Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജന്മനക്ഷത്രവും സ്ത്രീകളുടെ സ്വഭാവവും!

Birth Star

അശ്വതി

അശ്വതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ സൗന്ദര്യമുള്ളവളും ധനസ്ഥിതിയുള്ളവളുമായിരിക്കും. ശുചിത്വം, ഭക്തി, ഗുരുഭക്തി, കണ്ണിന് കൗതുകത്തെ ജനിപ്പിക്കുന്ന ആകാരം, പ്രിയ വാക്ക് ഇവയോടുകൂടിയിരിക്കും.

ഭരണി

ഭരണി നക്ഷത്രക്കാരായ സ്ത്രീകൾക്ക്  സ്വന്തം കുടുംബക്കാരോടായിരിക്കും താൽപര്യം. ഭർത്തൃ കുടുംബവുമായി നിരന്തരം കലഹിക്കുന്നവരായിരിക്കും. വൈരാഗ്യവും പിടിവാശിയും കൂതൂടുതലുള്ളവരാണ്. ഭരണസ്വഭാവവും മേധാവിത്വവും കൂടിയിരിക്കുന്ന ഇവർ തന്‍റേടികളുമായിരിക്കും. 

കാർത്തിക

കാർത്തിക നക്ഷത്രത്തിൽ‌ ജനിച്ച സ്ത്രീകൾക്ക് കുടുംബത്തിലും സമൂഹത്തിലും അന്തസും ബഹുമാനവും കിട്ടും. എന്നാൽ, ഇവർക്ക് ഈഗോയും അഹംഭാവവും മുന്നിട്ടു നിൽക്കുന്നു. ആരെയും വകവയ്ക്കാത്തവരും കലഹ പ്രിയരുമാണ്. തന്നിഷ്ടക്കാരികളായി കുടുംബ ജീവിതം നയിക്കുകയും ഇണയുടെ അഭിപ്രായങ്ങൾക്ക് പുല്ലുവില കൽപിക്കുന്നവരുമാണിവർ.

രോഹിണി

രോഹിണി നക്ഷത്രത്തിൽ‌ ജനിച്ച സ്ത്രീകൾ ഗൃഹത്തിന് ഐശ്വര്യമാണ്. അവർ ഇരിക്കുന്ന സ്ഥലം വൈകുണ്ഠതുല്യമാണെന്ന് പറയപ്പെടുന്നു. സ്നേഹം വാരിക്കോരി ചൊരിയുന്നവരാണ്. കുടുംബത്തോടു അങ്ങേയറ്റം സ്നേഹമുള്ളവരാണ്. സൗന്ദര്യമുള്ളവരും സ്വഭാവഗുണമുള്ളവരും ആഡംബരപ്രിയരും ആയിരിക്കും.

മകയിരം

മകയിരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സുന്ദരികളും പ്രസന്നമായി സംസാരിക്കുന്നവരുമായിരിക്കും. ആഭരണാദികളിൽ പ്രിയമുള്ളവരും ശാസ്ത്രതാല്പര്യം ഉളളവരുമായ ഇവർ സന്താന ഭാഗ്യമുളളവരും ധർമ്മകാര്യങ്ങളിൽ താല്പര്യം ഉളളവരുമായിരിക്കും. 

തിരുവാതിര

തിരുവാതിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് പൊതുവെ നല്ല സ്വഭാവശീലവും സമാധാനപരമായ പെരുമാറ്റവുമായിരിക്കും. ബുദ്ധിമതികളും മറ്റുളളവരെ സഹായിക്കുന്നവരും എന്നാൽ മറ്റുളളവരുടെ തെറ്റു കണ്ടുപിടിക്കുന്നതിൽ സൂത്രശാലികളുമായിരിക്കും. ഇവരുടെ വിവാഹജീവിതം അത്ര സുന്ദരമായിരിക്കില്ല. 

പുണർതം

പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ മധുരമായി സംസാരിക്കുന്നവരായിരിക്കും. തർക്ക വിദഗ്ധകളുമായിരിക്കും. ഇതു കാരണം ഇവർ ബന്ധുക്കളുമായി നിസാരകാര്യത്തിനും ഉരസിക്കൊണ്ടിരിക്കും. എന്നാൽ പുറത്ത് ദയയും ബഹുമാനവും കാണിക്കും. ഇവരുടെ ഭർത്താവ് പൊതുവെ സുന്ദരനായിരിക്കും. 

പൂയം

പൂയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കഠിനസ്വഭാവമുള്ള വളായിരിക്കും. എപ്പോഴും ദുഃഖം നിറഞ്ഞ മനസ്സായിരിക്കും. ഇവർക്ക് ദാമ്പത്യഭാഗ്യം കുറവായിരിക്കും. എടുത്തുചാട്ടക്കാരാണ്. 

ആയില്യം

ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഭരണത്തിൽ സമർത്ഥരായിരിക്കും. തന്നിഷ്ടക്കാരാണ്. കുടുംബത്തിലെ മേൽക്കോയ്മ ഇവരുടെ ജന്മസിദ്ധമായ സ്വഭാവമാണ്. സ്നേഹമുള്ളവളാണെങ്കിലും കലഹപ്രിയയായിരിക്കും. കുടുംബ ജീവിതം തൃപ്തികരമല്ല. സന്ദർഭോചിതമായി പെരുമാറാനും സംസാരിക്കാനും കഴിവുള്ളവരാണ്. 

മകം

മകം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ദൈവവിശ്വാസി കളായിരിക്കും. രാജകീയസുഖം ലഭിക്കുന്നവളാണ്. മതാനുഷ്ഠാനങ്ങൾ ഇഷ്ടപ്പെടുന്നവളായിരിക്കും. ആർക്കെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തക്കസമയത്ത് അവരെ സഹായിക്കുകയും ചെയ്യും. ജോലിയുള്ളവർ വലിയ നിലയിലെത്തും. സമ്പത്തുണ്ടായിരിക്കും. 

പൂരം

പൂരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പൊതുവെ ഭാഗ്യത്താൽ മറ്റുള്ളവരെ ജയിക്കുന്നവളാണ്. നല്ല സന്താനങ്ങളുള്ളവളും നയചതുരയുള്ളവളുമാണ്. നല്ല പെരുമാറ്റവും മറ്റുള്ളവരെ ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കുന്നവളും സ്വയം ലഭിച്ച പുണ്യത്തോടു കൂടിയും ഉപകാരസ്മരണയോടും കൂടിയവളുമായിരിക്കും. സ്ഥിരസ്വത്തുള്ളവരും ഉറച്ച മനസ്സുള്ളവരുമായിരിക്കും.

ഉത്രം

ഉത്രം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ചാഞ്ചല്യം ഇല്ലാത്ത മനസ്സിന്റെ ഉടമയായായിരിക്കും. തൊടുന്ന മേഖലയെല്ലാം പൊന്നാക്കി മാറ്റുന്നവരായിരിക്കും. ഭർത്താവിന്റെ വാക്കും അഭിപ്രായങ്ങളും കേൾക്കുമെങ്കിലും സ്വന്തമിഷ്ടത്തിലെ പ്രവർത്തിക്കൂ. ധൈര്യശാലികളും പിടിവാശിക്കാരുമായ ഇവർക്ക് അധികാരസ്വഭാവം കൂടുതലാണ്. 

അത്തം

അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ എല്ലാ കാര്യത്തിലും സമർത്ഥരായിരിക്കും. ക്ഷമാശീലയും സൽഗുണ സമ്പന്നയും ധർമ്മ നിഷ്ഠയുളളവളുമായിരിക്കും. ശാലീനകളും സൗമ്യശീലരുമായ ഇവർക്ക് കുടുംബ ജീവിതത്തില്‍ ദീപം പോലെ പ്രകാശിക്കാൻ കഴിയും. കുടുംബ ഭരണത്തിലും ഔദ്യോഗിക രംഗത്തും നല്ല പോലെ ശോഭിക്കാനിവർ‌ക്ക് ഭാഗ്യമുണ്ട്. 

ചിത്തിര

ചിത്തിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സുന്ദരികളും ബുദ്ധിമതികളും പ്രവർത്തന ചാതുര്യമുള്ളവരുമായിരിക്കും. സ്വതന്ത്ര സ്വഭാവക്കാരും ബഹുമാനിക്കപ്പെടാത്തവളും ദുരാഗ്രഹിയുമായിരിക്കും. നിര്‍ഭാഗ്യങ്ങൾ എപ്പോഴും സംഭവിക്കുന്ന ഇവർക്ക് നല്ല ജാതക പരിശോധനയിലൂടെ മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ. 

ചോതി

ചോതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കലാരസികരാണ്. ക്ഷിപ്രകോപികളും ക്ഷപ്രപ്രസാദികളുമാണ്. സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നവരാണ്. സൃഷ്ടിപരമായ കാര്യങ്ങൾ കണ്ടുപിടിക്കുന്നവരും അതിൽ വിജയിക്കുന്നവരുമാണ്. അമ്മയോടും സന്താനത്തോടും വഴക്കടിക്കുന്നവരും പതിവ്രതകളുമാണ്. സന്താനസമ്പത്തിൽ ധനികയാവുന്നവളും ശത്രുക്കളെ ജയിക്കുന്നവരും ആയിരിക്കും.

വിശാഖം

വിശാഖം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സുന്ദരികളും സുശീലയും അടക്കവും ഒതുക്കവുമുള്ളവരുമായിരിക്കും. ധാർമ്മികതയും കുലീനത്വവും ഈശ്വര വിശ്വാസവുമുണ്ടായിരിക്കും. സാധാരണ ജീവിതം ഇഷ്ടപ്പെടുന്ന ഇവർ മധുരമായി സംസാരിക്കും. ഭർത്താവിനെ ദൈവത്തെപ്പോലെ വിചാരിക്കുന്നവരാണിവർ. ഇവരുടെ സ്നേഹാദരങ്ങൾക്കൊണ്ട് ഭർതൃഗൃഹത്തിൽ നല്ല സ്ഥാനം ലഭിക്കുന്നു. ഇവരുടെ സംരക്ഷണ സ്വഭാവം കുടുംബത്തിലെയും അകന്ന ബന്ധത്തിലുള്ളവരെയും ഇവരിൽ ആകർഷിക്കപ്പെടുകയും വലിയ സ്ഥാനമാനങ്ങളും നൽകുന്നു. 

അനിഴം

അനിഴം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സ്നേഹിതർ കൂടുതലുള്ളവരായിരിക്കും. ഗുരുക്കന്മാരിലും ഭർത്താവിലും ഭക്തിയുള്ളവരുമാണ്. സ്വഭാവ ശുദ്ധിയുള്ളവരും ബുദ്ധിമതികളുമായിരിക്കും. ഭർത്താവിന്റെ ശക്തിയും സ്നേഹവുമിവരാണെന്നാണ് പറയുന്നത്. പിണങ്ങിയാൽ ഇണങ്ങാത്തവരും സ്വാർത്ഥരുമാണിവർ. മറ്റുള്ളവരുമായി തുറന്ന്  ഇടപെടാറില്ല. അധികാരമോഹികളായിരിക്കും.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കഴിവുള്ളവരും അസൂയാലുക്കളും അഗാധ സ്നേഹമുള്ളവരുമായിരിക്കും.മറ്റുള്ളവരുടെ തന്നെക്കുറിച്ചുള്ള അഭിപ്രായം അറിയാൻ ജാഗരൂകരായിരിക്കും. മറ്റുള്ളവരിൽ അധികാരം ചെലുത്താനാകാത്തവരാണ്. നല്ലൊരു സംഘാടകയായിരിക്കും. ബന്ധുക്കളും അയൽവാസികളും ഇവരുടെ ജീവിതത്തില്‍ വിഷം കുത്തിവയ്ക്കും ആയതിനാൽ ഇവരെ സൂക്ഷിക്കേണ്ടതാണ്. 

മൂലം

മൂലം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പൊതുവെ മൃദുലസ്വഭാവമുളളവരും ബുദ്ധിമതികളുമാണ്. ജീവിതം സദാ ആഹ്ലാദകരമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഇവർ ആവശ്യമില്ലാതെ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരാണ്. ക്ഷിപ്രകോപികളാണ്. പങ്കാളിയെ അളവറ്റു സ്നേഹിക്കുന്നവരമാണ്. 

പൂരാടം

പൂരാടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സൗന്ദര്യം, ആരോഗ്യം ബുദ്ധി എന്നീ ഗുണങ്ങളോടു കൂടിയവരായിരിക്കും. ഉന്നതമായ വിദ്യാഭ്യാസം, മെച്ചമായ തൊഴിൽ എന്നിവ അനുഭവത്തിൽ വരും. അടുക്കും ചിട്ടയുമുള്ള ഇവർ പരിശ്രമശാലികളും ആത്മവിശ്വാസത്തിനുടമകളുമാണ്. 

ഉത്രാടം

ഉത്രാടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഈശ്വരഭക്തരും മനോനൈർമല്യമുള്ളവരുമായിരിക്കും. പക്ഷേ വാഗ്ദോഷത്താൽ ഭർത്താവുമായി പിണങ്ങാനിടവരും. ഇവർ സന്താനങ്ങളുമായി അകന്നുകഴിയാനും ഇടയുണ്ട്.

തിരുവോണം

തിരുവോണം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് നല്ല ഭർത്താവ് , കുടുംബസുഖം, ഐശ്വര്യം എന്നിവ ലഭിക്കും. സന്താനങ്ങളുടെ ഉയർച്ചയിലും വളർച്ചയിലും വലിയ താൽപര്യം ഉള്ളവരായിരിക്കും. നല്ല വ്യക്തിത്വവും സൽസ്വഭാവവും കുലീനതയും സ്നേഹസമ്പന്നരും ആയിരിക്കും. പ്രവർത്തിമേഖലയിൽ ഇവർ ശോഭിക്കും. 

അവിട്ടം

അവിട്ടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ധൈര്യശാലികളും സത്യസന്ധരും വിനയമുള്ളവരുമായിരിക്കും. കുടുംബ കാര്യത്തിൽ അവഗണനകൾ ഉണ്ടായാലും ആ തെറ്റു തിരുത്തി കുടുംബം നല്ല രീതിയിൽ നയിക്കുന്നവരാണിവർ. കുടുംബം കാത്തുസൂക്ഷിക്കുന്നതിൽ കുപ്പയിലെ മാണിക്യമാണിവർ. സമ്പത്തുള്ളവരും മറ്റുള്ളരെ കണ്ണടച്ചു വിശ്വസിക്കുന്നവരുമാണ്, അത് ഇവർക്ക് അപകടങ്ങൾ വരുത്തിവയ്ക്കും. 

ചതയം

ചതയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ലാളിത്യമുള്ളവരും സമാധാന ശീലരുമായിരിക്കും. ചില സമയത്ത് ക്ഷിപ്രകോപികളാവുന്ന ഇവർ ദൈവഭയമുള്ളവരാണ്. നല്ല ഓർമ്മശക്തിയുള്ളവരും മറ്റുള്ളവരോട് സഹാനുഭൂതിയുള്ളവരുമായിരിക്കും. 

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സന്തോഷമുള്ള കുടുംബജീവിതം നയിക്കും. ഭർത്താവിനെയും സന്താനങ്ങളെയും കുടുംബത്തേയും ഇവർ വളരെ അധികം സ്നേഹിയ്ക്കും. കുടുംബഭരണത്തിലും ഔദ്യോഗിക രംഗത്തും പൊതുപ്രവർത്തനത്തിലും എല്ലാം ഇവർ വിജയിക്കും. ഭർത്താവുമായി വളരെ രമ്യതയിൽ ജീവിക്കും.

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രത്തിലെ സ്ത്രീകൾക്ക് ഇവർ ജനിക്കുന്ന കുലം ഐശ്വര്യവും സമൃദ്ധിയും ഉള്ളതായിരിക്കും. വളരെ മാന്യമായി പെരുമാറുവാൻ കഴിയുന്ന ഇവർക്ക് ആവശ്യത്തിനുള്ള സൗന്ദര്യവും ആരോഗ്യവും ഉണ്ടായിരിക്കും. ഈശ്വര വിശ്വാസികളായ ഇവർ ആഡംബര പ്രിയത്വം കുറഞ്ഞവരും ഉദാരമനസ്കരും ആയിരിക്കും.

രേവതി

രേവതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ സൗന്ദര്യവതികളായിരിക്കും. ദൈവവിശ്വാസികളും അന്ധവിശ്വാസികളുമായിരിക്കും. ഉയർന്ന പദവികൾ അലങ്കരിക്കും. ആർക്കും കീഴടങ്ങാത്ത സ്വഭാവമുള്ളവരും പരോപകാരികളും നല്ല ചിന്താഗതിയുള്ളവരുമായിരിക്കും. സത്യസന്ധതയുള്ളവരും ശുദ്ധഹൃദയരുമായിരിക്കും.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.