sections
MORE

രാഹു കേതു മാറ്റം; ഓരോ രാശിക്കാരെയും എങ്ങനെ ബാധിക്കും? സമ്പൂർണഫലം

HIGHLIGHTS
  • 2019 മാർച്ച് 07 മുതൽ 2020 സെപ്റ്റംബർ 23 വരെ
rah-kethu-transit-2019
SHARE

മേടം രാശി


മേടം രാശിയുടെ 3ല്‍ (മിഥുനത്തിൽ) രാഹു നിൽക്കുന്നതിനാൽ ഇവർക്ക് നല്ലതായിരിക്കും. ജാതകൻ ധൈര്യശാലിയും കഴിവും ഉള്ളവനായിത്തീരും. ആദ്യ ഇളയസഹോദരനുമായി നല്ല ബന്ധത്തിലായിരിക്കില്ല. 9ന്റെ 7ൽ രാഹു നിൽക്കുന്നതിനാൽ 9–ാം ഭാവം കൊണ്ടു ചിന്തിക്കുന്ന കാര്യങ്ങൾക്ക് കാര്യതടസ്സം വരും. പിതൃതുല്യരായവർക്കും ഗുരുനാഥനും മുത്തച്ഛനും രോഗാരിഷ്ടമുണ്ടാകും.വിദേശവുമായി വ്യാപാര ബന്ധത്തിലേർപ്പെടും. രാഹുവിന്റെ ദശാപഹാരങ്ങൾ നടക്കുന്നവർക്ക് വിദേശയാത്രകൾ നടത്തുന്നതാണ്. രാഹു മകയിരത്തിൽ സഞ്ചരിക്കുമ്പോൾ ധനനഷ്ടങ്ങൾ വന്നുകൊണ്ടിരിക്കും. പൂർവിക കുടുംബത്തിൽ നഷ്ടങ്ങൾ സംഭവിക്കാം. വിവാഹ ജീവിതത്തിന് ചെറിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതാണ്. നല്ലൊരു മനസ്സിനുടമയായ നിങ്ങൾക്ക് സഹായസ്ഥാനീയരിൽ നിന്നു അനുകൂലമല്ലാത്ത ഫലങ്ങളുണ്ടാകും. പ്രേമബന്ധത്തിലേർപ്പെടാനുള്ള സാധ്യതയും പിതാവിന്റെ സൽപ്രവൃത്തികൾ കൊണ്ടുള്ള ഗുണാനുഭവവും സന്താന ജനനത്തിനാഗ്രഹിക്കുന്നവർക്ക് പ്രത്യുൽപ്പാദനക്ഷമതയും പാരമ്പര്യമായി ലഭിച്ച കഴിവുകളിലൂടെ വിജയവും മാതാവിൽനിന്നും ധനലാഭവും, വാഹനം, വസ്തുവകകളിൽ നിന്നും ധനലാഭവും, കുടുംബസുഖവും, പങ്കാളിക്ക്  ധനലാഭവും ഉണ്ടാകും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ നാശവും സംഭവിക്കും.


ഇടവം രാശി
ഇടവത്തിന്റെ 2ൽ രാഹു നിൽക്കുന്നതിനാൽ അമൃതസ്വരൂപികളായ താങ്കൾക്ക് ഒരു ടേണിംഗ് പോയിന്റിലെത്തുന്ന സമയമാണ്. അവിശ്വാസത്തിലൂടെയും കൗശലത്തിലൂടെയും മോഷണത്താലും ധനസമ്പാദനത്തിനുള്ള പ്രവണത വന്നുചേരും. പൊതുജീവിതത്തിൽ ക്ലേശാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. നവാഗതരുമായി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. ചില ദുരിതാനുഭവങ്ങൾ പ്രതീക്ഷിക്കാം. സ്വന്തം വിശ്വസ്ഥതയെ ചോദ്യം ചെയ്യപ്പെടാം. മനസ്സാവാചാ കർമ്മണാ താങ്കൾ ചെയ്തിട്ടുള്ള ഗുണാനുഭവങ്ങളും ഭവിഷ്യത്തുകളുടെ ഗുണാനുഭവങ്ങൾ അനുഭവിക്കുന്ന കാലമാണ്. താങ്കളുടെയും പങ്കാളിയുടെയും പൂർവികരിൽ നിന്നുള്ള ക്ഷുദ്രാഭിചാരങ്ങൾ മൂലമുള്ള ക്ലേശാനുഭവങ്ങൾ അനുഭവിക്കേണ്ടതായി വരും. ഭാഗ്യനിർഭാഗ്യങ്ങളിൽ നിന്നു മോചനവും പ്രാർഥനാഫലവും ധർമ്മപ്രവൃത്തിയുടെ ഫലവും കുലീനതയും തീർഥാടനവും കാര്യങ്ങളിൽ പുരോഗതിയും നല്ല സ്വഭാവങ്ങളും മാനസിക ശുദ്ധിയും ഫലം. വിവാഹബന്ധം വഴി ലഭിക്കാനുള്ള ധനം ലഭിക്കും. നഷ്ടപ്പെട്ട പൊരുൾ തിരിച്ചു കിട്ടും. ആദ്യസന്താനത്തിന് ഗുണാനുഭവവും പങ്കാളിയുടെ തൊഴിൽ മേഖലയിൽ ഗുണാനുഭവവും വിജയസാധ്യതയും ലോട്ടറിയോ നിധിയോ വായ്പകളോ പെട്ടെന്നുള്ള ധനലാഭയോഗവും കാണുന്നു. വിവാഹജീവിതത്തിൽ വിജയം. സന്താനലാഭത്തിനുള്ള തടസ്സങ്ങൾ മാറുന്നതാണ്. തൊഴിൽരംഗത്ത് പ്രശസ്തിയുണ്ടാകും. തടസ്സങ്ങൾ നീങ്ങും.

മിഥുനം രാശി

മിഥുനത്തില്‍ രാഹു നിൽക്കുന്നതിനാൽ ഈ രാശിക്കാർക്ക് ബുദ്ധിശക്തി നന്നായിരിക്കും. ആരോഗ്യനില ശ്രദ്ധിക്കണം. ധൈര്യശാലികളും മറ്റുള്ളവർ ഇവരെ അനുകരിക്കുകയും ചെയ്യും. രവി രാഹു ബന്ധം വരുന്ന സമയം ചില്ലറ അസുഖങ്ങൾ വരാം. രാഹു കുജ ബന്ധം വരുന്ന സമയം ധനം വർധിക്കും. വിദേശവാസയോഗവും സംഭവിക്കാം. മകയിരം, തിരുവാതിര, പുണർതം ദിവസങ്ങളിൽ പലവിധ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. രാഹുശുക്രബന്ധം വരുന്ന സമയം ചീത്തപ്പേര് കേൾക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ്. രാഹു ശനി ബന്ധത്തിൽ പല തെറ്റായ കാര്യങ്ങളും ചെയ്യാൻ പ്രേരിതനാകും. വിദേശയാത്ര തരപ്പെടും. വാചാ കർമ്മണാ താങ്കൾ ചെയ്തിട്ടുള്ള കർമ്മഫലത്തിന്റെ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വരും.പങ്കാളിയുടെപൂർവിക കുടുംബാംഗങ്ങളിൽ നിന്നു ക്ഷുദ്രചൂർണ്ണാദി പ്രയോഗങ്ങളിൽ നിന്നുള്ള ക്ലേശാനുഭവങ്ങൾ പ്രതീക്ഷിക്കാം. ദുർബുദ്ധികളിൽ നിന്നു മോചനവും സഹായികളെക്കൊണ്ട് ഗുണാനുഭവവും വഴക്കുകളിൽ നിന്നു മോചനവും എഴുത്തുകുത്തുകളിലൂടെ ലാഭവും നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് സഞ്ചാരത്തിലൂടെ ഗുണാനുഭവവും, അയൽക്കാരിൽ നിന്നു ഗുണാനുഭവവും, കുടുംബപരമായ നഷ്ടങ്ങളില്‍നിന്നും മോചനവും മാതാവിന് തൊഴിൽ മേഖലയിൽ ബഹുമാനവും, ആദ്യസന്താനങ്ങൾക്ക് ഭാഗ്യവും, ജീവിതപങ്കാളിക്ക് ക്ലേശാനുഭവങ്ങളും ഉണ്ടാകുന്നതാണ്.

കർക്കടകം രാശി

രവി രാഹു ബന്ധം വരുന്ന സമയത്ത് തടവുശിക്ഷ വരെ അനുഭവിക്കേണ്ടിവരാം അതിനാൽ സൂക്ഷിക്കേണ്ടതാണ്. ധനനഷ്ടത്തിന് സാധ്യത. ആരോഗ്യനില ശ്രദ്ധിക്കണം. ധനം വർധിക്കും. വിദേശവാസയോഗം. മകയിരം, ചിത്തിര, പുണർതം ദിവസങ്ങളിൽ ആരോഗ്യനില ശ്രദ്ധിക്കണം.പണമിടപാടുകളും കൊടുക്കൽ വാങ്ങലും ശ്രദ്ധിക്കണം. ആദ്യസന്താനത്തിന് ബഹുമതികൾ ലഭിക്കും. പൂർവിക കുടുംബത്തിൽ ലാഭാനുഭവങ്ങൾ വന്നുചേരും. തൊഴിലുമായി ധാരാളം യാത്രകൾ ചെയ്യേണ്ടിവരും.  ഭാഗ്യാനുഭവവും പൈതൃകസ്വത്തും ലഭിക്കും. പങ്കാളിക്ക്  രോഗദുരിതങ്ങളും നഷ്ടങ്ങളും വിദേശ വിദ്യാഭ്യാസ തടസ്സവും വിദേശഗമനത്തിന് തടസ്സങ്ങളും വരും. പ്രവർത്തമേഖലയിലെ സഹായികളെ കൊണ്ടുള്ള ശത്രുതാ മനോഭാവം കുറയും. ലാഭത്തിലെ ബിസിനസുകൾ പരാജയത്തിൽ കലാശിക്കും. മാതാവിന് ലഭിക്കേണ്ട ബഹുമാനാദികൾക്ക് തടസ്സവും തൊഴിൽ മേഖലയിൽ പ്രതിസന്ധിയും വന്നുചേരും. ഭവനത്തിൽ മേന്മകളും നന്മകളും കുറവാകുന്നതാണ്. പൂർവപുണ്യകർമ്മത്തിന്റെ ദോഷാനുഭവങ്ങൾ വന്നുഭവിക്കും. പങ്കാളിയിൽ നിന്ന് ക്ലേശാനുഭവം ഉണ്ടാകും.


ചിങ്ങം രാശി
ചിങ്ങം രാശിയിൽ രാഹു നിൽക്കുന്നതിനാൽ ശത്രുമോചനം, രോഗമോചനം, മോഷണമുതൽ തിരിച്ചു കിട്ടൽ, ക്ഷുദ്രാഭിചാരങ്ങളിൽ നിന്നും മോചനം, ഭക്ഷണസുഖകുറവിൽ നിന്നും മോചനം, തെറ്റിദ്ധാരണയിൽ നിന്നും മോചനം ഇവ ഫലം. വിദേശ ഇടപാടിലൂടെ ധനസമ്പാദനം ഉണ്ടാകും, അന്യരെ ചതിക്കുന്ന പ്രവണതയും, രഹസ്യ ഇടപാടിലൂടെ ധനസമ്പാദനത്തിലൂടെയും, ആദ്യസന്താനത്തിന് ധനലാഭം ലഭിക്കുന്നതിലൂടെ ജാതകന് സമ്പത്ത് ലഭിക്കാൻ യോഗം കാണുന്നു. താങ്കളുടെ കഴിവുകൾ പ്രായോഗികമാക്കുന്നതിലൂടെ സമ്പത്ത് ലഭിക്കും. ആദ്യസന്താനത്തിന്റെ കുടുംബത്തിൽ നിന്നിരുന്ന അരക്ഷിതാവസ്ഥയ്ക്ക് മോചനം ലഭിക്കുന്നതാണ്. സഹായികളിൽ നിന്നും ക്ഷുദ്രാഭിചാരങ്ങൾ ഉണ്ടാകുന്നതുമൂലം ക്ലേശാനുഭവം പ്രതീക്ഷിക്കാം. വസ്തുവകകളിൽ നിന്നും ആദായം കുറയുകയും സ്വകുടുംബത്തിന്റെ ഭാഗ്യത്തിന് തടങ്കലും വാക്കുകൾ കൊണ്ടുള്ള ഉപദ്രവങ്ങളും നല്ലതു കാണാനുള്ള കഴിവുകേടും കർമ്മരംഗത്തുനിന്നും ലഭിക്കാവുന്ന ഭാഗ്യക്കുറവും, ബഹുമാനക്കുറവും അന്യായമായ ട്രാൻസ്ഫറുകളും, വകുപ്പു മാറി തൊഴിലുകൾ ചെയ്യേണ്ടിവരികയും, മംഗല്യലാഭവും, സർക്കാരിന്റെ ശിക്ഷണനടപടിക്ക് വിധേയരാകുകയും, ജീവിതപങ്കാളിക്ക് രോഗവും, പങ്കാളിത്വ ബിസിനസ്സിൽ പരാജയവും, ആരോഗ്യനില കുറെയൊക്ക തൃപ്തികരമായിരിക്കും. കര്‍മ്മരംഗത്ത് പിഴവുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മത പുലർത്തണം. മാനസിക തകരാറുകളും വിദ്യാതടസ്സവും ഇണയുടെ മാനസികനിലയിൽ തകരാറും പൊതുപ്രവൃത്തിയിലും ബിസിനസ്സിലും പരാജയവും വരുമാന നഷ്ടവും സംഭവിക്കുന്നതാണ്. 
കന്നി രാശി
കന്നിരാശിയില്‍ നിൽക്കുന്ന രാഹു തൊഴിൽപരമായ എല്ലാവിധ ക്ലേശാനുഭവങ്ങളും ശത്രുക്കളുടെ ക്ഷുദ്രാഭിചാരം വഴി പ്രതീക്ഷിക്കാം. ആരോഗ്യനില തൃപ്തികരമായിരിക്കില്ല. ബഹുമാനം, കീർത്തി എന്നിവയ്ക്ക് കോട്ടവും, സന്തോഷകുറവും, പിതാവിന്റെ ധനസ്ഥിതി മോശമാകുകയും, ശത്രുനാശവും, പങ്കാളിയുടെ പൂർവിക ഗൃഹത്തിൽ ക്ലേശാനുഭവവും, സുഖസൗകര്യകുറവും, ആദ്യസന്താനത്തിനു  അരിഷ്ടതകളും മറ്റും കൊണ്ടുള്ള ദുരിതങ്ങളും മനക്ലേശങ്ങളും, മാതാവിന്റെ പൊതുപ്രവർത്തനത്തിൽ ക്ലേശാനുഭവവും, അച്ഛന്റെ കാര്യങ്ങൾ തടസ്സങ്ങൾ വരുന്നതാണ്. സ്വകുടുംബത്തിന് പൊതുവിൽ ഭാഗ്യപുഷ്ടികുറവും, സംസാരത്തിലൂടെ ക്ലേശാനുഭവവും പറയുന്ന വാക്കുകൾ ശരിയായി ഭവിക്കാതെ വരികയും, ഗൂഢമായ ബിസിനസ്സിൽ പരാജയവും ആശുപത്രിവാസത്തിനായി പണമൊഴുക്കേണ്ടിവരും, കരുതൽ അനാവശ്യമായി ചിലവഴിക്കുകയും, ശേഖരിച്ചു വച്ചിരിക്കുന്ന വസ്തുക്കളുടെ നാശവും, ഇടതുചെവിക്ക് അസുഖങ്ങളും, പ്രധാനപ്പെട്ട രേഖകളുടെ നാശവും, കർമ്മരംഗത്തുനിന്ന് വരുമാനക്കുറവും, മാനസിക തകരാറുകളും. എല്ലാവിധ ക്ലേശത്തെയും നൽകുന്ന കാലഘട്ടമാണ്.  മാതാവിന്റെ ആരോഗ്യനില തൃപ്തികരമായിരിക്കില്ല.

തുലാം
മിഥുനത്തിൽ നിൽക്കുന്ന രാഹു നിരീശ്വരവാദിയും അനാവശ്യ യാത്രകളും, ബുദ്ധിക്കും കഴിവിനും കുറവു വരികയും, വിദേശ ധനലാഭം പ്രതീക്ഷിക്കാം. ധൈര്യക്കുറവും, ശത്രുക്കളുടെ ദോഷങ്ങൾ കൊണ്ടുള്ള ക്ലേശാനുഭവങ്ങളും സഹായികളിൽ നിന്നുള്ള ദോഷാനുഭവങ്ങളും കാലിനസുഖങ്ങളും, വഴക്കുകളും, എഴുത്തുകുത്തുകളിൽ പ്രതിസന്ധികളും, സ്വരഭേദങ്ങളും, മാനസികസംഘർഷങ്ങളും, അയൽവാസികളിൽ നിന്നും സേനാംഗങ്ങളിൽ നിന്നും ക്ലേശാനുഭവങ്ങളും ഉണ്ടാകും. സുഖഭംഗവും, മാതാവിനസുഖവും, ആദ്യസന്താനത്തിന് ലാഭങ്ങളും ഫലം. തീർഥയാത്രകളിൽ അപകടമുണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. കർമരംഗത്ത് ശത്രുക്കളുടെ ഉപദ്രവം കൊണ്ട് ധനനഷ്ടവും, പ്രാർഥനാബലം ലഭിക്കാതിരിക്കുകയും, പതനങ്ങളിൽ ചെന്നു ചാടുകയും, സംഭാഷണങ്ങളിൽ പാളിച്ച സംഭവിക്കുകയും, ആദ്യസന്താനത്തിന് കാലം മോശമാണ്. മന്ത്രസാധനയിൽ വന്നിട്ടുള്ള പിഴവിലെ ദോഷവും, ബുദ്ധിഭ്രമവും, കടം നൽകിയ പണം മടക്കി കിട്ടാത്ത അവസ്ഥയും, പങ്കാളിയുടെ  തൊഴിൽ മേഖലയിൽ ക്ലേശാനുഭവവും, ലോട്ടറിയോ നിധിയോ വായ്പയോ ലഭിക്കും. വിവാഹജീവിതത്തിന്റെ പരാജയവും തൊഴിൽ തടസ്സവും, ഊഹക്കച്ചവടത്തിലും ചൂതുകളിയിലും പരാജയവും, കുടുംബക്ഷേമത്തിന് തകരാറുകളും ഗൂഢവിദ്യാപഠനത്തിൽ തടസ്സവും, വിദേശസഞ്ചാരയോഗവും, കുടുംബത്തിന് സുകൃതക്ഷയവും, സമ്പത്തിന് നാശവും ഫലം.


വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് മിഥുനത്തിലെ രാഹു ധനസ്ഥിതി മോശമാകും, രഹസ്യ ഇടപാടില്‍ ക്ലേശാനുഭവങ്ങൾ കൂടിക്കൊണ്ടിരിക്കും, മംഗല്യസ്ഥാനമായതിനാൽ ദൃഢമായ ദാമ്പത്യബന്ധത്തിൽ ക്ലേശാനുഭവവും, മാനസികാസ്വസ്ഥതയും തോൽവികളും, പരിഹാസത്തിന് പാത്രമാകുകയും, അപവാദത്തിനിടയാകുകയും, കാര്യതടസ്സങ്ങളും, സർക്കാർ തലത്തിൽ നിന്നും ശിക്ഷണനടപടികളും, വിൽപത്രങ്ങൾ കൊണ്ടുള്ള ഗുണാനുഭവങ്ങൾക്ക് കുറവും, അപകടങ്ങളും, അരാജകത്വവും, കംപാനിയനിൽ നിന്നുമുള്ള കിട്ടേണ്ട ധനം കിട്ടാതെ വരികയും, പങ്കാളിയുടെ  കുടുംബമഹിമയിൽ ക്ലേശവും ധനനഷ്ടവും, പങ്കാളിത്ത ബിസിനസ് വഴി നഷ്ടങ്ങളും, ആദ്യസന്താനത്തിന് വിദ്യാഭ്യാസത്തിൽ ക്ലേശാനുഭവവും, ഭൗതിക കാര്യങ്ങളിൽ ലഭിക്കേണ്ട ധനത്തിന് തടസ്സവും, രചനാവൈഭവവും ആദ്യസന്താനത്തിനെ കൊണ്ട് മാതാവിന് ദോഷാനുഭവങ്ങളും മനസ്സമാധാനകുറവും, മാതാവിന് പ്രാർഥനാഗുണകുറവും, ഉപാസനാമൂർത്തികളുടെ ആനുകൂല്യം ലഭിക്കാതെ വരികയും, ജാതകന്റെ വസ്തു വകകളിൽ നഷ്ടവും കുടുംബമഹിമ കുറവും, ധനവരവിന് തടസ്സവും തടങ്കലില്‍ നിന്നുള്ള മോചനത്തിനും സാധ്യത കുറവും, ഊഹക്കച്ചവടത്തില്‍ നഷ്ടവും, ഗൂഢവിദ്യകളിൽ നേട്ടക്കുറവും, പൊതുപ്രശസ്തിക്ക് മങ്ങലും, തൊഴിലിൽ നിന്നുള്ള ലാഭങ്ങൾ കുറയുകയും ചെയ്യും . പിതാവിന് നല്ല കാലമല്ല,


ധനു രാശി
ധനുരാശിക്ക് മിഥുനത്തിൽ നിൽക്കുന്ന രാഹു – വിവാഹജീവിതത്തിൽ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതാണ്. തെറ്റായബന്ധങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. പുനർവിവാഹം ആഗ്രഹിക്കുന്നവർക്ക് അതിനുത്തമ സമയമായിരിക്കും. മറ്റുള്ളവരുമായുള്ള സഹകരണത്തിലൂടെ ക്ലേശാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ഇണയിൽ ക്ലേശാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ധൈര്യക്കുറവും, ദുർബുദ്ധിയും, സഹായികളിൽ നിന്നും ക്ലേശാനുഭവങ്ങളും, അസുഖങ്ങളും, വഴക്കുകളും, അഭിപ്രായഭിന്നതകൾ, മാനസികസംഘർഷങ്ങള്‍, അയൽക്കാരിൽ നിന്നും ക്ലേശാനുഭവങ്ങൾ, സുഖഭംഗങ്ങളാൽ ഉള്ള ക്ലേശങ്ങളിൽ നിന്നും മോചനവും, ആദ്യസന്താനത്തിൽ നിന്നും ധനലാഭവും, പങ്കാളിക്ക്ആയുർബലവും രോഗമുക്തിയും, തീർഥാടനയോഗവും, കർമ്മരംഗത്ത് നേരിട്ടു കൊണ്ടിരുന്ന ശത്രുതകളും അരിഷ്ടതകളും കടങ്ങളിൽ നിന്നും മോചനവും, പ്രാർഥനകള്‍ ഫലവത്താകും, പതനത്തിൽ നിന്നും ഉയർച്ചകൾ ഉണ്ടാകും. രോഗത്തിൽ നിന്നും സുഖപ്പെടൽ പ്രതീക്ഷിക്കാം, വിദേശബന്ധത്തിൽ ഗുണാനുഭവവും, സംഭാഷണത്തിലൂടെ ഗുണാനുഭവവും, ധർമ്മപ്രവൃത്തികൾ കൊണ്ട് ഗുണാനുഭവവും, കുലീനതയും പുരോഗതിയും, നല്ല സ്വഭാവ വിശേഷങ്ങളും, പൊതുവേദികളിൽ ഗുണാനുഭവവും, വിവാഹബന്ധം വഴി ഉള്ള ബന്ധുക്കളിൽ നിന്നുള്ള ശത്രുതാ മനോഭാവത്തിന് അയവു വരുന്നതാണ്. നഷ്ടത്തിന്റെ ഫലമായി ലഭിക്കേണ്ട തുകകൾ ലഭിക്കുന്നതാണ്. പങ്കുകച്ചവടത്തിനായി ഉടമ്പടികൾ ഉണ്ടാക്കുന്നതാണ്. നഷ്ടപ്പെട്ട ദ്രവ്യം തിരിച്ചു കിട്ടും. ആദ്യസന്താനത്തിന്റെ സന്താനത്തിന് കാലം അനുകൂലമാണ്. മാതാവിന്റെ ശത്രുക്കൾക്ക് ശത്രുതാ മനോഭാവം വെടിഞ്ഞ് മാതാവുമായി യോജിച്ചു പോകുന്നതാണ്. അശ്രദ്ധയാൽ ധനനഷ്ടത്തിന് സാധ്യത കാണുന്നു. കുടുംബമഹിമ വർധിക്കും. കുടുംബപിതൃക്കളെയും കുടുംബപരദേവതയെയും പ്രാർഥിക്കുക, യഥാശക്തി വഴിപാടു നടത്തുക.


മകരം രാശി
മകരം രാശിക്കാർക്ക് മിഥുനത്തിലെ രാഹു, ശത്രുദോഷം കുറയും, എല്ലാ കാര്യത്തിലും പതനങ്ങൾ സംഭവിക്കും. ചതിയിലും വഞ്ചനയിലും അകപ്പെടും. നല്ലതാണ് ചെയ്യുന്നതെങ്കിലും താങ്കളെ സംശയാലുക്കളായും തെറ്റിദ്ധാരണപരമായുമേ കാണുകയുള്ളു. വ്യാജരേഖകൾ ചമയ്ക്കാൻ സാമർഥ്യം കൂടും. ശത്രുക്കളുടെ ക്ഷുദ്രപ്രയോഗത്തിന് പാത്രമാകും. വരവും ചിലവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടും. മോഷണം നടക്കാന്‍ സാധ്യത. ഒടിവു ചതവുകൾ വരാം. ഭയപ്പാടും ഭക്ഷണസുഖക്കുറവും, ആദ്യ സന്താനത്തിന്റെ കുടുംബത്തിൽ അസ്വസ്ഥതകളും, അമ്മയുടെ സഹായികളിൽ നിന്നും ക്ലേശാനുഭവവും, ഭവനത്തിലെ സഹായികളിൽ നിന്നും ക്ലേശാനുഭവവും, കുടുംബത്തിന് ഭാഗ്യക്കുറവും, വാക്കിന്റെ കുലീനത കുറവുകൊണ്ട് ക്ലേശാനുഭവവും, നല്ലതു കാണാനുള്ള ശേഷിക്കുറവും, സന്തതികൾ വഴി സ്വകുടുംബത്തിന് പേരും പ്രശസ്തിയും, തടങ്കലിൽ നിന്നും മോചനവും, സ്വന്തം നാടുവിട്ടുള്ള സഞ്ചാരയോഗവും, വിവാഹയോഗവും, കർമ്മരംഗത്തുനിന്ന് ഭാഗ്യവും ബഹുമാനവും, തൊഴിൽപരമായ നല്ല യാത്രകളും വകുപ്പു മാറി തൊഴിൽ ചെയ്യേണ്ടിവരികയും, സ്ഥലം മാറ്റവും പ്രമോഷനും, പിതാവിന്റെ തൊഴിലിൽ ഗുണാനുഭവവും, നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു കിട്ടാൻ യോഗവും, 2 വര്‍ഷമായുള്ള കാര്യതടസ്സം മാറുകയും, സർക്കാർ ശിക്ഷണനടപടികളിൽ നിന്നും ഒഴിവാക്കലും,  പങ്കാളിത്ത ബിസിനസിൽ നാശവും, രഹസ്യ ഇടപാടുകളിൽ പരാജയവും ഫലം.


കുംഭം രാശി
കുംഭം രാശിക്കാർക്ക് മിഥുനത്തിലെ രാഹു ഇണയ്ക്ക് അഞ്ചു വർഷമായുള്ള ക്ലേശാനുഭവങ്ങൾ മാറി നല്ല ഗുണാനുഭവങ്ങൾ നൽകും. മതാചാരനിഷ്ഠയിൽ തടസ്സങ്ങളും ഇഷ്ടക്കുറവും ഉണ്ടാകുന്നതാണ്. ചതിയിലും വഞ്ചനയിലും അകപ്പെട്ട് കഷ്ടനഷ്ടങ്ങൾ സംഭവിക്കുന്നതാണ്. അറിയപ്പെടാത്തിടത്ത് താമസിക്കേണ്ടി വരുന്നതാണ്. പ്രേമബന്ധത്തിൽ വിജയവും, ബിസിനസ് പാർട്ട്ണറുമായി അഭിപ്രായ ഐക്യവും, വിവാഹയോഗവും വിദേശയാത്ര പൊതുപ്രശസ്തിയും, വിവാദങ്ങളും തടഞ്ഞു നിൽക്കുന്ന കാര്യങ്ങളിൽ നിവർത്തിയും, ശത്രുക്കളിൽ നിന്നു മോചനവും, നല്ല ആരോഗ്യവും, തൊഴിൽപരമായി ഗുണാനുഭവവും, പുതിയ തൊഴിൽ ലഭിക്കുകയും, പ്രമോഷനും സ്ഥലം മാറ്റവും, പൊതുരംഗത്ത് പ്രശസ്തിയും, അപ്രതീക്ഷിത ഭാഗ്യപുഷ്ടിയും, ശത്രുവിന്റെ മരണവും, വിദേശയാത്രയും, കുടുംബശത്രുക്കളിൽ നിന്നും മോചനവും കുടുംബത്തിന്റെ ചൈതന്യവും, സംസാരത്തിലെ കുലീനതകൊണ്ട് കാര്യസാധ്യവും ഫലം. കൈവശത്തുള്ള ധനം കടമായി പോകാനും തിരിച്ചു കിട്ടാൻ യോഗമില്ലാത്തതിനാലും കൊടുക്കാതിരിക്കുക. അമ്മൂമ്മയുടെ വസ്തുവകകൾ വിൽക്കാൻ യോഗം വരും. ധനവരവും തൊഴിൽപരമായ യാത്രകളും സഹോദരന്റെ തൊഴിൽമേഖലയിൽ ഗുണാനുഭവവും ഫലം.

മീനം രാശി

മീനം രാശിക്കാർക്ക് മിഥുനം രാശിയിലെ രാഹു, മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാകും. ബന്ധുക്കളും സുഹൃത്തുക്കളുമായൊന്നും നല്ല ബന്ധത്തിലായിരിക്കില്ല. യാത്രകൾ കൂടുതൽ ചെയ്യേണ്ടിവരും. സ്വത്തുവകകൾക്ക് നാശനഷ്ടങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നതാണ്. കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാത്തപക്ഷം തട്ടിപ്പിൽ പെട്ട് വിഷമിക്കേണ്ടതായി വരുന്നതാണ്. സർജറിയോ, മുറിവു ചതവുകളോ അമ്മയ്ക്ക് പ്രതീക്ഷിക്കാം. ധനനഷ്ടങ്ങളും ആരോഗ്യപരമായ പ്രശ്നങ്ങളും ഉണ്ടാകാം. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും. വസിക്കുന്ന ഭവനത്തിൽ ധനനഷ്ടവും, വാഹനത്തിന് ധനനഷ്ടവും, കിണറ്റിൽ ജലലഭ്യത കുറവും, ആദ്യസന്താനത്തിന് ക്ലേശാനുഭവവും, രോഗങ്ങളും, മന്ത്രസാധനയിൽ പിഴവും, ബുദ്ധിഭ്രംശവും, കടം നൽകിയ പണം മടക്കി ലഭിക്കുന്നതിന് കാലതാമസവും, പങ്കാളിയുടെ തൊഴിൽ മേഖലയിലും സാമൂഹികസ്ഥിതിയിലും ക്ലേശാനുഭവം വരും. വിജയസാധ്യത കുറവും, ലോട്ടറി, നിധി, വായ്പ എന്നിവയിൽ നിന്നും പെട്ടെന്നുള്ള ധനലാഭയോഗം പ്രതീക്ഷിക്കാം. വിവാഹജീവിത വിജയവും അതിലൂടെ ലഭിക്കേണ്ട ധനലാഭയോഗവും, പിതാവിന്റെ ആയുസ്സിന് ക്ലേശാനുഭവവും, സന്താനലാഭത്തിന് യോഗവും, തൊഴിലിൽ പ്രശസ്തിയും, ഊഹക്കച്ചവടം, ചൂതുകളി എന്നിവയിൽ ക്ലേശാനുഭവവും, ക്രൂരമനസ്ഥിതിയും, കുടുംബക്ഷേമത്തിന് മങ്ങലും, ധൈര്യക്കുറവും ഉണ്ടാകും. കുടുംബപിതൃക്കളെയും, കുടുംബപരദേവതയെയും കുടുംബത്തിൽ തന്നെ വഴിപാടുകളും മറ്റും നടത്തി പ്രീതിപ്പെടുത്തേണ്ടതാണ്.

ലേഖകൻ 

Aruvikkara Sreekandan Nair KRRA – 24,

 Neyyasseri Puthen Veedu Kothalam Road, 

Kannimel Fort

Trivandrum -695023

Phone Number- 9497009188

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA