sections
MORE

വ്യാഴമാറ്റം 2019 ; ഗുണദോഷ ഫലങ്ങൾ

Jupiter-Transit-2019
SHARE

ഇത്തവണ വ്യാഴം തന്റെ സ്വന്തം രാശിയായ ധനുവിലേയ്‌ക്കാണ് സഞ്ചരിക്കുന്നത്. അതായത് 5 നവംബർ 2019–ന് രാവിലെ അവിട്ടം നക്ഷത്രവും, നവമിതിഥിയും കൂടിയ ദിവസം നിരയന സിദ്ധാന്തപ്രകാരം 5 മണി 17 മിനിറ്റ് 49 സെക്കന്റിന് വ്യാഴം മിത്രരാശിയായ വൃശ്ചികത്തിൽ നിന്നും സ്വക്ഷേത്രമായ ധനുവിലേയ്‌ക്ക് സംക്രമിക്കുന്നു. എന്നാൽ അതിചാരം, വക്രം, അനുവക്രം, മൗഢ്യം എന്നിവ മൂലം ഗുണ–ദോഷഫലങ്ങൾക്ക് ഇത്തവണ സ്ഥിരതകുറവാണ്.

30 മാർച്ച് 2020 – മകര രാശിയിൽ അതിചാരം.14–12–2019–ന് – ക്രമമൗഢ്യം ആരംഭിച്ച് – 10 ജനുവരി 2020–ന്  മൗഢ്യം അവസാനിപ്പിക്കുന്നു.
30 ജൂൺ 2020 ന് – വ്യാഴം വീണ്ടും ധനുരാശിയിൽ പ്രവേശിക്കുന്നു. 20 ജൂൺ വ്യാഴം വക്രഗതിയെ പ്രാപിക്കുന്നു.


14 സെപ്‌റ്റംബറിൽ വ്യാഴത്തിന്റെ വക്രഗതി അവസാനിക്കുന്നു. തുടർന്ന് 2021 നവംബർ 20 വരെ ധനുരാശിയിൽ സഞ്ചരിക്കുന്നു. ഇതാണ് ഈ വർഷത്തെ വ്യാഴത്തിന്റെ ധനുരാശി സഞ്ചാരം. പഞ്ചാംഗങ്ങളിൽ ഈ ഗതിമാറ്റങ്ങൾ വിശദമായി കൊടുത്തിട്ടുണ്ട്.
ഇനി രാശീചക്രത്തിലെ ഒന്നാമത്തെ രാശി മുതൽ 12–ാം രാശിവരെയുള്ള ജന്മരാശികളിൽ ജനിച്ചിട്ടുള്ളവർക്ക് വ്യാഴ സഞ്ചാരമൂലം ഉള്ള ഗുണ–ദോഷവശങ്ങൾ ചിന്തിക്കാം.


മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക കാൽ)

വ്യാഴം ഭാഗ്യരാശിയായ 9–ൽ സഞ്ചരിക്കുന്ന കാലമാണ് വിവാഹസാധ്യത, വാഹനയോഗം, ഭവനയോഗം, പ്രമോഷൻ, ഷെയർ, ലോട്ടറി, തുടങ്ങിയ ഊഹക്കച്ചവട രംഗങ്ങളിൽ വിജയം. ചിട്ടി ലഭിക്കാ? സാധ്യത, പൂർവികസ്വത്തുക്കൾ ലഭിക്കുന്നതിനും അവയിൽ അധികാരം സ്ഥാപിക്കുന്നതിനും 9–ലെ വ്യാഴം സഹായിക്കും. തീർത്ഥാടനങ്ങളുമായി ബന്ധപ്പെട്ട് ദേവാനുഗ്രഹം ലഭിക്കുന്ന കാലം. 2020 ജനുവരിരെ ശനി–ഗുരു യോഗവും, രാഹുദൃഷ്ടിയും ഉള്ളതിനാൽ കരാർ പ്രമാണങ്ങൾ ഉയർന്ന സാമ്പത്തിക ഇടപാടുകൾ എന്നിവ 2020 ജനുവരി 25–ന് ശേഷം നടത്തുകയാണ് അഭികാമ്യം. ഉദരരോഗശമനവും ഇക്കാലത്ത് ലഭിക്കും. പൊതുവിൽ സാമ്പത്തികരംഗം നല്ലതായിരിക്കും. സ്വർണ്ണം, പട്ട് വസ്‌ത്രം, എന്നിവ സ്വന്തമാക്കാൻ സാധിക്കും. മഹാവിഷ്‌ണുവിന് വ്യാഴാഴ്‌ച ദിവസം യഥാശക്തി വഴിപാടുകൾ നൽകി ദർശനം നടത്തുക ഇത് ഗുണഫലത്തെ വർധിപ്പിക്കാൻ സഹായിക്കും.

ഇടവക്കൂറ് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
       

വ്യാഴം അഷ്ടമരാശിയിൽ പ്രവേശിച്ചതിനാൽ എല്ലാ കാര്യത്തിലും ഒരു മു?കരുതൽ വേണം. സാമ്പത്തിക നഷ്ടം, കടക്കെണികൾ, കരാർ ലംഘനം, ആരോഗ്യനാശം, മരണഭീതി, സ്‌ത്രീകൾക്ക് മംഗല്യ–ദാമ്പത്യ വിഷയങ്ങളിൽ പ്രശ്‌നങ്ങൾ വരാം. സ്വർണ്ണം, പട്ട് വസ്‌ത്രം, പണം, പൂർവ്വികമായി ലഭിച്ച അമൂല്യവസ്‌തുക്കൾ എന്നിവക്ക് നഷ്ടമുണ്ടാകാം. എന്നാൽ 8–ലെ വ്യാഴം ജന്മരാശിയുടെ 2–ലേയ്‌ക്ക് നോക്കുന്നതിനാൽ സാമ്പത്തിക നേട്ടം ഉണ്ടാകുകയും പ്രസ്തുത തുക അനാവശ്യ ചിലവുകൾ നടത്തി ഇല്ലാതാക്കുകയുമാണ് ഇക്കാലത്തെ പൊതുശീലം. പ്രസ്തുത തുക ഭവന നിർമ്മാണം, വസ്‌തുവാങ്ങൽ എന്നിവയ്‌ക്ക് കരുതലോടെ ഉപയോഗിച്ചാൽ 8–ലെ വ്യാഴം ഗുണമായും ഭവിക്കും. ഇക്കാലത്ത് ഗുരുകാരണവന്മാരുടെയും സജ്ജനങ്ങളുടെയും ഉപദേശം തേടി പ്രവൃത്തിക്കുക. ദോഷപരിഹാരമായി നരസിംഹമൂർത്തി, വരാഹമൂർത്തി, പരശുരാമസ്വാമി എന്നീ ദേവന്മാരെ ആരാധിക്കുക. അഷ്‌മവ്യാഴത്തിന്റെ ദോഷം മാറാ? വിഷ്‌ണുസഹസ്രനാമജപം ശീലിക്കുന്നതും നല്ലതാണ്. ‘എട്ടിലെ വ്യാഴം വെട്ടിൽ ചാടിക്കും’ എന്നൊരു ചൊല്ലുണ്ട്.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം മുക്കാൽ)
       

വ്യാഴം മാറുന്നത് മംഗല്യരാശിയായ ഏഴിലേയ്‌ക്കാണ്. വിവാഹ സ്വപ്‌നങ്ങൾ പൂവണിയും. പ്രേമസാഫല്യം ഉണ്ടാകും. പ്രവൃത്തി സ്ഥലത്തും, കുടുംബക്കാർക്കും സ്വീകാര്യനായി തുടങ്ങും, തൊഴിൽ രംഗത്ത് പ്രൊമോഷൻ, പുതിയ തൊഴിൽ സ്ഥലങ്ങൾ, മത്സരപരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ വിജയം, രോഗശാന്തി, ശരിയായ വൈദ്യോപദേശം ലഭിക്കാനുള്ള അവസരം, എന്നിവയും ലഭിക്കും. വലിയ തോതിൽ സൗഹൃദങ്ങൾ വർധിക്കുന്നത് കാണാം. മാറ്റിവെക്കപ്പെട്ട ചികിത്സകൾ നടത്താ? പറ്റിയ കാലം ആണ് വരുന്നത്. ഗുരുസ്ഥാനിയരുടെ അനുഗ്രഹത്താൽ പുതിയ പദവികളിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. പലവിധത്തിലുള്ള ദാരിദ്ര്യാവസ്ഥകൾ മാറും. ചെയ്യുന്ന പ്രവൃത്തി ലക്ഷ്യത്തെ പ്രാപിക്കുന്നതാണ്. സർക്കാർ, ബാങ്കുകൾ, മറ്റ് ധനകാര്യസ്ഥാപനങ്ങൾ വഴി ധനപരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഭവനനിർമ്മാണം, വിവാഹം, അനുരാഗവിഷയങ്ങൾ എന്നിവ ശുഭമായി കലാശിക്കും. ഈശ്വരനുകൂല്യം കിട്ടാൻ ശ്രീകൃഷ്‌ണനെ ബുധനാഴ്‌ചയോ വ്യാഴാഴ്‌ചയോ ആരാധിക്കുക.

കർക്കടക്കൂറ് (പുണർതം കാൽ, പൂയം, ആയില്യം)

       

മേല്‌പറഞ്ഞ രാശിക്കാർക്ക് വ്യാഴമാറ്റം ശുഭകരമല്ല. 6–ാമത്തെ രാശിയിലേക്കാണ് വ്യാഴമാറ്റം. സാമ്പത്തികസ്ഥിതി വഷളാക്കുന്ന വിധം രോഗചികിത്സ, കോടതിവ്യവഹാരം, നിയമക്കുരുക്കുകൾ, അപഖ്യാതി എന്നിവ വരും. സാമ്പത്തിക ഇടപാടുകൾക്ക് ചേർന്ന സമയം അല്ല എന്ന് പ്രത്യേകം ഓർക്കുക. മുൻകാല കടബാധ്യതകൾ, ജപ്‌തി മുതലായ നടപടികളിലേയ്‌ക്ക് കടന്നേക്കാം. പുതിയ സംരംഭങ്ങൾക്ക് പറ്റിയ കാലമല്ല. മുൻ പരിചയമില്ലാത്ത പ്രവൃത്തികളിൽ ഈ സമയം ഏർപ്പെടുന്നത് നല്ലതല്ല. ആഹാരവസ്‌തുക്കൾമൂലം ഭക്ഷ്യവിഷബാധ വരാൻ സാധ്യത കൂടിയ കാലമാണ്. യാത്രകളിൽ കഴിവതും ജാഗ്രതയോടെ സുരക്ഷാ ഉപാധികൾ ഉപയോഗിക്കുക. വ്യാഴപ്രീതിക്കായി വ്യാഴത്തിന്റെ ധാന്യമായ കടല സാധ്യമായവിധം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്‌ണക്ഷേത്രം, കാസർകോട് അനന്തപത്മനാഭ സ്വാമീക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ ദർശനം നടത്തുന്നതും ഏകാദശിവ്രതം എടുക്കുന്നതും നല്ലതാണ്. ഇക്കാലത്ത് നല്ലപോലെ ചിന്തിച്ച് തിരുമാനമെടുക്കുക. വിശേഷിച്ച് സാമ്പത്തിക കാര്യത്തിൽ.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാൽ)
       

വ്യാഴം പഞ്ചമ രാശിയിലേയ്‌ക്ക് പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് ഗുണപ്രദമാണ്. ധനപരമായി നേട്ടം. മംഗല്യവിഷയങ്ങളിൽ തീരുമാനം, വിവാഹം നടത്താനും നടത്തിക്കാനും ഉള്ള സാഹചര്യം ഉണ്ടാകും. വന്ധ്യതാചികിത്സ ഫലപ്രദമാകാനും, സന്താനഭാഗ്യം കൈവരാനും ഈ സമയം അനുകൂലമാണ്. ജാതകന്റെ സാമൂഹിക അംഗീകാരം വർധിക്കുന്ന സമയം തൊഴിൽപരമായി അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. സർക്കാരിന്റെ പ്രതിനിധിയായി ചടങ്ങുകളിൽ സംബന്ധിക്കാൻ ഇക്കാലത്ത് ഭാഗ്യം ഉണ്ടാകും. കേസുവഴക്കുകൾ അനുകൂലമായ നടപടി ഉണ്ടാകും.  ശത്രുതകൾ പലതും അവസാനിക്കുന്നത് കാണാം. അനുകൂലമായ വ്യാഴദശ കൂടി ഉണ്ടെങ്കിൽ മികച്ച വിജയങ്ങൾ വിദ്യാഭ്യാസപരമായി ലഭിക്കുന്ന കാലമാണ് മത്സരപരീക്ഷകളിൽ വിജയം ഉണ്ടാകുന്ന കാലം. പരിശ്രമിച്ചാൽ ഈ സമയം ഫലം ഉറപ്പ്. മഹാവിഷ്‌ണുവിന്റെയും ശ്രീകൃഷ്‌ണന്റെയും ക്ഷേത്രങ്ങളിൽ ദർശനം നടത്തുക.

 കന്നിക്കൂറ് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
       

വ്യാഴമാറ്റം നാലാമത്തെ രാശിയിലേക്കാണ്. ഭവന–വാഹന മോഹങ്ങൾ ഇക്കാലത്ത് നടപ്പാക്കപ്പെടും. സർക്കാർ സഹായം ലഭിക്കു. ആഭരണം, പുതുവസ്‌ത്രം, ഗൃഹോപകരണങ്ങൾ എന്നിവ ലഭിച്ചേക്കാം. പുതിയ ജീവിതസരണികൾ തുറക്കും. വിരഹദുഃഖം മാറി ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ അവസരം വരും. വസ്‌തുക്കൾ, വാഹനങ്ങൾ എന്നിവ വാങ്ങുമ്പോൾ അവയുടെ ആധികാരികത, നിയമവശം എന്നിവ ഉറപ്പാക്കി വാങ്ങുക. മാതാപിതാക്കളുടെ ആരോഗ്യപ്രശ്‌നങ്ങൾക്കും ഇക്കാലത്ത് ശമനം ലഭിക്കും. എന്തുകൊണ്ടും സമാധാനപൂർണമായ ഒരു വർഷം പ്രതീക്ഷിക്കാം. ‘‘4–ലെ വ്യാഴം നാലുകെട്ട് പണിയിക്കും’’ എന്നൊരു ചൊല്ലുണ്ട്. മോഹസാക്ഷാത്‌ക്കാരത്തിനായി ശ്രീരാമൻ, ശ്രീകൃഷ്‌ണൻ എന്നീ ദേവന്മാരെ ആരാധിക്കുക. വിഷ്‌ണുസഹസ്രനാമജപവും നല്ലതാണ്.

തുലാക്കൂറ് (ചിത്തിര അവസാനപകുതി , ചോതി, വിശാഖം മുക്കാൽ)
       

‘വ്യാഴം മൂന്നിൽ വന്നാൽ മുറവിളികൂട്ടും’ എന്നാണ് നാട? ചൊല്ല്. ചതി, വഞ്ചന, കാലുമാറ്റം എന്നിവയാൽ വലയുന്ന കാലം. സഹോദരസ്ഥാനീയർക്ക് പലവിധ കഷ്ടനഷ്ടങ്ങൾ വരാം. ജാമ്യം നിൽക്കൽ, മധ്യസ്ഥതവഹിക്കൽ, സാക്ഷിപറയൽ എന്നിവ വളരെ ജാഗ്രതയോടെ നടത്തുക. അസമയയാത്രകൾ ഒഴിവാക്കുക. രഹസ്യബന്ധങ്ങൾ ദോഷം ചെയ്യുന്ന കാലം. അനധികൃത ചികിത്സ നടത്തരുത്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്. ഉദരരോഗ സാധ്യത, ഭക്ഷ്യവിഷബാധ ഇ.എൻ.ടി. രോഗങ്ങൾ അനുഭവപ്പെട്ടേക്കാം. വാഹനങ്ങൾ മൂലം ആരോഗ്യത്തിന് ഹാനി സംഭവിക്കാം. നിയമകുരുക്കുകളിൽ പെടാതെ നോക്കുക. ഗുരുസ്ഥാനിയരുമായി ശത്രുത വരാം. വളരെ നല്ല സഹായികൾ പിണക്കത്തിൽ ആയേക്കാം. പരിചാരകരിൽ നിന്നും മാനാഭിമാന പ്രശ്‌നങ്ങൾ വന്ന് ചേരാം. അപരിചിതരുമായി ഒരിടപാടിനും പോകാതിരിക്കുക. അമിത ധനമോഹ ഓഫറുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. നരസിംഹമൂർത്തി, വരാഹമൂർത്തി എന്നിവരെ ആരാധിക്കുക.

വൃശ്ചികകൂറ് (വിശാഖം കാൽ, അനിഴം, തൃക്കേട്ട)
       

വാക്, ധനം എന്നിവയുടെ രാശിയായ 2–ൽ ആണ് ഈ രാശിക്കാർക്ക് വ്യാഴസഞ്ചാരം. ധനപരമായിട്ട് നല്ലകാലമാണ്. പ്രവൃത്തി വിജയം ഉണ്ടാകും. പുതിയ തൊഴിമേഖലകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. വിവാഹസാധ്യത കൂടിയ കാലം. 2–ലെ വ്യാഴം 8–ലേക്ക് വീക്ഷിക്കുന്നതിനാൽ പൂർവകാല കടബാധ്യതകൾ തീർക്കാൻ ഉള്ള മാർഗ്ഗങ്ങൾ തെളിയും. വിദേശയാത്രയിൽ വിജയം, ഇന്റർവ്യൂ, മത്സരപരീക്ഷകൾ, കായികമത്സരങ്ങൾ എന്നിവയിൽ വിജയം ലഭിക്കുന്ന കാലമാണ്. ധനസംബന്ധമായ ആവശ്യങ്ങൾക്ക് ആയി നടത്തുന്ന യാത്രകൾ ഗുണപ്രദമാകുന്നതാണ്. പൊതുവിൽ പ്രവർത്തനം പുഷ്ടിപ്പെടുന്ന കാലം. വിവാഹം, സന്താനജനനം, ഭവനനിർമ്മാണം, വാഹനലാഭം എന്നിവയ്‌ക്ക് നല്ലതാണ്. പ്രസംഗകല വികസിപ്പിക്കാനും, വാക്‌ചാതുര്യത്താൽ സദസ്സുകളിൽ ശോഭിക്കാനും വൃശ്ചികകൂറുകാർക്ക് സാധിക്കും. വൃശ്ചികകൂറുകാരായ രാഷ്ട്രീയ നേതാക്കൾക്ക് വലിയ സ്ഥാനമാനങ്ങൾ ലഭിക്കുന്ന കാലം.

ധനുകൂറ് (മൂലം, പൂരാടം, ഉത്രാടം കാൽ)
       

വ്യാഴം ജന്മരാശിയിലാണ്. സ്വന്തം രാശിയായ ധനുവിലാണ് കഴിഞ്ഞ വർഷം ഈ രാശിക്കാർക്ക് 12–ാം വ്യാഴമായിരുന്നു. 12–ലെ വ്യാഴപ്പകർച്ചയാൽ ചിറകൊടിഞ്ഞ മോഹങ്ങൾ നവംബർ 5 മുതൽ വാനിലുയർന്ന് പറക്കും. ആഗ്രഹങ്ങൾ ഒരു പരിധിവരെ ഫലം കാണും. ധനകാര്യരംഗം നന്നായി വരും. മനശാന്തി ഉണ്ടാകും. ജന്മത്തിലെ വ്യാഴം 7–ൽ ദൃഷ്ടി ചെയ്യുന്തിനാൽ വിവാഹകാര്യങ്ങൾക്കും നല്ലതാണ്. വിവാഹ നിശ്ചയം, പ്രേമസാഫല്യം, പുനർവിവാഹയോഗം എന്നിവ ഉണ്ടാകും. മാധ്യസ്ഥചർച്ചകളിലൂടെ മുൻകാല പ്രതിസന്ധികൾ പരിഹരിക്കാൻ സാധിക്കുന്നതാണ്. ഞാൻ എന്ന ഭാവം മാറ്റി പിടിവാശികൾ ഉപേക്ഷിച്ച് നമ്മൾ എന്ന ഭാവത്തോടെ ഇക്കാലത്ത് പ്രവൃത്തിച്ചാൽ അനേകം നേട്ടങ്ങൾ സ്‌ത്രീ–പുരുഷ ഭേദമില്ലാതെ ലഭിക്കുന്നതാണ്. ജന്മരാശിയിലെ വ്യാഴം ഗുണപ്രദനാക്കാൻ ശ്രീപരശുരാമൻ, ശ്രീരാമൻ, ശ്രീകൃഷ്‌ണൻ എന്നീ വൈഷ്‌ണവ മൂർത്തികളെ ആരാധിക്കുക.

 മകരക്കൂറ് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
       

മകരകൂറുകാർക്ക് വൃശ്ചികരാശിയായ 12–ൽ ആണ് വ്യാഴം. അനാവശ്യ ചിലവുകൾ കൂടിയ കാലം. സമ്പാദ്യശീലം കുറയും, കടം വാങ്ങി ആഡംബര ജീവിതത്തിനുവേണ്ടി സ്ഥിരസ്വത്തുക്കൾ വിൽക്കാനോ പണയപ്പെടുത്താനോ ഉള്ള പ്രവണത വരാം. ഷെയർ മാർക്കറ്റ്, ലോട്ടറി, അമിത പലിശ കിട്ടുന്ന സാമ്പത്തിക ഇടപാടുകൾ എന്നിവയിൽപെടാതെ നോക്കുക. യാത്രകൾമൂലം ധനം, സ്വർണ്ണം എന്നിവ നഷ്ടം ആകാം. വിലപിടിപ്പുള്ള രേഖകൾ ഇക്കാലത്ത് മോഷ്ടിക്കപ്പെട്ടേക്കാം. വിദേശയാത്രികർ വിദേശത്ത് എത്തി ചതിയിൽപെടാതെ നോക്കുക. പൂർവ്വകാല കടബാധ്യതകൾ, രഹസ്യബന്ധങ്ങൾ എന്നിവ ഇപ്പോൾ പുറത്ത് വന്ന് മാനാഭിമാനത്തെ ചോദ്യം ചെയ്‌തേക്കാം. തൊഴിൽ സ്ഥലത്ത് പലവിധത്തിൽ ഉപദ്രവം ഉണ്ടാകുന്നതാണ്. പൊതുവിൽ നല്ല സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകൾ നടത്തും മുൻപ് ഉചിതമായ നിയമോപദേശം തേടുക. ദോഷശാന്തിക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുക. നവഗ്രഹപൂജ, ശ്രീകൃഷ്‌ണന് നെയ്യ് വിളക്ക്, പ്രധാന വിഷ്‌ണുക്ഷേത്രങ്ങളിൽ ദർശനം, അർച്ചന, നൈവേദ്യം എന്നിവ നടത്തുക.

കുംഭക്കൂറ് (അവിട്ടം അവസാനം പകുതി, ചതയം, പുരൂരുട്ടാതി മുക്കാൽ)

കാലപുരുഷന്റെ ലാഭസ്ഥാനക്കാരുടെ ലാഭസ്ഥാനത്തേയ്‌ക്കാണ് വ്യാഴം 11–ൽ വരുന്നത്. ഈ സ്ഥിതി കുംഭകൂറ് രാശിക്കാർക്ക് ഗുണം ചെയ്യും. എന്നാൽ അതിമോഹങ്ങളിൽപെടാനും സാധ്യതയുണ്ട്. ഇവിടെ ശനി 2020 ജനുവരിയോടെ വ്യാഴത്തിന് കൂട്ടായി വരാം. രണ്ട് സമന്മാർ 11–ാം രാശിയിൽ ഗുരുവും ശനിയും ഒരു മിച്ച് 11–ാം രാശിയിൽ വളരെ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ അഹങ്കാരം പാടില്ല. കഴിഞ്ഞ 12 വർഷക്കാലമായി പരിശ്രമിച്ചിട്ടും നടക്കാത്ത പല വിഷയങ്ങളിലും അനുകൂലമായ തീർപ്പ് ഉണ്ടാകും. സിവിൽ കേസ്സുകൾ ഇപ്പോൾ തീർപ്പാക്കാൻ ശ്രമിച്ചാൽ നടക്കും.  നവദമ്പതികൾക്ക് ഇപ്പോൾ സന്താനലാഭത്തിന് നല്ല സമയമാണ്. വ്യാഴദശ അനുകൂലമായ ജാതകക്കാർക്ക് ഗോചര വ്യാഴത്തിന്റെ 11–ലെ സ്ഥിതി വളരെ ഗുണപ്രദമാകുന്നതാണ്. ഗുരുവും (വ്യാഴം), വായുവും (ശനി) ഒരുമിച്ച് 11–ൽ നിൽക്കുന്നതിനാൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്തുന്നതും, അത്താഴ ശീവേലി തൊഴുന്നതും ഗുണഫലം നൽകും. ഗുരുകാരണവന്മാരുടെ അനുഗ്രഹത്താൽ സർവ്വകാര്യ വിജയം ഉറപ്പാണ്. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും ഈ കാലം ഗുണപ്രദമാണ്.

മീനക്കൂറ് ( പൂരുരുട്ടാതി അവസാന കാൽഭാഗം
, ഉത്തൃട്ടാതി, രേവതി)

       

ഈ രാശികാർക്ക് കർമ്മവ്യാഴമാണ്. തൊഴിൽ രംഗത്ത് സ്ഥാനചലനം, ഓഫീസ് മാറ്റം, അസ്വീകാര്യമായ സ്ഥലം മാറ്റം, ബന്ധുക്കളുടെ വിയോഗം, ഒളിവിൽ കഴിയേണ്ട സാഹചര്യങ്ങൾ, സ്വാഭിമാനനഷ്ടം, ജന്മസ്ഥലത്ത് നിന്ന് വിദേശത്ത് പോകേണ്ട സാഹചര്യം, തൊഴിൽപരമായ അലച്ചിൽ, വാഗ്‌ദാനലംഘനം കേസുവഴക്കുകളിൽ പരാജയം, നിരപരാധിത്ത്വം തെളിയിക്കാനാകാത്ത അവസ്ഥ. ബന്ധുജന വിരോധം, വരുമാനകുറവ് മൂലം കുടുംബത്ത് പ്രശ്‌നങ്ങൾ എന്നിങ്ങനെ പൊതുവിൽ തീരം വശംകെട്ട സമയം. എന്നാൽ 2020 ജനുവരിയോടെ 11–ലേക്കു വരുന്ന ശനി ഗുണഫലം നൽകുന്നതോടെ കാര്യങ്ങൾക്ക് സമാധാനം ഉണ്ടായി തുടങ്ങും. വസ്‌തുക്കൾ വിറ്റെങ്കിലും കടബാധ്യതകൾ തീർക്കാൻ ഈ സമയം കഴിയും. വരാഹമൂർത്തിയെയും നരസിംഹമൂർത്തിയെയും ആരാധിക്കുന്നത് ഗുണാനുഭവങ്ങൾ നൽകും. ദക്ഷിണാമൂർത്തിയെ ആരാധിക്കുന്നതും നല്ലതാണ്.

       

ജാതകത്തിൽ വ്യാഴത്തിന്റെ നില അനുകൂലമായവർക്ക് ഗോചര വ്യാഴത്തിന്റെ സ്ഥിതിമൂലം വലിയ അനിഷ്‌ടങ്ങൾ സാധ്യത കുറവാണ്. ജാതകത്തിൽ വ്യാഴത്തിന് 3.6.8.12 സ്ഥിതി മകരത്തിലെ വ്യാഴത്തിന്റെ നീചസ്ഥിതി എന്നിവ ഉള്ളവർക്ക് ദോഷാനുഭവങ്ങൾ കൂട്ടൂം. ഇക്കാലത്ത് ഗുരുവിന്റെയും ഗുരുസ്ഥാനാിയരുടെയും ഉപദേശം തേടി കാര്യങ്ങൾ നടത്തുക. ജ്യോതിഷ ഉപദേശപ്രകാരം അനുയോജ്യമാണെങ്കിൽ മഞ്ഞ പുഷ്യരാഗം/ ഗോൾഡൻ ടോപ്പാസ്  ധരിക്കുന്നതും, വ്യാഴാഴ്‌ച മഞ്ഞ നിറമുള്ള വസ്‌ത്രം ധരിക്കുന്നതും, വ്യാഴത്തിന്റെ ധാന്യമായ കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും, അന്നദാനം നടത്തുന്നതും വിഷ്‌ണു/ശ്രീകൃഷ്‌ണക്ഷേത്ര ദർശനവും, വിഷ്‌ണുസഹസ്രനാമജപവും, ഏകാദശിവ്രതവും ദോഷഫലത്തെ കുറയ്ക്കും. ഇതര മതസ്ഥർക്ക് അവരവരുടെ മതാചാര്യന്മാരുടെ നിർദ്ദേശപ്രകാരം പരിഹാരക്രിയകൾ നടത്താവുന്നതാണ്. വ്യാഴമാറ്റം സ്വന്തം രാശിയിൽ ആയതിനാൽ ഇക്കാലത്ത് വളരെ ദോഷകരമായ ഫലങ്ങൾ ഉണ്ടാകില്ല എന്ന് സമാധാനിക്കാം. പൊതുവിൽ സാമ്പത്തികരംഗത്ത് ഉണർവ് ഉണ്ടാകും.

അതിചാരത്തിലും വക്രത്തിലും വ്യാഴത്തിന് പൂർവ്വരാശിയിലെ ഫലമാണ് അനുഭവത്തിൽ വരുക എന്ന ജ്യോതിഷ പ്രമാണപ്രകാരം ഗുണഫലങ്ങൾ തന്നെ വ്യാഴം അനുകൂലമായ രാശിക്കാർക്ക് ഉണ്ടാകും എന്ന് വിശ്വസിക്കാം.

        

ലേഖകൻ

ആർ. സഞ്ജീവ്‌കുമാർ,
ജ്യോതിസ് അസ്‌ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാർട്ട്‌മെന്റ്, തൈക്കാട് പി.ഒ.
തിരുവനന്തപുരം.
ഫോൺ: 8078908087, 9526480571

English Summery : Jupiter Transit 2019 Star Prediction by R Sanjeev Kumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA