sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – പൂയം : കാണിപ്പയ്യൂർ

pooyam-varshaphalam
SHARE

പൂയം നക്ഷത്രത്തില്‍ ജനിച്ചവർക്ക് കഴിഞ്ഞ വർഷങ്ങളിൽ  വിഭാവനം ചെയ്ത  പദ്ധതികളുടെ  പുരോഗതി 2018 നവംബർ മുതൽ കണ്ടു തുടങ്ങാം. 2019ൽ  പൂർണവളർച്ചയിൽ എത്തുവാനും ലക്ഷ്യപ്രാപ്തി നേടാനും  തന്മൂലം സാമ്പത്തിക പുരോഗതിയാൽ ജീവിതനിലവാരത്തിന് വളർച്ചയും മാറ്റവും ഉണ്ടാവാം.   നല്ല നിലയിൽ കുടുംബജീവിതം നയിക്കുവാനും വിസ്തൃതിയുള്ള ഒരു ഭൂമി വാങ്ങി ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കാനടക്കം ഈ വർഷം യോഗമുണ്ട്. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാവും . പഠിച്ച വിദ്യയോടനുബന്ധമായി ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടാവും. ഉപരിപഠനത്തിന് ആഗ്രഹിച്ച വിഷയത്തിൽ ഉദ്ദേശിച്ച സ്ഥാപനത്തിൽ പ്രവേശനം ലഭിക്കും. മത്സരരംഗങ്ങളിലും കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിലും കലാകായിക മത്സരങ്ങളിലും പരീക്ഷ, ഇന്റർവ്യൂ മുതലായവയിലെല്ലാം  വിജയം വന്നുചേരുവാൻ യോഗമുണ്ട്.

പലപ്പോഴും അസുഖങ്ങളുണ്ടോ എന്ന അനാവശ്യ തോന്നലുകളും ഭക്ഷണ ക്രമീകരണങ്ങളിലെ  ശ്രദ്ധക്കുറവുകൊണ്ടുള്ള അപാകതകളും ഒഴിവാക്കിയാൽ ഒരു പരിധിവരെ ആരോഗ്യകാര്യങ്ങൾ അനുകൂലമായിത്തീരും. എന്നാൽ ഉദരരോഗം, നീർക്കെട്ട് എന്നിവ മുൻപറഞ്ഞ വിധത്തിൽ ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകൾ മൂലം ഉണ്ടാവാം. ഉദരത്തിനോട് ബന്ധപ്പെട്ടതായിട്ടുള്ള പ്രാണായാമമോ, വ്യായാമ മുറകളൊക്കെത്തന്നെ പരമാവധി അനുവര്‍ത്തിക്കുന്നത് ഉദരരോഗപീഡകൾ ഒഴിവാക്കാം .  വയറിനസുഖങ്ങളെ കൊണ്ട് മാനസികമായിട്ടുള്ള സമ്മർദ്ദമോ വിമ്മിഷ്ടമോ ഉണ്ടായിത്തീരാം. ഇതൊഴിവാക്കി കഴിഞ്ഞാല്‍  ഉത്സാഹത്തോടു കൂടിയതായിട്ടുള്ള പ്രവർത്തനം കാഴ്ച വയ്ക്കുവാനുള്ള സന്നദ്ധതയും കഴിവും അനുഭവപ്രാപ്തിയും വന്നുചേരുവാൻ യോഗമുണ്ട്. 

വിജ്ഞാനപ്രദമായ ആശയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ പരിഗണിക്കും. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുവാനുള്ള അനുമതി ലഭിക്കും. കടം കൊടുത്ത സംഖ്യ ലഭിക്കുന്നതു വഴി ആശ്വാസത്തിനു യോഗമുണ്ട്. പൂർവികമായ സ്വത്ത് അടുത്ത തലമുറയിലുള്ളവർക്ക് ഭാഗം വച്ചു നൽകുവാനുള്ള തീരുമാനവും അത് സങ്കീർണമാവുമോ എന്ന  ആശങ്കയൊക്കെ ഒഴിഞ്ഞുമാറി ശുഭപരിസമാപ്തിയിൽ എത്തിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവും . ജീവിതനിലവാരം മുൻപറഞ്ഞ വിധത്തിൽ വർധിക്കുകയും വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുകയും ചെയ്യുന്നതു വഴി മാതാപിതാക്കളെ അവിടേക്കു കൊണ്ടുപോകുവാൻ ഉള്ള സാഹചര്യം വരാം . മറ്റു ചിലർക്ക് മക്കളോടൊപ്പം വിദേശത്ത് മാസങ്ങളോളം താമസിക്കുവാനുള്ള അവസരവും ഉണ്ടാവാം . 

തൊഴിൽ മേഖലകളോട് ബന്ധപ്പെട്ടോ വ്യാപാര വിപണന വിതരണ മേഖലകളോട് ബന്ധപ്പെട്ടോ  സ്ഥാപനം തുടങ്ങുക, വ്യവസായം നവീകരിക്കുക , പുതിയ ഉൽപന്ന നിർമ്മാണം എന്നിങ്ങനെ  നിർണായകമായ  വഴിത്തിരിവിനുള്ള യോഗം കാണുന്നുണ്ട്. വ്യവസ്ഥകൾ പാലിക്കുന്നതു വഴി സൽക്കീർത്തിയ്ക്ക് യോഗം കാണുന്നു. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യം അനുഭവപ്പെടും. സംഭവബഹുലമായിട്ടുള്ള വിഷയങ്ങളെ നിഷ്പ്രയാസം അഭിമുഖീകരിക്കുവാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനും സാധിക്കും. വ്യവസ്ഥകൾ പാലിച്ചു ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. പുതിയ ഭരണസംവിധാനത്തിൽ ആത്മവിശ്വാസം വർധിക്കുവാനും എല്ലാ മേഖലകളിലും ക്രമാനുഗതമായ പുരോഗതി അനുഭവപ്പെട്ടു തുടങ്ങുവാനും യോഗമുണ്ട്. 

കാർഷിക മേഖലയിൽ നിന്നും ആദായം വർധിക്കുന്നതു വഴി വിപുലീകരണത്തിന് തയാറാകുവാനും വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തിക്കൊണ്ട് ബൃഹദ്പദ്ധതികൾക്ക് വിഭാവനം യോഗം കാണുന്നുണ്ട്. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് ചികിത്സയിലായിരുന്നവർക്കൊക്കെ തന്നെ സ്വല്‍പം വിശ്രമത്തോടു കൂടിയും ഈശ്വരപ്രാർഥനകളോടു കൂടിയും സന്താനസൗഭാഗ്യത്തിനും ഈയൊരു വർഷം അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാവും . പൊതുവേ  വളരെ അനുകൂലമായ സാഹചര്യങ്ങളാണ് ഉണ്ടായിത്തീരുക. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങളും മനസമാധാനത്തിന് വഴിയൊരുക്കും. സാമ്പത്തിക വരുമാന മാർഗത്തിന്റെ ചെറിയൊരു വിഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ ധർമ്മ പുണ്യ പ്രവൃത്തികൾക്കോ ചെലവാക്കാൻ തയാറാകുന്നതുവഴി മാതാപിതാക്കളിൽ നിന്നും അനുമോദനങ്ങൾ കേൾക്കുവാൻ ഇടവരും. മക്കളുടെ  ആവശ്യങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചെയ്യുവാനുള്ള അവസരം കൃത്യമായ രീതിയിൽ ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതു വഴി ആശ്വാസവും സമാധാനവും വന്നുചേരുവാൻ യോഗം കാണുന്നുണ്ട്. 

2019 ൽ പൊതുവേ  പൂയം നക്ഷത്രക്കാർക്ക് വളരെ അനുകൂലം തന്നെയാണ്. എന്നാൽ 2020–ാമാണ്ട് വളരെ ശ്രദ്ധിക്കേണ്ടതുമാണ്. ഏതെങ്കിലും വിധത്തിൽ പദ്ധതി സമർപ്പണവും അതുപോലെത്തന്നെ വിദ്യാഭ്യാസ പാഠ്യപദ്ധതിയോടനുബന്ധമായ സമർപ്പണവും മത്സരരംഗങ്ങളൊക്കെത്തന്നെ ഈ വര്‍ഷം സ്വീകരിക്കുന്നത് നന്നായിരിക്കും. 2020ലാണെങ്കിൽ  ഇത് അനുകൂലമല്ല. അതുകൊണ്ട് ഏറ്റെടുക്കുന്ന പദ്ധതികൾ പൂർത്തീകരിക്കാനാവുന്നത്  2020 ലാണെങ്കിൽ അത് തൽക്കാലത്തേക്ക് ഉപേക്ഷിക്കുകയും 2019 ലും 21 ലും പൂർത്തീകരിക്കത്തക്ക വിധത്തിലുള്ള പദ്ധതികളാണെങ്കിൽ ഏറ്റെടുക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നത് ഗുണകരമായിത്തീരുവാൻ പൂയം നക്ഷത്രക്കാർക്ക് ഈയൊരു വർഷം സാധിക്കുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA