sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – കാർത്തിക : കാണിപ്പയ്യൂർ

karthika-varshaphalam
SHARE

കഴിഞ്ഞ വർഷം പല വിധത്തിലുള്ള അനിഷ്ടങ്ങളും അബദ്ധങ്ങളും തൊഴിൽപരമായിട്ടുള്ള അപചയാവസ്ഥയുമൊക്കെ മാറി ഈയൊരു വർഷം ഏറെക്കുറെ ഒരു പുനർജീവൻ ലഭിക്കുന്ന അവസ്ഥാവിശേഷം വന്നുചേരും. മാത്രമല്ല എല്ലാ കാര്യങ്ങളിലും അനുകൂലമായ സാഹചര്യങ്ങൾ വരുന്നത്  വഴി ആശ്വാസകരമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടാവാൻ  യോഗമുണ്ട്. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച പോലെ ഉപരിപഠനം പൂർത്തിയാക്കി നല്ലൊരു ജോലി കിട്ടാനുള്ള സാഹചര്യം ഉണ്ടാവും . പഠിക്കുന്നവർക്ക് താല്പര്യമുള്ള  വിഷയത്തിൽ ഉദ്ദേശിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്നെ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. പാഠ്യപദ്ധതിയോടനുബന്ധമായോ തൊഴില്‍പരമായ മേഖലകളോടനുബന്ധമായോ വ്യാപാര വ്യവസായ  മേഖലയോടനുബന്ധമായോ സമർപ്പിക്കുന്ന പദ്ധതികളിലെല്ലാം തന്നെ അനുകൂലമായ വിജയം ലഭിക്കും . 

ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പൊതുവേ അനുകൂലമായിട്ടുള്ള വിജയവും അവരുദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ വേണ്ടവിധത്തിൽ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കുന്നതുവഴി അംഗീകാരം  വന്നുചേരുവാൻ യോഗമുണ്ട്. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ സാധിക്കും. നിരവധി കാര്യങ്ങൾ അനുകൂലമായിട്ടുള്ള സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കും. വ്യാപാര വിപണന വിതരണ മേഖലയിൽ നിന്ന് സാമ്പത്തികമായിട്ടുള്ള പുരോഗതി ഉണ്ടാവും . ജീവിത നിലവാരം വർദ്ധിക്കുന്നതുവഴി കഴിഞ്ഞ വർഷം നിർത്തിവച്ച ഗൃഹനിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനോ ഈ വർഷത്തിന്റെ ആദ്യം തന്നെ പണി ചെയ്തു വരുന്ന ഗൃഹം  പ്രാഥമിക സംഖ്യ കൊടുത്ത് വരുന്ന ചിങ്ങമാസത്തോടു കൂടി ഗൃഹപ്രവേശനകര്‍മം നിർവഹിക്കുവാനുള്ള  യോഗവും കാണുന്നുണ്ട്. 

കഴിഞ്ഞ ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പളവർധനവോ ശമ്പളമോ ലഭിക്കുകയും സ്ഥാനക്കയറ്റത്തോടുകൂടി മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി ലഭിക്കുകയും ചെയ്യും. കുടുംബാംഗങ്ങളെ അഥവാ ജീവിതപങ്കാളിയെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണമുള്ള സാഹചര്യങ്ങൾ വന്നുചേരും. പ്രവർത്തനമണ്ഡലങ്ങളിൽ വിഭാവനം ചെയ്യുന്നതിലുപരി പ്രസ്ഥാനം വളരുകയും ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കുന്നതുവഴി അമിതമായ ആത്മവിശ്വാസം വർധിക്കുകയും സന്നദ്ധതയോടുകൂടി പ്രവർത്തിക്കുവാനുള്ള സാഹചര്യങ്ങൾക്കും യോഗമുണ്ട്. കാർഷികമായ മേഖലകളിൽ സംയുക്തസംരംഭങ്ങളെല്ലാം ഒഴിവാക്കി ആധുനിക സംവിധാനം അവലംബിച്ചുകൊണ്ട് വിപുലീകരിക്കുന്ന രീതിയിൽ പ്രവർത്തിക്കുവാനും പണം മുതൽ മുടക്കുവാനും ഉള്ള സാഹചര്യങ്ങൾ ഉണ്ടാവും. നവംബറിനു മുമ്പേ മുതൽ മുടക്കുള്ള പണം തിരിച്ചു ലഭിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാൻ യോഗമുണ്ട്. 

ആഗ്രഹിക്കുന്ന വിദേശയാത്രയ്ക്ക് അനുകൂലമായ അനുമതി ലഭിക്കും അഥവാ വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുവാനുള്ള അനുമതി ലഭിക്കുന്നതു വഴി വളരെ സമാധാന അന്തരീക്ഷം സംജാതമാകും. വിദേശത്ത് താമസിക്കുന്ന പുത്ര പൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കുവാനുള്ള അവസരം മനസമാധാനത്തിന് വഴിയൊരുക്കും. പുണ്യതീര്‍ഥ ഉല്ലാസ യാത്രകൾ മംഗളകരമാക്കി തീർക്കുവാനുള്ള സാഹചര്യം ഉണ്ടായിത്തീരും. വ്യവസ്ഥകൾ പാലിച്ചു കൊണ്ടു ചെയ്യുന്ന പ്രവർത്തനങ്ങളിൽ അഭൂതപൂർവമായ നേട്ടം വന്നുചേരും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങള്‍ വേണ്ടവിധത്തിൽ പരിഗണിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്.

ശ്രമകരമായ പ്രവർത്തനത്തിൽ വിജയം കൈവരിക്കുന്നതുവഴി പുതിയ ബൃഹത് പദ്ധതികൾ ആസൂത്രണം ചെയ്യുവാനും മേലധികാരി തുടങ്ങുന്ന പ്രസ്ഥാനത്തിന്റെ ഒരു വിഭാഗത്തിന്റെ പൂർണ ഉത്തരവാദിത്വവും ചുമതലകളും ഏറ്റെടുക്കുവാനടക്കം ഈയൊരു വർഷം യോഗമുണ്ട്. പലപ്പോഴും നിർണ്ണായകമായിട്ടുള്ള തീരുമാനങ്ങൾക്ക് ഉചിതമായ നിർദേശം സ്വീകരിക്കുകയും അനുഭവജ്ഞാനമുള്ളവരുടെ ഉപദേശങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നത് ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ വഴിയൊരുക്കും. 

ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും പലതും ശരിയാണെന്ന് തോന്നുമെങ്കിലും സത്യാവസ്ഥകൾ മനസ്സിലാക്കാതെ യാതൊരു കാരണവശാലും പ്രതികരിക്കരുത് .വാത നാഡീരോഗപീഡകളെക്കൊണ്ട് അസ്വസ്ഥ്യമനുഭവപ്പെടുവാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ അഥവാ രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന വിധത്തിലുള്ള ചികിത്സാരീതികൾ അവലംബിക്കേണ്ടിയതായി വരും. ഭക്ഷണക്രമീകരണവും പ്രകൃതി ആയുർവേദ ചികിത്സകളും വ്യായാമമുറകളൊക്കെ മേൽപറഞ്ഞ കാര്യങ്ങൾക്ക് ഉപോൽഫലകമായി തീരുവാൻ യോഗം കാണുന്നുണ്ട്. 

ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കുകയും അവരുടെ രക്ഷാകർതൃത്വം ഏറ്റെടുക്കുന്നതും വളരെ മനസമാധാനത്തിന് വഴിയൊരുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആത്മാർഥമായി സഹകരിക്കുന്നതു വഴി മാതാപിതാക്കളിൽ നിന്ന് അനുമോദനങ്ങൾ കേൾക്കുവാനുള്ള യോഗം കാണുന്നുണ്ട്. വളരെ അനുകൂലമായ സമാധാന അന്തരീക്ഷം സംജാതമാകുന്നതു വഴി പൊതുവെ കാർത്തിക നക്ഷത്രക്കാർക്ക് 2019 ൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം വിഭാവനം ചെയ്യുവാനും പ്രവർത്തനക്ഷമത കൈവരുവാനും ഉള്ള സാധ്യതകൾ കാണുന്നുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA