Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രഗ്രഹണം; ഈ നക്ഷത്രക്കാർ സൂക്ഷിക്കണം!

ചന്ദ്രഗ്രഹണം

2018 ജൂലായ് മാസം 27–ാം തിയതി (11 കർക്കടകം 1193) ഉത്രാടം നക്ഷത്രവും, പൗർണ്ണമി തിഥിയും, പ്രീതിനാമനിത്യയോഗവും വിഷ്ടിക്കരണവും, വെള്ളിയാഴ്ചയും, പൂയം ഞാറ്റുവേലയും (സൂര്യൻ നിൽക്കുന്ന നക്ഷത്രം) കൂടിയ സമയം രാത്രി 11.53–ന് ചന്ദ്രഗ്രഹണം ആരംഭിക്കും. തുടർന്ന് 28–07–2018 ന് രാത്രി 12.34 (00.34) ന് ഗ്രഹണം തിരുവോണം നാളിലേയ്ക്ക് നീങ്ങും. 1 മണി 51 മിനിറ്റിന് പൂർണ്ണ ഗ്രഹണം പുലർച്ചേ 3.50 ന് ഗ്രഹണം അവസാനിക്കുകയും ചെയ്യും. ഇത് ജ്യോതിശാസ്ത്രപരമായും (Astronomy), ജ്യോതിഷപരമായും (Astrology) ആ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പലവിധ പഠനങ്ങൾക്ക് ഈ ചന്ദ്രഗ്രഹണം പ്രയോജനപ്രദമാണ്.

ഈ ചന്ദ്രഗ്രഹണം മൂലം ജ്യോതിഷപരമായി ഏറ്റവും ദോഷകരമായ ഫലങ്ങൾ അനുഭവിക്കുക ഉത്രാടം, തിരുവോണം നക്ഷത്രങ്ങളിൽ ജനിച്ചവരും കൂടാതെ പുണർതം, പൂയ്യം നക്ഷത്രക്കാരുമാണ്. രാഹു–കേതു നിൽക്കുന്ന കർക്കടകം, മകരം രാശികളിൽ ചന്ദ്രനും, ലഗ്നവും വരുന്നവർ ദോഷപരിഹാരക്രി.യകൾ ചെയ്യുക. മകരം രാശി നക്ഷത്രങ്ങൾ ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2 കർക്കടകം രാശി പുണർതം ¼, പൂയ്യം, ആയില്യം നാളുകാർക്ക് ദോഷം കൂടും.

ഗ്രഹണ ദിവസമായ വെള്ളിയാഴ്ച (27–07–2018) ദിവസം എല്ലാ ശുഭകർമ്മങ്ങളും വർജ്യമാണ്. യാതൊരുവിധ ശുഭകാര്യങ്ങൾക്കും ഗ്രഹണം വരുന്ന ദിവസം മുതൽ 3 ദിവസം മുഹൂർത്തം ഇല്ല. 27, 28, 29 തിയതികളിൽ മുഹൂർത്തം ഇല്ല. പ്രസ്തുത ദിവസങ്ങളിൽ വിവാഹം, ഗൃഹപ്രവേശം, ചോറൂണ് മുതലായ ചടങ്ങുകൾ തീരുമാനിച്ചവർ ഉചിതമായ പരിഹാര ചടങ്ങുകൾ നടത്തുക. ദോഷപരിഹാരമായി ശിവന് ജലധാര, ശംഖാഭിഷേകം എന്നിവ നടത്തുന്നതാണ് പ്രധാനം. ഗ്രഹണത്തിന് മുൻപ് മൂന്ന് മണിക്കൂർ മുതൽ ഭക്ഷണപാനീയങ്ങൾ കഴിക്കരുത്. ചന്ദ്രഗ്രഹണം അർദ്ധരാത്രിക്കുശേഷം ആയതിനാൽ പൊതുവിൽ ആരും ഈ സമയത്ത് ഭക്ഷണം കഴിക്കാൻ സാധ്യത കുറവ്. ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങളാൽ കാണാവുന്നതാണ്. എന്നാൽ സൂര്യഗ്രഹണം നഗ്നനേത്രങ്ങളാൽ കാണാൻ പാടില്ല. കണ്ണിന് കേട് വരും.

കടബാധ്യതകൾ ഉള്ളവർ ഗ്രഹണം കഴിഞ്ഞ് കടബാധ്യതയിലെ ഒരംശം എങ്കിലും തിരിച്ച് കൊടുത്താൽ കടബാധ്യതകൾ തീരും എന്ന് ഒരു വിശ്വാസം ഉണ്ട്. കടബാധ്യത തീർക്കാനും ഗ്രഹണം കഴിഞ്ഞ് നല്ലതാണ്. അതായത് 28–07–2018 ന് പുലർച്ചേ സ്നാനം കഴിഞ്ഞ് ശിവക്ഷേത്രദർശനത്തിന് ശേഷം കടബാധ്യത തീർത്താൽ പിന്നീട് കടബാധ്യതകളിൽ പെടാതിരിക്കും എന്ന് വിശ്വസിച്ച് പോരുന്നു. (ആവലംബം – ലാൽ കിതാബ്) ആർക്കും പരീക്ഷിച്ച് നോക്കാവുന്നതാണ്.

ചന്ദ്രഗ്രഹണം മൂലം വിവിധ രാശിക്കാർക്ക് ഉണ്ടാകുന്ന ഗുണദോഷഫലങ്ങൾ

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ¼)

ഈ രാശിക്കാർക്ക് 10–ാമത്തെ രാശിയിൽ ആണ് ഗ്രഹണം സംഭവിക്കുന്നത്. സുഖസൗകര്യങ്ങൾ വർദ്ധിക്കും. ബാധ്യതകൾ തീരും. പുതിയ സംരംഭങ്ങൾ വിജയിക്കും. തൊഴിൽ ഉന്നതി, അവിചാരിതമായ പ്രമോഷൻ, വളരെക്കാലമായി ആഗ്രഹിച്ച് നടന്ന സ്ഥലംമാറ്റം ലഭിക്കുക, ചിട്ടി, ലോട്ടറി എന്നിവ ലഭിക്കാൻ ഉള്ള സാധ്യത കാണുന്നു.

ഇടവം രാശി (കാർത്തിക ¾, രോഹിണി, മകയിരം ½)

ഈ രാശിക്കാർക്ക് 9–ാം രാശിയിൽ ആണ് ഗ്രഹണം സംഭവിക്കുന്നത്. മാനഹാനി, ധനനഷ്ടം, അവസരനഷ്ടം, ഉറപ്പിച്ച വിവാഹം, വ്യാപാരം, കരാറുകൾ എന്നിവ അവിചാരിതമായി നഷ്ടപ്പെടുക എന്നിവ ഫലം.

മിഥുനം രാശി (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനകൂറിന് 8ൽ ആണ് ഗ്രഹണം. രോഗാരംഭം, ശത്രുഭയം, അവിചാരിതമായ അപകടം, വീഴ്ചകൾ, മരണഭീതി, ഭീഷണി എന്നിവ ഫലം.

കർക്കടകം രാശി (പുണർതം ¼, പൂയ്യം, ആയില്യം)

ഈ കൂറുകാരെ ഗ്രഹണദോഷം കാര്യമായി ബാധിക്കുന്നതാണ്. ദാമ്പത്യകലഹം, പ്രണയനൈരാശ്യം, ഉപജീവനമാർഗ്ഗത്തിൽ കഷ്ടനഷ്ടങ്ങൾ, വിവാഹബന്ധം വേർപിരിയൽ, ഭാഗം വെച്ച് പിരിയൽ മുതലായ വേർപാടുകൾ ഫലം. ഗ്രഹണം നടക്കുന്നത് 7–ാമത്തെ രാശിയിൽ ആണ്. വളരെയധികം ജാഗ്രത മേൽപറഞ്ഞ നക്ഷത്രക്കാർ പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ¼)

6–ാമത്തെ രാശിയിൽ ആണ് ഗ്രഹണം. ശത്രുനാശം, ഐശ്വര്യം, ധനലാഭം, ശരീരസൗഖ്യം എന്നിവ ഫലം. ദീർഘകാലമായി ഉണ്ടായിരുന്ന രോഗങ്ങൾക്ക് ശമനം കണ്ട് തുടങ്ങും. കേസ്, വഴക്കുകൾ അവസാനിക്കും. ശത്രുക്കൾ മിത്രതയിലേക്ക് വരും. പൊതുവില്‍ ഗുണപരമായ കാലം.

കന്നി രാശി (ഉത്രം ¾, അത്തം, ചിത്തിര ½)

ഈ രാശിക്കാർക്ക് 5–ാം രാശിയിൽ ആണ് ഗ്രഹണം. സന്താനങ്ങൾ മൂലം പ്രശ്നങ്ങൾ, സന്താനങ്ങൾക്ക് രോഗം, അപവാദം, നിയമപ്രശ്നങ്ങൾ എന്നിവയിൽ മനോദുഃഖം, സന്താനത്താൽ മാനഹാനി എന്നിവ ഫലം.

തുലാം രാശി (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാകൂറുകാർക്ക് നാലാം രാശിയിലാണ് ഗ്രഹണം. ശാരീരികമായ പരിക്കുകൾ, വീഴ്ചകൾ, തീപ്പൊള്ളൽ, അഗ്നിഭീതി, വീടിന് കേടുവരിക, കുടുംബത്തിൽ അസ്വാരസ്യം എന്നിവ ഈ ഗ്രഹണയോഗത്താൽ ഉണ്ടാകുന്നതാണ്.

വൃശ്ചികം രാശി (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചിക കൂറുകാർക്ക് 3–ാം രാശിയില്‍ ആണ് ഗ്രഹണം. ധനലാഭം, തൊഴിൽലബ്ധി, പുതിയ വ്യാപാര–വാണിജ്യ ബന്ധങ്ങൾ, വിദേശയാത്രയാൽ ധനലാഭം, സഹോദരാനുകൂല്യം, ഐശ്വര്യം എന്നിവ ഫലം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ¼)

ധനുകൂറുകാർക്ക് 2–ൽ ആണ് ഗ്രഹണം. ശാരീരികമായ മുറിവുകൾ, ശസ്ത്രക്രിയ, വാക്കുകൾ മൂലം ശത്രുക്കൾ, വിവാദകാര്യങ്ങളിൽപ്പെട്ട് മാനഹാനി, കടബാധ്യതയിൽപെടുക, നിയമക്കുരുക്കുകൾ എന്നിവ ഫലം.

മകരം രാശി (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജന്മരാശിയിൽ ആണ് ഗ്രഹണം. വിശേഷിച്ച് ഗ്രഹണം നടക്കുന്ന നക്ഷത്രങ്ങൾ ആയ ഉത്രാടം, തിരുവോണം നക്ഷത്രക്കാർക്ക് രോഗങ്ങൾ, മുറിവുകൾ എന്നിവ മൂലം ദേഹാരിഷ്ടത ഫലം. മോഷ്ടാക്കളുടെ ഉപദ്രവം, പിഴയൊടുക്കേണ്ട സാഹചര്യം, ജപ്തി നടപടികൾ മൂലം മാനഹാനി മുതലായ സങ്കടകരമായ ഫലങ്ങൾ ഉണ്ടാകാം. എല്ലാ വിഷയത്തിലും ശ്രദ്ധ വേണം.

കുംഭം രാശി (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭക്കൂറുകാർക്ക് 12 ൽ ആണ് ഗ്രഹണം. ധനനാശം, അപവാദം ഭയന്ന് ദേശം വിട്ട് പോകേണ്ടി വരിക, രേഖകൾ നഷ്ടപ്പെടുക, കാൽപ്പാദത്തിന് രോഗം, പരിക്കുകൾ പറ്റുക എന്നിവ ഫലം.

മീനം രാശി (പൂരുരുട്ടാതി ¼, ഉത്തൃട്ടാതി, രേവതി)

മീനകൂറുകാർക്ക് 11–ൽ ആണ് ഗ്രഹണം. അവിചാരിത ധനലാഭം, ചിട്ടി, ലോട്ടറി എന്നിവയാൽ ലാഭം, പൂർവ്വിക സ്വത്തുകൾ തിരികെ ലഭിക്കുക, പലവിധ വരുമാന മാർഗ്ഗങ്ങൾ ലഭിക്കാൻ വഴിതെളിയുക എന്നിവ ഫലം.

ജ്യോതിഷ പരിഹാരങ്ങൾ

പ്രസ്തുത ദിവസം ഗ്രഹണം കഴി‍ഞ്ഞ് പുലർച്ചെ ക്ഷേത്രകുളത്തിലോ തീർത്ഥ സ്നാനഘട്ടത്തിലോ കുളിച്ച് (മുങ്ങികുളിയാണ് എന്ന് പ്രമാണം) ശിവക്ഷേത്രദർശനം, ശിവന് ജലധാര, ശംഖാഭിഷേകം, ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയാർച്ചന, മൃത്യുഞ്ജയ ഹോമം എന്നിവ നടത്തി പ്രാർത്ഥിക്കുക. ഗ്രഹണ സമയത്ത് മൃത്യുഞ്ജയ മന്ത്രം ജപിക്കുക. ഓം നമഃശിവായ ജപിക്കുക. ശിവനാമ കീർത്തനങ്ങൾ ജപിക്കുക. ഗ്രഹണം കഴിഞ്ഞ് ശിവക്ഷേത്രദർശനം നടത്തുക. ഗ്രഹണം കഴിഞ്ഞ ശേഷം, ദാനധർമ്മങ്ങൾ നടത്തുക. ഉഴുന്ന്, മുതിര എന്നീ ധാന്യങ്ങൾ ദാനം ചെയ്യുക, രാഹു/കേതു ദശകാലം ഉള്ളവർ ഗരുഢ പഞ്ചാക്ഷരീമന്ത്രം ജപിക്കുക. ഭസ്മം ധരിക്കുക, ചാമുണ്ഡീ ദേവി, ഗണപതി എന്നീ ദേവീദേവന്മാർക്ക് അർച്ചന, അഭിഷേകം എന്നിവ നടത്തുക.

ശിവനാമജപം പ്രധാനം, ഒരു വർഷത്തേയ്ക്ക് ഗ്രഹണത്തിന്റെ ഫലം നിലനിൽക്കും. ജാതകാൽ ദോഷസമയം കൂടിയുള്ളവർക്ക് ദോഷാധിക്യം ഉണ്ടാകും. ശിവഭജനം പ്രധാനം. ഇതര മതസ്ഥർ തങ്ങൾക്ക് സ്വീകാര്യമായ പരിഹാരകർമ്മങ്ങൾ നടത്തുക.

ലേഖകൻ

ആർ. സഞ്ജീവ് കുമാർ

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ ,റ്റി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ് ,തൈക്കാട് പോലീസ് ഗ്രൗണ്ടിന് എതിർവശം ,തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

ph: 8078908087, 9526480571

e-mail: jyothisgems@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.