sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ?
  • 2019 ഒക്ടോബർ 01 മുതൽ 14 വരെയുള്ള ഫലം
Bi-weekly-prediction-kanippayyur
SHARE

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ ഭരണ സംവിധാനം ആത്മവിശ്വാസത്തോടു കൂടി അവലംബിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾക്കു പൂർണമായും അനുഭവഫലം ഉണ്ടാകും. പൂർവിക സ്വത്തിൽ ഗൃഹനിർമാണം തുടങ്ങും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നതുവഴി പുതിയ ഉദ്യോഗത്തിന് അവസരം വന്നുചേരും. വിദഗ്ധ നിർദേശം സ്വീകരിച്ച് പുതിയ വ്യവസായത്തിനു തുടക്കം കുറിക്കും. വിദേശത്തു സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. നിസ്സാര ചികിത്സകളാൽ രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങാനിടവരും. സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങളുണ്ടാകും.

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഫലപ്രദമാകും. പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. സൗഹൃദക്കുറവിനാൽ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. അശ്രാന്ത പരിശ്രമത്താൽ ആഗ്രഹസാഫല്യമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും.വരവും ചെലവും തുല്യമാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ബന്ധുമിത്രാദികളോടൊപ്പം പുണ്യതീർഥയാത്രയ്ക്ക് അവസരമുണ്ടാകും. വിരോധികളായിരുന്നവർ മിത്രങ്ങളായിത്തീരും. നാഡീരോഗപീഡ വർധിക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും. വ്യത്യസ്തമായ പ്രവൃത്തികൾ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തു തീർക്കും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കുന്നതിൽ ആത്മാഭിമാനം തോന്നും. അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കും. സുതാര്യതക്കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായ പ്രവർത്തനമേഖലകൾക്കു തുടക്കം കുറിക്കും. ചർച്ചകൾക്കു ഫലപ്രാപ്തിയുണ്ടാകും. ആത്മനിയന്ത്രണത്തോടുകൂടി പുതിയ ഭരണസംവിധാനം അവലംബിക്കും. മംഗളകർമങ്ങളിൽ ആചാര്യസ്ഥാനം വഹിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യപ്രവൃത്തികളിൽ ഏർപ്പെടും. അബദ്ധങ്ങളിൽ നിന്ന് ആത്മാര്‍ഥസുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. അർധമനസ്സോടുകൂടി ഏറ്റെടുക്കുന്ന കാര്യങ്ങൾ പോലും ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. ചെലവിനങ്ങൾക്കു നിയന്ത്രണം വേണം.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

അധികാരപരിധി വർധിക്കും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. നിലവിലുള്ള ഗൃഹം വിൽക്കാൻ ധാരണയാകും. വിദേശ ഉദ്യോഗം സഫലമാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാകും. അഭിമാനാർഹമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. യാഥാർഥ്യങ്ങൾ മനസ്സിലാക്കി ജീവിതം നയിക്കാൻ സാധിക്കുന്നതുവഴി മനസ്സമാധാനമുണ്ടാകും. അസുഖങ്ങൾക്ക് ആയുർവേദ ചികിത്സ തുടങ്ങിവയ്ക്കും. വിജ്ഞാനം ആർജിക്കാനും പകർന്നുകൊടുക്കാനും അവസരമുണ്ടാകും. ദീർഘകാലസുരക്ഷയ്ക്കു യോജ്യമായ വാക്കുകൾ സ്വീകരിക്കും. കലാകായികമത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. വിദഗ്ധ നിർദേശം സ്വീകരിച്ച് പുതിയ പ്രവർത്തന മേഖലകൾക്കു തുടക്കം കുറിക്കും. ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അർഹമായ പിതൃസ്വത്ത് രേഖപരമായി ലഭിക്കാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. താൽക്കാലികമായി കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കും. സാങ്കേതിക കാരണങ്ങളാല്‍ വിദേശ ഉദ്യോഗത്തിനു തടസ്സം അനുഭവപ്പെടും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ജീവിതപങ്കാളിയുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. പണം കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള കർമമേഖലകൾ പുനരുജ്ജീവിപ്പിക്കാന്‍ അവസരമുണ്ടാകും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിലേക്കു ഗൃഹപ്രവേശം നടത്തും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ ഉണ്ടാകും. കടംകൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. വിപരീത സാഹചര്യങ്ങളെ അതിജീവിക്കാനുള്ള മനോധൈര്യം ഉണ്ടാകും. ദാനധര്‍മങ്ങൾക്ക് ആത്മാർഥമായി സഹകരിക്കും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ദാമ്പത്യ ഐക്യവും സ്വസ്ഥതയും അനുഭവപ്പെടും. വിദ്യാഭ്യാസത്തിന് അനുസൃതമായ ഉദ്യോഗത്തിന് നിയമന അനുമതി ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന പ്രവൃത്തികൾ എല്ലാം വിജയപഥത്തിലെത്തും. സൗമ്യ സമീപനത്താൽ വിരോധികളായിരുന്നവർ ലോഹ്യമായിത്തീരും. ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതനാകും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

സഹോദരസഹായമുണ്ടാകും. മാതാപിതാക്കളെ അന്യദേശത്തേക്കു കൊണ്ടുപോകാൻ സാധിക്കും. ദീർഘകാലമായി അനുഭവിച്ചുവരുന്ന മാനസിക–ശാരീരിക ക്ലേശങ്ങൾക്കു സമാധാനമുണ്ടാകും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കാൻ തക്കവണ്ണം തൊഴിൽ മാറ്റമുണ്ടാകും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതായി വരും. സുദീര്‍ഘമായ ചർച്ചയിലൂടെ പ്രതിസന്ധികൾ പരിഹരിക്കപ്പെടും. അനാവശ്യ ചെലവുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. അഭിപ്രായ സമന്വയത്തോടുകൂടിയ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകാനിടവരും. സാഹസപ്രവൃത്തികളിൽ നിന്നു പിന്മാറണം. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. അവധി ദിനങ്ങളിലും ജോലി ചെയ്യേണ്ടതായി വരും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റം വരുത്താൻ തയാറാകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. വ്യാപാര മേഖലയിലെ തർക്കങ്ങൾക്കു ചർച്ചയിലൂടെ പരിഹാരം കണ്ടെത്തും. പല പ്രകാരത്തിലും രോഗപീഡകൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധന വേണ്ടിവരാം.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടും. അഭിമുഖീകരിക്കുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടിവരും. കാഴ്ചപ്പാടുകളുടെ വ്യത്യസ്തതയാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് അബദ്ധമാകും. കഴിവിന്റെ പരമാവധി പ്രയത്നിക്കുമെങ്കിലും അനുഭവഫലം കുറയും. ആശയവിനിമയങ്ങളിൽ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. മംഗളകർമങ്ങളിൽ സജീവമായി പങ്കെടുക്കും. അനാവശ്യമായ ആധി ഒഴിവാക്കണം. ബന്ധുവിന് സാമ്പത്തികസഹായം ചെയ്യേണ്ട സാഹചര്യമുണ്ടാകും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ദൂരയാത്ര ആവശ്യമായി വരും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഭാവനകൾ യാഥാർഥ്യമാകും. പുതിയ ആവിഷ്കരണശൈലിക്ക് അനുമോദനങ്ങൾ വന്നുചേരും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. മാതൃകാപരമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി ഇടപെടും. ആചാരങ്ങൾ പാലിക്കുന്നതിൽ ആത്മാഭിമാനം തോന്നും. വിദേശത്തു സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ഉന്നതരുടെ ശുപാർശകൾ ഫലപ്രദമാകും. ആവശ്യങ്ങൾ പരിഗണിച്ച മേലധികാരിയോട് ആദരവു തോന്നും. കാര്യകാരണ സഹിതം സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിൽ ആത്മാഭിമാനം തോന്നും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ജാഗ്രതയോടു കൂടി പ്രവർത്തിച്ചാലും അനുഭവഫലം കുറയും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്നു പിന്മാറുകയാണു നല്ലത്. അസുഖങ്ങളാൽ വിദേശയാത്ര ഉപേക്ഷിക്കും. പുതിയ കാർഷിക പദ്ധതി ആവിഷ്കരിക്കും. നിസ്സാര കാരണങ്ങളാൽ ബന്ധുക്കൾ വിരോധികളായിത്തീരും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. വ്യാപാരമേഖലകളിൽ പുരോഗതിയുണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. വ്യവഹാരത്തിന്റെ ഭാഗമായി അവധിയെടുക്കേണ്ടിവരും. വീഴ്ചകളുണ്ടാകാതെയും പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെയും സൂക്ഷിക്കണം.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

ഉദ്ദേശിച്ച സ്ഥാപനത്തിൽ ജോലി ലഭിക്കും. പുത്രപൗത്രാദികളുടെ ആഗമനം ആശ്വാസത്തിനു വഴിയൊരുക്കും. വ്യാപാരത്തിൽ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹത്തിലേക്കു താമസം മാറും. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം സുഹൃദ്സഹായത്താൽ മറ്റൊരു ഉദ്യോഗം ലഭിക്കും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സഹപ്രവർത്തകർ അവധിയിലായതിനാൽ കൂടുതൽ സമയം പ്രവർത്തിക്കേണ്ടിവരും. മുടങ്ങിക്കിടപ്പുള്ള കർമമേഖലകൾ പുനരാരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA