sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം ; കാണിപ്പയ്യൂർ

HIGHLIGHTS
  • അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ?
  • 2019 ഓഗസ്റ്റ് 01 മുതൽ 15 വരെയുള്ള ഫലം
bi-weekly-prediction-aug-01
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തികരംഗത്ത് ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങും. സഹോദര–സുഹൃദ് സഹായമുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാക്കിയതിനാൽ ആനന്ദവും കൃതാർഥതയും ഉണ്ടാകും. മേലധികാരിയുടെ സ്വകാര്യകാര്യങ്ങളിൽ അഭിപ്രായം പറയാൻ നിർബന്ധിതനാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ഔദ്യോഗികമായി വിദേശയാത്ര പുറപ്പെടും. പൊതുജനാംഗീകാരം വർധിക്കും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. വ്യവസായത്തിൽ അഭിവൃദ്ധി ഉണ്ടാകും.

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

പുത്രന് ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗം ലഭിച്ചതിനാൽ അഭിമാനവും ആശ്വാസവും തോന്നും. ദീർഘകാലനിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങും. നിലവിലുള്ള ഉദ്യോഗത്തിനുപുറമെ ലാഭശതമാന വ്യവസ്ഥയോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. അനുചിതപ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തിൽ നിന്നു പിന്മാറാൻ തോന്നും. ഉദര–നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. ദുഷ്ചിന്തകൾ ഉപേക്ഷിക്കും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. താരതമ്യേന കുറ‍ഞ്ഞ വിലയ്ക്കു ഭൂമി വാങ്ങാനിടവരും. ഇടപാടുകളിൽ വളരെ ശ്രദ്ധ വേണം.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45നാഴിക)

വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തിയും ദുഷ്പ്രചരണങ്ങളും നിഷ്ഫലമാകും. പുനഃപരീക്ഷയിൽ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപിച്ചാൽ അബദ്ധമാകും. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്ന് വിപരീത പ്രതികരണങ്ങൾ വന്നുചേരും. സഹോദരന്റെ നിർബന്ധത്താൽ പൂർവിക സ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. ഉദ്യോഗമന്വേഷിച്ച് അന്യദേശയാത്ര പുറപ്പെടും. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ഹ്രസ്വകാല പാഠ്യപദ്ധതിയിൽ ചേരും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. മുതിർന്നവരുടെ വാക്കുകൾ മാർഗദർശകമാകും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ സാധിക്കും. പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ അവതരിപ്പിക്കുന്നതു സർവർക്കും സ്വീകാര്യമാകും. ചെലവു ചുരുക്കലിന്റെ ഭാഗമായി ആർഭാടങ്ങളും ആഘോഷങ്ങളും ഉപേക്ഷിക്കും. പദ്ധതികൾ പ്രാവർത്തികമാക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. പ്രവൃത്തി മേഖലയിൽ മാറ്റത്തിനു തയാറാകും. ആത്മവിശ്വാസം വർധിക്കുന്നതിനാൽ പുനഃപരീക്ഷയ്ക്കു തയാറാകും. വിനയത്തോടെയുള്ള സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. മേലധികാരിയുടെ സ്വകാര്യ കാര്യങ്ങളിൽ അഭിപ്രായം പറയാൻ നിർബന്ധിതനാകും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

കടം വാങ്ങിയ സംഖ്യ ഏറക്കുറെ തിരിച്ചുകൊടുക്കാൻ സാധിക്കും. അനാഥർക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്കു തയാറാകും. നഷ്ടപ്പെട്ടു എന്നു കരുതിയ ആഭരണം തിരിച്ചു ലഭിക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. കൈത്തൊഴിൽ വിപുലമാക്കാൻ സർക്കാർ സഹായം ലഭിക്കും. ആത്മീയ ചിന്തകളാൽ മനസ്സമാധാനമുണ്ടാകും. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കും. അസുഖങ്ങൾക്ക് ആയുർവേദ ചികിത്സ ആരംഭിക്കും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

കുടുംബസമേതം പുണ്യതീർഥ ഉല്ലാസയാത്ര പുറപ്പെടും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അപേക്ഷിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിൽപനോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങും. കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറി സ്വന്തമായ പ്രവർത്തന മണ്ഡലങ്ങൾക്കു തുടക്കം കുറിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങിവയ്ക്കും. ഊഹക്കച്ചവടത്തിൽ നിന്നു ലാഭമുണ്ടാകും. സന്താനങ്ങളുടെ ഉന്നതിക്കായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്താനിടവരും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ വ്യക്തമായ വിശദീകരണം നൽകാനിടവരും. പരീക്ഷണനീരീക്ഷണങ്ങളിൽ വിജയിക്കും. മാതാപിതാക്കൾ നിശ്ചയിക്കുന്ന വിവാഹത്തിന് തയാറാകും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

കർമരംഗത്ത് അധ്വാനവും യാത്രാക്ലേശവും വർധിക്കും. സാംക്രമിക രോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. വാഹനം മാറ്റി വാങ്ങാൻ ഇടവരും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. ഉപരിപഠനത്തിനനുസൃതവും മനസ്സിന് തൃപ്തികരവുമായ ഉദ്യോഗം ലഭിക്കും. ഈശ്വരപ്രാർഥനകളാൽ അകാരണ ഭയം ഒഴിവാകും. ബന്ധുസഹായമുണ്ടാകും. സമ്മാനപദ്ധതികളിൽ വിജയിക്കും. ജീവിതഗതി മാറ്റിമറിക്കുന്ന സാഹചര്യങ്ങളെ സമന്വയസമീപനത്താൽ അതിജീവിക്കും. നൂതന കൃഷിസമ്പ്രദായം ആവിഷ്കരിക്കാൻ നിർദേശം തേടും. വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

പദ്ധതി പൂർത്തീകരണത്തിനായി അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. നിലവിലുള്ള ഉദ്യോഗത്തിൽ ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും വർധിപ്പിക്കാമെന്ന മേലുദ്യോഗസ്ഥന്റെ ഉറപ്പിൽ പുതിയ അവസരം ഉപേക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും. മാതാപിതാക്കളെ വിദഗ്ധ വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. ചെലവിനങ്ങളിലുള്ള നിയന്ത്രണത്താൽ ലാഭാനുഭവങ്ങൾ വർധിക്കും. പ്രലോഭനങ്ങൾ പലതും വന്നുചേരും. യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണക്രമീകരണങ്ങളിൽ ഉള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

അവധി ലഭിച്ചതിനാൽ ജന്മനാട്ടിലേക്കു പുറപ്പെടും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ആയുർവേദ ചികിത്സ തുടങ്ങും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട ദൂരയാത്ര പലപ്പോഴും നിഷ്ഫലമാകും. വൈദ്യുതോപകരണങ്ങളിൽ നിന്ന് അഗ്നിഭീതിക്ക് സാധ്യതയുണ്ട്. സമീപവാസികളിൽ നിന്നു വിപരീത പ്രതികരണം വന്നുചേരും. അസുഖാവസ്ഥ തരണം ചെയ്ത് പ്രവർത്തന മേഖലയിൽ സജീവമാകും. സമയോചിതമായ ഇടപെടലുകളാൽ ബന്ധുക്കൾക്കിടയിലുള്ള ദുഃസംശയം നീങ്ങും. അവസരവാദം അബദ്ധങ്ങൾക്കു വഴിയൊരുക്കും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. വരവും ചെലവും തുല്യമാകും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

പ്രവർത്തശൈലിയിൽ കാലോചിതമായ മാറ്റം വരുത്താൻ തയാറാകും. പുത്രിയുടെ ഉപരിപഠനത്തിന്റെ കാര്യങ്ങളിൽ ആശങ്ക വർധിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സംസർഗഗുണത്താൽ സദ്ചിന്ത വർധിക്കും. സ്വപ്നത്തിൽ കാണാനിടയായ കാര്യങ്ങൾ സഫലമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഭൂമി ക്രയവിക്രയങ്ങളിൽ ലാഭമുണ്ടാകും. സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. ആശ്രയിച്ചു വരുന്ന ബന്ധുവിന് സാമ്പത്തികസഹായം ചെയ്യാനിടവരും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ ചെയ്യുന്നതെല്ലാം വിജയം കൈവരിക്കും. പിണങ്ങി നിൽക്കുന്ന ദമ്പതികൾ ഇണങ്ങി ജീവിക്കാൻ തയാറാകും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45 നാഴിക)

സഹോദര സുഹൃദ് സഹായത്താൽ പുതിയ ഉദ്യോഗത്തിന് അവസരമുണ്ടാകും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ ക്രമീകരണം വേണ്ടിവരും. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. സന്താനഭാഗ്യം ഉണ്ടാകും. സേവന മനഃസ്ഥിതി നല്ലതാണെങ്കിലും അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തി ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവങ്ങളെ അതിജീവിക്കാൻ സാധിക്കും. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നുചേരും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. അപരിചിതമായ മേഖലകളിൽ പണം മുടക്കുന്നതിൽ നിന്നു പിന്മാറും.

മീനക്കൂറ്

(പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

ഏറ്റെടുത്ത ചുമതലകൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ കഴിയും. തൊഴിൽ മേഖലയോട് ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. പുരോഗതിയില്ലാത്തതിനാൽ ഗൃഹം വിൽക്കാൻ തീരുമാനിക്കും. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും. കാര്യക്ഷമതയും നിഷ്കർഷയും വർധിച്ചതിനാൽ ഔദ്യോഗികമായി പുതിയ അവസരങ്ങൾ വന്നുചേരും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. സഹപ്രവർത്തകർക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരും. വിദഗ്ധോപദേശം തേടാതെ ഒരു മേഖലയിലും പണം മുടക്കരുത്. മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതിൽ കൃതാർഥനാകും. ത്വ‌ക്‌രോഗങ്ങൾ വർധിക്കാൻ ഇടയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA