sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – പൂരം : കാണിപ്പയ്യൂർ

pooram-varshaphalam
SHARE

പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019 ൽ വ്യാപാര വിപണന വിതരണ മേഖലകളോടു ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നിർത്തിവച്ച ചില കർമപദ്ധതികള്‍ പുനരാരംഭിക്കുവാനും  ക്രമാനുഗതമായ പുരോഗതിക്ക് ഉതകുന്ന വിധത്തിൽ പ്രവർത്തനക്ഷമമാക്കുവാനും സാധിക്കും.  ജീവിതനിലവാരം വർധിക്കുന്നതിനാൽ താമസിക്കുന്ന സ്ഥലത്തുനിന്നും വിസ്തൃതിയുള്ള ഗൃഹത്തിലേക്ക് മാറിത്താമസിക്കേണ്ടതായ സാഹചര്യം ഉണ്ടാവാം.  ചിലർക്ക് മാതാപിതാക്കളുടെ അസുഖാവസ്ഥകൾ കണക്കിലെടുത്ത് അവരെ ഒരുമിച്ചു താമസിപ്പിക്കുവാൻ നിലവിലുള്ള ഗൃഹം വാടകയ്ക്ക് കൊടുത്ത് മറ്റൊരു വിസ്തൃതിയുള്ള ഗൃഹം വാടകയ്ക്കെടുത്ത് താമസിക്കേണ്ടതായ സാഹചര്യം വന്നുചേരാം . വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുവാനുള്ള അനുമതി ലഭിക്കും. മാതാപിതാക്കളെ അവിടേക്ക് കൊണ്ടുപോകുവാനുള്ള സാഹചര്യം ഉണ്ടാകും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായിട്ടുള്ള സഹായം ചെയ്യുന്നതുവഴി ആശ്വാസത്തിന് യോഗം കാണുന്നുണ്ട്. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവ സാന്നിധ്യം വേണ്ടിവരും. വ്യക്തി സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. ബന്ധുമിത്രാദികളെപ്പറ്റി അനാവശ്യമായ സംശയങ്ങളും പലതും ശരിയാണെന്ന തോന്നലുകളൊക്കെ ഉണ്ടാകുമെങ്കിലും സത്യാവസ്ഥകൾ മനസ്സിലാക്കാതെ യാതൊരു കാരണവശാലും പ്രതികരിക്കരുത്. 

ഉദ്ദേശിച്ച വിഷയത്തിൽ നിന്നും വ്യതിചലിച്ച് മറ്റൊരു പാഠ്യപദ്ധതിയ്ക്ക് ചേരേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവാം . മക്കൾക്ക് പല വിധത്തിലുള്ള ഗുണദോഷങ്ങൾ നൽകുവാനായി വേണ്ടപ്പെട്ടവരുടെ നിർദേശം തേടുകയും  അവരെ നേർവഴിക്കു നയിക്കാൻ  സാധിക്കുകയും ചെയ്യും . നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാൻ ഇടയുണ്ട്. സന്താനസൗഭാഗ്യത്തിനായിട്ട് ഈ വർഷം അവധിയെടുത്ത് വിശ്രമവും വിദഗ്ധമായിട്ടുള്ള ചികിത്സകളും വേണ്ടിവരും. ഓഗസ്റ്റ് മാസത്തിനു ശേഷം ഗർഭം ധരിക്കുവാനും 2020 ൽ സന്താനസൗഭാഗ്യത്തിനു അനുകൂലമാകും വിധത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാവാം . 

 മനസ്സില്‍ പല വിധത്തിലുള്ള ആശകൾ ഉണ്ടാകുമെങ്കിലും ചിലതെല്ലാം മറന്നു പോകുന്നതു വഴി അർഹമായ വിധത്തിലുള്ള അംഗീകാരമോ നടപടിക്രമങ്ങളോ അനുകൂലമായിത്തീരുവാനുള്ള സാധ്യതകൾ  കുറവായിരിക്കുവാനുള്ള യോഗം ഉണ്ട്. വ്യക്തി സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സാഹചര്യം ഉണ്ടാവുമെങ്കിലും  വ്യക്തിപരമായിട്ട് നേട്ടം കുറയും. മറ്റുള്ളർക്ക് മാതൃകാപരമായി തീരുവാനും പ്രസ്ഥാനത്തിന് നേട്ടം ഉണ്ടാക്കിക്കൊടുക്കുവാനും യോഗം കാണുന്നുണ്ട്. വാഹനം മാറ്റി വാങ്ങുവാനുള്ള സാധ്യത കാണുന്നു. നിഷ്കർഷയോടു കൂടിയതായിട്ടുള്ള പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. അമിതമായിട്ടുള്ള ആത്മവിശ്വാസം ഒഴിവാക്കേണ്ടതാണ്.  ദന്ത ഉദര രോഗപീഡകളെക്കൊണ്ട് പകർച്ചവ്യാധികളോ സാംക്രമികരോഗങ്ങളോ പിടിപെടുവാനുള്ള യോഗം കാണുന്നുണ്ട്. പ്രതിരോധ ശക്തി ദേഹത്തിന് കുറവുള്ളതുകൊണ്ടു ചില അസുഖങ്ങളൊക്കെ വന്നുചേരുവാനിടയുള്ളതിനാൽ  ഭക്ഷണക്രമീകരണവും പ്രകൃതിദത്തമായ   ഔഷധരീതികളും   ചില ഭക്ഷണങ്ങൾ  ഒഴിവാക്കേണ്ടതായ സാഹചര്യങ്ങലും ഉണ്ടാവാൻ  യോഗം കാണുന്നു. 

നിർണായകമായ തീരുമാനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുന്നതു വഴി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, തൊഴിൽ മേഖലകളില്‍ അഭൂതപൂർവമായ വളർച്ച  എന്നിവ ഉണ്ടാവാം . എന്നാൽ ഇതിൽ  നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുക എന്നത് 2020ൽ ആയിരിക്കും. പൂർവിക സ്വത്ത് ഭാഗം വയ്ക്കുന്നതിൽ  വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നതുവഴി തൃപ്തിയായിട്ടുള്ള ഭൂമി വന്നു ലഭിക്കുവാനും ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുവാനുമുള്ള അവസരം ഉണ്ടാവും . കാർഷിക മേഖലകളിൽ നിന്നും ആദായം വർധിക്കും. വ്യവസ്ഥകൾ പാലിച്ചു ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ഏതൊരു സങ്കീർണമായുള്ള വിഷയങ്ങളേയും അഭിമുഖീകരിക്കുവാനുള്ള കഴിവും പ്രാപ്തിയും ഈയൊരു വർഷം വന്നുചേരുമെങ്കിലും അമിതമായ ആത്മവിശ്വാസമോ അമിത ആവേശമോ ആവുന്നതും ഒഴിവാക്കുന്നത് പൂരം നക്ഷത്രക്കാര് 2019 ൽ നന്നായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA