Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം

Biweekly Prediction

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

ബന്ധുവിന്റെ വിവാഹശ്രമത്തിന്റെ ഭാഗമായി അവധിയെടുത്ത് ദൂരദേശയാത്ര ആവശ്യമായി വരും. സഹപ്രവർത്തകന്റെ അകാലവിയോഗത്തിൽ അതീവ ദുഃഖമനുഭവപ്പെടും. അഗ്നി, ധനം, ആയുധം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ദാമ്പത്യ ഐക്യവും കുടുംബസമേതം പുണ്യതീർഥ ഉല്ലാസയാത്രകളും ഉണ്ടാകും. അസൂയാലുക്കളുടെ  ദുഷ്പ്രചാരണത്താൽ  മനോവിഷമം തോന്നും. പുതിയ വ്യവസായ മേഖലകൾക്കു തുടക്കം കുറിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തകർക്കു സാമ്പത്തിക സഹായം ചെയ്യാനിടവരും.

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

സന്താനങ്ങളോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. പുതിയ വ്യാപാര വ്യവസായ മേഖലകൾക്കു തുടക്കം കുറിക്കും. ഭാര്യാ–ഭർതൃ ഐക്യവും കുടുംബസൗഖ്യവും ബന്ധുസഹായവും ഉണ്ടാകും. പല പ്രകാരത്തിലും രോഗപീഡ വർധിക്കുന്നതിനാൽ വിദഗ്ധ ചികിത്സകൾക്കു വിധേയനാകും. ഔദ്യോഗികമായി മനസ്സിലുദ്ദേശിക്കുന്ന സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കുന്നതിനാൽ മനസ്സമാധാനം കൈവരും. മേലധികാരികളുമായോ ഉന്നതന്മാരുമായോ വാക്കു തർക്കത്തിനു പോകരുത്. കഫരോഗം വർധിക്കുന്നതിനാൽ ആശുപത്രിവാസം ആവശ്യമായി വരും. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കു പ്രോത്സാഹനവും അംഗീകാരവും ലഭിക്കും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക,തിരുവാതിര, പുണർതം 45നാഴിക)

വ്യാപാരവ്യവസായ മേഖലകളിൽ തസ്കരശല്യമുണ്ടാകാനിടയുള്ളതിനാൽ സുരക്ഷാ നടപടികൾ ഊർജിതമാക്കും. വിദേശത്തുള്ളവർക്കു പുതിയ ഉദ്യോഗം ലഭിക്കും. ഉപരിപഠനപ്രവേശന പരീക്ഷയിൽ വിജയം കൈവരിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുന്നതിനാൽ കുടുംബജനങ്ങളോടുള്ള സാമീപ്യവും സംരക്ഷണചുമതലയും കുറയും. കൃഷിമേഖലകളിൽ നിന്ന് ആദായം വർധിക്കുന്നതിനാൽ പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കും. ബന്ധുജന സഹായത്താൽ മകളുടെ വിവാഹം മംഗളമായി നടത്താൻ സാധിക്കും. മേലധികാരികളോടു വാക്കു തർക്കത്തിനു പോകരുത്. മൂത്രാശയ രോഗപീഡകളാൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

വിശ്വാസ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.  നിലവിലുള്ള ഗൃഹം വിൽപന ചെയ്ത് പുതിയ ഗൃഹത്തിനു പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും. ഉദാസീനമനോഭാവത്താൽ അവധിയെടുക്കാനിടവരും. രക്തസമ്മർദം വർധിക്കുന്നതിനാൽ കുടുംബത്തിൽ അനാവശ്യമായ കലഹങ്ങൾ ഉണ്ടാകും. പുത്രൻ അയച്ചു തന്ന സംഖ്യകൊണ്ട് ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാനാകും. വാഹന ഉപയോഗത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. മേലധികാരിയുടെയും ഭരണാധികാരികളുടെയും ഒത്താശയോടെ ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം ലഭിക്കും. ആ രോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ഐക്യവും മനസ്സമാധാനവും കൈവരും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

ഉത്സവാഘോഷവേളയിൽ പങ്കെടുക്കാനിടവരും. വ്യാപാര വ്യവസായ മേഖലകളിൽ നിന്നു സാമ്പത്തികലാഭം വർധിക്കും. കടംകൊടുത്ത സംഖ്യ ഈടാക്കുന്നതിന്റെ ഭാഗമായി നിയമനടപടികൾ സ്വീകരിക്കാനിടവരും. വാഹനം മാറ്റി വാങ്ങാനുള്ള സാഹചര്യം വന്നുചേരും. കീഴ്ജീവനക്കാരുടെ അശ്രാന്തപരിശ്രമത്താൽ  ഏറ്റെടുത്ത കരാർജോലികൾ  പൂർത്തീകരിക്കാനാകും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കാനിടവരും.അവധിയെടുത്തു കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ വ്യാപൃത നാകും. അനുവദിച്ച സംഖ്യ ലഭിക്കാൻ ഭരണാധികാരികളുടെ ഒത്താശ വേണ്ടിവരും. സന്താനങ്ങളെ കുറച്ചു ദിവസം താമസിപ്പിക്കാൻ വിദേശത്തു കൊണ്ടുപോകാൻ സാധിക്കും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

കുടുംബസമേതം പുണ്യതീർഥ  ഉല്ലാസയാത്ര പുറപ്പെടും. ഭാഗ്യക്കുറി ലഭിക്കാൻ യോഗമുണ്ട്. വാഹനം മാറ്റി വാങ്ങാൻ സാധിക്കും. വ്യാപാര വ്യവസായങ്ങൾ ഉപേക്ഷിച്ച് വിദേശയാത്ര പുറപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്ദിഷ്ടകാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുന്നതിനാൽ മനസ്സമാധാനം കൈവരും. ഈശ്വാരാർപിതമായി നടത്തുന്ന ശ്രമങ്ങൾ വിജയം കണ്ടുതുടങ്ങും. കുടുംബത്തിലെ പുതിയ തലമുറക്കാരുടെ അനൈക്യം മൂലം മാറിത്താമസിക്കാനിടവരും. ശ്രദ്ധക്കുറവ് കൊണ്ട് പണനഷ്ടം സംഭവിക്കും. വാക്‌വാദങ്ങളിൽ നിന്നു ഒഴിഞ്ഞു മാറുകയാണു നല്ലത്. മാതാവിന് ഔദ്യോഗികമായി ഉയർച്ചയും സ്ഥാനമാറ്റവും ലഭിക്കും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

വിതരണ രംഗത്തെ അപാകതകൾ തീർക്കാൻ പ്രധാന ജോലിക്കാരെ നിയമിക്കാനിടവരും. ഭാര്യാ ഭർതൃ ഐക്യവും കുടുംബസൗഖ്യവും മനസ്സമാധാനവും കൈവരും. ‌ദൂരദേശയാത്ര ആവശ്യമായി വരും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം നേടും. പണം കൈകാര്യം ചെയ്യുന്ന ജോലിയിൽ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യം തൃപ്തികരമാണെങ്കിലും വീഴ്ചകളുണ്ടാകാനും ആശുപത്രിവാസത്തിനും യോഗമുണ്ട്. സുഹൃത്തുക്കളോടൊപ്പം നടത്തിവരുന്ന വ്യാപാരവ്യവസായങ്ങളിൽ നിന്നു വേർപിരിഞ്ഞ് പുതിയ മേഖലകളിൽ പ്രവേശിക്കും. കരാർ ജോലികൾ സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

വിദേശത്തു  താമസിക്കുന്നവർക്ക് അച്ഛനമ്മമാരെ കൊണ്ടുപോകാൻ സാധിക്കും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യ സ്ഥാനം വഹിക്കാനിടവരും.  മനസ്സിന്റെ ആധി വർധിക്കുന്നതിനാൽ മാനസികാരോഗ്യ വിദഗ്ധനെ കാണാനിടവരും. ഉദ്ദേശലക്ഷ്യം പൂർത്തീ കരിക്കാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. വാഹനമുപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും േവണം.  ഭാര്യാ–ഭർതൃ ഐക്യവും കുടുംബസൗഖ്യവും മനഃസമാധാനവും  ബന്ധുജനസഹായവും ഉണ്ടാകും.  നിലവിലുള്ള  ഉദ്യോഗം ഉപേക്ഷിച്ച് പുതിയ ജോലിക്കു പ്രവേശിക്കുമെങ്കിലും അധ്വാനഭാരം വർധിക്കും. സൗഹൃദ സംഭാഷണത്താൽ മകന്റെ വിവാഹത്തിനു നല്ല ആലോചനകൾ വന്നുചേരും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

പുതിയ വ്യാപാര വ്യവസായ മേഖലകൾക്കു രൂപകൽപന ചെയ്യും.  ഉദ്യോഗത്തിൽ നിന്നു വിരമിക്കുന്നതിനാൽ ജന്മനാട്ടിൽ ഗൃഹനിർമാണത്തിനുള്ള ഭൂമിയോ ഗൃഹമോ വാങ്ങാൻ പ്രാഥമികസംഖ്യ കൊടുത്തു കരാറെഴുതും. മൂത്രാശയസംബന്ധമായ  രോഗപീഡകൾക്കു വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും.  ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും കലാകായികരംഗങ്ങളിലും സാഹിത്യശാസ്ത്രരംഗങ്ങളിലും  പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ആശയവിനിമയത്തിൽ വന്നു  ഭവിച്ച അപാകതകൾ മൂലം പണനഷ്ടം സംഭവിക്കും.ധനാഗമം ഉണ്ടാകുമെങ്കിലും അവിചാരിത ചെലവുകൾ വർധിക്കുന്നതിനാൽ മിച്ചാനുഭവങ്ങൾ കുറയും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

അസൂയാലുക്കളുടെ കുപ്രചാരണത്താൽ മാനഹാനി ഉണ്ടാകും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആശ്വാസവചനങ്ങളാലും ഈശ്വരാരാധനകളാലും  മനസ്സമാധാനം കൈവരും. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണു നല്ലത്. കടംകൊടുത്ത സംഖ്യയ്ക്കു പകരം വസ്തു ലഭിക്കാനിടവരും. സുഹൃത്തിന്റെ അശ്രാന്തപരിശ്രമത്താൽ  വിവാഹത്തിനു തീരുമാനമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ഭൂമി വാങ്ങാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. ഏറെക്കുറെ പൂർത്തീകരിച്ച ഗൃഹത്തിൽ ഗൃഹപ്രവേശം നടത്തി താമസം തുടങ്ങും. 

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45  നാഴിക)

ഔദ്യോഗികമായി ചുമതലകൾ വർധിക്കുന്നതിനാൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വരും. വിദേശത്ത് ഉദ്യോഗമുള്ളവർക്ക് അതു നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയം ൈകവരിക്കും. സുഹൃത്തിന്റെ മകളുടെ വിവ‌ാഹത്തിന് ആദ്യന്ത പരിശ്രമം േവണ്ടിവരും.  ഉദാസീന മനോഭാവത്താൽ അവധിയെടുക്കും. പുതിയ കരാർ ജോലികൾ ലഭിക്കുന്നതിനാൽ ആരാധനാലയത്തിലേക്കു നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തകർക്കു സാമ്പത്തിക സഹായം ചെയ്യാനിടവരും. വാഹനാപകടമുണ്ടാകുമെങ്കിലും അത്യാഹിതത്തിൽ നിന്നു രക്ഷപ്പെടും. അമിതവ്യയം നിയന്ത്രിക്കണം.

മീനക്കൂറ്

(പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

അശ്രദ്ധകൊണ്ട് അബദ്ധം വന്നുചേരാനും സഹപ്രവർത്തകരിൽ നിന്നും മേലധികാരികളിൽ നിന്നും ശകാരം കേൾക്കാനും യോഗമുണ്ട്. പൂർവിക സ്വത്തു വിറ്റ് പട്ടണത്തിൽ ഗൃഹം വാങ്ങാൻ തീരുമാനിക്കും. പ്രവൃത്തി മേഖലകളിൽ നിന്നു സാമ്പത്തികവരുമാനം വർധിക്കും. ഉദ്യോഗത്തിൽ സ്ഥിരത കൈവരും. അസൂയാലുക്കളുടെ ദുഷ്പ്രചാരണത്താൽ മാനഹാനിയുണ്ടാകും. ഗൃഹത്തിലോ വ്യാപാര വ്യവസായ സ്ഥാപനത്തിലോ മോഷണശ്രമമുണ്ടാകും. വിദേശത്തുള്ളവർക്കു ജോലിമാറ്റം ലഭിക്കുന്നതിനാൽ ജന്മദേശത്തു വരാൻ സാധിക്കും. ഉപരിപഠനപ്രവേശന പരീക്ഷ, വ്യവഹാരം, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം കൈവരിക്കും.