Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴപ്പകർച്ച 12 രാശിക്കാർക്ക് എങ്ങനെ? സമ്പൂർണഫലം

jupiter

ഭാഗ്യാന്വേഷികളുടെ ഗ്രഹമായ ദേവഗുരു ബ്രഹസ്പതി വ്യാഴം (ജൂപിറ്റർ) ലാഹിരി അയനാംശപ്രകാരം 11 ഒക്ടോബർ 2018–ന് വൈകുന്നേരം 6 മണി 30 മിനിട്ട് 17 സെക്കിന്റിന് ചൊവ്വയുടെ രാശിയായ വൃശ്ചികത്തിൽ പ്രവേശിക്കുന്നു. വ്യാഴത്തിന്റെ മിത്രഗ്രഹമാണ് ചൊവ്വ. ആയതിനാൽ ഗുണം കൂടും. തുടർന്ന് 12 നവംബര്‍ 2018 ൽ ക്രമമൗഢ്യം ആരംഭിച്ച് 10 ഡിസംബർ 2018ൽ മാന്ദ്യം അവസാനിക്കും. സൂര്യനുമായി വ്യാഴം 11 ഡിഗ്രിക്കുള്ളിൽ ഗുരു സഞ്ചരിക്കുന്നതാണ് മൗഢ്യം. മൗഢ്യകാലത്ത് ഗ്രഹത്തിന്റെ ശക്തി കുറയും എന്ന് ജ്യോതിഷ സിദ്ധാന്തം. 

29 മാർച്ചിൽ വ്യാഴം അതിചാരത്തിൽ ധനുവിൽ വരുകയും തുടർന്ന് 23 ഏപ്രിൽ 2019 ന് തിരികെ വൃശ്ചികത്തിൽ വരികയും ചെയ്യും. 2019 ഏപ്രിൽ 10 ന് വ്യാഴം വക്രഗതിയിൽ വരികയും 2019 ആഗസ്റ്റ് 11ന് വക്രഗതി അവസാനിക്കുകയും ചെയ്യും. 2019 നവംബർ 5ന് വ്യാഴം ധനു രാശിയിൽ പ്രവേശിക്കും. വ്യാഴത്തിന്റെ ഈ ഗതി മാറ്റങ്ങൾ 12 രാശിക്കാരെ എങ്ങിനെ ബാധിക്കും എന്ന് ജ്യോതിഷപരമായി പരിശോധിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

കാലപുരുഷന്റെ ഒന്നാം രാശിയായ മേടക്കൂറിന്റെ 8ൽ ആണ് വ്യാഴം സഞ്ചരിക്കുന്നത്. ധനപരമായി തീരെ നല്ലതല്ല. കടബാധ്യതകളില്‍ പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. പൂർവ്വകാലരോഗങ്ങൾ ശക്തി ആർജ്ജിക്കും. എടുത്തുചാടി പ്രവർത്തിച്ച് കുഴപ്പങ്ങൾ വരുത്തിവെക്കും. ഉയരത്തിൽ നിന്ന് വീഴ്ച ഉണ്ടാകാം. അസമയയാത്രകൾ, ഓവർസ്പീഡ്, അസമയത്തെ അന്യഭവനസന്ദർശനം എന്നിവ ഒഴിവാക്കുക. ജാതകത്തിൽ വ്യാഴം അനുകൂലമായിട്ടുള്ളവർക്ക് ദോഷാധിക്യം കുറയും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കുക. സമൂഹമദ്ധ്യത്തിൽ അപമാനിതൻ ആകാം. ജാതകത്തിൽ ലഗ്നാലോ ചന്ദ്രാലോ വ്യാഴം 6–8–12–3 എന്നീ അനിഷ്ടരാശികളിൽ നിൽക്കുന്നവർക്ക് ദോഷം കൂടും. ഈ വർഷം മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർ അതീവശ്രദ്ധ പുലർത്തുക. (2019 മാർച്ച് മുതൽ മെയ് വരെ) മംഗളകർമ്മങ്ങള്‍ നടത്തുവാൻ പറ്റിയ കാലമല്ല. വേണ്ടിവന്നാൽ ഉചിതമായ പരിഹാരകര്‍മ്മങ്ങൾ നടത്തി ചടങ്ങുകൾ നടത്തുക. അഷ്ടമരാശിയിലെ വ്യാഴം 2ൽ (ധനം) ദൃഷ്ടിചെയ്യുന്നതിനാല്‍ ചിലർക്ക് അവിചാരിതമായി ധനലാഭം, ചിട്ടി, ലോട്ടറി എന്നിവ ലഭിച്ചേക്കാം എന്നൊരു ഗുണപരമായ കാര്യവും ഉണ്ട്. നിയമപ്രശ്നങ്ങൾ, ആശുപത്രിവാസം, അപഖ്യാതി എന്നിവ ഫലം. ജ്യോതിഷപരമായ വ്യാഴത്തിന്റെ ധാന്യമായ കടല ചെറിയ അളവിൽ എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മഹാവിഷ്ണു, വിഷ്ണുമൂർത്തികൾ എന്നിവരെ ആരാധിക്കുക. ദക്ഷിണാമൂർത്തിയെ ആരാധിക്കുക. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യക്ഷേത്രത്തിലെ ദക്ഷിണാമൂർത്തിയെ ആരാധിക്കുന്നത് നല്ലതാണ്. 8ൽ വ്യാഴം വന്നാല്‍ വെട്ടിൽ വീഴും എന്നാണ് നാട്ട്മൊഴി.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറുകാർക്ക് വ്യാഴം 7ൽ ആണ് മേൽപറഞ്ഞ നാളുകാർക്ക് വിവാഹത്തിന് ഉത്തമസമയം. പരീക്ഷാവിജയം, ഭവനയോഗം, സന്താനലാഭം, സാമ്പത്തിക മേന്മ, അനുകൂലമായ സ്ഥലമാറ്റം, വിദേശയാത്ര, പ്രമോഷൻ എന്നിവയ്ക്ക് നല്ലതാണ്. അനുകൂലമായ വ്യാഴദശ കൂടി ഉള്ളവർക്ക് ഐശ്വര്യപൂർണ്ണമായ കാലം. സന്താനഭാഗ്യത്തിനായി ചികിത്സ തേടാനും, തൽസംബന്ധമായ ദേവപൂജകൾക്കും ഈ വ്യാഴത്തിന്റെ മാറ്റം പ്രയോജനപ്പെടുത്താവുന്നതാണ്. പൂർവ്വീക സ്വത്തുകൾ സംബന്ധമായ തർക്കങ്ങൾ, കേസ് വഴക്കുകള്‍, രോഗചികിത്സ എന്നിവയിൽ അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. തർക്കങ്ങൾ പരിഹരിച്ച് പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. ഗുണഫലങ്ങൾ വർദ്ധിക്കാനായി ശ്രീകൃഷ്ണന് പാൽപായസ നിവേദ്യം നടത്തുന്നതും ഭാഗവതം പാരായണം ചെയ്യുന്നതും ഉത്തമഫലം നൽകും.‌

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മിഥുനക്കൂറുകാർക്ക് വ്യാഴം 6ൽ. അസുഖം, ആശുപത്രിവാസം, നിയമപ്രശ്നങ്ങൾ, പോലീസ് നടപടികൾ, അപഖ്യാതി, അപമാനകരമായ വിഷയങ്ങളിൽ ചെന്ന് പെടുക, സാഹസകൃത്യങ്ങൾ നടത്തി അപകടത്തിൽ പെടുക. ഗുരുക്കന്മാരുടെയും കാരണവന്മാരുടെയും അപ്രീതിക്ക് പാത്രമാകുക, കേസുകൾ പരാജയപ്പെടുക, രാഷ്ട്രീയപാർട്ടികളുടെ വിരോധത്തിന് ഇടയാക്കുക, വീഴ്ചകൾ, വിഷജീവികളുടെ ആക്രമണം, ചികിത്സാപിഴവുകൾ സംഭവിക്കുക, സന്താനങ്ങളുടെ രോഗചികിത്സയ്ക്കായി ധാരാളം പണം ചിലവാക്കേണ്ടിവരിക, മാതാപിതാക്കളുടെയും ഗുരുകാരണവന്മാരുടെയും വിയോഗം, വിരഹം എന്നിവ ഉണ്ടാകുക, ജാതകത്തിൽ വ്യാഴത്തിന് അനിഷ്ടസ്ഥിതി ഉള്ളവർക്ക് വലിയ ദോഷം. കുടുംബകലഹം, അത്യാഗ്രഹം, അതിമോഹം എന്നിവ മൂലം നാശം. മഹാവിഷ്ണുവിനെയും വിഷ്ണുമൂർത്തികളെയും ആരാധിക്കുക. ധന്വന്തരി പൂജയും നല്ലതാണ്. ജ്യോതിഷവിധി പ്രകാരം ശാസ്ത്രീയമായ പരിഹാരകർമ്മങ്ങള്‍ നടത്തുക. കടല, കാരറ്റ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മഞ്ഞ വസ്ത്രം ധരിക്കുക.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് വ്യാഴം 5ൽ. ജീവിതത്തിൽ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആഗ്രഹിച്ച വിവാഹം നടക്കാനും, പുതിയ ധനാഗമമാർഗ്ഗങ്ങൾ കണ്ടെത്താനും പുതിയ വിദ്യാഭ്യാസരംഗത്ത് പ്രവേശിക്കാനും, മത്സരപരീക്ഷകളിൽ വിജയിക്കാനും, ചിട്ടി, ലോട്ടറി, പൂർവിക സ്വത്തുക്കൾ എന്നിവ ലഭിക്കാനും, കോടതി നടപടികളിൽ വിജയിക്കാനും ഉത്തമം. വിവാഹം നടത്താൻ മേൽപറ‍ഞ്ഞ നാളുകാർക്ക് ഏറ്റവും അനുകൂലമായ സമയം. വിവാഹാലോചനകൾ ലക്ഷ്യത്തിൽ എത്തും. പൊതുവിൽ ജാതകന്റെ ജീവിതനിലവാരം ഉയരും. സാമൂഹിക അംഗീകാരം, അവാർഡുകൾ എന്നിവ ലഭിക്കും. ഈ രാശിയിലെ പുണർതക്കാർക്ക് കൂടുതൽ ഗുണം ലഭിക്കും. അനുകൂല വ്യാഴദശ ഉള്ളവർക്ക് കൂടുതൽ ശുഭഫലങ്ങള്‍ ലഭിക്കും. പ്രവൃത്തിയിൽ വിജയം ഉണ്ടാകുന്ന കാലം. ഗുണാനുഭവ വർദ്ധനക്കായി മഹാവിഷ്ണുവിന് നെയ്‌വിളക്ക്, പാല്‍പായസ നിവേദ്യം, ദാനധർമ്മാധികള്‍ എന്നിവ നടത്തുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഈ രാശിക്കാർക്ക് 4ൽ ആണ് വ്യാഴം ഗുണ–ദോഷസമ്മിശ്രഫലം. ഭവനനിർമ്മാണത്തിന് ആരംഭം കുറിക്കുകയോ ആലോചന തുടങ്ങുകയോ ചെയ്യും. ബന്ധുമിത്രാദികളുടെ സാമ്പത്തിക, കുടുംബ–നിയമപ്രശ്നങ്ങളിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടാകും. സാമ്പത്തിക ഇടപാടുകളുടെ മദ്ധ്യസ്ഥത വഹിച്ച് കുഴപ്പത്തിൽ ചെന്ന് പെടും. തീർത്ഥാടനമോഹം വർദ്ധിക്കും. മുൻപ് ജാമ്യം നിന്ന് കടബാധ്യതകളുമായി ബന്ധപ്പെട്ട് കുഴപ്പത്തിൽപ്പെടും. പൂർവ്വകാലവ്യക്തി ബന്ധങ്ങൾ ജീവിതത്തെ പ്രതിസന്ധിയിൽ ആക്കുവാൻ സാധ്യത കാണുന്നു. മാതൃകുടുംബത്തിൽ നിന്നും അഭിമാനകരമല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാകും. വാഹനം മാറ്റി വാങ്ങുകയോ, പുതിയ വാഹനങ്ങളോട് താൽപര്യം തോന്നുകയോ ചെയ്യും. ജ്യോതിഷപരമായി നരസിംഹമൂർത്തി, വരാഹമൂർത്തി എന്നീ ദേവന്മാരെ ആരാധിക്കുക. വ്യാഴാഴ്ച വിഷ്ണു ക്ഷേത്രദർശനം നടത്തുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശിക്കാർക്ക് വ്യാഴം 3ൽ. മൂന്നിലെ വ്യാഴം മുറവിളികൂട്ടും എന്നൊരു ചൊല്ലുണ്ട്. വാക്കുകള്‍ മൂലവും, വാഗ്ദാനലംഘനം മൂലവും വ്യക്തിപരമായി പ്രശ്നങ്ങള്‍ ഉണ്ടാകും. കഴുത്തിന് ആരോഗ്യപ്രശ്നങ്ങൾ വരും. ടോൺസിലൈറ്റിസ്, തൈറോയ്ഡ് രോഗ സാധ്യത പറയാം. ബന്ധുമിത്രാദികളുമായി കലഹങ്ങള്‍ ഉണ്ടാകും. സഹോദരസ്ഥാനീയർക്ക് നല്ലതല്ല. അനാവശ്യമത്സരബുദ്ധി കൂടും. പൊതുജന ശത്രുത ഉണ്ടാകും. തർക്കങ്ങളിൽ മദ്ധ്യസ്ഥത വഹിക്കാൻ പുറപ്പെട്ട് മാനഹാനി വരുത്തും. പലവിധ ആരോപണ പ്രത്യാരോപണങ്ങൾക്ക് വിധേയമാകും, ഗുരുകാരണവന്മാരുടെയും അടുത്ത സുഹൃത്തുക്കളുടെയും വിയോഗം, വിരഹം എന്നിവ ഉണ്ടാകാം. ആശയപരമായി വിയോജിപ്പുകൾ മൂലം വളരെക്കാലം നിലനിന്ന സൗഹൃദങ്ങൾ തകരും, കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കുക. ശ്രീരാമൻ, പരശുരാമൻ എന്നീ ദേവന്മാരെ ആരാധിക്കുന്നത് ഗുണഫലം നൽകും. ജാതകത്തില്‍ വ്യാഴാനുകൂല്യം ഉള്ളവർക്ക് ദോഷം കുറയും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം രാശിക്കാർക്ക് വ്യാഴം 2ൽ സഞ്ചരിക്കുന്ന ഈ കാലം സാമ്പത്തികമായ മേന്മ നൽകും. ചിട്ടി, ലോട്ടറി, പൂർവ്വീകസ്വത്തുക്കൾ എന്നിവ ലഭിക്കുക, കോടതി നടപടികളിൽ വിജയം, പ്രമോഷൻ, പുതിയ തൊഴിൽ സാധ്യത, സന്താനജനനം, അനുകൂലമായ വിവാഹം, പ്രേമകാര്യങ്ങളിൽ വിജയം, സുഹൃത്തുക്കളുടെ ആഗമനം, സാമൂഹിക അംഗീകാരം, ഗവൺമെന്റ് ആനുകൂല്യങ്ങൾ, ഭവന നിർമ്മാണം, പുതിയ വസ്തു, വാഹനം എന്നിവ വാങ്ങാൻ അവസരം, ലോണ്‍ സൗകര്യം, കടബാധ്യതകളില്‍ പരിഹാരം എന്നിവ ഫലം. എന്നാല്‍ അഹങ്കാരം വർദ്ധിച്ച് കുഴപ്പങ്ങളില്‍പ്പെട്ടേക്കാം. അമിതമായ ആത്മവിശ്വാസം, അമിത ഭക്ഷണം എന്നിവ ഒഴിവാക്കുക. തുലാകൂറിന് ഇപ്പോള്‍ ശനി 3ൽ നിൽക്കുന്നതിനാല്‍ കാലം അനുകൂലമാണ്. വളരെക്കാലമായി പരിശ്രമിച്ചിട്ട് നടപ്പാകാത്ത പല കാര്യങ്ങളും ഈ വര്‍ഷം നടക്കും. തടസ്സങ്ങൾ മാറി ഐശ്വര്യം വരും. വ്യാഴാനുകൂല്യം കൂട്ടാനായി നാരായണീയം, ജ്ഞാനപ്പാന, വിഷ്ണുസഹസ്രനാമം എന്നീ ഗ്രന്ഥങ്ങള്‍ വായിക്കുകയും കേൾക്കുകയും ചെയ്യുക. ശ്രീകൃഷ്ണനെ ആരാധിക്കുക.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

ജന്മരാശിയിൽ ആണ് വ്യാഴം. മനോവിഷമതയാണ് പൊതുഫലം. സ്വജനങ്ങളുമായി കലഹം വർദ്ധിക്കും. സഹപ്രവർത്തകരുടെ അപ്രീതിക്കും പ്രതികാരത്തിനും ഇടവരുത്തും. മേലധികാരികളുടെ അപ്രീതി, നിയമപ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യം, ഭവനത്തിൽ മോഷണം, മോഷണശ്രമം, സ്ത്രീകളുമായി കലഹം, വാശി കയറി ആവശ്യമില്ലാത്ത കുരുക്കുകളില്‍ ചെന്ന് ചാടുക. ശക്തന്മാരെ വെല്ലുവിളിച്ച് പ്രതിസന്ധിയിൽ പെടുക. ഓർമ്മക്കുറവ്, ടെൻഷൻ എന്നിവ ഫലം. ദോഷപരിഹാരമായി വ്യാഴാഴ്ച ശ്രീഹനുമാന് വെറ്റിലമാല /വടമാല എന്നിവ ചാർത്തി ആരാധിക്കുക. ശ്രീകൃഷ്ണന് സഹസ്രനാമാർച്ചന, പാൽപായസ നിവേദ്യം. രാമായണത്തിലെ വിഭീക്ഷണന്റെ ശരണപ്രാപ്തി എന്ന ഭാഗം വായിക്കുക. വിഷ്ണുസഹസ്രനാമജപം ദിവസേന തുളസീതീർത്ഥം സേവിക്കുക. 2019 നവംബർ 5 വരെ ജാഗ്രതയോടെ പ്രവർത്തിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശിക്കാർക്ക് വ്യാഴം 12ൽ. ദുർചിലവുകൾ, സ്ഥാനചലനം, സ്ഥലം ഉപേക്ഷിച്ച് പോകുക, വിദേശയാത്ര വിഷമത്തിൽ കലാശിക്കുക. നിയമനടപടികൾ മൂലം മാനഹാനി, പൂർവ്വികരുടെ കടബാധ്യതകൾ മൂലം പ്രതിസന്ധി, ജപ്തി ഭീഷണി, കാൽപാദങ്ങൾക്ക് പരിക്ക് പറ്റുക, വീഴ്ചകള്‍ സംഭവിക്കുക, ആശുപത്രിവാസം, രോഗീപരിചരണം, ബന്ധുക്കളുടെ രോഗദുരിത വിയോഗങ്ങളാല്‍ വിഷമിക്കുക, പ്രയോജനരഹിതമായ യാത്രകൾ, യാത്രയിൽ അപകടം, പണം, പട്ട് വസ്ത്രം, സ്വര്‍ണ്ണം എന്നിവ കൈമോശം വരിക. സാക്ഷി പറയാൻ പോയി കുഴപ്പത്തിൽ ആകുക, ജാമ്യം നിൽക്കുന്നത് മൂലം ഉണ്ടാകുന്ന പോലീസ്–കോടതി നടപടികൾ, ദാമ്പത്യകലഹം, കരാറുകൾ ഉപേക്ഷിക്കേണ്ടി വരിക തുടങ്ങി വിവിധങ്ങളായ കഷ്ടനഷ്ടങ്ങൾ ഇക്കാലത്ത് ഉണ്ടാകും.

എന്നാൽ ജാതകത്തിൽ വ്യാഴൻ അനുകൂലമായിട്ടുള്ളവർക്ക് ദോഷാധിക്യം കുറയും. നിരസിംഹമൂർത്തിക്ക് പാനകം വഴിപാട് നടത്തുക. ഭാഗവതത്തിലെ പ്രഹ്ലാദന്റെ നരസിംഹസ്തുതി എന്ന ഭാഗം ദിവസേന പാരായണം ചെയ്യുക, മഹാസുദർശ്ശനമന്ത്രത്താല്‍ ശ്രീകൃഷ്ണന് അർച്ചന നടത്തുക, സ്വയം ജപിക്കുക എന്നിവ ദോഷം കുറയ്ക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം രാശിക്കാർക്ക് വ്യാഴം 11ൽ സഞ്ചരിക്കുന്നത് വളരെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങളിൽ അനുകൂല തീരുമാനം അധികാരങ്ങളിൽ നിന്നും, ബന്ധുക്കളിൽ നിന്നും ഉണ്ടാകും. വിവാഹം, ഭവനനിർമ്മാണം, ഭൂമിയുടെ ക്രയവിക്രയം, വാഹനലാഭം, വിവാഹാദിമംഗളകർമ്മങ്ങൾ, പ്രേമസാഫല്യം, ഉദ്ദിഷ്ടകാര്യസിദ്ധി എന്നിവ ഫലം. മത്സരപരീക്ഷകളിൽ വിജയം, പ്രമോഷൻ, ഭാര്യ–ഭർത്തൃ പുനഃസമാഗമം, കേസുവഴക്കുകളിൽ അനുകൂലവിധി, രാഷ്ട്രീയ കാര്യങ്ങളിൽ വിജയം, പുതിയ അധികാരലബ്ധി എന്നിവ ഫലം. പ്രവർത്തിച്ചാല്‍ വിജയം ഉണ്ടാകുന്ന സമയം. അനുകൂല ഫലങ്ങള്‍ക്ക് ആയി മഹാവിഷ്ണുവിനെ ആരാധിക്കുക. പ്രശസ്തമായ വൈഷ്ണവക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രാര്‍ഥിക്കുന്നതും നന്മ വരുത്തും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം രാശിക്കാർക്ക് 10ൽ ആണ് വ്യാഴം. തൊഴിൽമാറ്റം ഉണ്ടാകാൻ സാധ്യത. കുടുംബം ഭാഗംവെച്ച് പിരിയൽ, പാർട്ട്ണർഷിപ്പ് പിരിയൽ, ഔദ്യോഗിക സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വരിക, വിദേശയാത്ര, സ്ഥാനചലനം, ഭവനമാറ്റം, കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിന് ആയി താമസം മാറ്റുക, ബന്ധുക്കളുടെ കാര്യങ്ങള്‍ അന്വേഷിച്ച് വിദേശയാത്ര, മരണാനന്തര ചടങ്ങുകളുടെ ചിലവുകൾ വഹിക്കേണ്ടി വരിക, ആശുപത്രി ചിലവുകൾ, നികുതി സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. 10ലെ വ്യാഴത്തിനെ കർമ്മവ്യാഴം എന്ന് പറയും. തൊഴില്‍പരമായി ജാഗ്രത പാലിക്കുക. ദോഷശാന്തിക്കായി രാജഗോപാലമന്ത്രത്താൽ ശ്രീകൃഷ്ണന് അർച്ചന നടത്തുക. സ്വയം ജപിക്കുക. നരസിംഹമൂർത്തിക്ക് പാനകം വഴിപാട് നടത്തുക. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. വ്യാഴാഴ്ച ദിവസം വിഷ്ണുഭജനം നടത്തുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മീനകൂറുകാർക്ക് കഴിഞ്ഞ തവണത്തെ വ്യാഴത്തിന്റെ 8ലെ സ്ഥിതി മൂലം ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ഇപ്പോൾ 9–ാം രാശിയിൽ വരുന്ന വ്യാഴം ഗുണം നൽകും. ഭാഗ്യസ്ഥാനമായ 9ൽ ആണ് ഇത്തവണ വ്യാഴത്തിന്റെ സഞ്ചാരം. വീട്ടിൽ മംഗളകർമ്മങ്ങള്‍, രോഗശമനം, ഭവനനിർമ്മാണം, വാഹനലാഭം, സന്താനഗുണം എന്നിങ്ങനെ വിവിധങ്ങളായ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പ്രവർത്തനരംഗത്ത് നിരവധിയായ അംഗീകാരങ്ങള്‍ ലഭിക്കും. വിനോദയാത്ര, ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കും. ചിട്ടി, ലോട്ടറി, ഷെയർമാർക്കറ്റ് എന്നീ രംഗങ്ങളിൽ അനുകൂല ഫലങ്ങള്‍ ലഭിക്കും. പൊതുവിൽ നല്ലകാലം എന്നു പറയാം. എന്നാൽ 10ൽ കർമ്മസ്ഥാനത്തെ കണ്ടകശനി ചില തടസ്സങ്ങൾ ഉണ്ടാക്കും. ആയത് പരിഹരിക്കാൻ ശാസ്താവിന് യഥാശക്തി വഴിപാടുകൾ നടത്തുക. ജാതകത്തിലെ വ്യാഴത്തിന്റെ ഗുണ–ദോഷസ്ഥിതിക്കനുസരിച്ച് ഫലത്തിൽ വ്യത്യാസം വരും. വ്യാഴമാറ്റത്തിന്റെ ഗുണഫലം ലഭിക്കാനായി മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, വരാഹമൂർത്തി, നരസിംഹമൂർത്തി എന്നീ ദേവന്മാരെ ആരാധിക്കുക. വിഷ്ണുസഹസ്രനാമം കേൾക്കുക, ജപിക്കുക. വ്യാഴത്തിന് ദോഷാധിക്യം ഉള്ള രാശിക്കാർ മഞ്ഞ വസ്ത്രം ധരിക്കുക, വ്യാഴാഴ്ച വ്രതം എടുക്കുന്നതും, വ്യാഴാഴ്ച ദിവസം വിഷ്ണു, അവതാരവിഷ്ണു ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതും, മഹാസുദർശ്ശനമന്ത്രജപം, ഹോമം എന്നിവ നടത്തുന്നതും ഗുണപ്രദമാണ്. ജാതകം പരിശോധിച്ച് വ്യാഴത്തിന്റെ രത്നമായ മഞ്ഞപുഷ്യരാഗം /ഗോൾഡൻ ടോപ്പസ് എന്നീ രത്നങ്ങള്‍ വിധിപ്രകാരം ധരിക്കുക. ജീവിതകാര്യങ്ങളിൽ ജാഗ്രതയോടെ പെരുമാറുക. ഇതരമതസ്ഥർ തങ്ങളുടെ ആചാരാനുഷ്ഠാന പ്രകാരം ഉള്ള ദൈവീക കർമ്മങ്ങൾ അനുഷ്ഠിക്കുക.

ലേഖകൻ

ആർ. സ‍ഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

റ്റി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പോലീസ് ഗ്രൗണ്ടിന് എതിർവശം

തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

മൊ: 8078908087, 9526480571

email: jyothisgems@gmail.com