Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഗ്നവും വ്യാഴവും, സമ്പൂർണഫലം

horoscope

ലഗ്നത്തിൽ (ജാതകാൽ) വ്യാഴൻ നിന്നാൽ, ഭൂമിലാഭം, ധനലാഭം, കളത്രലാഭം ഇവ പ്രതീക്ഷിക്കാം. ആകർഷണീയമായ സ്വഭാവത്തിനുടമയായി തീരുന്നതാണ്. മദ്ധ്യവയസ്സിൽ നല്ലൊരു നിലയിലെത്തുന്നതാണ്. എല്ലാ കാര്യങ്ങളിലും മേന്മ നേടുമെങ്കിലും ആരോഗ്യനില ശ്രദ്ധിക്കണം. 

വ്യാഴൻ രണ്ടിൽ നിന്നാൽ, വിദ്യാവിജയവും വിദ്യ കൊണ്ടു ധനലാഭവും പ്രതീക്ഷിക്കാം. എഴുത്തുകുത്തിലൂടെയും ജ്യോതിഷത്തിലൂടെയും ധനം സമ്പാദിക്കാം. ഇണയിലൂടെയും കുട്ടികളിലൂടെയും സന്തോഷം ലഭിക്കും. നിയമവഴിയിലൂടെ ലാഭങ്ങൾ ഉണ്ടാകാം. 27 വയസ്സിനുശേഷം അപ്രതീക്ഷിത ധനലാഭം പ്രതീക്ഷിക്കാം. 

വ്യാഴൻ 3 ല്‍ നിന്നാൽ, എല്ലാ പ്രോത്സാഹനങ്ങളും ലഭിക്കും. പലവിധ സഹായങ്ങളും സഹോദരങ്ങളിൽ നിന്നും പ്രതീക്ഷിക്കാം. വാഹനസൗകര്യം ലഭിക്കും. എഴുത്തിലൂടെയും പഠിപ്പിക്കലിലൂടെയും ധനം ലഭിക്കും. ഇത് നീചത്തിലോ ശത്രുക്ഷേത്രത്തിലോ ആയാൽ സഹോദരങ്ങളിൽ നിന്നും ഒരു സഹായവും ലഭിക്കില്ല. മാത്രമല്ല പരസ്പരം ശത്രുക്കളായും മാറും.

വ്യാഴൻ 4ൽ നിന്നാൽ, ധനം, ഗൃഹം, ഭൂമിലാഭം, മാതൃസൗഖ്യം, കളത്രപുത്ര സൗഖ്യം എന്നിവ പ്രതീക്ഷിക്കാം. കൃഷിയിലൂടെയും ഭൂമിയിലൂടെയും പാൽ ഉൽപ്പന്ന വിപണനത്തിലൂടെയും ധനം സമ്പാദിക്കും. രക്ഷിതാക്കളിൽ നിന്നും സഹായം കിട്ടും. തൊഴിലിലൂടെയും ബിസിനസ്സിലൂടെയും ലാഭം കിട്ടും. നല്ല ഇണ, ആഹാരം, വാഹനം, വീട് എന്നിവയും ലഭിക്കും. നീചാവസ്ഥയിലെ ഗുരുവായാൽ രക്ഷകർത്താക്കൾ പോലും ശത്രുക്കളായി മാറും.

വ്യാഴൻ 5ൽ നിന്നാൽ, എല്ലാ സുഖവും പുത്രഭാഗ്യം, വിവാഹം, ധനലാഭം, ഉദ്യോഗലാഭം ഇവ പ്രതീക്ഷിക്കാം. പ്രണയത്തിൽ വിജയിക്കും. സമ്പത്ത് വർദ്ധിക്കും. സന്താനങ്ങൾക്ക് പരീക്ഷയിൽ ഉന്നതസ്ഥാനം ലഭിക്കും. ഈ ഭാഗം നീചസ്ഥാനമായാൽ ചൂതുകളിയിലൂടെയും മറ്റും വൻനാശം സംഭവിക്കും. ശാസ്ത്രവിഷയത്തിൽ അറിവുണ്ടായിരിക്കും.

വ്യാഴൻ 6ൽ നിന്നാൽ തുടക്കത്തിൽ പുത്രഭാഗം, ധനലാഭം, ശത്രുനാശം ഇവയും ദശയുടെ അവസാനം പലവിധ ക്ലേശങ്ങളും അനുഭവിക്കും. അമ്മയിൽ നിന്നും ഇണയുടെ കുടുംബക്കാരിൽ നിന്നും വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരും. അവർ ദുഷ്ടരായും, ആക്രമണകാരികളുമായിത്തീരും. ലൗകികാസക്തി കാരണം ധനം വളരെയധികം ധൂർത്തടിച്ചു തീർക്കും. ഫിസിഷ്യന് നല്ല സമയമായിരിക്കും. പേരും പെരുമയും ലഭിക്കും. ചെറുപ്പത്തിൽ ആരോഗ്യപ്രശ്നം ഉണ്ടാകും. ആശുപത്രിവാസം ഉണ്ടാകും. കുടുംബത്തില്‍ വഴക്കുകൾ ഉണ്ടാകുകയും, അച്ഛൻ കുടുംബത്തിൽ നിന്നും മാറി പോകുകയുമാകാം. പാൾട്രി, വീട്ടുമൃഗവ്യാപാരം, മതപരമായ കാര്യങ്ങളിലൂടെയും സോഷ്യൽ ആക്റ്റിവിറ്റീസിലൂടെയും ധനം ഉണ്ടാകുന്നതാണ്.

7ൽ വ്യാഴൻ നിന്നാൽ പുത്രകളത്രസൗഖ്യം, വിവാഹം, ധനലാഭം, അന്യദേശവാസം, സുഖം എന്നിവ ലഭിക്കും. സ്വയം മാറ്റം സംഭവിക്കാം. ഉയർന്ന പദവിയിലെത്തും. എതിർലിംഗക്കാരുമായി നല്ല ബന്ധത്തിലായിരിക്കും. അച്ഛനുമായി നല്ല ബന്ധത്തിലാകുകയില്ല. വിവാഹജീവിതം നന്നായിരിക്കും. അന്യജാതിയിൽപെട്ട സ്ത്രീയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യും.

വ്യാഴൻ 8 ലായാൽ, സുഖത്തിനു ഹാനി, സ്ഥാനഭ്രംശം, വിരഹം, വിദേശവാസം, രോഗശമനം എന്നിവയുണ്ടാകും. ജാതകൻ ഏകാന്തജീവിതം നയിക്കും, അച്ഛനിൽ നിന്നും അകലും, സന്യാസജീവിതം നയിക്കും, ആരോഗ്യനില മോശമാകും, ഹൃദയത്തിനസുഖം, രക്തത്തിൽ വിഷാംശം വരിക, ട്യൂമർ, ക്യാൻസർ, ചെവിക്കസുഖം എന്നിവയുണ്ടാകും.

വ്യാഴൻ 9 ലായാൽ, എല്ലാ സൗഭാഗ്യം, കാന്തി, ധനപ്രാപ്തി, കളത്രപുത്ര സൗഖ്യം, ദൈവവിശ്വാസം കൂടും, മതവിശ്വാസം കൂടും, വ്യാപാരം കര പിടിക്കും, ജോലിയിൽ പ്രൊമോഷൻ, ബന്ധുക്കൾ സുഹൃത്തുക്കളെ പോലെ പെരുമാറും, കാരണം ജാതകന്റെ സ്വത്തുവകകളില്‍ കണ്ണും നട്ട്, കുശുമ്പു കാരണം അവർ ജാതകനെ നശിപ്പിച്ചെന്നും വരാം. നല്ല കംപാനിയനെ കിട്ടും. സമ്പത്തും കുട്ടികളും രക്ഷകർത്താക്കളും എല്ലാം. 9ൽ ഗുരുവും ബുധൻ 4ലോ 5 ലോ നിന്നാൽ ജാതകൻ രാജപദവിയിലായിരിക്കും. എങ്കിലും സന്യാസജീവിതം നയിക്കേണ്ടി വരും.

കൂടാതെ അപ്പഴപ്പോള്‍ ജാതകൻ മനസ്സുമാറുന്നവനായിരിക്കും, ഒരു സമയം കോടീശ്വരനും അടുത്ത നിമിഷം ദരിദ്രനുമായിത്തീരും. കൂടുതലും സംഭവിക്കുന്നത് ചന്ദ്രാലോ ശുക്രാലോ ഗുരുബന്ധം 9ൽ വന്നാല്‍ 3ലോ 5 ലോ നിന്ന് വ്യാജകുജ ദൃഷ്ടിയായാൽ നഷ്ടമോ തീയിലൂടെ അപകടമോ ആക്സിഡന്റോ ഉണ്ടാകാം. ശനി ദൃഷ്ടി വന്നാലോ ബന്ധം വന്നാലോ ധനനഷ്ടം ബന്ധുക്കൾ കാരണവും യാത്രയിലൂടെയും.

വ്യാഴൻ 10ൽ നിന്നാൽ, കീർത്തി, ധനലാഭം, തൊഴിലിലഭിവൃദ്ധി, വിവാഹം, പുത്രലാഭം എന്നിവയുണ്ടാകും. താമസസ്ഥലത്ത് പേരെടുക്കുകയും, ധാരാളം ആരാധകരുണ്ടാകുകയും, ഉയർന്ന തരത്തിലുള്ള വീട്ടിൽ താമസിക്കുകയും, എല്ലാവിധ വിജയങ്ങളും കൈവരിക്കും, നല്ല സ്വഭാവത്തിനുടമയാകുകയും ചെയ്യും, അച്ഛന്റെ സമ്പത്ത് ലഭിക്കും, പലവിധ കഴിവുമുള്ള വിദഗ്ധനുമായിത്തീരും.

ഉയർന്ന മതവിശ്വാസിയും, വേദമന്ത്രങ്ങൾ അറിവുള്ളവനും, ശുഭകരമായ പലവിധ ദൈവീകകർമ്മങ്ങൾ അപ്പഴപ്പോൾ കേൾക്കാനിടവരികയും, സന്യാസശ്രേഷ്ഠന്മാർ സന്ദർശനം നടത്തുകയും, ധാരാളം ആരാധകരുണ്ടാകുകയും ചെയ്യും.

വിവാഹത്തിലൂടെയുള്ള സമ്പത്തിന്റെ ലാഭം ലഭിക്കും, തൊഴിലിലൂടെ ലാഭം, രാഷ്ട്രീയ ജീവിതം, മേലധികാരികളിലൂടെയും അന്യരുടെ വിശ്വാസം നിലനിര്‍ത്തി പോകണം, എങ്കിൽ പേരെടുക്കുകയും, ധനലാഭം ലഭിക്കുകയും ചെയ്യും. നീചത്വമോ, അശുഭ ദൃഷ്ടിയോ വന്നാൽ സമൂഹത്തിനിടയിൽ മോശക്കാരനാകുകയും, മുഖം രക്ഷിക്കേണ്ടി വരികയും, കീഴ്ജീവനക്കാർ മൂലം പ്രശ്നങ്ങളെ നേരിടേണ്ടി വരികയും, അച്ഛനിൽ നിന്നും ഒരനുഭവവും കിട്ടില്ല.

വ്യാഴൻ 11ൽ നിന്നാൽ, സമ്പത്ത്, ഐശ്വര്യം, അമിത ധനലാഭം, പുത്രലാഭം, മനസുഖം, ദശാന്ത്യത്തിൽ ബന്ധുജനവിരോധം, ജോലിയിൽ വിഘ്നങ്ങളും പ്രതീക്ഷിക്കാം.

ഭാര്യയിൽ നിന്നും ലാഭങ്ങൾ പ്രതീക്ഷിക്കാം, മൂത്ത സഹോദരങ്ങളിൽ നിന്നും നല്ല സ്ഥാനലബ്ധി, ധാരാളം സമ്പത്തും ലഭിക്കാം. യാത്രാചിലവുകളും, വീടും, ജോലിയിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. വിവാഹവും സന്താനലാഭവും പ്രതീക്ഷിക്കാം. 30 – 32 വയസിനു ശേഷമാണ് ഗുരു ദശാകാലം വരുന്നതെങ്കിൽ സമ്പത്ത് ധാരാളം ലഭിക്കും. വിദേശയാത്രകൾ ചെയ്യും, അപ്പഴപ്പോൾ ചെയ്യേണ്ടിവരും. നീചത്വമോ ദോഷദൃഷ്ടിയോ ഉണ്ടായാൽ ദാരിദ്ര്യം അനുഭവിക്കേണ്ടി വരും. മറ്റുള്ളവരാൽ നല്ല സ്വഭാവം നശിപ്പിക്കപ്പെടും. ഈ സ്ഥിതി ശ്രമിച്ച് മാറ്റേണ്ടതാണ്. ഇതിനെ തരണം ചെയ്യാനുള്ള ഒരു സാഹചര്യം ജാതകൻ ഉണ്ടാക്കിയെടുക്കേണ്ടതാണ് ഇല്ലെങ്കില്‍ എല്ലാം നഷ്ടപ്പെടുന്നതായിരിക്കും.

വ്യാഴൻ 12 ൽ നിന്നാൽ, സ്ഥാനഭ്രംശം, അന്യദേശവാസം, അലസത എല്ലാത്തിലും, ധനവ്യയം, അപവാദം എന്നിവ ഫലമാകുന്നു. തൊഴിൽ പരമായും ധനപരമായും മോശമായിരിക്കും, രഹസ്യമായ സെക്സ്വൽ ജീവിതം നയിക്കും, ഈശ്വരഭജനവും, ക്ഷേത്രദർശനത്തിലൂടെയും ഈ ദോഷത്തെ നിയന്ത്രിക്കാന്‍ കഴിയും. ജാതകൻ ലൈംഗിക രോഗങ്ങളും, ഹൃദയരോഗം, കുറച്ചുകാലത്തിനുശേഷം ചെവിക്കസുഖവും ഉണ്ടാകാം. മറ്റുള്ളവരോട് ദേഷ്യത്തിൽ സംസാരിക്കുന്ന സ്വഭാവവും, ശത്രുത വിളിച്ചു വരുത്തുകയും ചെയ്യുകയും, സ്വന്തം സഹോദരങ്ങൾ ശത്രുക്കളായിരിക്കുകയും ചെയ്യും. ഉള്ളില്‍ ധർമ്മനിഷ്ടയുള്ളവനും, എന്നാൽ പുറത്ത് മൃഗീയമായ പ്രവൃത്തിയും സംസാരവും ഉള്ളവനുമായിരിക്കും. ഈ ദശയിലെ ശുക്രാപഹാരം നന്നായിരിക്കും, വിവാഹം നടത്തികൊടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.