sections
MORE

2019 ലെ സമ്പൂർണ വിഷുഫലം : പ്രൊഫ. ദേശികം രഘുനാഥൻ

HIGHLIGHTS
  • 2019 ഏപ്രിൽ 15 , ചിത്തിരമാസം 1–ാം തീയതി മുതലുള്ള ഫലം
Vishu Prediction 2019
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിപ്പെടുന്നതാണ്. ജ്യോതിഷം, കുറി പറയുന്നവർക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. എണ്ണ, വളം മുതലായ കമ്പനികളിൽ വരുമാനം വർധിക്കുന്നതായിരിക്കും. അൽപം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് ശരിചെയ്യും. വിദേശവും ആയി വ്യാപാരം, വിനോദയാത്ര കമ്പനികൾക്ക് വരുമാനം വർധിക്കുന്നതാണ്. കലാവാസനയുണ്ടാകും. ലുബ്ധമായി ചെലവു ചെയ്ത് ധനം ചേർക്കുന്നതാണ്. ശത്രുക്കളെ പരാജയപ്പെടുത്തുന്നതായിരിക്കും. ഭാര്യയുടെ ഹിതാനുസരണം പ്രവര്‍ത്തിക്കുന്നതാണ്. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം ഉണ്ടാകുന്നതാണ്. പല്ലുവേദന, ചെവിവേദന വരാനിടയുണ്ട്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സകലവിധ സൗഭാഗ്യലബ്ധിയുടെ സമയമായി കാണുന്നു. ധനലാഭം, ശയനസുഖം ലഭിക്കുന്നതാണ്. സ്വതന്ത്രചിന്തകരാകും. അടിമയെപ്പോലെ ജോലി ചെയ്യും. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു. പിതാവിന് അസുഖം വരാം. കവിതകൾ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതായിരിക്കും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. വ്യാപാര അഭിവൃദ്ധിയുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. സഹോദരങ്ങൾ പരസ്പരം സഹായ സഹകരണങ്ങൾ കുറയുന്നതായിരിക്കും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സെൻട്രൽ ഗവൺമെന്റ് സംബന്ധമായും ക്ലാർക്ക്, കണക്കർ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഗൃഹം നിർമ്മിക്കാവുന്നതാണ്. പുരോഗമനം പല തരത്തിലും വന്നുചേരും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. സർക്കാരിൽ നിന്നും പൊതുജനങ്ങളാലും ബഹുമതിയും പ്രശസ്തിയും ലഭിക്കുന്നതാണ്. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗമിക്കും. ആത്മാർഥതയുള്ള ഉപദേശകർ വന്നുചേരുന്നതാണ്. പുനർവിവാഹത്തിനായി പരിശ്രമിക്കുന്നവർക്ക് തീർച്ചപ്പെടാം. വസ്തുക്കൾ വാങ്ങാവുന്നതാണ്. ആത്മാർഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. മാതാപിതാക്കളുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധയുണ്ടായിരിക്കും. ശരീരബലവും മനോബലവും ലഭിക്കുന്നതാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. അജീർണ്ണസംബന്ധമായി രോഗം വരാനിടയുണ്ട്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സമ്പൽസമൃദ്ധിയുടെ സമയമായി കാണുന്നു. അതിഥികളെ സൽക്കരിക്കും. വാഹന വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കുന്നതായിരിക്കും. വർക്ക്ഷോപ്പുകളില്‍ ധാരാളം ജോലി ലഭിക്കുന്നതായിരിക്കും. നവദമ്പതികൾക്ക് പുത്രലബ്ധി പ്രതീക്ഷിക്കാം. വാക്ചാതുര്യവും വിദ്യാഭ്യാസ പുരോഗതിയും ഉണ്ടാകുന്നതാണ്. എംബിഎ തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭ്യമാകും. ഏതു മേഖലയിൽ ആയാലും വിജയം കൈവരിക്കുന്നതാണ്. ആഡംബരമായ ജീവിതമായിരിക്കും. ആത്മാർഥതയുള്ള സുഹൃത്തുക്കളാൽ ചില നന്മകൾ ഉണ്ടാകുന്നതാണ്. വസ്ത്രാലയങ്ങൾ, മറ്റു സ്ഥാപനങ്ങളില്‍ തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർധിക്കും. പണപഴക്കം അധികരിക്കുന്നതാണ്. കോപം വർധിക്കും. സൽപ്രവൃത്തികളിൽ ഏർപ്പെടും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തു തീർക്കും. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭിക്കുന്നതാണ്. സന്താനലബ്ധി പ്രതീക്ഷിക്കാം. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. അരി, ധാന്യങ്ങള്‍ കർഷകർ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കും. ആത്മാർഥതയുള്ള ഭൃത്യന്മാരെ ലഭിക്കും. വ്യാപാര തൊഴില്‍ മേഖലകള്‍ പുഷ്ടിപ്പെടുന്നതായിരിക്കും. ഗുരുക്കളെ ദർശിക്കാനുള്ള സന്ദർഭം കാണുന്നു. ജ്യേഷ്ഠസഹോദരനും പിതാവും തമ്മിൽ പിണക്കം വരാം. എല്ലാ മേഖലകളിലും വിജയവും, പ്രശസ്തിയും ഉണ്ടാകും. വ്യാപാരത്താലും മറ്റ് തൊഴിലുകളാലും അഭിവൃദ്ധിയുണ്ടാകും. അന്യരെ സഹായിക്കും. അവരാൽ താങ്കൾക്ക് നന്മയുണ്ടാകും. പാർട്ടി പ്രവർത്തകർക്കും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവർക്കും അനുയോജ്യമായ സമയമായി കാണുന്നു.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ഭാഗ്യാനുഭവങ്ങളും ധനാഭിവൃദ്ധിയുടെയും സമയമാണ്. വ്യാപാരികൾക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കുന്നതാണ്. കമ്പനികളില്‍ സാമർഥ്യവും ധൈര്യവും ഉള്ളവർ ഉപദേശകരായി വന്നുചേരും. തർക്കങ്ങളിൽ വിജയം കൈവരിക്കും. ഗുസ്തി, കബടി ചാമ്പ്യന്മാർക്ക് പ്രശസ്തിയും ധനവരവും ഉണ്ടാകും. പ്രേമസാഫല്യത്തിന്റെ സമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. കഥ, കവിത, പുസ്തകം എഴുതുന്നവർക്ക് അനുകൂല സമയമാണ്. സ്വർണ്ണാഭരണങ്ങൾ, വാഹനം വാങ്ങുന്നതായിരിക്കും. നഴ്സ്, ബിഇ മുതലായവർക്ക് വിദേശത്ത് ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. മനോചഞ്ചലം ഉണ്ടാകും. പാർട്ടിപ്രവർത്തകർക്ക് അലച്ചിൽ വരുന്നതാണ്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

വ്യാപാര അഭിവൃദ്ധിയും പ്രശസ്തിയുടെയും സമയമായി കാണുന്നു. കൂട്ടുവ്യാപാരം ആരംഭിക്കാം. ശരീരത്തിൽ അടിപ്പെടാനുള്ള സമയമാണ്. സഹപ്രവർത്തകരാൽ മാനസിക വിഷമം ഉണ്ടാകും. ഗൃഹം നിർമ്മിക്കാം. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. പുതുതായി ഏജൻസി ആരംഭിക്കുന്നത് നന്നല്ല. കടം, ജാമ്യം നിൽക്കാതെ സൂക്ഷിക്കുക. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ഭൃത്യന്മാരെ ലഭിക്കാൻ വൈഷമ്യം ഉണ്ടാകും. പരുഷമായി സംസാരിക്കുന്നതാണ്. അയൽവാസികളോട് സ്നേഹമായി സഹകരിക്കും. ചില സമയങ്ങളിൽ ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യും. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാവുന്നതാണ്. മോഷ്ടാക്കളാലും ശത്രുക്കളാലും ഭയം ഉണ്ടാകും. വിവാഹതടസ്സം നേരിടാവുന്നതാണ്.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ന്യായാധിപൻ, ആർഡിഒ പോലുള്ള ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കാം. മന്ത്രിസഭാ അംഗങ്ങൾക്ക് പദവി ലഭിക്കാനിടയുണ്ട്. നൃത്തം, സംഗീതം, മറ്റു കലകളാൽ പ്രശസ്തിയാർജ്ജിക്കും. പാചകതൊഴിൽ, ഫാൻസികളിൽ അധികവരുമാനം പ്രതീക്ഷിക്കാം. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതാണ്. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകളാൽ വരുമാനം വർധിക്കുന്നതായിരിക്കും. നവദമ്പതികൾക്ക് പുത്രലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. ഹാസ്യകലാപ്രകടനക്കാർക്ക് പല വേദികൾ ലഭിക്കും. സാമർഥ്യവും ധൈര്യവും ആയി കഠിനമായ ജോലി ചെയ്തു തീർക്കും. ശത്രുക്കൾ പിണക്കം മാറി വന്നുചേരും. അപകീർത്തി വരാനിടയുണ്ട്. മാതാവിനോട് സ്നേഹമായിരിക്കും. സഹോദരസ്നേഹം കുറയുന്നതാണ്. പുരുഷന്മാർക്ക് സ്ത്രീകളാൽ രോഗം വരാതെ ശ്രദ്ധിക്കുക.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭ്യമാകും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. സുഗന്ധദ്രവ്യങ്ങൾ കൃഷി ചെയ്യുന്നവർക്ക് വിളവ് അധികമാകും. മലപ്രദേശങ്ങൾ, താഴ്‌വര വാങ്ങുന്നതിനും, സന്ദർശിക്കുകയും ചെയ്യാം. തടി, റബ്ബർ, സുഗന്ധദ്രവ്യങ്ങൾ വ്യാപാരം പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും. ഗൃഹം നിർമിക്കാം. പാർട്ടിപ്രവർത്തകർക്ക് സഹപ്രവർത്തകരാൽ ചില വൈഷമ്യം നേരിടാവുന്നതാണ്. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. സ്വതന്ത്രചിന്തകരാകും. അടിക്കടി മനോചഞ്ചലം വരാവുന്നതാണ്. പരസ്ത്രീ ബന്ധം വരാതെ ശ്രദ്ധിക്കുക. പിതാവിനോടും വാർദ്ധക്യം ചെന്നവരോടും സ്നേഹവും ബഹുമതിയും ഉണ്ടാകും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാതെ ശ്രദ്ധിക്കുക.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

പല മേഖലകളിലും വരുമാനം വന്നുചേരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. കെട്ടിട കോൺട്രാക്ട്, മറ്റ് തൊഴിലുകള്‍ അഭിവൃദ്ധിയുണ്ടാകും.. വാഹനം മാറ്റി വാങ്ങാം. ധൈര്യവും സാമർഥ്യവും ഉണ്ടാകുന്നതാണ്. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധാരാളം ധനം ചെലവഴിക്കും. വിനോദയാത്രയ്ക്ക് ഇഷ്ടപ്പെടും. മതാഭിമാനം ഉണ്ടാകും. സൽപ്രവൃത്തികളിൽ ഏർപ്പെടുന്നതായിരിക്കും. വ്യാപാരത്തിൽ അറിവ് വർധിക്കുന്നതാണ്. സഹോദരങ്ങളാലും പിതാവിനാലും വൈഷമ്യം ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാവുന്നതാണ്. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കാം. സ്ഥലം മാറി താമസിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു. ഭാര്യയുടെ ഇഷ്ടാനുസരണം പ്രവർത്തിക്കും. നൃത്തം, സംഗീതം, മറ്റു കലകൾ അഭ്യസിക്കാം. ആൺസന്താനങ്ങള്‍ക്ക് ധനചെലവ് വർധിക്കുന്നതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സർക്കാരിൽ ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. മാതാപിതാക്കളെ പ്രശംസിക്കുന്നതായിരിക്കും. സർക്കാരിൽ നിന്നും മതിപ്പും ധനവരവും ലഭ്യമാകും. എല്ലാ പ്രവൃത്തികളും വിജയകരമായി ചെയ്തു തീർക്കും. ആഡംബരമായ ജീവിതമായിരിക്കും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കും. കോൺട്രാക്ട്, മറ്റ് തൊഴിലുകള്‍ അഭിവൃദ്ധിപ്പെടും. വാക്ചാതുര്യം ലഭിക്കുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. അനുയോജ്യമല്ലാത്ത സുഹൃത്തുക്കളുടെ ഉപദേശം ലഭ്യമാകും. റിയൽഎസ്റ്റേറ്റുകാർക്ക് അധിക വ്യാപാരത്താൽ ധനാഭിവൃദ്ധിയുണ്ടാകും. ഗൃഹം നിർമ്മിക്കാവുന്നതാണ്. കലകളിൽ മഹിമയും പ്രശസ്തിയും ലഭ്യമാകും. ഇലക്ട്രിക് ഇലക്ട്രോണിക്സ് വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടം ലഭ്യമാകുന്നതാണ്. വയറിങ്, പ്ലംബിങ് മുതലായ തൊഴിൽ വൃദ്ധിയുണ്ടാകും. ഇരുമ്പ് ഉരുക്ക് തൊഴില്‍ശാലകൾ, ആല, ഉല എന്നിവയിൽ വരുമാനം വർധിക്കും. ധനസുഭക്ഷിത്വം അനുഭവപ്പെടും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ക്ലാർക്ക്, കണക്കർ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പല രാജ്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കും. ചരിത്രം, ഗണിതം എന്നിവയിൽ നല്ല മാർക്ക് ലഭ്യമാകുന്നതാണ്. കലകളിൽ അറിവ് വർധിക്കും. ആത്മാർഥതയുള്ള നല്ല സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നന്മകള്‍ ഉണ്ടാകും. എന്തും സഹിക്കാനുള്ള കഴിവ് ഉണ്ടാകുന്നതാണ്. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. മന്ത്രിസഭാ അംഗങ്ങൾക്ക് പദവിയും പാർട്ടിപ്രവർത്തകർക്ക് പ്രശസ്തിയും ജനസ്വാധീനതയും ലഭ്യമാകുന്നതാണ്. ബ്രാഹ്മണരെയും സന്യാസിമാരെയും ബഹുമാനിക്കും. സഹായിക്കുന്നതുമാണ്. സന്താനഭാഗ്യലബ്ധിയുണ്ടാകും. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭിക്കുന്നതാണ്. വിദേശമലയാളികൾക്ക് എല്ലാവിധ സൗകര്യങ്ങളും നന്മകളും ലഭിക്കുന്നതായിരിക്കും. അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Phone - 04722813401

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA