sections
MORE

ആയില്യം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം ആയില്യം നക്ഷത്രക്കാർക്കെങ്ങനെ?
ayilyam-2020
SHARE

ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ വിദ്യാർഥികൾക്ക് ഉൾഭയം, ഉദാസീനമനോഭാവം, പരീക്ഷാപ്പേടി, എല്ലാക്കാര്യങ്ങളിലും സംശയം എന്നിവ കാണുന്നു. പരീക്ഷകളിൽ അത്ര മികവു പുലർത്തില്ല. ഈ വർഷം ഉപരിപഠനത്തിന് അവസരം ലഭിക്കാത്തവർ 2021 ൽ പരിശ്രമിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾ ശുദ്ധിയോടെ സാരസ്വതം നെയ്യ് കാലത്തെ സേവിക്കുന്നതും മൂകാംബിക ക്ഷേത്ര ദർശനം നടത്തുന്നതും നന്നായിരിക്കും. വിദ്യാർഥികൾക്ക് പഠനശേഷം ജോലി ലഭിക്കുമെങ്കിലും സ്ഥാനമാനങ്ങളോ അംഗീകാരമോ ലഭിക്കില്ല. താൽക്കാലിക ജോലികള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടതായ സാഹചര്യം കാണുന്നു. ഈ വർഷവും വ്യാപാരവിപണനവിതരണ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടുന്നതിനാൽ സാമ്പത്തിക ആവശ്യത്തിന് പൂർവിക സ്വത്ത് വിൽക്കേണ്ടി വരും. 

കഴിഞ്ഞ രണ്ടു വർഷമായി അനുഭവിച്ചുവരുന്ന മാന്ദ്യത ഈ വർഷവും തുടരും. പ്രലോഭനങ്ങളിൽ പെട്ട് കൂട്ടുകച്ചവടത്തിലോ പണം മുതൽമുടക്കിയുള്ള പ്രവർത്തനമണ്ഡലങ്ങളിലോ ഏർപ്പെടുന്നത് നല്ലതല്ല. മറ്റു ചിലർക്ക് വിദേശത്ത് മക്കളുടെ പഠനാവശ്യങ്ങൾക്കായോ, ജോലിക്കായോ പണം മുടക്കേണ്ടി വന്നാൽ ഏജന്റ് മുഖാന്തിരം കബളിപ്പിക്കപ്പെടാനുള്ള സാഹചര്യം കാണുന്നു. അശ്രാന്തമായി പരിശ്രമിച്ചാലും അനുകൂലഫലം കുറവാണ് എന്നതിനാൽ മനസ്സിന് സ്വസ്ഥതക്കേട് കാണുന്നു. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സാധിക്കാതെ വരും. പണം കടം മേടിച്ചത് അടച്ചു തീർക്കാൻ സാധിക്കാതെ വരാം. ഇങ്ങനെയുള്ള മാർഗ്ഗ തടസ്സങ്ങൾ മാറുന്നതിനായി ഈശ്വരപ്രാർഥന നടത്തുക, സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുക എന്നിവ വഴി ആശ്വാസം ലഭിക്കും.

പ്രതിസന്ധികൾ തരണം ചെയ്യാൻ അത്യധ്വാനവും കഠിനപ്രയത്നവും പരസഹായവും സുഹൃത് സഹായവും വേണ്ടി വന്നേക്കാം. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ സ്വീകരിക്കുന്നത് അബദ്ധങ്ങളെ ഒഴിവാക്കാൻ സഹായിക്കും. കാർഷികമേഖലകളിൽ പരാജയം കാണുന്നു. സുഹൃത്തിന്റെ സംരംഭങ്ങളിൽ കൂട്ടുചേർന്ന് ഉദ്യോഗത്തിനുള്ള സാധ്യത കാണുന്നു. അല്ലെങ്കിൽ നിലവിലുള്ള ഉദ്യോഗത്തിൽ തുടരുന്നതാവും നല്ലത്. വ്യാപാരവിപണനവിതരണ മേഖലകളിൽ അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങുവാനുള്ള തീരുമാനം മാറ്റിവയ്ക്കുന്നതായിരിക്കും ഉചിതം. നിലവിലുള്ള സ്ഥാപനത്തിൽ നേട്ടമില്ലാത്ത വിഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് നേട്ടമുള്ള വിഭാഗം പുനരുജ്ജീവിപ്പിക്കുവാനുള്ള തീരുമാനം അന്തിമ നിമിഷത്തിൽ ഫലപ്രാപ്തി കാണാം. ശാസ്ത്രീയമായും പ്രായോഗികമായും ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലവിജയം നേടും. ഔദ്യോഗിക മേഖലകളോട് ബന്ധപ്പെട്ട് ദൂരദേശവാസത്തിനുള്ള യോഗം കാണുന്നു.

വിദേശത്ത് താമസിക്കുന്നവർക്ക് നിലവിലുള്ള ജോലി നഷ്ടപ്പെടാം. അല്ലെങ്കിൽ ജീവിതച്ചെലവ് വർധിക്കുന്നതിനാൽ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മാറ്റിപാർപ്പിക്കുന്നതിനുള്ള സാഹചര്യം കാണുന്നു. സഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായിക്കും. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്ന് വിപരീത പ്രതികരണം ലഭിക്കാം. ബോധപൂർവമല്ലാത്ത തെറ്റുകൾ ആവർത്തിക്കപ്പെടുന്നതിനാൽ വേണ്ടപ്പെട്ടവരിൽ നിന്ന് ശകാരം കേൾക്കേണ്ടി വരാം. മറ്റു ചിലർക്ക് മേലധികാരികളുടെ നിർദേശങ്ങളിൽ വീഴ്ച വരുത്തുന്നതിനാൽ ശകാരം കേൾക്കേണ്ടി വന്നേക്കാം. 2021–ൽ പൂർത്തീകരിക്കുന്ന ചില കരാർ ജോലികൾ ഏറ്റെടുക്കുവാനും ക്രമാനുഗതമായ പുരോഗതി നേടുന്നതിനായി പ്രവർത്തിക്കാനുമുള്ള അവസരം കാണുന്നു.

പല ആശയങ്ങൾ വന്നു ചേരുമെങ്കിലും യുക്തിക്ക് നിരക്കാത്തതായതിനാൽ ഒഴിവാക്കാനുള്ള യോഗം കാണുന്നു. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കും. വ്യർഥമായിട്ടുള്ള വാക്കുകളിൽ നിന്ന് പിന്മാറുകയായിരിക്കും നല്ലത്. വാത നാഡീരോഗപീഡകളെക്കൊണ്ട് അസ്വസ്ഥത അനുഭവപ്പെടുന്നതിനാൽ ആയുർവേദ ചികിത്സ നിർബന്ധമായും വേണ്ടി വരും. ഉൾവലിയുന്ന പ്രകൃതമായതിനാൽ പല അവസരങ്ങളും നഷ്ടപ്പെടാം. ഭക്ഷണക്രമീകരണങ്ങളിലെ അപാകതകളാൽ പല തരത്തിൽ അസ്വസ്ഥതകള്‍ അനുഭവപ്പെടാം. പകർച്ചവ്യാധി പിടിപെട്ട് അവധിയിൽ പ്രവേശിക്കേണ്ടതായ സാഹചര്യം കാണുന്നു. വിദേശത്തുള്ളവർ അവധിക്കാലം ജന്മനാട്ടിൽ വന്നുപോയാല്‍ ജോലി നഷ്ടപ്പെടാനിടയുള്ളതിനാൽ അവധി വേണ്ടെന്ന് വച്ച് അവിടെ തന്നെ തുടരുന്നതാണ് ഉചിതം.

വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. പണം കടം കൊടുക്കുക, കടം വാങ്ങിക്കുക, ജാമ്യം നിൽക്കുക, മധ്യസ്ഥതയ്ക്കു പോകുക, കുറി ചേരുക എന്നിവ ഈ വർഷം ഒഴിവാക്കുന്നതാകും നല്ലത്. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കേണ്ടി വരാമെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. ഈ വർഷം എല്ലാ കാര്യത്തിലും ക്ഷമയും, വിനയവും,  ആത്മസംയമനവും പാലിച്ച് ഈശ്വരപ്രാർഥനയോടെയും, ഗുരുകാരണവന്മാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ചു കൊണ്ടും ഏതൊരു കാര്യത്തെയും സമീപിക്കുന്നതും സ്വീകരിക്കുന്നതും ആയില്യം നക്ഷത്രക്കാർക്ക് ഭാവിയിലേക്ക് ഗുണം ചെയ്യും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA