sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – അശ്വതി : കാണിപ്പയ്യൂർ

varshaphalam-ashwathy
SHARE

അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019 ൽ നിലവിലുള്ള പ്രവർത്തനമണ്ഡലങ്ങളുടെ വിപുലീകരണം,  കൂടുതൽ മുതൽ മുടക്കുള്ള പുതിയ സംരംഭം  എന്നിവയിൽ നിന്ന്  ഫലപ്രാപ്തി  കുറവായിരിക്കും.  വിദഗ്ധമായ നിർദ്ദേശം പ്രകാരം  താത്കാലികമായി  ഈ വിഷയങ്ങളിൽ നിന്നും പിന്മാറേണ്ടതായ സാഹചര്യങ്ങൾ  ഉണ്ടായിത്തീരും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി യാത്ര കുറച്ചുകൊണ്ടുള്ള ഉദ്യോഗത്തിനു വേണ്ടി ശ്രമിക്കുകയോ  പുതിയ ജോലിക്കു  ശ്രമിക്കുകയോ ചെയ്താല്‍  ഫലപ്രാപ്തി നേടുകയില്ല.  പലപ്പോഴും  ഒതുങ്ങിക്കൂടേണ്ടതായ സാഹചര്യം ഉണ്ടാവും. 

സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കുമെങ്കിലും ഔചിത്യമുള്ള  സമീപനശൈലി സ്വീകരിക്കുന്നത്  ഈയൊരു വർഷത്തേക്ക് അനുകൂലമായ ഫലങ്ങൾക്ക് കാരണമാകും . കഫനീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യം അനുഭവപ്പെടാൻ യോഗമുണ്ട്. ജീവിതചര്യയിൽ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പ്രാണായാമം, യോഗ വ്യായാമമുറകളൊക്കെ ദിവസവും ശീലിക്കുവാനും  അത്  ജീവിതത്തിന്റെ ഭാഗമാക്കി തീർക്കുവാനും  സാധ്യതയുണ്ട്. 

വിദ്യാർഥികൾക്ക് ഉദ്യോഗത്തോടനുബന്ധമായി ഉപരി പഠനത്തിനു ചേരുകയോ  പഠനത്തോടനുബന്ധമായി ഉദ്യോഗം ചെയ്യുവാനോ   യോഗമുണ്ട്. വിദേശത്ത് താമസിച്ചു പഠിക്കുക, പിന്നീട് അവിടെ സ്ഥിരതാമസമാക്കുക എന്ന ഉദ്ദേശത്തോടു കൂടി ശ്രമിച്ചാലും   2019 അവസാനത്തോടെയേ  പ്രവേശനം   ലഭിക്കുകയുള്ളൂ. അതായത് വർഷത്തിന്റെ ആദ്യം ഫലം   ലഭിക്കുകയില്ല , 2019 ഒടുവിൽ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ലഭിക്കുകയുള്ളൂ. 

മക്കൾക്ക് വേണ്ടി  പല കാര്യങ്ങൾക്കായി കൂടുതൽ പണം ചെലവാക്കേണ്ടതായ സാഹചര്യം വന്നു ചേരും. സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറുന്നത് നന്നായിരിക്കും. മാതാപിതാക്കളുടെ നിർദ്ദേശപ്രകാരം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ആത്മാർഥമായി സഹകരിക്കുന്നതിനാൽ ചില അപകടങ്ങളേയും അബദ്ധങ്ങളേയും അതിജീവിക്കുന്നതിന് വഴിയൊരുക്കും. മഹത്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകുന്നത് ഒരു പരിധി വരെ ഭാവിയിലേക്ക് ഗുണകരമായിത്തീരും. ഈയൊരു വർഷം നവംബറിനു മുൻപ് പൂർത്തീകരിക്കുന്ന ചില കർമ്മപദ്ധതികളിൽ  പണം മുതൽ മുടക്കില്ലെങ്കിൽ പോലും വിഭാവനം ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം  തന്നെ അശ്രാന്തപരിശ്രമം വേണ്ടിവരും. ഒരുപക്ഷേ അതിന്റെ പരിണതഫലം 2020 ൽ മാത്രമേ ലഭിക്കാൻ   സാധ്യതയുള്ളു. 

ദമ്പതികൾക്ക്  സാഹചര്യങ്ങൾക്കനുസരിച്ച് വീട് വിട്ടുനിന്ന് ജോലി ചെയ്യേണ്ടതായ സാഹചര്യം വന്നു ചേരും  . അല്ലെങ്കിൽ ആർക്കെങ്കിലും ഒരാൾക്ക് ഉദ്യോഗത്തിൽ വിട്ടുവീഴ്കളോ അല്ലെങ്കിൽ ഉപേക്ഷിക്കേണ്ടതായ സാഹചര്യങ്ങളോ ഉണ്ടായിത്തീരുവാൻ യോഗം കാണുന്നുണ്ട്. മാനസികമായിട്ടും തൊഴിൽപരമായ മേഖലകളിലും സമ്മർദ്ദം വർധിക്കുന്നതുവഴി ചിലപ്പോൾ ചിലതെല്ലാം ഉപേക്ഷിക്കണം എന്നുള്ള ചിന്താഗതികൾ വന്നുചേരും . എങ്കിലും  ഈശ്വരപ്രാർഥനകളോടു കൂടിയതായിട്ടുള്ള സമീപനം സ്വീകരിക്കുന്നതും  , കുടുംബാംഗങ്ങൾ നിര്‍ദേശിക്കുന്ന കാര്യങ്ങൾ അവലംബിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതും  ഗുണകരമായ  സാഹചര്യങ്ങൾക്ക് കാരണമാകും.

പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറ്റൊരാളെ ഏൽപ്പിക്കുന്നതും ഈ വർഷം അത്ര ഗുണകരമല്ല .വർഷങ്ങൾക്കുശേഷം ജന്മനാട്ടില്‍ ആരാധനാലയത്തിലെ ഉത്സവാഘോഷത്തിൽ  പങ്കെടുക്കാനവസരം ലഭിക്കുമെങ്കിലും നേതൃത്വസ്ഥാനത്തുനിന്ന് തൽക്കാലത്തേക്ക് പിന്മാറുന്നത് നന്നായിരിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിലോ മത്സരങ്ങളിലോ കക്ഷിരാഷ്ട്രീയ മത്സരങ്ങളിലോ കലാകായിക മത്സരങ്ങളിലൊക്കെത്തന്നെ ഈ വർഷം വിജയപ്രതീക്ഷകൾ സഫലമാകാൻ സാധ്യതകൾ വളരെക്കുറവായതിനാൽ തൽക്കാലത്തേക്ക് ഈ വിഷയങ്ങളിൽ നിന്നും വിട്ടു നിൽക്കുക . 

 അറിവുള്ളകാര്യങ്ങളും   അനുഭവജ്ഞാനമുള്ള വിഷയങ്ങളും  അവലംബിക്കുവാനുള്ള അവസരം ഉണ്ടെങ്കിലും  അതിനുള്ള  ഫലം കു റവായിരിക്കുന്നതിനാൽ മനസ്സിനു അല്പം  ആധി വർധിക്കും. എന്നാൽ വരുന്ന വർഷം ഇതിൽ നിന്നും ഒരു മാറ്റം  വന്നുചേരും എന്ന ആത്മവിശ്വാസത്തോടുകൂടി പുതിയ പല കാര്യങ്ങളും അവലംബിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടായിത്തീരും.

 ഈ വർഷം കുടുംബാംഗങ്ങളിൽ നിന്നും അപ്രീതികരങ്ങളായ വചനങ്ങൾ കേൾക്കാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാവും ഉത്തമം . വസ്തു വാഹന ക്രയങ്ങളിൽ പ്രതീക്ഷിച്ച നേട്ടം കുറയും. വസ്തു വിൽപനയ്ക്കായി അശ്രാന്തപരിശ്രമവും ഈശ്വരപ്രാർഥനകളും നടത്തുമെങ്കിലും നവംബറിനു ശേഷമേ അതിനുള്ള ഒരു പരിണതഫലം ഉണ്ടായിത്തീരുകയുള്ളൂ. കാർഷിക മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം മൂലം നാശനഷ്ടങ്ങൾ സംഭവിക്കുകയും അനുഭവപ്രാപ്തി കുറയുകയും ചെയ്യും.

 പൊതുവേ ഈ വര്‍ഷം അശ്വതി നക്ഷത്രക്കാര്‍ ഈശ്വരപ്രാർഥനകൾ നടത്തി ആത്മസംയമനം പാലിച്ചുകൊണ്ട് ഏതൊരു കാര്യത്തിലും  അത് സാമ്പത്തിക വിഷയത്തിലാണെങ്കിലും ആരോഗ്യകാര്യങ്ങളിലും  കുറച്ചു ശ്രദ്ധയും സൂക്ഷ്മതയും കൂടുതൽ നൽകുന്നത്    ഒരു പരിധി വരെ അനിഷ്ടാവസ്ഥകളൊക്കെ പരിഹരിച്ച് അനുകൂലമായിട്ടുള്ള സാഹചര്യങ്ങള്‍ വന്നുചേരുവാന്‍ അശ്വതി നക്ഷത്രക്കാർക്ക് ഈ 2019ൽ സാധിക്കുന്നതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA