ലിബ്ര – നവ്യ നായർ
പെട്ടെന്നു ദേഷ്യവും സങ്കടവുമൊക്കെ വരുന്ന തനി ലിബ്ര ആയിരുന്നു ഞാൻ. മോൻ വന്നതിനു ശേഷമാണ് അതിനു മാറ്റമുണ്ടായത്. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവത്തിനും ഇപ്പോൾ മനഃപൂർവം മാറ്റം വരുത്തി.
തുലാം – ലിബ്രാ ( സെപ്റ്റംബർ 24 – ഒക്ടോബർ 23)
തുലാം രാശിക്കാർ കുടുംബക്കാരോടും വീടിനോടും വൈകാരിക അടുപ്പം കൂടുതൽ ഉള്ളവരാണ്. ഇവർ സൗന്ദര്യാരാധകരും മധുരപ്രിയരും എല്ലാവരോടും ആജ്ഞാപിക്കുന്ന സ്വഭാവക്കാരുമായിരിക്കും. വാക് സാമർഥ്യമുള്ളവരും ഏറെക്കുറെ സുഖ ജീവിതം നയിക്കുന്നവരും അതിനിടെ സംഭവിച്ച ദുഃഖങ്ങളെക്കുറിച്ച് വെറുതെയിരുന്ന് ചിന്തിച്ച് വിഷമിക്കുന്നവരും ആയിരിക്കും. കാര്യങ്ങൾക്കല്ലാതെ ആരെയും വക വയ്ക്കാത്ത പ്രകൃതക്കാരുമായിരിക്കും തുലാം രാശിയിൽ ജനിച്ച സ്ത്രീകൾ. ജ്യോതിഷം, വേദാന്തം, യോഗ, സംഗീതാസ്വാദനം, സാഹിത്യരചന, അഭിനയം, ശക്തമായ പ്രസംഗശൈലി ഇവ ഈ രാശിക്കാരുടെ പ്രത്യേതകളാകുന്നു.
ലിബ്രാ രാശിക്കാർക്ക് ജനുവരി– ഫെബ്രുവരി മാസങ്ങളിൽ സൂര്യചാരവശാൽ സ്ഥാനമാനലാഭവും ബന്ധുഗുണ പ്രീതിയും മാർച്ച്– ഏപ്രിലിൽ അഗ്നിഭീതിയും ഗൃഹഛിദ്രവും മേയ് – ജൂണിൽ ധനലബ്ധിയും നവീന ഗൃഹലബ്ധിയും ജൂലൈ – ഓഗസ്റ്റിൽ വസ്തു വാഹന ലബ്ധിയും ബന്ധുജന പ്രീതിയും ഭൃത്യജന സഹകരണവും സെപ്റ്റംബർ – ഒക്ടോബറിൽ വ്യാപാര നഷ്ടവും ശത്രുജയവും സുഹൃദ് വിരോധവും ദാമ്പത്യ സൗഖ്യവും നവംബർ – ഡിസംബറിൽ വിവാഹസിദ്ധിയും അന്യദേശവാസവും ആധ്യാത്മീക ചിന്തയും ഫലമാകുന്നു.
സാമാന്യഫലം
കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് ബഹുമാനവും പ്രശസ്തിയും വരുമാനവും വർധിക്കും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സുവർണ കാലഘട്ടമായിരിക്കും. ലഹരി പദാർഥങ്ങളിലും ചൂതുകളിയിലും അമിത താൽപര്യം കാണിക്കും. കീടങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും ശല്യമുണ്ടാകും. കൂട്ടുകച്ചവടം നടത്തി ധനം സമ്പാദിക്കും. മാധ്യമരംഗത്ത് ശോഭിക്കും. വ്യവഹാരവിജയം എന്നിവ ഫലമാകുന്നു.
ദുർഗാദേവിക്ക് പായസ നിവേദ്യം, ശിവന് ധാര, വിളക്ക്, കൂവളമാല, ഇളനീരഭിഷേകം, വഴിപാട്, പശുദാനം, കനകധാരസ്തോത്രം ജപിക്കൽ, ഭദ്രകാളി ക്ഷേത്രത്തിൽ ചുറ്റുവിളക്ക് വഴിപാട്, ഹനുമാന് അവൽ നിവേദ്യം, വെറ്റിലയ്ക്ക് ചാർത്തൽ, ഗണപതി ഹോമം, ഗണപതിക്ക് നാളികേരം, ദേവീ ക്ഷേത്രത്തിൽ ശത്രുസംഹാരപൂജ ഇവ നടത്തുക.
ഇ–വനിത ഡൗൺലോഡ് ചെയ്യാം
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions