sections
MORE

1195 സമ്പൂർണ വർഷഫലം : മകയിരം

HIGHLIGHTS
  • മകയിരം നാളുകാർക്ക് ചിങ്ങം മുതൽ ഒരു വർഷത്തേക്കുള്ള ഫലം
Makayiram-1195-Yearly-Prediction
SHARE

പഠിച്ചിരുന്ന വിഷയം ഉപേക്ഷിച്ച് വ്യത്യസ്തമായ പാഠ്യപദ്ധതിക്ക് ചേരും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പല പ്രകാരത്തിലും മാർഗ്ഗതടസ്സങ്ങൾ നേരിടും. അറിവുണ്ടെങ്കിലും അവതരിപ്പിക്കുവാൻ മറവിയുണ്ടാകും. വിദ്യാർഥികൾക്ക് സാരസ്വതഘൃതം നിത്യവും കാലത്ത് കുളിച്ച് സേവിക്കുന്നത് ഓർമ്മശക്തിയ്ക്കും നേർബുദ്ധിക്കും ഉപകരിക്കും. വ്യക്തമായ ദിശാബോധമില്ലാത്ത വാഗ്ദാനങ്ങൾ അരുത്. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയും നിയന്ത്രണവും വേണം. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും കുറവാണെങ്കിലും നിലവിലുള്ള ജോലി ഉപേക്ഷിക്കരുത്. വസ്തു വാഹന ക്രയവിക്രയങ്ങളിൽ നേട്ടം കുറയും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടുന്നതിനാൽ ലാഭക്കുറവുള്ള വിഭാഗം ഒഴിവാക്കും. നീർദോഷ രോഗങ്ങൾക്ക് ചികിത്സയോടൊപ്പം പ്രാണായാമവും വ്യായാമവും ശീലിക്കും.

നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി ഉദ്യോഗത്തിൽ തുടരുവാൻ നിർബന്ധിതയാകും. ഗർഭമലസുവാനിടയുള്ളതിനാൽ ദൂരയാത്രകൾ ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ആശ്വാസമുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ധനാഢ്യനെന്നു തോന്നിക്കുന്ന വിധത്തിൽ ജീവിക്കുവാന്‍ കഴിയുന്നതിൽ ആത്മാഭിമാനം തോന്നും. പരിസരവാസികളുടെ ഉപദ്രവത്താൽ മാറി താമസിക്കും. അർധമനസ്സോടുകൂടി ഏറ്റെടുക്കുന്ന കരാറുജോലികളിൽ ഏറെക്കുറെ വിജയമുണ്ടാകും. സാമ്പത്തിക ചുമതലകള്‍ ഒഴിവാക്കി സംഘടനാചുമതലകൾ ഏറ്റെടുക്കും. സർവ മാർഗതടസ്സങ്ങളെയും അതിജീവിക്കും. ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപിക്കരുത്. ഔദ്യോഗിക മേഖലകളിൽ അധികാര പരിധി വര്‍ധിക്കും.

ദുസ്സൂചനകൾ ലഭിച്ചതിനാൽ ഊഹക്കച്ചവടത്തിൽ നിന്നും പിന്മാറും. കാർഷിക വിളകള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം. മേലധികാരിയുടെ ആജ്ഞകൾ സർവാത്മനാ സ്വീകരിക്കുമെങ്കിലും പ്രാവർത്തികമാക്കുവാൻ വിഷമമാണ്. സ്നേഹബന്ധങ്ങൾക്ക് അകൽച്ച സംഭവിക്കും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കപ്പെടും. അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. സഹപാഠികളോടൊപ്പം ഉല്ലാസയാത്രക്ക് അവസരമുണ്ടാകുമെങ്കിലും അമിതാഹ്ലാദം ഒഴിവാക്കണം. പുതിയ തലമുറയിലുള്ളവർക്ക് സദ്നിർദ്ദേശങ്ങൾ നൽകുന്നതിൽ ആത്മസാക്ഷാത്ക്കാരമുണ്ടാകും.

ഏറ്റെടുത്ത ദൗത്യം നിർവഹിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. പ്രവർത്തനരഹിതമായ വ്യാപാരം വിൽക്കുവാൻ തീരുമാനിക്കും. ദമ്പതികൾക്ക് വിട്ടുവീഴ്ചാമനോഭാവവും അന്യോന്യം പരിഗണിക്കുവാനുള്ള മനഃസ്ഥിതിയും ക്ഷമയും ആർജ്ജിക്കണം. നിശ്ചയിച്ച കാര്യങ്ങൾ വ്യതിചലനം സംഭവിക്കുന്നതിനാൽ അധികചെലവ് അനുഭവപ്പെടും. പൊതുപ്രവർത്തനങ്ങളിൽ നിന്നും ദുഷ്കീർത്തി വന്നുചേരും. അശ്രദ്ധ കൊണ്ട് ആഭരണം നഷ്ടപ്പെടുവാനിടയുണ്ട്. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നുചേരുവാനിടയുണ്ട്.

ഉന്നതരുടെ ശുപാർശയിൽ ഉദ്യോഗം നഷ്ടപ്പെടാതിരിക്കും. സുദീർഘമായ ചർച്ചയാൽ അബദ്ധധാരണകൾ ഒഴിഞ്ഞുപോകും. മുതൽമുടക്കിനനുസരിച്ച് പ്രതിഫലം ലഭിക്കാത്തതിനാൽ പുതിയ വ്യാപാരം ഉപേക്ഷിക്കും. പുനഃപരീക്ഷയില്‍ വിജയം ഉണ്ടാകുന്നതുവഴി അർഹമായ സ്ഥാനക്കയറ്റം ലഭിക്കും. പൂർവികർ അനുവർത്തിച്ചു വരുന്ന ആചാരങ്ങള്‍ പാലിക്കുന്നതിൽ ആത്മാഭിമാനം തോന്നും. ക്ഷമയും വിനയവും സഹനശക്തിയും വിപരീതസാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള വഴിയൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA