ADVERTISEMENT

ഒക്ടോബർ 25ന് തമിഴ് പഞ്ചാംഗ പ്രകാരവും മലയാള പഞ്ചാംഗ പ്രകാരം നവംബർ 5 നും വൃശ്ചികത്തിൽ നിന്ന് ധനുവിലേക്ക് ഗുരു ഗതിയാകുന്നു. ഗുരുവിന്റെ ധനുരാശി അനുസരിച്ച് 12 രാശികളുടേയും ഫലം.

 

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. വ്യാപാരത്താൽ മികച്ചനേട്ടം പ്രതീക്ഷിക്കാം. പാർട്ടി പ്രവർത്തകർക്ക് പദവിയും ജനസ്വാധീനതയും ലഭിക്കുന്നതാണ്. അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും.. എണ്ണ, വളം മുതലായ കമ്പനികളിൽ വരുമാനം വർധിക്കും. കാർഷിക മേഖലയിലും വരുമാനം പ്രതീക്ഷിക്കാം. ബുദ്ധികൂർമതയുണ്ടാകും. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. ജ്യോതിഷം പോലുള്ള കലകൾ അഭ്യസിക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സപ്പെട്ട് തീർച്ചപ്പെടും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷമുണ്ട്. ഗൃഹം നിർമ്മിക്കാനുള്ള സന്ദർഭം കാണുന്നു. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വാർദ്ധക്യം ചെന്നവർക്ക് പ്രമേഹരോഗം, വൃക്കസംബന്ധമായി അസുഖം വരാനിടയുണ്ട്.

 

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വർണ്ണാഭരണങ്ങൾ, വാഹനം വാങ്ങാവുന്നതാണ്. സിനിമാ സംഗീതസംവിധായകർക്ക് പുരസ്കാരവും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്. പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. സഹോദരങ്ങള്‍ പരസ്പരം സഹായിക്കുന്നതല്ല. അടിമയെപ്പോലെ ജോലി ചെയ്യും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതാണ്. ശത്രുക്കളെ പരാജയപ്പെടുത്തും. വ്യാപാരത്താലും മറ്റു തൊഴിലുകളാലും ധാരാളം സമ്പാദിക്കുന്നതാണ്. മാതുലന്മാർക്ക് ചില വൈഷമ്യങ്ങൾ ഉണ്ടാകും. സന്താനങ്ങള്‍ക്ക് വിവാഹം തീർച്ചപ്പെടാം. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. ജ്യോതിഷം, കുറി പറയുന്നവർക്ക് പ്രശസ്തിയും ധനവരവും ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഗർഭാശയ സംബന്ധമായും, വാർദ്ധക്യം ചെന്നവർക്ക് നയനരോഗവും വരാനിടയുണ്ട്.

 

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

കോളജ് അധ്യാപകർ, പട്ടാളമേധാവി മുതലായ ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഉന്നത പദവികൾ ലഭിക്കാനിടയുണ്ട്. വിദ്യാർഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. കവിതകൾ എഴുതുന്നവർക്ക് അനുയോജ്യമായ സമയമായി കാണുന്നു. അൽപം അലസത അനുഭവപ്പെടും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. പണം കൊടുത്ത് വഞ്ചിക്കപ്പെടാതെ ശ്രദ്ധിക്കുക. പല നിലകളിലും ഉയർച്ചയുണ്ടാകും. മലപ്രദേശങ്ങൾ, താഴ്‍വര മുതലായ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടും. തടി, റബ്ബർ, കുരുമുളക് മുതലായ വ്യാപാരം ധനാഭിവൃദ്ധിയുണ്ടാകും. സുഗന്ധദ്രവ്യ കൃഷിയിലും പ്രതീക്ഷിച്ച നേട്ടം ലഭ്യമാകുന്നതാണ്. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം വന്നുചേരും. പിതാവിനെക്കാളും സന്മനസ്സോടുകൂടി പ്രവർത്തിക്കും. സമുദായത്തിൽ മതിപ്പും ബഹുമാനവും ലഭിക്കുന്നതായിരിക്കും. അജീർണ്ണസംബന്ധമായി രോഗം വരാനിടയുണ്ട്.

 

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ന്യായാധിപൻ, ആർഡിഒ പോലുള്ള ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. കലാമേഖലകളിൽ പ്രശസ്തിയുണ്ടാകും. ക്ഷീരോൽപന്നങ്ങള്‍ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. റിയൽഎസ്റ്റേറ്റുകാർക്ക് അധിക വ്യാപാരം നടക്കും. നിലം, വസ്തുക്കളാൽ വരുമാനം വന്നുചേരും. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. വാഹനം, വസ്തുക്കൾ വാങ്ങാം. പാചകതൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. നവീനഗൃഹോപകരണങ്ങൾ വാങ്ങും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. പൂർവിക ഭൂസ്വത്തുക്കൾ വിൽക്കുന്നതിനും മാറ്റി വാങ്ങാനുമുള്ള സമയമായി കാണുന്നു. വിദേശത്തു നിന്ന് ശുഭവാർത്തകള്‍ ശ്രവിക്കാനുള്ള സന്ദർഭമുണ്ട്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമാണ്. പിതൃവഴി ഭൂസ്വത്തുക്കൾ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ആത്മാർഥതയുള്ള സുഹൃത്തുക്കൾ ലഭിക്കുകയാൽ പലവിധ നേട്ടങ്ങൾ ഉണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കും. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭ്യമാകും. വ്യാപാരത്താലും വ്യവസായത്താലും മികച്ചനേട്ടം പ്രതീക്ഷിക്കാം. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കും. കെട്ടിട കോണ്‍ട്രാക്ട്, മറ്റു തൊഴിലുകൾ അഭിവൃദ്ധിപ്പെടും. ഏത് മേഖലയിലും വിജയം കൈവരിക്കും. നവദമ്പതികൾക്ക് പുത്രലബ്ധി പ്രതീക്ഷിക്കാം. മാതാവിനോ കുടുംബക്കാർക്കോ യാതൊരു സൗജന്യം ചെയ്യുന്നതല്ല. അയൽവാസികളെ സഹായിക്കുകയും അവരാൽ ജാതകർക്കും സഹായം ഉണ്ടാകും. വ്യാപാരത്താല്‍ അറിവ് വർധിക്കും. സഹിഷ്ണത ശക്തിയുണ്ടാകും. മനോരോഗികൾക്ക് രോഗം വർധിക്കും. മനോചഞ്ചലം അനുഭവപ്പെടും.

 

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ഭാഗ്യാനുഭവങ്ങളുടെയും കാര്യസാധ്യതയുടെയും സമയമായി കാണുന്നു. ആത്മാർഥതയുള്ള ഭൃത്യന്മാർ വന്നു ചേരും. സന്താനങ്ങൾക്ക് വിവാഹം നടത്തുക, ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. നയപരമായും മാധുര്യമായ സംസാരമായിരിക്കും. സ്ഥലം മാറി താമസിക്കേണ്ടതായി വരും. ലോകത്തിലുള്ള എല്ലാവിധ സുഖസുഭഷിത്വങ്ങളും ഉണ്ടാകും. അരി, ധാന്യങ്ങൾ മൊത്ത ചില്ലറ വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതായിരിക്കും. മനോവ്യാകുലതയുണ്ടാവാൻ ഇടയുണ്ട്. വിദേശമലയാളികളാല്‍ ചില നന്മകൾ ഉണ്ടാകുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭ്യമല്ല. അൽപം അലച്ചിൽ അനുഭവപ്പെടുന്നതായിരിക്കും.

 

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ബാങ്ക്, റെയിൽവേ സംബന്ധമായി ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. ഗണിതം, ചരിത്രം എന്നിവയിൽ വിദ്യാർഥികൾക്ക് നല്ല മാര്‍ക്ക് ലഭ്യമാകുന്നതായിരിക്കും. കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും. കവിത, കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. സഹോദരങ്ങള്‍ പിണക്കം മാറി വന്നുചേരും. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. സ്വർണ്ണക്കട, വെള്ളിക്കടകളിൽ വ്യാപാരം വർധിക്കുന്നതാണ്. പല രാജ്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കുന്നതാണ്. കോൺട്രാക്ട്, മറ്റു തൊഴിലുകൾ അഭിവൃദ്ധിപ്പെടും. ധനസുഭഷിത്വം അനുഭവപ്പെടുന്നതായിരിക്കും. വിദേശമലയാളികൾക്ക് സകലവിധ ജീവിതസുഭഷിത്വങ്ങളും ലഭിക്കുന്നതായിരിക്കും. ദാനധർമ്മങ്ങൾ ചെയ്യും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്.

 

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ധനാഭിവൃദ്ധിയുടെയും മനസിക സന്തോഷത്തിന്റെയും സമയമായി കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അൽപം അധൈര്യമുണ്ടാകും. നല്ല സ്ത്രീ സൗഹൃദബന്ധത്താൽ ചില നേട്ടങ്ങൾ ലഭിക്കുന്നതായിരിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കും. കഠിനമായി അധ്വാനിക്കും. നൃത്തം, സംഗീതം, മറ്റു കലകളിൽ മേന്മയുണ്ടാകുന്നതാണ്. മാതാവിനോട് സ്നേഹമായിരിക്കും. അയൽവാസികളോട് സ്നേഹമായി പ്രവർത്തിക്കും. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകൾ അഭിവൃദ്ധിപ്പെടും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാം. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. പിതാവിനാൽ മാനസിക വൈഷമ്യം വന്നുചേരും. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകുന്നതായിരിക്കും. പ്രമേഹരോഗികൾക്ക് രോഗം മൂർച്ഛിക്കാവുന്നതാണ്.

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സകലവിധ സന്തോഷങ്ങളുടെയും ഭാഗ്യാനുഭവങ്ങളുടെയും സമയമാണ്. സത്യസന്ധമായി പ്രവർത്തിക്കും. സൽപ്രവൃത്തികളിൽ ഏർപ്പെടുമെങ്കിലും കോപം വർധിക്കുന്നതായിരിക്കും. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗമിക്കും. ആത്മാർഥതയുള്ള ഉപദേശകർ ലഭിക്കുന്നതാണ്. വാഹനം, വസ്തുക്കൾ വാങ്ങാൻ ഉചിതമായ സമയമായി കാണുന്നു. ചിട്ടി, സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. ശരീരബലവും മനോബലവും ലഭിക്കുന്നതായിരിക്കും. വ്യാപാര തൊഴിൽ മേഖല പുഷ്ടിപ്പെടുന്നതായിരിക്കും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. ഭാര്യയോടും സ്ത്രീകളോടും സ്നേഹമായും ദയയോടും കൂടി പ്രവർത്തിക്കുന്നതാണ്. അനുസരണയുള്ള ഭൃത്യന്മാർ വന്നുചേരും. കാര്യനിർവഹണം സാമർഥ്യമായും ധൈര്യമായും ചെയ്ത് തീർക്കുന്നതായിരിക്കും.

 

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുടെ സമയമാണ്. ശത്രുക്കളെ പരാജയപ്പെടുത്തും. മാതാപിതാക്കളുടെ ഹിതാനുസരണം പ്രവർത്തിക്കും. ചുറുചുറുക്കായ ഗുണം ഉണ്ടാകുന്നതാണ്. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭിക്കുന്നതാണ്. പ്രശംസനീയരാൽ പുകഴ്ത്തപ്പെടും. വാഹന വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. എല്ലാവിധ ആഗ്രഹസാഫല്യത്തിന്റെ സമയമായി കാണുന്നു. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും. ബന്ധുക്കൾ അകലുന്നതായിരിക്കും. വർക്ക്ഷോപ്പുകളിലും ഷോറൂമുകളിലും അധിക വരുമാനം വന്നുചേരും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. വിദേശവും ആയി വിനോദസഞ്ചാര കമ്പനികളിൽ വരുമാനം വർധിക്കും. വാർദ്ധക്യം ചെന്നവർക്ക് രോഗം തിരിച്ചറിയാതെ വിഷമിക്കുന്നതാണ്.

 

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സെൻട്രൽ ഗവൺമെന്റ് സംബന്ധമായി ജോലിക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. എണ്ണ, വളം കമ്പനികളിൽ വരുമാനം അധികരിക്കും. സന്താനഭാഗ്യത്തിന്റെ സമയമാണ്. കമ്പനികളിൽ അറിവും സാമർഥ്യവും ഉള്ള അഡ്വക്കറ്റുമാർ ഉപദേശകരായി വന്നുചേരും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. പുരോഗമനം പല രൂപത്തിലും വന്നെത്തും. പ്രശസ്തിയും വസ്തുക്കൾ വാങ്ങുന്നതുമാണ്. സർക്കാരിൽ നിന്നും ഉന്നത ബഹുമതി ലഭ്യമാകുന്നതായിരിക്കും. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. കെട്ടിട കോൺട്രാക്ട്, മറ്റു തൊഴിലുകൾ പുരോഗമിക്കും. സഹപ്രവർത്തകരാൽ അൽപം വൈഷമ്യം വരാവുന്നതാണ്. പിതാവിന് അസുഖം വരാനിടയുണ്ട്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.

 

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. മാതാപിതാക്കളെ പ്രശംസിക്കുന്നതാണ്. ആത്മാർഥതയുള്ള സുഹൃത്തുക്കളും ബന്ധുക്കളും വന്നുചേരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. സ്വയം പുരോഗമനത്തിനായി പരിശ്രമിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷമുണ്ടാകുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. അതിഥികളെ സൽക്കരിക്കും. വാഹനം മാറ്റി വാങ്ങാവുന്നതാണ്. കുടുംബ ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും. ഇരുമ്പു സംബന്ധമായി മൊത്ത ചില്ലറ വ്യാപാരം അഭിവൃദ്ധിയുണ്ടാകും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. മോഷ്ടാക്കളാലും ശത്രുക്കളാലും ഭയം അനുഭവപ്പെടുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സം വരാം. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും.

 

 

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Mob - 8078022068

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com