sections
MORE

സംഖ്യാശാസ്ത്രപ്രകാരം നവംബർ നിങ്ങൾക്കെങ്ങനെ?

HIGHLIGHTS
  • ജനനതിയതി അനുസരിച്ച് ഈ മാസം നിങ്ങൾക്കെങ്ങനെ?
Numerology-Prediction
SHARE

സംഖ്യാശാസ്ത്രത്തിന് മനുഷ്യജീവിതവുമായി ബന്ധമുണ്ടെന്നും അവയുടെ ഊർജത്തിന് ജീവിതാനുഭവങ്ങളുടെ മേൽ നിർണായക സ്വാധീനമുണ്ടെന്നും കരുതപ്പെടുന്നു. ഒന്നു മുതൽ ഒമ്പതു വരെയുള്ള ഒറ്റസംഖ്യകൾക്കും പത്തു മുതൽ ശേഷമുള്ള സംയുക്ത സംഖ്യകൾക്കുമുള്ള പ്രസക്തിയും അവ ചൂണ്ടിക്കാണിക്കുന്ന വ്യക്തി വൈശിഷ്ട്യങ്ങളും സ്വഭാവ സവിശേഷതകളുമൊക്കെ ശരിയാണെന്ന് പലരുടേയും അനുഭവസാക്ഷ്യങ്ങൾ സൂചിപ്പിക്കുന്നു.1, 10, 19, 28 തീയതികളിൽ ജനിച്ചവർ

വീട്ടിലെ പ്രശ്നങ്ങൾക്കൊരു ശമനം വരുന്ന മാസം. ദീർഘകാലമായി സന്തതികളില്ലാതിരുന്ന ദമ്പതികൾക്ക് സന്തതിലാഭം ഉണ്ടാകുന്ന മാസം. പ്രണയബന്ധങ്ങൾ തുടങ്ങും. മിക്കതും വിജയിക്കാനും സാധ്യത. ട്രെയിൻ – ബസ് യാത്രകളിൽ തുടങ്ങുന്ന ഇത്തരം പരിചയങ്ങൾ വിവാഹത്തിൽ പര്യവസാനിക്കാനും സാധ്യത. ഇന്റീരിയർ ഡെക്കറേഷൻ നടത്തുന്നവർ, നടീനടന്മാർ, സംഗീത സംവിധായകർ, പാട്ടുകാർ, കവികൾ, ചിത്രകാരന്മാർ, ചലച്ചിത്ര സംവിധായകർ, ആഭരണക്കടകൾ നടത്തുന്നവർ, ഗവേഷകര്‍ എന്നിവർക്ക് നല്ല മാസം. വളരെ വിലപിടിപ്പുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഗിഫ്റ്റുകൾ ഇവ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ജോലി, ദൂരയാത്രകൾ എന്നിവയ്ക്ക് സാധ്യത. 13, 14, 17, 22, 23, 26 തീയതികൾ നന്നായിരിക്കും. 10, 11, 19, 20, 28, 29 തീയതികൾ സുഖകരമായിരിക്കാന്‍ സാധ്യതയില്ല. തിങ്കളാഴ്ചകളും വ്യാഴാഴ്ചകളും നന്നായിരിക്കും. വീഴ്ച, ഒടിവ്, ചതവ്, കാലിന് പരിക്കുകൾ ഇവ സൂക്ഷിക്കുക. കണ്ണിനും വയറിനും കരളിനും അസുഖങ്ങൾ വന്നേക്കാം. അമിതവേഗത്തിലുള്ള യാത്രകളും രാത്രി യാത്രകളും ഒഴിവാക്കുക. ചിത്തിര, ഉത്രം, മകയിരം, തിരുവാതിരക്കാർ സഹായിക്കും. സുബ്രഹ്മണ്യോപാസന ഗുണം ചെയ്യും.

2, 11, 20, 29 തീയതികളിൽ ജനിച്ചവർ

തെറ്റിദ്ധാരണകളും ചില്ലറ സംശയങ്ങളും അസ്വസ്ഥതകൾ സൃഷ്ടിക്കും. ധാരാളം അധ്വാനം ആവശ്യമായി വരുന്ന മാസം. പ്രതിഫലം കുറയും. അംഗീകാരവും അത്ര തന്നെ മെച്ചമായിരിക്കില്ല. പക്ഷെ കോടതി കേസുകൾ, വിജിലൻസ് കേസുകൾ, വസ്തു തർക്കങ്ങള്‍ ഇവകളില്‍ അനുകൂല വിധി പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ ധനാഗമം, അതായത് ചിട്ടി, ലോട്ടറി, ഒസ്യത്ത് ഇവകൾ വഴി കാശ് വന്നു കയറിയേക്കാം. അധികം സാഹസികത ആവശ്യമായി വരുന്ന കൃത്യങ്ങൾ, ദുർഘട സ്ഥലങ്ങളിലേക്കുള്ള യാത്ര ഇവ ഒഴിവാക്കുക. ആഴമുള്ള ജലാശയങ്ങള്‍, വളരെ പൊക്കമുള്ള കുന്നുകൾ, തടാകങ്ങൾ, നീർച്ചാലുകൾ ഇവകളിലേക്കുള്ള യാത്രകൾ ഇവയൊന്നും ഈ മാസം സുരക്ഷിതമല്ല. പ്രണയത്തിലും സ്ത്രീ പുരുഷബന്ധങ്ങളിലും കരുതലും ജാഗ്രതയും വേണം. ഈ മാസത്തിലനുഭവപ്പെടുന്ന കഷ്ടതകൾ ഒരു പരീക്ഷണം മാത്രമാണെന്നറിയുക. പരിശ്രമിക്കുക. ഈ വർഷം തന്നെ വിജയമുറപ്പിക്കാം. 14, 15, 17, 23, 24, 26 തീയതികളിൽ സന്തോഷപ്രദമായ അനുഭവങ്ങൾ ഉണ്ടാകും. 9, 10, 11, 18, 19, 20, 27 തീയതികൾ അത്ര മെച്ചമല്ല. തിങ്കളാഴ്ചകളും ശനിയാഴ്ചകളും നന്നായിരിക്കും. ആയില്യം, അത്തം, വിശാഖം നക്ഷത്രക്കാർ സഹായിക്കും. ഗണപതി, നരസിംഹം എന്നിവരെ ഭജിക്കുക.

3, 12, 21, 30 തീയതികളിൽ ജനിച്ചവർ

അംഗീകാരത്തിന്റേയും പ്രശസ്തിയുടെയും മാസം. ജനമദ്ധ്യത്തിൽ പരക്കെ അറിയപ്പെടും. അവനവന്റെ ശരിയായ കഴിവുകൾ മനസ്സിലാക്കാനും അത് പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാനുമുള്ള ശ്രമങ്ങൾ ഈ മാസം തുടങ്ങിവയ്ക്കാം. രാഷ്ട്രീയക്കാർ, സാമൂഹ്യപ്രവർത്തകർ എന്നിവർക്ക് നല്ല മാസം. പുതിയ സംരംഭങ്ങൾ, പ്രസ്ഥാനങ്ങൾ ഇവ തുടങ്ങും. അവനവന്റെ ഊർജ്ജം ശരിയായി വിനയോഗിച്ചാൽ ആശ്ചര്യകരമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന മാസം. കോടതിക്കേസുകളിൽ അനുകൂല വിധി കിട്ടും. ശത്രുക്കളുടെ വീര്യം നശിക്കുന്ന മാസം. നിങ്ങളുടെ കഥകൾക്കും കവിതകൾക്കും കൃതികൾക്കും അവാർഡും അംഗീകാരവും കിട്ടും. വളരെക്കാലമായി കുഞ്ഞുങ്ങളില്ലാതിരുന്നവർക്ക് കുഞ്ഞുങ്ങൾ ജനിക്കുന്ന ആഹ്ലാദകരമായ മാസം. ചിട്ടി, ലോട്ടറി എന്നിവ കിട്ടും. മത്സരപ്പരീക്ഷകളിൽ വിജയം. ശരിയായ സുഹൃത്തുക്കൾ ആരാണ് എന്ന് തെളിയിച്ചു തരുന്ന ചില സംഭവങ്ങൾ ഈ മാസം ഉണ്ടാകും. പുതിയ കാറ്, വീട്, ആഭരണങ്ങൾ, ഗാർഹികോപകരണങ്ങൾ ഇവ വാങ്ങും. 13, 14, 15, 22, 23, 24 തീയതികൾ നന്നായിരിക്കും. എന്നാൽ 9, 10, 11, 18, 19, 20, 27, 28 തീയതികൾ അത്ര മെച്ചമായിരിക്കുകയില്ല. ശനിയാഴ്ചകൾ, വ്യാഴാഴ്ചകൾ, ചൊവ്വാഴ്ചകൾ ഇവ നന്നായിരിക്കും. പടിഞ്ഞാറുനിന്ന് നല്ല വാർത്തകൾ കേൾക്കും. ചോതി, വിശാഖം, ഉത്രാടക്കാർ സഹായിക്കും. ആയില്യം, അനിഴം നക്ഷത്രക്കാർ പണി പറ്റിക്കും. ശാസ്താവിനേയും ഹനുമാനേയും ഭജിക്കുക.

4, 13, 22, 31 തീയതികളിൽ ജനിച്ചവർ

കഴിഞ്ഞ കുറെ മാസങ്ങളായി പൂർത്തിയാകാതെ കിടന്ന പല പദ്ധതികളും നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുന്ന മാസം. ഉന്നതസ്ഥാനീയരിൽ നിന്നും അധികാരികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ധാരാളം പ്രശംസയും സഹകരണവും കിട്ടും. പക്ഷേ ചെറിയ തോതിൽ അഭിപ്രായഭിന്നതകളും തർക്കങ്ങളും വഴക്കുമൊക്കെ ജോലിസ്ഥലത്ത് ഈ മാസം ഉണ്ടാകാൻ സാധ്യത. അതിനാൽ വഴക്ക്, വാക്കുതർക്കങ്ങൾ, അനാവശ്യമായ വാദങ്ങൾ, വിശകലനങ്ങൾ ഇവ ഒഴിവാക്കണം. മത്സരങ്ങളിൽ പ്രത്യേകിച്ച് സ്പോർട്സിലും ഗെയിംസിലും വിജയം വരിക്കും. സമൂഹത്തിന്റെ ആദരം ഏറ്റുവാങ്ങും. സാഹിത്യരംഗത്ത് അവാർഡുകൾ കിട്ടും. പുതിയ വീടുപണി തുടങ്ങും. പഴയ വാഹനങ്ങൾ വിൽക്കും. കൃഷിത്തോട്ടം, എസ്റ്റേറ്റ് ഇവ വാങ്ങും. അപ്രതീക്ഷിത ധനലബ്ധി കാണുന്നു. എസ്റ്റേറ്റ് വിൽക്കും. ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട മാസം. 14, 15, 17, 23, 24, 26 എന്നീ തീയതികളിൽ ശുഭകാര്യങ്ങൾ നടക്കും. എന്നാൽ 9, 10, 11, 18, 19, 20, 27 തീയതികളിൽ അശുഭവാർത്തകൾ കേൾക്കും. തെക്കു കിഴക്കുനിന്ന് വിവാഹം, ജോലി വാഗ്ദാനം ഇവ പ്രതീക്ഷിക്കാം. ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ ഇവരെ ഉപാസിക്കുക. പൂരം, അവിട്ടം, മകയിരം നക്ഷത്രക്കാർ സഹായിക്കും. വിവാഹമോചനം കഴിഞ്ഞു നിൽക്കുന്നവർക്ക് പുനർവിവാഹ സാധ്യത.

5, 14, 23 തീയതികളിൽ ജനിച്ചവർ

കഴിഞ്ഞകാല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാറുന്ന മാസം. ഭാഗ്യാനുഭവങ്ങൾ നിരവധി ഉണ്ടാകും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടെയും സഹായം നിർല്ലോപം ലഭിക്കും. അധികാരികളും മേലുദ്യോഗസ്ഥരും നിങ്ങൾ പറയുന്നത് ശ്രദ്ധിക്കും. ബിസിനസ്സ് മെച്ചപ്പെടും. ആരോഗ്യപ്രശ്നങ്ങൾ അലട്ടുകയില്ല. ജീവിതത്തിലെ വലിയൊരു മാറ്റത്തിന് ഈ മാസം സാക്ഷിയാകും. മാറ്റങ്ങള്‍ പൊതുവേ നന്നായിരിക്കും. പുതിയ വ്യക്തികളെ പരിചയപ്പെടും. ഇവർ ഭാവിയിൽ സഹായികളായി വരും. പേരും പെരുമയും കിട്ടും. ഭയഭീതികൾ വെടിഞ്ഞ് ദൃഢനിശ്ചയത്തോടെ മുന്നേറിയാൽ വിജയം ഉറപ്പാക്കുന്ന മാസം. എഴുത്ത്, വായന, മത്സരങ്ങളിൽ പങ്കെടുക്കൽ, പുതിയ സാമ്പത്തിക പരിപാടികൾ, യന്ത്രസാമഗ്രികളുടെ വാങ്ങൽ എന്നിവയ്ക്കൊക്കെ പറ്റിയ മാസം. എഴുത്ത്, വായന, പുസ്തകരചന, കവിതാനിർമ്മിതി ഇവയ്ക്കൊക്കെ പറ്റിയ മാസം. 9, 11, 12, 18, 19, 20, 21, 27 തീയതികൾ വളരെ നല്ലത്. കിഴക്കു നിന്ന് നല്ല വാർത്തകൾ കേൾക്കും. ഞായറാഴ്ചകളും ബുധനാഴ്ചകളും നല്ലത്. 9, 11, 12, 18, 20, 21, 27 തീയതികൾ നല്ലത്. 4, 6, 8, 13, 15, 17, 22, 24, 26 തീയതികള്‍ പോര. തിങ്കൾ തോറും ശിവഭജനവും വെള്ളിതോറും അന്നപൂർണ്ണേശ്വരി ഭജനവും നല്ലത്. വീടിന് അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കുന്ന മാസം.

6, 15, 24 തീയതികളിൽ ജനിച്ചവർ

വ്യക്തിത്വം തിളങ്ങി നിൽക്കുന്ന മാസം. പുതിയ സുഹൃത്തുക്കൾ, പുതിയ പ്രണയം, മനസ്സുഖം, ശാന്തി, വൈകാരികമായ അനുഭൂതി വിശേഷങ്ങൾ ഇവ ഉണ്ടാകും. റിയൽഎസ്റ്റേറ്റ് ബിസിനസ്സുകാർക്കും കെട്ടിടനിർമ്മാണ ബിസിനസ്സുകാർക്കും നല്ല മാസം. പുതിയ വീട്, കാറ്, മൊബൈൽ ഫോൺ, കമ്പ്യൂട്ടറുകൾ ഇവയ്ക്കൊക്കെ സാധ്യത. വാടകവീടൊഴിയും. വീട്ടുമൃഗങ്ങൾക്ക് നാശം, തറവാടിന് അഗ്നിബാധ എന്നിവയ്ക്ക് സാധ്യത. രാത്രിയാത്രകൾ ഒഴിവാക്കുക. സാഹസിക യാത്രകൾ നടത്തേണ്ടിവരും. .ചിന്തയിൽ കാര്യമായ മാറ്റമുണ്ടാകും. 9, 10, 11, 18, 19, 20, 27 തീയതികൾ നന്നായിരിക്കും. 14, 15, 23, 24 തീയതികൾ അത്ര നന്നല്ല. വടക്കു കിഴക്കു നിന്ന് ശുഭവാർത്തകൾ ശ്രവിക്കും. പ്രമോഷൻ പ്രതീക്ഷിക്കാം. ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിക്കും. മ്യൂറൽ പെയിന്റിങ്, ജ്യോതിഷം, യോഗ ഇവ പഠിച്ചു തുടങ്ങും. പൂരാടം, ഉത്രം, അനിഴം, അശ്വതി നക്ഷത്രക്കാർ സഹായിക്കും. ഭരണി, അത്തം, പുണർതം, തിരുവാതിര നക്ഷത്രക്കാർ സഹായിക്കും. മകയിരം, പൂരം, തിരുവോണം നക്ഷത്രക്കാർക്ക് ദുരിതം. മഹാവിഷ്ണുവിനെ ഭജിക്കുക.

7, 16, 25 തീയതികളിൽ ജനിച്ചവർ

പഴയ പ്രോജക്റ്റുകളും ആശയങ്ങളും വിജയകരമായി പ്രവർത്തനരംഗത്ത് കൊണ്ടുവരും. പുതിയ പരിചയക്കാർ, പുതിയ സുഹൃത്തുക്കൾ എന്നിവയ്ക്ക് സാധ്യത. പുതിയ ശൈലികൾ അവലംബിച്ച് എഴുതപ്പെടുന്ന കൃതികൾക്ക് പ്രാമുഖ്യം ലഭിക്കുന്ന മാസം. എന്തായാലും സംസാരിക്കുമ്പോഴും എഴുതുമ്പോഴും സൂക്ഷിക്കണം. സോഷ്യൽമീഡിയയിൽ ആക്ഷേപ പരിഹാസങ്ങൾക്കും വിവാദ പോസ്റ്റുകൾക്കും സാധ്യത. പുതിയ ബിസിനസ്സ്, സർക്കാരിൽ പുതിയ തസ്തികകൾ എന്നിവയ്ക്കും സാധ്യത. പ്രമോഷനുകൾ പ്രതീക്ഷിക്കാം. വല്ലാത്ത ഒരു ധൈര്യവും സ്വതന്ത്രചിന്തയും ഉണ്ടാകുന്ന മാസം. പേപ്പറുകൾ, ഉടമ്പടികൾ, പ്രമാണങ്ങൾ ഇവ ഒപ്പിടുമ്പോൾ വളരെ ശ്രദ്ധിക്കണം. വ്യവഹാരസാധ്യത കൂടി വരും. ബിസിനസ്സ് പങ്കാളികൾ തെറ്റിപ്പിരിയും. വടക്കുകിഴക്കു നിന്നോ തെക്കുകിഴക്കു നിന്നോ ശുഭവാർത്തകൾ ശ്രവിക്കും. ഞായറാഴ്ചകളും വ്യാഴാഴ്ചകളും നന്നായിരിക്കും. 5, 6, 8, 14, 15, 17, 23, 24 തീയതികൾ ശുഭമായിരിക്കും. 1, 2, 11, 20, 29, 30 തീയതികൾ അത്ര നന്നല്ല. ആയില്യം, ഉത്തൃട്ടാതി, ചോതി, മകം നക്ഷത്രക്കാര്‍ സഹായിക്കും. ഭരണി, തിരുവോണക്കാർ പ്രശ്നങ്ങൾ സങ്കീർണമാക്കും. ഗണപതി ഭജനം ഉത്തമം.

8, 17, 26 തീയതികളിൽ ജനിച്ചവർ

പ്രയാസപ്പെട്ട് വിജയങ്ങള്‍ കൈവരിക്കുന്ന മാസം. ഒട്ടും പ്രതീക്ഷിക്കാത്ത ചില തടസ്സങ്ങളും ശല്യങ്ങളും ഈ മാസം അനുഭവിക്കേണ്ടി വരും. അതിനാൽ നല്ല ജാഗ്രതയും കരുതലും വേണം. കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം. അനഭിലഷണീയമായ ചർച്ചകളും വാക്കുതർക്കങ്ങളും ഒഴിവാക്കുക. പുതിയ വീട്, വാഹനം, പുതിയ ബിസിനസ്സ് എന്നിവയ്ക്ക് സാധ്യത. ജോലിമാറ്റം പ്രതീക്ഷിക്കാം. പക്ഷേ ആലോചിച്ച് മാത്രമേ പുതിയ ജോലി സ്വീകരിയ്ക്കാവൂ. ധാരാളം കാശ് കിട്ടാൻ സാധ്യത. സർക്കാരിൽ നിന്നും ശമ്പളക്കുടിശ്ശിക ഇനത്തിൽ പൈസ കിട്ടിയേക്കും. വിവാഹം പ്രതീക്ഷിക്കുന്നവർ വിവാഹിതരാകാനോ, വിവാഹം ഉറപ്പിക്കാനോ സാധ്യത. വിവാഹിതരായി കുട്ടികൾ പ്രതീക്ഷിക്കുന്നവർക്ക് സന്തതി ഉണ്ടായേക്കും. പ്രണയങ്ങൾ പൂവണിയും. ധ്യാനം, യോഗ ഇവകൾ പരിശീലിക്കുന്നവർക്ക് നല്ല അനുഭവങ്ങൾ ഉണ്ടാകും. ഭാര്യാഭർത്തൃ ബന്ധത്തിൽ അസംതൃപ്തി ഉള്ളവർക്ക് അത് മാറിക്കിട്ടും. വിഷജന്തുവിന്റെ ആക്രമണം, ഉദരവ്യാധികൾ, കണ്ണ്, ചെവി, മൂക്ക് ഇവകളിൽ രോഗങ്ങൾ എന്നിവ സൂക്ഷിക്കുക. 10, 13, 15, 19, 22, 24 തീയതികളിൽ നല്ല അനുഭവങ്ങൾ. 11, 20, 29 തീയതികൾ അത്ര ഭേദമല്ല. ബുധനാഴ്ചകൾ നല്ലത്. വടക്കുനിന്ന് ശുഭവാർത്തകൾ ശ്രവിക്കും. വിലപിടിപ്പുള്ള ചില പാരിതോഷികങ്ങൾ ലഭിക്കും. ഗണപതിയേയും ശിവനേയും ഭജിക്കുക.

9, 18, 27 തീയതികളിൽ ജനിച്ചവർ

സുഹൃത്തുക്കൾ വർധിക്കുന്ന മാസം. നിങ്ങൾ ഒരു കാന്തത്തെപ്പോലെ മറ്റുള്ളവരെ ആകർഷിക്കും. ബിസിനസ്സുകാർക്കും രാഷ്ട്രീയക്കാർക്കും അധ്യാപകർക്കും വളരെ നല്ല മാസം. ബിസിനസ്സിൽ പങ്കാളിയാകാൻ ക്ഷണം കിട്ടും. ഉടമ്പടികൾ, വ്യവസ്ഥകൾ ഇവ ഒപ്പിടുമ്പോള്‍ വളരെ ശ്രദ്ധിക്കണം. പരീക്ഷകളില്‍ ഉന്നതവിജയം കാണുന്നു. വീടിന് കാര്യമായ അറ്റകുറ്റപ്പണികൾ വേണ്ടിവരും. സ്വീകരണമുറി, ബെഡ്റൂം, അടുക്കള, ചുറ്റുമതിൽ ഇവിടങ്ങളിലാണ് പണി വരിക. ഓർമ്മയിൽ എന്നെന്നും സൂക്ഷിക്കേണ്ടതായ ചില സംഭവങ്ങൾ ഈ മാസം ഉണ്ടാകും. ചെവികൾ, കഴുത്ത്, നട്ടെല്ല്, കണ്ണ്, വയറ്, ഇടത്തേകാൽ എന്നിവിടങ്ങളിൽ അസുഖസാധ്യത. സഹോദരങ്ങൾക്ക് ശസ്ത്രക്രിയ വേണ്ടിവരും. വാഹനാപകടങ്ങൾ, വിഷജന്തുക്കളുടെ ദംശനം ഇവയ്ക്ക് സാധ്യത. ഇലക്ട്രിസിറ്റി, സ്റ്റൗ, ഗ്യാസ് സിലിണ്ടർ ഇവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. 10, 11, 13, 14, 15 തീയതികൾ വളരെ നല്ലത്. 12, 16, 23, 25 തീയതികൾ സൂക്ഷിക്കുക. തെക്ക്, തെക്കുകിഴക്ക് ദിക്കുകളിൽ നിന്നും സന്തോഷവാർത്തകൾ കേൾക്കും. ശ്രീകൃഷ്ണനേയും ഭദ്രയേയും ഭജിക്കുക.


ലേഖകൻ

എം. നന്ദകുമാർ 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

English Summery : November 2019 Monthly Horoscope / Numerology Prediction by M. Nandakumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA