ADVERTISEMENT

ഈ വർഷത്തെ സൂര്യഗ്രഹണം, 1195 ധനു 10ന്  (2019 ഡിസംബർ  26) വ്യാഴാഴ്ച നടക്കുകയാണ്. കാലത്ത് 8 മണി 07 മിനിറ്റിന് ബിംബ സ്പർശവും 9 മണി 32 മിനിറ്റിന് മധ്യകാലവും 11 മണി 11 മിനിറ്റിന് മോക്ഷ കാലവുമാകുന്നു. വായു കോണിലാണ് ഗ്രഹണ സ്പർശനം. ഈശാന കോണിൽ ഗ്രഹണ മോചനം.


സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുന്ന വൃത്തവും ചന്ദ്രന്റെ സഞ്ചാരപഥവും തമ്മിൽ 5 ഡിഗ്രി 1 മിനിറ്റ് ചരിഞ്ഞാണ് ഇരിക്കുന്നത്.  ഈ സഞ്ചാര പഥങ്ങൾ രണ്ടു സ്ഥലത്ത് ഖണ്ഡിക്കുന്നുണ്ട്. ചന്ദ്രൻ ദക്ഷിണാർധഗോളത്തിൽ നിന്ന് ഉത്തരാർധ ഗോളത്തിലേക്ക് കടക്കുമ്പോൾ ഖണ്ഡിക്കുന്ന ബിന്ദുവിന് രാഹു (Ascending Node) എന്നും ചന്ദ്രൻ ഉത്തരാർധഗോളത്തിൽ നിന്നു ദക്ഷിണാർധഗോളത്തിലേക്ക് കടക്കുമ്പോൾ ഖണ്ഡിക്കുന്ന ബിന്ദുവിന് കേതു എന്നും പറയുന്നു. ഈ വർഷം നടക്കുന്നത് കേതുഗ്രസ്ത സൂര്യഗ്രഹണമാണ്. സൂര്യ ചന്ദ്രന്മാർ രാഹുകേതുക്കളോട് അടുത്തു വരുമ്പോൾ മാത്രമാണ് ഗ്രഹണം സംഭവിക്കുകയുള്ളൂ.

സൂര്യഗ്രഹണം കറുത്തവാവിനാണ് സംഭവിക്കുന്നത്. അപ്പോൾ സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്നു. ചന്ദ്രൻ ഒരു ദിവസം ശരാശരി 13 ഡിഗ്രി 11 മിനിറ്റ് സഞ്ചരിക്കുന്നു. സൂര്യൻ ഒരു ദിവസം 59.16 മിനിറ്റ് സഞ്ചരിക്കുന്നുണ്ട്. ചന്ദ്രന്റെ വേഗം സൂര്യന്റെ വേഗത്തെക്കാൾ വളരെ കൂടുതലാണ്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യബിംബത്തെ ചന്ദ്രൻ മറയ്ക്കും ഇതാണ് സൂര്യഗ്രഹണം. സിംഹികേയൻ എന്ന അസുരന്റെ തലയും ഉടലുമായാണ് രാഹുകേതുക്കളെ പുരാണങ്ങളിൽ പറയുന്നു.


ഗ്രഹണം സ്വാധീനിക്കുന്ന കൂറുകളും നക്ഷത്രങ്ങളും

മൂലം നക്ഷത്രത്തിലാണ് ഇപ്രാവശ്യം സൂര്യഗ്രഹണം നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ നക്ഷത്രത്തിനും അനുജന്മ നക്ഷത്രങ്ങളായ അശ്വതിക്കും മകത്തിനും ദോഷം വരുന്നുണ്ട്. അതുകൊണ്ട് ഈ നക്ഷത്രക്കാർക്ക് രോഗദുരിതങ്ങളും ശരീര ശോഷണവും മറ്റ് അരിഷ്ടതകൾക്കും ഇടയുള്ളതായി കാണുന്നു.

 

ഗ്രഹണഫലങ്ങൾ



മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ¼ ) 

ഈ കൂറുകാർക്ക് മാനഹാനിയും പൂർവപുണ്യക്ഷയവും പിതാവിന് അരിഷ്ടവും, ഭാഗ്യനാശവും ഫലമായി വരുന്നുണ്ട്.

ഇടവക്കൂറ് (കാർത്തിക ¾ , രോഹിണി, മകയിരം ½ ) ഈ കൂറുകാർക്കു മൃത്യുഭയാദി അരിഷ്ടതകളും അപമാനവും.

മിഥുനക്കൂറ്  (മകയിരം ½ , തിരുവാതിര, പുണർതം ¾ ) ഈ കൂറുകാർക്ക് ഭാര്യാ ഭർതൃ കലഹവും, ധനനഷ്ടവും.


കർക്കടക്കൂറ് (പുണർതം ¼ , പൂയം, ആയില്യം) ഇവർക്ക് സൗഖ്യവും സുഖ വർധനയും രോഗമുക്തിയും.


ചിങ്ങക്കൂറ് (മകം, പൂരം, ഉത്രത്തിൽ ¼ ) മനോദുഃഖവും പുത്രനാശവും ഉദരവ്യാധിയും.


കന്നിക്കൂറ് (ഉത്രം ¾ , അത്തം, ചിത്ര ½ ) ഈ കൂറുകാർക്ക് ദേഹപീഡയും മാതൃജന അരിഷ്ടവും വാഹനഭീതിയും ഫലം.


തുലാക്കൂറ് (ചിത്ര ½ , ചോതി, വിശാഖം ¾ ) ഐശ്വര്യാഭിവൃദ്ധിയും സഹോദര ഗുണവും ഇഷ്ടവാർത്താ ശ്രവണവും.

വൃശ്ചിക്കൂറ് (വിശാഖം ¼ , അനിഴം, തൃക്കേട്ട) ഈ കൂറുകാർക്ക് വാക്കിന് വൈകല്യവും മനോദുഃഖവും ധനനഷ്ടങ്ങളും ഫലം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼ ) ഈ കൂറുകാർക്ക് ദ്രവ്യനാശവും ദേഹപീഡയും രോഗാദി കഷ്ടതകളും ഫലം


മകരക്കൂറ് (ഉത്രാടം ¾ , തിരുവോണം, അവിട്ടം ½ ) ഈ കൂറുകാർക്ക് ധനനാശവും അംഗഭംഗങ്ങളും സ്ഥാനഭ്രംശവും ഫലം.

കുംഭക്കൂറ് (അവിട്ടം ½ , ചതയം, പൂരുരുട്ടാതി ¾ ) ഈ കൂറുകാർക്ക് ധനലാഭവും മൃഷ്ടാന്ന ഭോജനവും ഇഷ്ടവാർത്താ ശ്രവണവും ഫലം.

മീനക്കൂറ് (പൂരുരുട്ടാതി ¼ ഉത്രട്ടാതി, രേവതി) ഇവർക്ക് സുഖവും ബന്ധുസമാഗമവും കർമ വിജയവും ഫലമാകുന്നു.

ദോഷശാന്തിക്കായി ഗ്രഹണപുണ്യകാലങ്ങളിൽ തീർഥസ്നാനം ചെയ്ത് ഭൂമി, പശു, സ്വർണനാഗ പ്രതിമകൾ വിധിക്ക് അനുസരിച്ച്  ദാനം ചെയ്യണം. ഗ്രഹണ സ്പർശകാലങ്ങളിൽ കുളിച്ച് ഭസ്മം ധരിച്ച് ശിവനാമജപം ഗ്രഹണാന്ത്യം വരെയും സശ്രദ്ധം ചെയ്യണം. ഗ്രഹണാരംഭത്തിന് മുമ്പ് 3 യാമം മുതൽ ഗ്രഹണം കഴിയുന്നത് വരെ ഭക്ഷണാദികൾക്ക് നിഷിദ്ധകാലമാകുന്നു.

 

ലേഖകൻ  

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്,

കൂറ്റനാട് വഴി, പാലക്കാട് ജില്ല  Ph: 9846309646  

Whatsapp: 8547019646

 

English Summery : Solar Eclipse in December 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com