ADVERTISEMENT

2019 ഏപ്രിൽ 14 ഞായറാഴ്ച 1194 മീനമാസം 31 പകൽ 2 മണി 9 മിനിറ്റിന് ആയില്യം നക്ഷത്രത്തിൽ വിഷുസംക്രമം.

 

മാർച്ച് 6 ന് തുടങ്ങിയ ചൈത്രവര്‍ഷം, ഏപ്രിൽ 14നു മേടസംക്രമം, ജൂൺ 22നു തുടങ്ങുന്ന തിരുവാതിര ഞാറ്റുവേല എന്നിവ അടിസ്ഥാനപ്പെടുത്തിയും മറ്റു ഘടകങ്ങൾ കണക്കാക്കിയും വിഷുഫലത്തിൽ, മേഘം നീലമേഘമായതിനാലും മണ്ഡലം വരുണ മണ്ഡലമായതിനാലും മറ്റും ഈ വര്‍ഷം വിചിത്രമായ മഴ, വർഷ ഗുണം, അധികമായ മഴ ലഭിക്കുന്നതാണ്. ഏപ്രിൽ 15 മുതൽ 27 വരെ ചെറിയ തോതിൽ മഴയുണ്ടാകും. ഏപ്രിൽ 28 മുതൽ മെയ് 7 വരെ കാർമേഘം വർധിക്കും. മെയ് 8 മുതൽ ജൂൺ 22 വരെ വായുസമ്മർദ്ദത്താൽ ശക്തിയായ കാറ്റ് മഴയുടെ തോതിനെ കുറയ്ക്കുന്നതോടൊപ്പം കൃഷിനാശത്തിനും വഴിയൊരുക്കും. ജൂലൈ 23 മുതൽ ആഗസ്ത് 17 വരെ നല്ല മഴ ലഭിക്കും. ആഗസ്ത് 26 മുതൽ ഒക്ടോബര്‍ 23 വരെ കാർഷികമേഖലകൾക്കനുകൂലമാകും വിധത്തിൽ മഴയുണ്ടാകും. ഒക്ടോബർ 23 മുതല്‍ നവംബർ 4 വരെ തുലാവർഷം പ്രതീക്ഷിക്കാം. ഡിസംബർ 25 മുതൽ ജനുവരി 13 വരെ കാർമേഘമുണ്ടാകുമെങ്കിലും മഴയുണ്ടാവുകയില്ല. ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വേനൽമഴ ലഭിക്കും.

 

കാർഷിക വിളകളിൽ കരിമ്പ്, പരുത്തി, സുഗന്ധദ്രവ്യങ്ങൾ, ധാന്യങ്ങള്‍ തുടങ്ങിയവയിൽ ഗവേഷണവും കൃഷിരീതിയും ലോകശ്രദ്ധയ്ക്കു വഴിയൊരുക്കുവാനും സ്വയംപര്യാപ്തതയ്ക്കും സാധ്യതയുണ്ട്. മുരിങ്ങ, ചീര തുടങ്ങിയ ഇലവർഗ്ഗ കൃഷിമേഖലയ്ക്ക് ക്ഷയാവസ്ഥ വന്നുചേരും. പശുവളർത്തലിന് പ്രചാരവും പ്രാധാന്യവും വർധിക്കുന്നതിനാൽ പാല്, പാലുൽപന്നങ്ങൾ തുടങ്ങിയവയിൽ അനുകൂല സാഹചര്യമുണ്ടാകും. സർവജനങ്ങൾക്കും രോഗപീഡകൾ, ലോകഭയം തുടങ്ങിയവ ആശങ്കയ്ക്കു വഴിയൊരുക്കുമെങ്കിലും ആരോഗ്യ ചികിത്സാ വകുപ്പുകൾ അവലംബിക്കുന്ന പദ്ധതികൾ സമാധാനത്തിനു വഴിയൊരുക്കും.

 

വ്യവസായ ഉൽപാദന വ്യാപാരമേഖലകളിൽ മാന്ദ്യമുള്ള അവസ്ഥയ്ക്ക് ആശ്വാസമുണ്ടായി 2020 ഫെബ്രുവരി മുതൽ ഉണർവ്വ് കണ്ടുതുടങ്ങും.

 

സ്വർണ്ണം, രത്നം തുടങ്ങിയവ വർധിക്കുന്നതു മൂലം വിലക്കുറവു പ്രതീക്ഷിക്കാം. വിദ്യാഭ്യാസ മേഖലയിൽ ധ്രുവീകരണം അവലംബിക്കുന്നതിനാൽ നിലവാരത്തകർച്ചയെ അതിജീവിക്കും.

 

വിദേശബന്ധമുള്ള വ്യവസായ വാണിജ്യ വ്യാപാര വൻ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിടുന്ന സംവിധാനം ഈ മേഖലയിൽ ആശങ്കയ്ക്കു വഴിയൊരുക്കും.

 

ലോകത്തിൽ പലവിധത്തിലുള്ള നഷ്ടകഷ്ടങ്ങള്‍, പാശ്ചാത്യർക്ക് ക്ഷയാവസ്ഥ എന്നിവയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇവിടെ ജനക്ഷേമ ഭരണസംവിധാനം അവലംബിക്കുന്നതുവഴി ഭരണാധികാരികൾക്ക് യശസ്സും അഭിവൃദ്ധിയും ലോകഹിതവും വന്നുചേരും.

 

മെയ്, ജൂണ്‍ മാസങ്ങളിൽ കൊടുങ്കാറ്റും അഗ്നിഭയവും യുദ്ധവും പ്രതീക്ഷിക്കാം. സാമ്പത്തികമേഖലയിൽ ക്രമാനുഗതമായ വളർച്ചയുണ്ടാകും.

 

നക്ഷത്രവശാലുള്ള പൊതുഫലം

പൂയം, ആയില്യം, മകം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പലവിധത്തിലുള്ള ക്ലേശദുഃഖങ്ങൾ, അരിഷ്ടതകള്‍, ധനധാന്യങ്ങൾക്ക് ക്ഷയാവസ്ഥ തുടങ്ങിയവയും പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം എന്നീ നക്ഷത്രക്കാർക്ക് മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാധീനത്താൽ സാധിക്കുക, സൗഖ്യം, സമാധാനം, ആരോഗ്യം, സർവാർത്ഥലാഭം എന്നിവയും ഫലമാകുന്നു.

 

അനിഴം, തൃക്കേട്ട, മൂലം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പണനഷ്ടം, മാനഹാനി, രോഗപീഡകൾ, വാഹനാപകടം, ദാമ്പത്യസുഖക്കുറവ്, കുടുംബകലഹം തുടങ്ങിയവയും, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാർക്ക് പ്രതാപം, ഐശ്വര്യം, വിശേഷസ്ഥാനമാനങ്ങൾ, സൗഭാഗ്യം, സൽകീർത്തി, സമ്പൽസമൃദ്ധി, ദാമ്പത്യഐക്യത തുടങ്ങിയവയും ഫലമാകുന്നു.

 

ഉത്രട്ടാതി, രേവതി, അശ്വതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് അഗ്ന്യായുധഭീതി, അപകടങ്ങൾ, ത്വക്‌രോഗം, പകർച്ചവ്യാധി, മനോവ്യഥ, ശത്രുഭീതി, അലസത, ഉന്മേഷക്കുറവ്, തൊഴിൽതടസ്സങ്ങൾ തുടങ്ങിയവയും ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാർക്ക് രാജബഹുമാനപ്രീതി, സൽകീർത്തി, കുടുംബസൗഖ്യം, പ്രതാപം, കർമ്മ വ്യാപാര വ്യവസായാദി ഗുണാനുഭവങ്ങൾ, സ്ഥാനമാനങ്ങൾ തുടങ്ങിയവയും ഫലമാകുന്നു.

 

കാർത്തിക, തിരുവാതിര, പൂയം, പൂരം, ചിത്തിര, വിശാഖം, മൂലം, തിരുവോണം, ചതയം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. രോഗശമനമുണ്ടാകും. ഭരണി, രോഹിണി, പുണർതം, മകം, ഉത്രം, ചോതി, തൃക്കേട്ട, പൂരാടം, അവിട്ടം, രേവതി എന്നീ നക്ഷത്രക്കാർക്ക് രോഗപീഡകളും ആരോഗ്യക്കുറവും ഫലം.

 

അശ്വതി, മകയിരം, ആയില്യം, അത്തം, അനിഴം, ഉത്രാടം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യവും രോഗാവസ്ഥകളും സമമായിരിക്കും.

 

ഭരണി, തിരുവാതിര, മകം, ചിത്തിര, തൃക്കേട്ട, തിരുവോണം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് സാമ്പത്തികമായി അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. രോഹിണി, പൂയം, ഉത്രം, വിശാഖം, പൂരാടം, ചതയം എന്നീ നക്ഷത്രക്കാർക്ക് സാമ്പത്തികമായി പരാധീനതകളും ക്ഷയാവസ്ഥകളും ഉണ്ടാകുവാനിടയുണ്ട്.

 

അശ്വതി, കാർത്തിക, മകയിരം, പുണർതം, ആയില്യം, പൂരം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് വരവും ചെലവും തുല്യമായിരിക്കും.

 

പദാർത്ഥങ്ങളുടെ വിലനിലവാരം

മേടം, ഇടവം, മിഥുനം, കർക്കടകം, തുലാം, മകരം, മീനം മാസങ്ങളിൽ പദാർത്ഥങ്ങള്‍ക്ക് വിലവർധനവും, ചിങ്ങം, കുംഭം മാസങ്ങളിൽ വിലക്കുറവും, കന്നി, വൃശ്ചികം, ധനു മാസങ്ങളിൽ സമനിലയിലുമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com