്റേറ്റ്, ടിപ്പര്‍ മുതലായ യന്ത്രാദിവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാർക്കും ബിസിനസ്സുകാർക്കും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന അവസരമാണ്. വര്‍ഷാവസാനത്തിൽ കണ്ടകശനിദോഷമൊന്നും ഇല്ല. ശനി അഞ്ചിലാണ് സഞ്ചരിക്കുന്നത്.

കന്നിക്കൂറ്

വർഷാരംഭത്തിൽ തുലാം 10 വരെയുള്ള കാലഘട്ടത്തിൽ പ്രായഭേദമനുസരിച്ച് ഉദ്ദേശകാര്യം നടന്നുകിട്ടും. ചിങ്ങം 27 മുതൽ വ്യാഴം രണ്ടിൽ ഇഷ്ടസ്ഥാനത്തും ശനി മൂന്നിൽ ഇഷ്ടസ്ഥാനത്തുമാണ് സഞ്ചരിക്കുന്നത്. വ്യാഴത്തിന്റെ ഇഷ്ടസ്ഥിതി വർഷാവസാനം കർക്കടകം 31 വരെ ഉണ്ട്. വിദ്യാഭ്യാസപുരോഗതി, പരീക്ഷാജയം, ജോലിലാഭം, ധനവരുമാനം, വസ്ത്രാഭരണലാഭം, യുവതിയുവാക്കൾക്ക് വിവാഹസിദ്ധി, കുടുംബസുഖം, ഗൃഹം വാഹനാദി സുഖോപകരണങ്ങൾ തുടങ്ങിയവയുടെ ലാഭം, അഭിവൃദ്ധി, ബന്ധുസൗഹൃദം, സുഹൃദ്സമാഗമം, ആത്മീയകാര്യങ്ങളിൽ ഇടപെടാനവസരം എന്നിവ ഫലങ്ങളാകുന്നു. എന്നാൽ തുലാം 10 മുതൽ വർഷം മുഴുവനും കണ്ടകശനിദോഷമാണെന്ന ജാഗ്രതയും ദോഷപരിഹാരത്തിനുള്ള ശ്രമവും വേണം. മറ്റുള്ളവരുമായുള്ള പെരുമാറ്റങ്ങളിൽ വൈഷമ്യം ഉണ്ടാകാതിരിക്കുന്നതിന് സംയമനം പുലർത്തേണ്ടത് അത്യാവശ്യമാണ്. വാഹനം ഓടിക്കുന്നതും ഓടിക്കാൻ പഠിക്കുന്നതും മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുന്നതാണ് നല്ലത്.

തുലാക്കൂറ്

വർഷാരംഭത്തിൽ ചിങ്ങം 27 വരെ ഗുണദോഷമിശ്രഫലമാണ്. ധനലാഭവും ബഹുവ്യയവും ഉണ്ടാകും. ശുക്രന്റെ അനിഷ്ടസ്ഥിതികൊണ്ട് കർമവിഘ്നം, സ്ത്രീകലഹം, അപമാനം എന്നിവയ്ക്കും ഇടയുണ്ട്. ചിങ്ങം 27ന് വ്യാഴത്തിന് ജന്മരാശിയിലേക്ക് മാറ്റം ഉണ്ടെങ്കിലും ഗുണകരമല്ല. എന്നാൽ തുലാം 10ന് ഏഴരശനിദോഷകാലം മുഴുവനായി മാറിക്കിട്ടും. ഈ വർഷം മാത്രമല്ല വരുന്ന രണ്ടു വർഷത്തേക്കുകൂടി ശനി ഇഷ്ടസ്ഥാനത്ത് മൂന്നിലാണ് സഞ്ചരിക്കുന്നത്. (മൂന്നിൽ ശനി മുടി വച്ചു വാഴും എന്നാണ് ചൊല്ല്) കുംഭം 18 വരെ ഭക്ഷണസുഖം, ദാമ്പത്യപ്രീതി, വസ്ത്രലാഭം, ആജ്ഞാഗുണം, അഭിമാനസിദ്ധി എന്നിവയോടൊപ്പം സ്ഥാനഭ്രംശം, സ്വജനകലഹം, മനോജഡത എന്നിവക്കിടയുണ്ട്. എന്നാൽ മേടം 19നു മുമ്പായി വിശേഷദേവാലയ ദർശനത്തിന് ഇടയുണ്ട്. പുതുസംരംഭങ്ങൾ തുടങ്ങുന്നതിനോ ഉള്ളത് വിപുലീകരിക്കുന്നതിനോ ആലോചനകൾ ഉണ്ടാകുമെങ്കിലും വർഷാവസാനം വരെ അത്തരം വിഷയങ്ങളിൽ പ്രവേശിക്കുന്നതിന് കാത്തിരിക്കുകയാണ് നല്ലത്.

വൃശ്ചികക്കൂറ്

വർഷാരംഭം മുതൽ ചിങ്ങം 27 വരെ പ്രായഭേദമനുസരിച്ച് ഏതുരംഗത്തായാലും ഈശ്വരാധീനം നിലനിൽക്കും. കർമപുഷ്ടി, ധനാഗമം, ഗുരുജനാനുകൂല്യം, വസ്തുവകകൾക്ക് അഭിവൃദ്ധി, സജ്ജന സഹകരണം, വസ്ത്രം ഭൂഷണം, ഇഷ്ടഭോജ്യം, വിവാഹാദിമംഗളകാര്യങ്ങളിൽ പങ്കെടുത്ത് സന്തോഷം എന്നിവ ഫലങ്ങളാണ്. ചിങ്ങം 27നുള്ള വ്യാഴത്തിന്റെ 12 ലേക്കുള്ള മാറ്റം നല്ലതല്ല. സ്ഥലം മാറ്റത്തിനോ സ്ഥാനമാറ്റത്തിനോ ഈ വര്‍ഷം ഇടയുണ്ട്. ഏതുരംഗത്തായാലും ഭാഗ്യകുറവ് അനുഭവപ്പെട്ടേക്കും. എന്നാൽ ഉപയോഗം കുറഞ്ഞ വസ്തുവകകൾ ക്രയവിക്രയം ചെയ്ത് പണമാക്കി മാറ്റുന്നതിന് നല്ല അവസരമാണ്. ഈ വർഷം മുഴുവനും ഏഴരശനിദോഷകാലം (ചിങ്ങം 1 മുതൽ തുലാം 10 വരെ ശനി ജന്മരാശിയിലും അതിനുശേഷം വർഷാവസാനം കഴിയുന്നതുവരെ ശനി രണ്ടാംരാശിയിലും സഞ്ചരിക്കുന്നു.) ആയതുകൊണ്ട് ശനിപ്രീതികരങ്ങളായ പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കണം. നിഷിദ്ധ കർമങ്ങൾ ചെയ്യാതിരിക്കുകയും വേണം.

ധനുക്കൂറ്

ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട അനുഭവങ്ങൾ ചിങ്ങം 27 മുതൽ വ്യാഴത്തിന്റെ 11ലെ സഞ്ചാരം കൊണ്ട് ലഭ്യമാകും. എന്നാൽ ചിങ്ങം 1 മുതൽ വർഷാവസാനം കർക്കടകം 31 വരെയും ഏഴരശനിദോഷകാലം (തുലാം 10 വരെ ശനി 12ലും അതിനുശേഷം ജന്മരാശിയിലും ആണ്.) തുടരുകയാണ്. അതുകൊണ്ട് ശനിപ്രീതികരങ്ങളായ പരിഹാരങ്ങൾ ചെയ്യണം. നിഷിദ്ധ കർമങ്ങൾ ചെയ്യുകയും അരുത്. തൻമൂലം വിദ്യാഭ്യാസപുരോഗതി, പരീക്ഷാജയം, പുരസ്കാരലബ്ധി, ജോലിലാഭം എന്നിവയുണ്ടാകും. യുവതീയുവാക്കൾക്ക് വിവാഹം നടക്കും. നവദമ്പതികൾക്ക് സന്താനലാഭം, ഗൃഹ(വാസസ്ഥലം) ലാഭം എന്നിവയ്ക്ക് ഇടയുണ്ട്. വാഹനഗുണവും ഉണ്ടാകും. എന്നാൽ വാഹനം ഓടിക്കുന്നതും ഓടിക്കാൻ പഠിക്കുന്നതും ഈ വർഷത്തിൽ നല്ലതല്ല. മാതാപിതാക്കളെ സംബന്ധിച്ചോ മറ്റു ഗുരുജനങ്ങളെ സംബന്ധിച്ചോ പ്രീതി നേടാന്‍ കഴിയും. ബിസിനസ്സിനോ വിദ്യാഭ്യാസത്തിനോ നിർമ്മാണങ്ങൾക്കോ ലോൺ സൗകര്യം കിട്ടും.

മകരക്കൂറ്

വർഷാരംഭത്തിൽ ഗ്രഹങ്ങൾ അനുകൂലത്തിലാണ് സ‍ഞ്ചരിക്കുന്നത്. വിദ്യാഭ്യാസപുരോഗതി, ജയം, ജോലിലാഭം അല്ലെങ്കിൽ മറ്റു വരുമാന മാർഗ്ഗങ്ങൾ, ധനാഗമം, അഭീഷ്ടവസ്ത്രാഭരണലാഭം, യുവതിയുവാക്കൾക്ക് വിവാഹസിദ്ധി, മറ്റുള്ളവർക്ക് വിവാഹാദിമംഗള കാര്യങ്ങളിൽ പങ്കെടുത്ത് സന്തോഷം, സന്താനങ്ങളെ സംബന്ധിച്ച (വിദ്യാഭ്യാസം, വിദേശഗുണം, വിവാഹസിദ്ധി, ഗൃഹം, വാഹനം തുടങ്ങിയവയുടെ ലാഭം, മക്കൾക്ക് സന്താനലാഭം എന്നിവ പ്രായഭേദമനുസരിച്ച്) ഗുണാനുഭവങ്ങൾ, സജ്ജനസമ്മതി, ബഹുമതിലാഭം, ആത്മീയകാര്യങ്ങളിൽ ഇടപെടാൻ അവസരം എന്നീ ഫലങ്ങൾ ചിങ്ങം 27ന് വ്യാഴം 10 ലേക്ക് മാറുന്നതുവരെയുള്ള ഫലങ്ങളാണ്. അതുതന്നെ തുലാം 17 വരെയും വ്യാഴത്തിന്റെ 10 ലെ ഫലം വേധിക്കുന്നതുകൊണ്ട് തുടർന്നുകിട്ടും. എന്നാൽ തുലാം 10 മുതൽ തുടങ്ങുന്ന ഏഴരശനിദോഷകാലം ഈ വർഷം മാത്രമല്ല വരുന്ന ഏഴരവർഷത്തേക്ക് ഉള്ളതാണ്. എന്നാൽ ഈ വർഷം കർക്കടകം 31 വരെയും കർമക്ഷതി വസ്തുവകകളുടെ നഷ്ടം, ഇഷ്ടബന്ധുവിയോഗം, രോഗാദിമൃത്യുക്ലേശങ്ങൾ എന്നിവ ഫലങ്ങളാണ്. പരിഹാരങ്ങൾ ചെയ്യണം.

കുംഭക്കൂറ്

വർഷാരംഭത്തിൽ ഉള്ള ദോഷാനുഭവങ്ങൾ തുലാം 10ന് കണ്ടകശനി തീരുന്നതോടുകൂടി കുറഞ്ഞുകിട്ടും. പിന്നീട് ഈ വർഷം മുഴുവനും വ്യാഴം ഒമ്പതിൽ ഇഷ്ടഭാവത്തിലും ശനി പതിനൊന്നിൽ ഇഷ്ടഭാവത്തിലുമാണ് സഞ്ചരിക്കുന്നത്. മുപ്പത് വര്‍ഷത്തിൽ ഒരിക്കൽ കിട്ടുന്ന ഏറ്റവും നല്ല കാലഘട്ടമാണ് സ്ഥാനമാനപ്രാപ്തി, വസ്തുവകകളുടെ അഭിവൃദ്ധി, പൊതുജനസമ്മതി, പ്രതാപം എന്നിവയാണ് ഫലം. പക്ഷേ പരിശ്രമശാലികൾക്കേ ലഭിച്ചെന്നു വരൂ. ചിങ്ങം 1 മുതൽ തുലാം 10 വരെ കണ്ടകശനിദോഷവും അഷ്ടമവ്യാഴദോഷവും ഒരുമിച്ചു തുടരുന്നതുകൊണ്ട് പ്രായഭേദമനുസരിച്ച് ഏതു പ്രവർത്തനരംഗത്തായാലും വൈഷമ്യങ്ങൾ പ്രതീക്ഷിക്കണം. അലസത, വിദ്യാഭ്യാസഭംഗം, പരാജയഭീതി, തൊഴിൽകുഴപ്പം, വരുമാനമാർഗ്ഗങ്ങൾ അടഞ്ഞുപോകൽ, സാമ്പത്തിക പ്രതിസന്ധി, നിയമകുരുക്ക്, ശിക്ഷണനടപടികൾ, ദേഹാരിഷ്ടം എന്നിവക്കിടയുണ്ട്.

മീനക്കൂറ്

വർഷാരംഭത്തിൽ പ്രായഭേദമനുസരിച്ച് ഏർപ്പെട്ടിരിക്കുന്ന കാര്യത്തിൽ പുരോഗതിയും ഗുണഫലങ്ങളും കന്നി 27ന് ചൊവ്വ 7 ലേക്ക് മാറുന്നതുവരെ കിട്ടും. യുവതിയുവാക്കളുടെ നേരത്തെ തീരുമാനിച്ച വിവാഹം നടക്കും. മറ്റുള്ളവരെ സംബന്ധിച്ച് സന്താനങ്ങളുടെ വിവാഹമാണ് നടക്കുക. തന്നെയുമല്ല പലവിധത്തിൽ ധനാഗമവും ഗൃഹോപകരണങ്ങളുടെയോ വസ്ത്രാഭരണങ്ങളുടെയോ വാഹനത്തിന്റെയോ ലാഭവും അഭിവൃദ്ധിയും ബന്ധുക്കളും സുഹൃത്തുക്കളുമായി സമ്മേളിച്ച് സൽക്കാരങ്ങൾക്കും ഇടയുണ്ട്. എന്നാൽ ചിങ്ങം 27 മുതൽ വ്യാഴം അനിഷ്ടത്തിൽ 8ലാണ് സഞ്ചരിക്കുന്നത്. ദേഹാരിഷ്ടം, അപകടസന്ധി, ബന്ധനം, കഠിനദുഃഖം എന്നിവയാണ് ഫലം. വർഷാവസാനം കർക്കടകം 31 വരെ തുടരുകയും ചെയ്യും. എങ്കിലും തുലാം 10ന് കണ്ടകശനിദോഷകാലം തുടങ്ങുന്നതിനു മുമ്പായി കലാപ്രവർത്തനങ്ങളിൽ നേട്ടം, സന്താനങ്ങളെകൊണ്ട് സന്തോഷം എന്നിവയ്ക്ക് ഇടയുണ്ട്. തുലാം 10 മുതൽ കണ്ടകശനിദോഷവും കൂടി ഈ വര്‍ഷം മുഴുവനും തുടരുന്നുണ്ട് വേണ്ട പരിഹാരങ്ങൾ ചെയ്യണം.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam