ADVERTISEMENT

സർവൈശ്വര്യ കാരകനായ ഗുരു (വ്യാഴം) വും സർവദുരിത–ദുഃഖകാരകനായ ശനിയും  ഈ ആണ്ടിൽ (കൊല്ലവർഷം 1195) രാശി മാറുന്നു.  സപ്‌തഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഒരു രാശിയിൽ നിൽക്കുന്ന ഗ്രഹം ശനിയാണ് –  രണ്ടു വർഷം അഞ്ചുമാസം, അതു കഴിഞ്ഞാലുള്ളത് ഗുരുവും – മുന്നൂറ്റി അറുപത്തി ഒന്നു ദിവസം – ഈ ഗ്രഹങ്ങളുടെ ചാരവശാൽ (ജന്മചന്ദ്രാൽ) ഉള്ള മാറ്റത്തിന്  ഏറെ പ്രാധാന്യം ഉണ്ട്.

 

ശനി ഒരാളുടെ ജാതകത്തിലെ ജന്മചന്ദ്രാൽ 3, 6, 11 ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ നല്ല ഫലങ്ങൾ നൽകും.  അതുപോലെ ചന്ദ്രാൽ 12, 1, 2 ഈ ഭാവങ്ങളിൽ സഞ്ചരിക്കുന്നതിനെ ഏഴരശനി എന്നു പറയും.  ചന്ദ്രാൽ കേന്ദ്രങ്ങളിൽ (4, 7, 10) സഞ്ചരിക്കുമ്പോൾ കണ്ടകശനി എന്നു പറയും.  ഈ കാലങ്ങളിൽ ദോഷാനുഭവങ്ങൾ നൽകുന്നു എന്നു കണക്കാക്കപ്പെടുന്നു.

 

  • 1195 മകരം 10 ന് (2020 ജനുവരി 24) ശനി ധനുവിൽ നിന്നു മകരത്തിലേക്കു പ്രവേശിക്കും അപ്പോൾ മീനം, മിഥുനം, കന്നി ഈ കൂറുകാരുടെ കണ്ടകശനി അവസാനിക്കുന്നു.  

 

  • വൃശ്ചികക്കൂറുകാർ ഏഴരശനിയിൽ നിന്നു മോചിതരാകും.  

 

  • ധനു, മകരം, കുംഭം കൂറുകാർക്ക് ഏഴരശനി നിലനിൽക്കും.  

 

  • മീനം, ചിങ്ങം, വൃശ്ചികം കൂറുകാർക്ക് ശനി അനുകൂലനാകും. ഇത് പൊതുവേയുള്ള അവസ്ഥയാണ്. 

 

 


ചാരവശാലുള്ള ഫലം 

 

ഗ്രഹമാറ്റം കൊണ്ടു മാത്രം ഗുണഫലങ്ങളും ദോഷഫലങ്ങളും ചിന്തിക്കുന്നതിൽ കാര്യമില്ല എന്നാണ് ആചാര്യമതം.  ചാരവശാൽ ചിന്തിക്കുന്ന ഗ്രഹത്തിന്റെ ബലം, മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി-യോഗാദികൾ, വേധം എന്നിവയെല്ലാം ഫലത്തെ വളരെ വ്യക്തമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.  ഒരാളുടെ ജാതകാലുള്ളചിന്ത, നീചഗ്രഹത്തിന്റെ സ്ഥിതി, ഗോചരസമയത്ത് ജാതകസമയത്തുള്ള സ്ഥിതിയുമായുള്ള ബന്ധം,   പ്രധാനമായും ജന്മ ലഗ്നാൽ ഗോചരത്തിലുള്ള ഭാവസ്ഥിതി എന്നിവയെല്ലാം പരിഗണിക്കപ്പെടേണ്ടതാണ്.  വ്യക്തിയുടെ ഗോചരഫലം ചിന്തിക്കുമ്പോൾ ചാരവശാൽ ഒരു രാശിയിൽ നിൽക്കുന്ന ഗ്രഹത്തിന് ആ രാശിയിൽ എത്ര അക്ഷം (ബിന്ദുക്കൾ) ജാതകാൽ ഉണ്ട് എന്നുള്ളതും ഫലപ്രവചനത്തിന് അവിഭാജ്യ ഘടകമാണ്.  ഒരേ കൂറിൽ പെട്ടവർക്കു പോലും അനുഭവം വ്യത്യസ്തമാകാം എന്നതാണ് ഇതിനർഥം. ശാസ്‌ത്രപടുക്കളായ ജ്യോതിഷികൾക്കേ ഇക്കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിയൂ.  

 

ശനിയുടെ മാറ്റം ഗുണം ചെയ്യുമോ, ഗുരുവിന്റെ മാറ്റം ദോഷകരമാണോ എന്നൊക്കെയുള്ള ആകാംക്ഷയിലാണു പലരും. എന്നാൽ,  പൊതുവായി പറഞ്ഞാൽ ശനിയുടെ മാറ്റം ആർക്കും വളരെ വലുതായി ദോഷം ചെയ്യില്ല.  കരണം ശനി സ്വക്ഷേത്രത്തിലേക്കാണ് മാറുന്നത്.

വ്യാഴത്തിന്റെ കാര്യം ചിന്തിച്ചാൽ, വ്യാഴം ചാരവശാൽ 2, 5, 7, 9, 11 എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ഗുണഫലവും 1, 3, 6. 8. 10, 12 ഈ ഭാവങ്ങളിൽസഞ്ചരിക്കുമ്പോൾ ദോഷഫലവും  നൽകുന്നു എന്നതാണ് പൊതു തത്വം.  എന്നാൽ ഈ വർഷം വ്യാഴം അതിചാരി ആയതിനാൽ (ശീഘ്രഗതി) ഗുണഫലദാതാവായിരിക്കില്ല.  അതിചാരി ആയ ഗ്രഹം ഗുണഫലം നൽകില്ല എന്ന് ചില ആചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

1195 എന്ന ഈ കൊല്ലവർഷത്തിൽ ചില അസാധാരണ സംഭവവികാസങ്ങൾ ഉണ്ടാകാൻ പോകുന്നു എന്നും ഗ്രഹസ്ഥിതിയിൽ സൂചനയുണ്ട്. കന്നി 9–ന്, അതായത് 2019 സെപ്‌റ്റംബർ 25–ന് കുജൻ (ചൊവ്വ) കന്നിരാശിയിലെത്തും. അതു തുലാം 24 (നവംബർ 10) വരെ കന്നിയിൽ സ്ഥിതി ചെയ്യും.  കന്നിയിലെത്തുന്ന ആഗ്നേയനായ ചൊവ്വ, ആഗ്നേയരാശിയായ ധനുവിലെ ഗ്രഹങ്ങളെയും ധനുവിലെ ശനി ചൊവ്വയെയും ദൃഷ്ടിചെയ്യും.  ഇത് അഗ്നിമാരുതയോഗമാണ്. പ്രത്യേകിച്ച് കുജതുല്യനായ കേതുയോഗം ശനിക്കുള്ളപ്പോൾ തീക്ഷ്ണത കൂടും. 

തുലാം 18–ന് (നവംബർ 4) വ്യാഴം ധനു രാശിയിലേക്കു കടക്കും.  അപ്പോൾ ശനി ഗുരുയോഗം (വസുന്ധരായോഗം) സംഭവിക്കും.  ഇതൊരു ദോഷയോഗമാണ്.  

കാലവിധാനം എന്ന ഗ്രന്ഥത്തിൽ പറയുന്നു:

        “യദാരസൗരീ സുരരാജമന്ത്രിണാ

        സഹൈകരാശൌ സമസപ്തമേപി വാ

        ഹിമാദ്രിലങ്കാപുരിമധ്യവാസിനാം

        ത്രിഭാഗശേഷം കരുതേ വസുന്ധരാ.”

ഗുരുവും ശനിയും ഒരു രാശിയിലോ സമസപ്‌തമത്തിലോ വന്നാൽ വസുന്ധരായോഗം. ഈ പ്രതിഭാസം ഉദ്ദേശം 6 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്നതാണ്.

മറ്റൊരു പ്രമാണം കൂടി:

        “ഏകേസ്‌മിൻ വത്സരേ ജീവേ

        രാശിത്രയമുപാഗതേ

        ഭവേദ് വസുന്ധരാകീർണാ

        കുണപൈഃ സപ്‌തകോടിഭിഃ”

ഒരു വർഷത്തിനുള്ളിൽ വ്യാഴം മൂന്നു രാശിയിൽ ശീഘ്രഗതിയിൽ സഞ്ചരിച്ചാൽ വസുന്ധരായോഗം ഭവിക്കുമെന്നു പറഞ്ഞിരിക്കുന്നു.  ഇതൊരു അപൂർവ പ്രതിഭാസമാണ്.  എന്നാൽ ഈ രണ്ടു യോഗങ്ങളും ഈ വർഷം ഒരുമിച്ചുവരുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. 

രണ്ടാമത്തെ പ്രമാണപ്രകാരം 2019 നവംബർ 4 മുതൽ 2020 ജൂൺ 30 വരെയും വസുന്ധരായോഗം നിലനിൽക്കും.  എന്നാൽ ഇരു യോഗങ്ങളും ഒരുമിച്ചു വരുന്നത് 2019 നവംബർ 4 മുതൽ 2020 ജനുവരി 24 വരെയും പിന്നെ 2020 മാർച്ച് 30 മുതൽ 2020 ജൂൺ വരെയുമാണ്.

ചൊവ്വ 2020 മാർച്ച് 22 മുതൽ 2020 മേയ് 4 വരെ മകരം രാശിയിൽ നിൽക്കുന്നുണ്ട്. ഈ കാലയളവിൽ അഗ്നിമാരുതയോഗവും ഉണ്ട്.  അനിഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ ഏകമനസ്സോടെ പ്രാർഥിക്കാം- ലോകാഃ സമസ്താഃ സുഖിനോ ഭവന്തു. 

 

 

ലേഖകന്റെ വിലാസം

 

ജയശങ്കർ മണക്കാട്ട്

(താന്ത്രിക്  അസ്ട്രോളജർ)

ഫോൺ: 9496946008

സംസ്ഥാന ഉപാധ്യക്ഷൻ

ഭാരതീയ ജ്യോതിഷ വിചാര സംഘ്

കേരളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com