Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം പ്രശ്നമോ? സമ്പൂർണ കൂറുഫലം

jupiter

1194 –ാമാണ്ട് കന്നിമാസം 25–ാം തിയതി (11–10–2018) ഗുരു തുലാം രാശിയിൽ നിന്നും വൃശ്ചികത്തിലേക്ക് പ്രവേശിക്കുന്നു. അതനുസരിച്ച് ഓരോ കൂറുകളുടെയും ഫലം. 

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തികനില മെച്ചപ്പെടും. പഠനത്തില്‍ ശ്രദ്ധ ചെലുത്തും. അൽപാൽപം കാര്യതടസ്സം അനുഭവപ്പെടും. ഭാര്യയാൽ ചില നന്മകൾ ഉണ്ടാകുന്നതാണ്. മാതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. മനസ്സിന് അപ്രതീക്ഷിതമായി മനോചഞ്ചലം ഉണ്ടാകുന്നതാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. കൂട്ടുവ്യാപാരം നടത്തുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളാല്‍ മാനസികസന്തോഷം ഉണ്ടാകുന്നതാണ്. വിദേശത്തുനിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം വന്നുചേരും. നീർദോഷസംബന്ധമായി രോഗം വരാനിടയുണ്ട്. തിരുച്ചെന്തൂർ മുരുകനെ ദർശനം ചെയ്യുക.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സംരക്ഷണവകുപ്പിൽ ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. ചുറുചുറുക്കോടെ എല്ലാ ജോലികളും ചെയ്തു തീർക്കും. വാഹനം, വസ്തുക്കള്‍ വാങ്ങാവുന്നതാണ്. അൽപം അലസത അനുഭവപ്പെടും. ധനനഷ്ടം വരാനിടയുണ്ട്. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. യന്ത്രശാലകളിൽ തൊഴിൽ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. അധ്യക്ഷത വഹിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. വാർദ്ധക്യം ചെന്നവർക്ക് നയനരോഗം വരാനിടയുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല സമയമായി കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു. ശാസ്താവിനെ പ്രാർഥിക്കുന്നത് ശ്രേഷ്ഠമായി കാണുന്നു.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

പല മേഖലകളിലും വിജയം കൈവരിക്കുന്നതാണ്. കലാമേഖലയിൽ നിന്നും മഹത്വവും പ്രശസ്തിയും ലഭ്യമാകുന്നതാണ്. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. പുത്രലബ്ധിക്കുള്ള സമയമാണ്. കഠിനമായ മനസ്സായിരിക്കും. ഏലം, ഗ്രാമ്പൂ, കുരുമുളക് കൃഷിയാൽ ധാരാളം സമ്പാദിക്കുന്നതായിരിക്കും. റബ്ബർ, തടി വ്യാപാരം പ്രതീക്ഷിച്ച നേട്ടം കൈവരിക്കുന്നതാണ്. പാൽ , പശുക്കൾ ഇവയാൽ ധാരാളം വരുമാനം വന്നുചേരും. അടിമയെപ്പോലെ ജോലി ചെയ്യും. മന്ത്രിസഭാ അംഗങ്ങൾക്ക് പ്രശസ്തിയും പദവിയും പ്രതീക്ഷിക്കാം. ഹാസ്യകലാപ്രകടനക്കാർക്ക് പല വേദികളും ലഭ്യമാകും. സന്താനങ്ങൾക്ക് പലവിധ നേട്ടങ്ങൾ ലഭിക്കുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. മഹാലക്ഷ്മിയെ പ്രാർഥിക്കുക. വിനോദയാത്രയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

കാര്യസിദ്ധിയുടയും പ്രശസ്തിയുടെയും സമയമായി കാണുന്നു. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭിക്കുന്നതായിരിക്കും. ഉന്നത സ്ഥാനപ്രാപ്തിയുണ്ടാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളാല്‍ പലവിധ നന്മകൾ ഉണ്ടാകുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകുന്നതായിരിക്കും. ഗൃഹം നിർമ്മിക്കാവുന്നതാണ്. പിതാവിനെയും സന്യാസിമാരെയും സൽക്കരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ്. പൂർവിക ഭൂസ്വത്തുക്കൾ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മോഷ്ടാക്കളാലും ശത്രുക്കളാലും ഭയം അനുഭവപ്പെടും. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകുന്നതാണ്. പഴനി മുരുകനെ പ്രാർഥിക്കുന്നത് ഗുണകരമാണ്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ഉന്നതസ്ഥാനപ്രാപ്തിക്കുള്ള സമയമായി കാണുന്നു. ഭാര്യയ്ക്കും മാതാവിനും നന്മകൾ ഉണ്ടാകും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തുക, കോൺട്രാക്റ്റ്, മറ്റ് തൊഴിലുകള്‍ ചെയ്യുന്നവർക്ക് മികച്ചനേട്ടം കൈവരിക്കാന്‍ സാധിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതാണ്. അരി, ധാന്യങ്ങളാൽ വ്യാപാരം അഭിവൃദ്ധിയുണ്ടാകും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സ്ഥലം മാറി താമസിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു. ചീത്തസ്വഭാവക്കാരുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. ഭാഗ്യാനുഭവങ്ങൾ വന്നുചേരും.  അപകീർത്തി വരാതെ ശ്രദ്ധിക്കുക. സുബ്രഹ്മണ്യ ധ്യാനം വളരെ നന്നായിരിക്കും

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സെൻട്രൽ ഗവൺമെന്റ് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പ്രശസ്തിയും ധനവരവും ഉണ്ടാകും. കെട്ടിട കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് അധികലാഭം ലഭിക്കുന്നതായിരിക്കും. സ്വർണ്ണക്കടകൾ, വെള്ളിക്കടകളിൽ വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. ഉന്നതമായ നല്ല ഫലങ്ങൾ ലഭിക്കുന്നതായിരിക്കും. കുടുംബഐശ്വര്യം വന്നുചേരും. മാധുര്യവും വശ്യതയാർന്ന സംസാരമായിരിക്കും. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതായിരിക്കും. മാതൃവഴി ഭൂസ്വത്തുക്കള്‍ ലഭിക്കാവുന്നതാണ്. സൽപ്രവൃത്തികളിൽ ഏർപ്പെടുന്നതായിരിക്കും. നൃത്തം, സംഗീതം, മറ്റ് കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവർക്ക് കലാതിലകം പോലുള്ള പുരസ്കാരങ്ങൾ ലഭിക്കും. മാതാവിനോട് സ്നേഹമായിരിക്കും. ശിവഭജനം നടത്തുന്നത് നന്നായിരിക്കുന്നതാണ്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ക്ലാർക്ക്, കണക്കർ പോലുള്ള തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പല രാജ്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. അൽപം അധൈര്യമുണ്ടാകും. ആത്മാർത്ഥതയുള്ള സ്ത്രീസൗഹൃദബന്ധം നിമിത്തം പലവിധ നേട്ടങ്ങൾ ഉണ്ടാകും. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കാം. പല നിലകളിലും വിജയം കൈവരിക്കുന്നതാണ്. അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കുന്നതാണ്. ഗുസ്തി, കബടി ചാമ്പ്യന്മാർക്ക് പുരസ്കാരവും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്. ആൺസന്താനങ്ങൾക്ക് ചില വൈഷമ്യം ഉണ്ടാകും. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികൾ സംതൃപ്തി നൽകുന്നതല്ല. മഹാലക്ഷ്മിയെ പ്രാർഥിക്കുക.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. നൃത്തസംഗീത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. സാമർത്ഥ്യവും ധൈര്യവും ആയി എല്ലാ ജോലികളും ചെയ്തു തീർക്കും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. റിയൽഎസ്റ്റേറ്റുകാർക്ക് ധാരാളം ഇടപാടുകൾ നടക്കുന്നതാണ്. വയറിങ്, പ്ലംബിങ് മുതലായ ജോലി ചെയ്യുന്നവർക്ക് അധികവരുമാനം വന്നുചേരും. ഗൃഹം നിർമ്മിക്കാവുന്നതാണ്. നിലം, വസ്തുക്കളാൽ വരുമാനം വന്നുചേരും. വ്യാപാരത്തില്‍ അൽപം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് ശരി ചെയ്യും. ഇരുമ്പ്, ഉരുക്ക് തൊഴിൽ ശാലകളിൽ അധികവരുമാനം വരും. വർക്ക്ഷോപ്പുകളിൽ ധാരാളം ജോലി ലഭിക്കുന്നതായിരിക്കും. പിതാവിന് അസുഖം വരാനിടയുണ്ട്. അണാമലയാനെ പ്രാർഥിക്കുക.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സർക്കാരിൽ നിന്നും പൊതുജനങ്ങളാലും ബഹുമാനിക്കും. ശരീരബലവും ലഭ്യമാകുന്നതാണ്. ആത്മാർത്ഥതയുള്ള ഉപദേശകർ വന്നുചേരും. സകലവിധ ഭാഗ്യലബ്ധിയും പ്രതീക്ഷിക്കാവുന്നതാണ്. സത്യസന്ധമായി പ്രവർത്തിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. തൊഴിൽമേഖല പുഷ്ടിപ്പെടുന്നതായിരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷത്തിന്റെയും സമയമായി കാണുന്നു. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. പാർട്ടി പ്രവർത്തകർക്ക് പ്രശസ്തിയും ജനപ്രീതിയും ലഭിക്കുന്നതായിരിക്കും. ഇളയസഹോദരത്തിനു ദോഷകരമായ സമയമായി കാണുന്നു. ദക്ഷിണാമൂർത്തിയെ പ്രാർഥിക്കുക.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

കോളജ് അധ്യാപകർ, ജലവകുപ്പ് സംബന്ധമായ വകുപ്പുകളിൽ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കുന്നതാണ്. ഇലക്ട്രിക്, ഇലക്ട്രോണിക്സ് സംബന്ധമായ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭിക്കുന്നതല്ല. ഗൃഹം നിർമ്മിക്കാവുന്നതാണ്. ധനവരവും പ്രശസ്തിയും ഉണ്ടാകുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. വാഹന വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് വിജയകരമായി ചെയ്തു തീർക്കും. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. നവീന ഗൃഹോപകരണങ്ങൾ വാങ്ങാവുന്നതാണ്. അതിഥികളെ സൽക്കരിക്കും. കുടുംബത്തില്‍നിന്നും യാതൊരു സൗജന്യം ലഭ്യമല്ല. നയനരോഗം, ചെവി വേദന വരാനിടയുണ്ട്. ശ്രീരംഗനാഥനെ പ്രാർഥിക്കുക

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. മാതാപിതാക്കളെ പ്രശംസിക്കുന്നതാണ്. കമ്പനി ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ചില ആനുകൂല്യങ്ങൾ ലഭ്യമാകും. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. വിദേശവും ആയി കയറ്റുമതി, വിനോദയാത്രകൾ നടത്തുന്നവർക്ക് പ്രതീക്ഷിച്ച ലാഭം ലഭ്യമാകുന്നതാണ്. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് അധികവരുമാനം വന്നുചേരും. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. കലാവാസനയുണ്ടാകും. എണ്ണ, വളം മുതലായ കമ്പനികളില്‍ വരുമാനം വർദ്ധിക്കുന്നതാണ്. കുടുംബക്കാർക്ക് യാതൊരു നന്മയും ചെയ്യുന്നതല്ല. കുടുംബത്തിൽ നിന്നും തനിക്കും നന്മ ലഭ്യമല്ല. അയ്യപ്പനെ പ്രാർഥിക്കുക.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വ്യാപാര അഭിവൃദ്ധിയുണ്ടാകും. പുണ്യകർമ്മങ്ങൾ ചെയ്യും. കുടുംബഐശ്വര്യം ഉണ്ടാകും. ധൈര്യവും പ്രശസ്തിയും ഉണ്ടാകും. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അകലെ കമ്പനിയിൽ ലഭിക്കും. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. വലിയ നിർവാഹ ചുമതല കമ്പനി ഉദ്യോഗസ്ഥർക്ക് ലഭ്യമാകും. ക്ഷേത്രദർശനം, അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വൃക്ക സംബന്ധമായി രോഗം വരാനിടയുണ്ട്. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. സന്യാസിമാരെയും ബ്രാഹ്മണരെയും ബഹുമാനിക്കുന്നതായിരിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. ചാമുണ്ഡിയെ പ്രാർഥിക്കുക.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം , ശാസ്താക്ഷേത്ര സമീപം, പത്താംകല്ല് ,നെടുമങ്ങാട് പി.ഒ. ,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.