sections
MORE

രാശിപ്രകാരം 2020 നിങ്ങൾക്കെങ്ങനെ?

HIGHLIGHTS
  • പുതുവർഷം നിങ്ങൾക്കെങ്ങനെ?
new-year-2020
SHARE

ഏരീസ് (മാർച്ച്22-ഏപ്രിൽ20)

ഏരീസ് രാശിയിൽ ജനിച്ചവർ അഭിമാനികളും മനസ്സിൽ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ നിപുണരുമായിരിക്കും. വിമർശനങ്ങളും അപവാദപ്രചരണങ്ങളും സഹിക്കാൻ കഴിയുകയില്ല. നല്ല പ്രതികരണശേഷിയും തീരുമാനങ്ങളിലെ എടുത്തുചാട്ടവും ഇവരുടെ പ്രത്യേകതയാണ്. എതിർപ്പുകളെ അതിജീവിച്ച് ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നവരാണ്. കർമരംഗത്ത് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഇവർ ആഡംബരജീവിതം കാംക്ഷിക്കുന്നവരും ജീവിതനിലവാരം കുറച്ചു കൊണ്ടു ജീവിക്കാൻ തയാറല്ലാത്തവരുമായിരിക്കും. ഏരീസ് രാശിക്കാർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ വിവാഹമംഗള സിദ്ധി, ഗൃഹനിർമാണപ്രവർത്തനം, രോഗമുക്തി, പരീക്ഷാ വിജയം, ഫെബ്രുവരിയിൽ വ്യവഹാര വിജയം, സ്ഥാനലബ്ധി, പാരിതോഷികം ലഭിക്കൽ, വ്യാപാര വർധന, രോഗശാന്തി, മാർച്ചിൽ വ്യവസായഗുണം, ഉദ്യോഗക്കയറ്റം, വസ്തു വാഹനലാഭം ഇവ ഫലമാകുന്നു. ഏപ്രിലിൽ ധനധാന്യവർധന, ഭോജനസൗഖ്യം, ഗുരുജനപ്രീതി, മേയിൽ വിവാഹ ആലോചന തീരുമാനമാകൽ, ധനാഗമം, നേതൃസ്ഥാനം ലഭിക്കൽ, ജൂണിൽ കാര്യവിജയം, പ്രണയസാഫല്യം, രാഷ്ട്രീയക്കാർക്ക് ഉന്നത സ്ഥാനമാനലബ്ധി, തിരഞ്ഞെടുപ്പിൽ വിജയിക്കൽ എന്നിവയാണ് ഫലം. ജൂലൈയിൽ വ്യവഹാരവിജയം, വ്യാപാരവ്യവസായങ്ങളിൽ ഗുണാഭിവൃദ്ധി, ശത്രുവർധന, വിദേശയാത്ര. ഓഗസ്റ്റിൽ ഗൃഹസുഖഹാനി, ബന്ധുകലഹം, ധനദുർവ്യയം, ശത്രുഭയം, വസ്തുവാഹനലാഭം, സെപ്റ്റംബറിൽ കരിയർ പുരോഗതി, പരീക്ഷാ വിജയം, വിദേശനിർമിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കൽ, വർഷങ്ങളായി കാത്തിരുന്ന സന്താന സൗഭാഗ്യം ഇവ ഫലമാകുന്നു. ഒക്ടോബറിൽ ഗ്രന്ഥരചന, ഗൃഹത്തിൽ താന്ത്രികകർമങ്ങൾ അനുഷ്ഠിക്കൽ, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, നവംബറിൽ ഗുരുജനാരിഷ്ടം, പരസ്യങ്ങളിൽ ഭ്രമിച്ച് ധനനഷ്ടം, മാനഹാനി, ആരോഗ്യഹാനി. ഡിസംബറിൽ പുണ്യദേവാലയ സന്ദർശനം. ദാമ്പത്യസുഖപുഷ്ടി, രാഷ്ട്രീയപ്രവർത്തകർക്ക് നേട്ടം എന്നിവ ഫലമാകുന്നു. വളരെക്കാലമായി കാണുവാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടും. അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുറെക്കാലമായി വിരോധികളായിരുന്നവർ സൂത്രത്തിൽ കാര്യസാധ്യത്തിനായി രമ്യതയിലെത്തുമെങ്കിലും ആ പുനഃസമാഗമം കുഴപ്പങ്ങളുണ്ടാക്കും. വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കും. സഹോദരസ്ഥാനീയരിൽ നിന്നു ഗുണാനുഭവമുണ്ടാകും. വിവാഹപ്രായമായവർക്ക് വിവാഹസിദ്ധിയുണ്ടാകും. ഊഹക്കച്ചവടത്തിലും കരാർ ജോലികളിലും വമ്പിച്ച ലാഭം പ്രതീക്ഷിക്കാം. കുളിക്കാതെ ഈറൻ ചുമക്കുമെന്നു പറയാറുള്ളതുപോലെ ചെയ്യാത്ത കാര്യങ്ങൾക്കായി അപവാദം കേൾക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളെ ഉൾക്കരുത്തോടെ നേരിടാൻ മനസ്സിനെ സ്വയം സജ്ജമാക്കണം. രാഷ്ട്രീയ നേതൃസ്ഥാനം അലങ്കരിക്കുമെങ്കിലും വിമർശനങ്ങളെ നേരിടേണ്ടിവരും. ഭാഗ്യക്കുറിയോ ചിട്ടിയോ വീണുകിട്ടുക വഴി കടബാധ്യത തീർക്കാൻ കഴിയും. ഉദ്യോഗാർഥികൾക്ക് ഉദ്യോഗലബ്ധി, ആരോഗ്യപുഷ്ടി, പ്രണയസാഫല്യം, വ്യവഹാരവിജയം, രാജബഹുമാനം, പുരസ്കാരലബ്ധി, പരീക്ഷാദികളിൽ സമുന്നതവിജയം എന്നിവയ്ക്കു ലക്ഷണമുണ്ട്.

ടോറസ് (ഏപ്രിൽ21-മെയ്21)

ടോറസ് രാശിയിൽ ജനിക്കുന്നവർ പൊതുവെ സത്യസന്ധരും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിയുള്ളവരുമാണ്. ഫലിതപ്രിയരും അന്യർക്ക് യഥേഷ്ടം ഉപദേശം നൽകുന്നവരുമായിരിക്കും. ഭോജനപ്രിയരായ ഈ രാശിക്കാർ നന്നായി അതിഥിസൽക്കാരം നടത്തുന്നവരും സ്നേഹാദരങ്ങൾ പ്രകടിപ്പിക്കുന്നവരുമാണ്. പൊതുവെ സൗമ്യപ്രകൃതരും കലാവാസനയുള്ളരുമായ ഇവർക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയാറില്ല. ഇത് വളരെ അടുപ്പമുള്ളരെ പോലും വിരോധികളാക്കി മാറ്റാം. വീട്ടുകാരോടും വീടിനോടും അമിത സ്നേഹവും നീതിയും പുലർത്തുന്നവരാണ്. സുഹൃത്തുക്കള്‍ ദൗർബല്യമാണ്. കീഴ്ജീവനക്കാരെ വരച്ച വരയിൽ നിർത്താൻ കഴിവുള്ള ഇവർ നേതൃപാടവം ഉള്ളവരാണ്. ടോറസ് രാശിക്കാർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ ഗൃഹസൗഖ്യം, മാതൃജനാരിഷ്ടത, പ്രശസ്തി, നവീന വസ്ത്രരത്നാഭരണലബ്ധി, പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. ഫെബ്രുവരിയിൽ ഗൃഹത്തിൽ നിന്നു മാറിത്താമസിക്കൽ, നിദ്രാഭംഗം, മനഃക്ലേശം. മാർച്ചിൽ പരീക്ഷാവിജയം, പാരിതോഷികലബ്ധി, വ്യവഹാരവിജയം ഇവ ഫലമാകുന്നു. ഏപ്രിലിൽ ആഡംബരജീവിതം, പ്രവർത്തനമേഖലയിൽ ശത്രുത. മേയിൽ വസ്തുവാഹനലാഭം. കച്ചവടത്തിൽ പുരോഗതി, ഉത്സവാഘോഷപരിപാടികളിൽ സംബന്ധിക്കൽ. ജൂണിൽ പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമായി നല്ല തുക ചെലവഴിക്കൽ, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, പ്രണയസാഫല്യം എന്നിവ ഫലമാകുന്നു. ജൂലൈയിൽ പുണ്യദേവാലയ സന്ദർശനം, പിതൃതർപ്പണം, വിവാഹസിദ്ധി, അവിചാരിത ധനലാഭം, ജലയാത്ര. ഓഗസ്റ്റിൽ അവിചാരിതമായി ഉദ്യോഗക്കയറ്റം ലഭിക്കൽ, ശത്രുജയം, ഉല്ലാസയാത്ര, സ്ഥാനമാനലബ്ധി, സെപ്റ്റംബറിൽ പരീക്ഷാവിജയം, പുതിയ വിദ്യാലയത്തിൽ ചേരുക ഇവ ഫലമാകുന്നു. ഒക്ടോബറിൽ വിദ്യാവിഘ്നം, മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കൽ, ബന്ധുജനസഹായം, നവംബറിൽ വ്രതാനുഷ്ഠാനം, വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനമെടുക്കൽ, യാത്രാവേളകളിൽ ധനനഷ്ടം, ഡിസംബറിൽ ഉദ്യോഗലബ്ധി, ആശുപത്രിവാസം, വിശിഷ്ടവ്യക്തികളെ പരിചയപ്പെടൽ, രോഗവിമുക്തി എന്നിവ ഫലമാകുന്നു. ജീവിതപങ്കാളിയിൽ നിന്നു പിന്തുണ, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും ശോഭിക്കാനും കഴിയൽ, ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളിൽ ലാഭം, വളരെയധികം വഴിപാടുകൾ നടത്തിയും വിദഗ്ധചികിത്സകൾ ചെയ്തും സന്താനഭാഗ്യം കൈവരാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം, അതുവരെ കണ്ടിട്ടില്ലാത്ത ഉത്സവാഘോഷപരിപാടികളിൽ സംബന്ധിക്കൽ, രാഷ്ട്രീയത്തിൽ നേതൃസ്ഥാനം, മനസ്സാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കേണ്ടി വരിക, സർക്കാരിൽ നിന്നു ലഭിക്കേണ്ടതായ ധനംലഭിക്കൽ ഇവ ഫലമായി കാണുന്നു. കുടുംബത്തിൽ വിവാഹതീരുമാനം, ഉദ്യോഗാർഥികൾക്ക് തൊഴിൽലബ്ധി, സൗന്ദര്യവർധനവ്, വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കൽ, രാജബഹുമാനം, നവീന ഗൃഹാരംഭപ്രവർത്തനം, ആധുനിക യന്ത്രസാമഗ്രികളുടെ ലബ്ധി, വിദ്വൽസദസ്സുകളിൽ പങ്കെടുത്ത് ബഹുമതി നേടൽ, അസൂയക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും ശല്യം, കീടങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും ശല്യങ്ങളുണ്ടാകൽ, വ്യവഹാരവിജയം, തസ്കരഭീതി, വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പു വയ്ക്കൽ, പൂർവിക സ്വത്തു ലഭിക്കൽ എന്നിവ ഫലമാകുന്നു. 

ജമിനി (മെയ്22-ജൂൺ21)

മറ്റുള്ളവരെ സഹായിക്കുന്ന ജമിനി രാശിക്കാർ ചെറിയ പരാജയം പോലും സഹിക്കില്ല. അന്ധവിശ്വാസങ്ങൾക്ക് അടിപ്പെടുന്നവരാകും. രാഷ്ട്രീയം, അധ്യാപനം, നിയമകാര്യം, അഭിനയം, സാഹിത്യപ്രവർത്തനം, മാധ്യമപ്രവർത്തനം, ജ്യോതിഷം എന്നിവയിൽ ശോഭിക്കും. മറ്റുള്ളവരെക്കൊണ്ടു പണിയെടുപ്പിച്ച് ഔദ്യോഗികരംഗത്തു നേട്ടം കൊയ്യുന്നവരായിരിക്കും. വികാരജീവികളായ ഇവർ ബുദ്ധിപരമായ പരസ്പരധാരണയും നല്ല ചുറുചുറുക്കും നയചാതുരിയും കൈമുതലുള്ള പങ്കാളികളെയാണ് കൂടുതൽ ഇഷ്ടപ്പെടുക. അധികരിച്ച ആഡംബരഭ്രമവും ധനസമ്പാദന വ്യഗ്രതയും ജമിനി രാശിക്കാർക്കുള്ള പ്രത്യേകതയാണ്. ജമിനിരാശിക്കാർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ വിദ്യാഗുണം, ശത്രുജയം, വിദേശയാത്ര, കുടുംബസംഗമം. ഫെബ്രുവരിയിൽ ഗൃഹപരിഷ്കാരം, ഉദ്യോഗലബ്ധി, വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കൽ, ഭാഗ്യക്കുറിലബ്ധി, മാർച്ചിൽ മേലധികാരിയിൽ നിന്നു നീരസം, വിരഹദുഃഖം, പ്രണയപരാജയം, വിദേശജോലി നഷ്ടപ്പെടൽ എന്നിവ ഫലമാകുന്നു. ഏപ്രിലിൽ വിരുന്നുസൽക്കാരങ്ങളിൽ പങ്കെടുക്കൽ, ഉത്സവാഘോഷപരിപാടികളിൽ സജീവസാന്നിധ്യം, വിനോദസഞ്ചാരം. മേയിൽ ഉദ്യോഗക്കയറ്റം, സംഗീതം, യോഗ, നൃത്തം, പാചകം, അഭിനയം എന്നിവ അഭ്യസിക്കൽ, ധനാഭിവൃദ്ധി, കലാസാഹിത്യപ്രവർത്തനം മൂലം ബഹുമാനവും, വരുമാനവും വർധിക്കൽ. ജൂണിൽ അപവാദശ്രവണം, വ്രതാനുഷ്ഠാനം, ഊഹക്കച്ചവടത്തിൽ ധനനഷ്ടം, ഇണയുമായി പിണക്കം, രോഗവിമുക്തി ഇവ ഫലമാകുന്നു. ജൂലൈയിൽ ലഹരിപദാർഥങ്ങളിൽ അമിതതാൽപര്യം, മറവിമൂലം കുഴപ്പങ്ങൾ സംഭവിക്കൽ, മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ  നിന്നും ശല്യം അനുഭവപ്പെടൽ, അതിർത്തിത്തർക്കം. ഓഗസ്റ്റിൽ പ്രകൃതിക്ഷോഭം നിമിത്തം ധനനഷ്ടം, യന്ത്രത്തകരാറുമൂലം ധനനഷ്ടം, യാത്രാവേളയിൽ വിലപിടിപ്പുള്ള സാമഗ്രികൾ നഷ്ടപ്പെടൽ, കഫജ്വരം എന്നിവയും സെപ്റ്റംബറിൽ ശത്രുജയം, പുരസ്കാരലബ്ധി, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരൽ, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കൽ എന്നിവ ഫലമാകുന്നു. ഒക്ടോബറിൽ ഗുരുജനവിയോഗം, മരണാനന്തരചടങ്ങുകളിൽ സംബന്ധിക്കൽ, വിദ്യാവിഘ്നം. നവംബറിൽ അഭിമാനവർധനവ്, ദാമ്പത്യസൗഖ്യം, ബന്ധുജനസഹായം, മൃഷ്ടാന്നഭോജനം. ഡിസംബറിൽ രാഷ്ട്രീയ നേതൃസ്ഥാനം അലങ്കരിക്കൽ, സത്സംഗം, ദിനചര്യയിൽ കാര്യമായ വ്യതിയാനം, വനവാസം, പ്രശസ്ത പുണ്യദേവാലയങ്ങൾ സന്ദർശനം എന്നിവയ്ക്കും ലക്ഷണം കാണുന്നുണ്ട്. ചലച്ചിത്രനിർമാണം, വിദേശജോലിക്കായി വിദേശഗമനം, വിദേശങ്ങളിൽ പോകാനാഗ്രഹിക്കുന്നവർക്ക് പറ്റിയ സമയം, സർക്കാരിൽ നിന്ന് അനുകൂല നടപടി, വായ്പ ലഭിക്കൽ, അധ്യാത്മികകാര്യങ്ങളിൽ അമിതതാൽപര്യം, വിദ്യാഭ്യാസപുരോഗതി, രാഷ്ട്രീയപരമായി ഗുണകാലം, പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം, പ്രണയസാഫല്യം, രോഗവിമുക്തി, സ്ത്രീകളിൽ വിഷാദരോഗം, ഗർഭാശയരോഗം, സന്ധിവേദന, ദന്തരോഗം, വിടാത്ത തലവേദന, മുടികൊഴിച്ചിൽ, ശിശുക്കളിൽ വയറിളക്കം, അജീർണം, വിലപിടിപ്പുള്ള വിദേശനിർമിതവസ്തുക്കൾ പാരിതോഷികമായി ലഭിക്കുക. ആശുപത്രിവാസം. പുസ്തകരചന, കലാസാഹിത്യപ്രവർത്തനം മൂലം വരുമാനവും ബഹുമാനവും വർധിക്കൽ.

കാൻസർ (ജൂൺ22-ജൂലൈ23)

കാൻസർ രാശിയിലുള്ളവർ സംഗീതം പഠിക്കുന്നതിലും നല്ല വസ്ത്രങ്ങൾ ധരിക്കുന്നതിലും കൂടുതൽ ശുഷ്കാന്തി കാണിക്കുന്നതാണ്. ഈ രാശിക്കാർ ഏറെക്കുറെ കുശാഗ്രബുദ്ധികളായിരിക്കും. ഭാവനാലോകത്തിൽ മുഴുകുന്ന ഈ രാശിക്കാർ വികാരജീവികളും വേഗത്തിൽ തീരുമാനമെടുക്കാൻ കഴിവുള്ളവരുമായിരിക്കും. വായനയിലും പാചകത്തിലും ശോഭിക്കും. കാര്യങ്ങൾ നടപ്പാക്കാൻ പ്രത്യേക മിടുക്ക് ഉണ്ടാകും. പ്രശ്നങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കുന്നവരാകും. കർമരംഗത്ത് പടിപടിയായി പുരോഗതി നേടും. ശത്രുജയം നേടാനുള്ള കഴിവ്, അമിതസ്നേഹം എന്നിവ ഈ രാശിക്കാരുടെ പ്രകൃതത്തിന്റെ ഭാഗമാണ്. കാൻസർ രാശിയിൽ ജനിച്ചവർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ ആരോഗ്യപുഷ്ടിയും വിവാഹലബ്ധി, തസ്കരഭയം, രാജബഹുമാനം ഫെബ്രുവരിയിൽ ഗ്രന്ഥരചന, സർക്കാരിലേക്ക് നിയമപരമായുള്ള നികുതിയടയ്ക്കൽ, വ്യവസായപുരോഗതി. മാർച്ചിൽ സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അലച്ചിൽ ഇവ ഫലമാകുന്നു. ഏപ്രിലിൽ വിനോദയാത്ര, പൂരാഘോഷത്തിൽ സംബന്ധിക്കൽ, സത്സംഗം. മേയിൽ ഗുരുജനപ്രീതി, വിദേശപര്യടനത്തിന് അനുമതി ലഭിക്കൽ, യാത്രാക്ലേശം, സൗന്ദര്യകാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കൽ. ജൂണിൽ പ്രണയസാഫല്യം, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിക്കൽ, സന്താനഭാഗ്യം എന്നിവയ്ക്ക് ലക്ഷണം കാണുന്നു. ജൂലൈയിൽ രാജബഹുമാനം, കടം വാങ്ങേണ്ടി വരുന്ന അവസ്ഥ സംജാതമാകൽ. ഓഗസ്റ്റിൽ ധനധാന്യവർധന, കൃഷിഗുണം, നാൽക്കാലിനാശം, വ്യവഹാരവിജയം. സെപ്റ്റംബറില്‍ നൂതനഗൃഹനിർമാണാരംഭം, വിദേശഗമനം, ചിരകാലാഭിലാഷം പൂവണിയിൽ, സുഹൃദ്ജനവിരോധം എന്നിവ ഫലമാകുന്നു. ഒക്ടോബറിൽ രക്തസംബന്ധമായ അസുഖങ്ങൾ, വിദ്യാഭ്യാസത്തിൽ പിന്നാക്കാവസ്ഥ, ആരോഗ്യനഷ്ടം. നവംബറിൽ ഉഷ്ണരോഗം പിടിപെടൽ, തിരഞ്ഞെടുപ്പ് വിജയം. കുടുംബത്തിൽ ഭാഗചർച്ച, മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും വാത്സല്യവും. ഡിസംബറിൽ വഞ്ചനയ്ക്കു പാത്രമാകൽ, പ്രണയസാഫല്യം, അഭിമാനക്ഷതം, ശത്രുവിനാശം, അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ എന്നിവ ഫലം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം, വർധിക്കുന്ന ആശുപത്രി ചെലവുകൾ. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് മനസ്സ് വിഷമിക്കൽ എന്നിവ ഉണ്ടാകാം. ഗുരുജനപ്രീതി, സജ്ജനമാന്യത, ഭൂമിയിൽ നിന്നു വമ്പിച്ച ആദായം ലഭിക്കൽ, സ്ഥാനചലനം, പതനഭയം, ദിനചര്യയിൽ കാര്യമായ വ്യതിയാനം, ഭോജനസൗഖ്യം, ബന്ധുക്കളുടെ മരണാനന്തരചടങ്ങുകളിൽ സംബന്ധിക്കൽ, തിരഞ്ഞെടുപ്പില്‍ വിജയം, ഇണയുമായി പിണക്കം, സംഭാഷണത്തിലെ അപാകതനിമിത്തം തെറ്റിദ്ധാരണ സംഭവിക്കുകയും അതുവഴി ദാമ്പത്യപ്രശ്നം ഉടലെടുക്കുകയും ചെയ്യൽ, പുനർവിവാഹം കാംക്ഷിക്കുന്നവർക്ക് പുനർവിവാഹലബ്ധി, സന്താനസൗഭാഗ്യം, ഭാഗ്യക്കുറിയോ ചിട്ടിയോ വീണുകിട്ടൽ, രാജബഹുമാനം, സർക്കാരിൽ നിന്നു നികുതിയിനങ്ങളുമായി ബന്ധപ്പെട്ട നോട്ടിസ് ലഭിക്കൽ, നിയമപരിപാലകർക്കും ഭിഷഗ്വരന്മാർക്കും പേരെടുക്കാൻ കഴിയൽ, താന്ത്രിക കാര്യങ്ങൾക്കും മാന്ത്രികകാര്യങ്ങൾക്കുമായി നല്ല തുക ചെലവഴിക്കൽ എന്നിവയ്ക്കു ലക്ഷണമുണ്ട്. 

ലിയോ (ജൂലൈ24-ഓഗസ്റ്റ്23)

ലിയോരാശിക്കാർ നിയമം, പാചകകല, സംഗീതം എന്നിവയിൽ ശോഭിക്കും. കഠിനപ്രയത്നശാലികളാണ്. ഭരണമേധാവിയായി ശോഭിക്കാൻ കഴിവുള്ള ഈ രാശിക്കാർക്ക് സന്ദർഭങ്ങൾക്കനുസരിച്ച് ഉയർന്നു പ്രവർത്തിക്കാൻ പ്രത്യേക പാടവമുണ്ട്. മികവുറ്റ സാഹിത്യരചന നടത്താൻ കഴിവുള്ളവരാണ്. നയപരമായ നീക്കങ്ങൾ കൊണ്ടും വശ്യമായ മുഖഭാവം കൊണ്ടും ശത്രുക്കളെപ്പോലും മിത്രങ്ങളാക്കാൻ ഇവർക്കുള്ള വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്. അന്യായത്തിനെതിരെ പ്രതികരിക്കുന്നവരും ആധിപത്യം സ്ഥാപിക്കാൻ കഴിവുള്ളവരുമാണ് ലിയോ രാശിക്കാർ. ലിയോരാശിക്കാർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ ഉദ്യോഗത്തിൽ ഉയർച്ച, സർക്കാർ ആനുകൂല്യം ലഭിക്കൽ. ഫെബ്രുവരിയിൽ പ്രണയസാഫല്യം, അധികാരപരിധി വികസിക്കൽ, ധനാഗമം, ഉത്സവാഘോഷ പരിപാടികളിൽ സംബന്ധിക്കൽ. അഗ്നിഭയം. തസ്കരഭയം, മരണഭയം. മാർച്ചിൽ അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചെന്നു ചാടൽ, കുടുംബത്തിൽ വിവാഹാഘോഷം, നൂതനഗൃഹാധിവാസം, രോഗവിമുക്തി, നവീനഗൃഹോപകരണലബ്ധി, പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം എന്നിവയ്ക്കു ലക്ഷണം കാണുന്നു. ഏപ്രിലിൽ പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടാൻ അവസരം ലഭിക്കൽ, കലാസാഹിത്യപ്രവർത്തനം മൂലം അംഗീകാരം ലഭിക്കൽ, വരുമാനം വർധിക്കൽ, പ്രശസ്തി വർധിക്കൽ, തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കൽ മേയിൽ ലഹരിപദാർഥങ്ങളോട് വൈമുഖ്യം, അധ്യാത്മിക വിഷയങ്ങളിൽ താൽപര്യം, സുഹൃദ്സംഗമം. ജൂണിൽ ഭാഗ്യക്കുറി ലഭിക്കൽ, സുഖചികിത്സ നടത്തൽ, രഹസ്യപ്രവർത്തനം, രാഷ്ട്രീയ നേതൃത്വം വഹിക്കൽ ഇവ ഫലമാകുന്നു. ജൂലൈയിൽ നിശ്ചയിച്ചുറച്ച വിവാഹം വേണ്ടെന്നു വയ്ക്കൽ. ജലയാത്ര, പ്രകൃതിക്ഷോഭം മൂലം ധനനഷ്ടം സംഭവിക്കൽ, പുത്രസൗഖ്യം, ഓഗസ്റ്റിൽ സർക്കാരിൽ നിന്നു ലഭിക്കേണ്ട കുടിശ്ശിക ലഭിക്കൽ, ആശുപത്രി വാസം, തിരഞ്ഞെടുപ്പ് പരാജയം, വ്യവസായത്തിൽ മന്ദത. സെപ്റ്റംബറിൽ വിദേശസഞ്ചാരം, സുഹൃദ്സംഗമം, ചെറിയ ജോലി ലഭിക്കൽ, ദേഹക്ഷതം, വഞ്ചനയ്ക്ക് പാത്രമാകൽ എന്നിവയ്ക്കു ലക്ഷണം കാണുന്നു. ഒക്ടോബറിൽ വിദ്യാപ്രാപ്തി, വ്യവഹാരവിജയം, സന്താനസൗഭാഗ്യം. നവംബറിൽ ഭൂമിവിൽപനയിൽ അമിതലാഭം ലഭിക്കൽ, കടബാധ്യത തീർക്കാൻ കഴിയൽ, സ്ത്രീകളിൽ വിഷാദരോഗം, ദന്തരോഗം, മുടികൊഴിച്ചിൽ, സന്ധിവേദന എന്നിവ അനുഭവപ്പെടൽ. ഡിസംബറിൽ വ്രതാനുഷ്ഠാനം, പുണ്യദേവാലയസന്ദർശനം, യാത്രാക്ലേശം, പ്രമേഹരോഗാക്രമണം, നീർവീഴ്ച, അസൂയക്കാരിൽ നിന്നു ശല്യം എന്നിവ ഫലമാകുന്നു. കയ്യിൽ വേണ്ടത്ര ധനമുണ്ടായിട്ടു പോലും പട്ടിണി കിടക്കേണ്ട അവസ്ഥ സംജാതമാകും. മാനഹാനി, ധനനഷ്ടം, പരീക്ഷാദികളിൽ മുന്നേറാന്‍ കഴിയാത്ത അവസ്ഥ സംജാതമാകൽ, ഗുരജനപ്രീതി, രാജബഹുമാനം, പുരസ്കാരലബ്ധി, പന്തുകളി, ചീട്ടുകളി, ചൂതുകളി എന്നിവയിൽ അമിതതാൽപര്യം, ലഹരി പദാർഥങ്ങളിൽ അമിത താല്‍പര്യം ഇവയ്ക്ക് ലക്ഷണം കാണുന്നു. വിശേഷസ്ഥാനമാനലബ്ധി, സന്താനഭാഗ്യം, കൃഷിഗുണം, നാൽക്കാലിനാശം, വിദേശയാത്ര നീട്ടിവയ്ക്കൽ, ശസ്ത്രക്രിയ, നികുതിവകുപ്പുമായി തർക്കം എന്നിവയ്ക്കു യോഗം, ഗൃഹപരിഷ്കാരം, വസ്തുവാഹനലബ്ധി, അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടൽ എന്നിവ ഫലമാകുന്നു.

വിർഗോ (ഓഗസ്റ്റ്24-സെപ്റ്റംബർ23)

വിർഗോരാശിയിൽ ജനിച്ചവർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ സാഹസികപ്രവർത്തനം, അന്യദേശവാസം, വസ്തുവാഹനലാഭം, മേലധികാരികളിൽ നിന്ന് അനുകൂലനിലപാട്, വ്യവസായപുരോഗതി. ഫെബ്രുവരിയിൽ മരണാനന്തരചടങ്ങുകളിൽ സംബന്ധിക്കൽ, മത്സരപരീക്ഷാദികളിൽ പരാജയം, പുതിയ കൂട്ടുകെട്ടുമൂലം ദോഷാനുഭവം മാർച്ചിൽ എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, അഭിനയരംഗത്ത് ശോഭിക്കൽ, ഭാഗ്യക്കുറി ലഭിക്കൽ ഇവ ഫലമാകുന്നു. ഏപ്രിലിൽ സൗന്ദര്യസംരക്ഷണത്തിൽ ശുഷ്കാന്തി, ലഹരിപദാർഥങ്ങളോട് അമിതതാൽപര്യം, സർക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കൽ. മേയിൽ സന്താനങ്ങളെച്ചൊല്ലി ഉൽകണ്ഠ, താന്ത്രിക കാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കൽ. ജൂണിൽ അമിതനിദ്ര, പ്രണയസാഫല്യം, ഗുരുജനപ്രീതി, രാഷ്ട്രീയനേതൃത്വം വഹിക്കൽ, നാൽക്കാലിനാശം എന്നിവയ്ക്ക് ലക്ഷണമുണ്ട്. ജൂലൈയിൽ മഞ്ഞപ്പിത്ത, ത്വക് രോഗം, മുടികൊഴിച്ചിൽ ശിശുക്കളില്‍ വയറിളക്കം, വിദേശജോലി നഷ്ടപ്പെടൽ, കാര്യതടസം. ഓഗസ്റ്റിൽ വിമാനയാത്ര, ശത്രുനാശം, പ്രണയപരാജയം, ആധ്യാത്മികചിന്ത. സെപ്റ്റംബറിൽ ഭാഗ്യക്കുറി ലഭിക്കൽ, ഗുരുജനവിയോഗം, പുതിയ വാഹന ലബ്ധി ഇവയ്ക്ക് യോഗം കാണുന്നു. ഒക്ടോബറിൽ വിദ്യാഭ്യാസത്തിൽ സമുന്നത വിജയം, ഭൂമിതർക്കം, നിദ്രാഭംഗം, പ്രണയപരാജയം, തിരഞ്ഞെടുപ്പിൽ പരാജയം, നവംബറിൽ ആരോഗ്യം വീണ്ടെടുക്കാൻ കഴിയൽ, അധികാരപ്രാപ്തി, സന്താനഭാഗ്യം. ഡിസംബറിൽ പുരാതനധനം ലഭിക്കൽ, പുണ്യദേവാലയസന്ദർശനം. സർക്കാരിൽ നിന്നു ലഭിക്കേണ്ട ധനം ലഭിക്കാതിരിക്കൽ എന്നിവ പ്രതീക്ഷിക്കാം. ആത്മവിശ്വാസക്കുറവ്, തെറ്റിദ്ധാരണമൂലം ദാമ്പത്യസുഖഭംഗം, വിദ്യാവിഘ്നം, ഉദ്യോഗക്കയറ്റം തടഞ്ഞുവയ്ക്കൽ, ആശുപത്രിവാസം, അന്യരുടെ ഉപദേശം ഉപേക്ഷിച്ച് സ്വന്തം അഭിപ്രായമനുസരിച്ചു ജീവിക്കാൻ തുടങ്ങൽ, മേലുദ്യോഗസ്ഥന്മാരിൽ നിന്ന് അനുകൂല നടപടി, സ്ത്രീകൾക്ക് വർധിക്കുന്ന വാശി എന്നിവയ്ക്കു ലക്ഷണം കാണുന്നു. വ്യവസായ പുരോഗതി, അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ, വിലപിടിപ്പുള്ള ആധാരങ്ങളിൽ ഒപ്പുവയ്ക്കൽ, ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കൽ, രാഷ്ട്രീയപരമായ ബഹുമാന്യത നഷ്ടപ്പെടൽ, തെറ്റായ രോഗനിർണ്ണയം മൂലം രോഗം കൂടി വരുക. അന്യദേശവാസം, ഭൃത്യജനങ്ങളിൽ നിന്നു നിസ്സഹകരണം, അഗ്നിഭയം, പാചക പരിചയത്തിനായി പാചക ഗ്രന്ഥം മുതലായവ പാരായണം, പഠനപ്രവർത്തനങ്ങൾ, സുഹൃത്തുക്കളിൽ നിന്നു ധനസഹായലബ്ധി, പകർച്ചവ്യാധി പിടിപെടൽ, വർഷാവസാനം കുടുംബത്തിൽ മംഗളകാര്യസിദ്ധി, വിദ്യാഭ്യാസാവശ്യങ്ങൾ നേടിയെടുക്കാൻ നല്ല തുക സംഭാവന കൊടുക്കൽ എന്നിവ ഫലമാകുന്നു. 

ലിബ്രാ(സെപ്റ്റംബർ24-ഒക്ടോബർ23)

മധുരപ്രിയരും സൗന്ദര്യാരാധകരും എല്ലാവരോടും ആജ്ഞാപിക്കുന്ന പ്രകൃതക്കാരും വാക്സാമർഥ്യമുള്ളവരുമായിരിക്കും ലിബ്രാ രാശിക്കാർ. ഉറ്റ സുഹൃത്തുക്കളുമായി അതീവ രഹസ്യങ്ങളും ദുഃഖങ്ങളും വഞ്ചനയിലകപ്പെട്ട സംഭവങ്ങളും പങ്കുവയ്ക്കുന്നതിൽ ആശ്വാസം കണ്ടെത്തുന്നവരാണ്. ഏകാന്തത ഒട്ടും ഇഷ്ടപ്പെടാത്ത ഈ രാശിക്കാർ മറ്റുള്ളവരുടെ ജീവിതഭാരം പങ്കുവയ്ക്കുന്നവരാണ്. ഈ രാശിയിൽ ജനിച്ച സ്ത്രീകൾ ജ്യോതിഷം, വേദാന്തം, യോഗ, സംഗീതാസ്വാദനം, സാഹിത്യരചന എന്നിവയുമായി അടുത്തബന്ധം പുലർത്തുന്നവരായിരിക്കും. ലിബ്രാരാശിക്കാർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ മാധ്യസ്ഥം നിൽക്കുക വഴി കുഴപ്പത്തിൽ ചെന്നുചാടൽ. വിവാഹമോചന ചിന്ത. അസൂയക്കാരിൽ നിന്നു ശല്യം, വിദ്യാവിഘ്നം, വിദേശജോലി നഷ്ടപ്പെടൽ. ഫെബ്രുവരിയിൽ പരീക്ഷാദികളിൽ സമുന്നതവിജയം. പുതിയ ജോലി ലഭിക്കൽ, ഉന്നതസ്ഥാനലബ്ധി, സ്ഥാനചലനം, വ്യാപാരനഷ്ടം. മാർച്ചിൽ ബന്ധുജനസമാഗമം, ഗൃഹപരിഷ്കാരം, സന്താനങ്ങളോട് കൂടുതൽ അടുപ്പം, മൃഷ്ടാന്നഭോജനം, ലഹരിപദാർഥങ്ങളോട് അമിതാവേശം എന്നിവ ഫലമാകുന്നു. ഏപ്രിലിൽ കയ്യിൽ വേണ്ടത്ര ധനമുണ്ടായിട്ടു പോലും പട്ടിണി കിടക്കേണ്ട അവസ്ഥ സംജാതമാകൽ, പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. മേയിൽ വ്യാപാരഗുണം. പ്രണയസാഫല്യം, രാഷ്ട്രീയമായി ഉയർച്ച. പ്രസവസംബന്ധമായ ക്ലേശങ്ങൾ. ജൂണിൽ ധനകാര്യസ്ഥാപനത്തിലെ ബാധ്യത തീർക്കാൻ ശ്രമിക്കൽ, പുതിയ വിദ്യാഭ്യാസസ്ഥാപനത്തിൽ പ്രവേശിക്കൽ, പുണ്യദേവാലയ സന്ദർശനം എന്നിവയ്ക്ക് ലക്ഷണം കാണുന്നു. ജൂലൈയിൽ യോഗാ പരിശീലനം. അർഹതപ്പെട്ട സ്ഥാനക്കയറ്റത്തിൽ വിവാദം, മേലധികാരികളുടെ അശ്രദ്ധമൂലം ധനനഷ്ടം സംഭവിക്കൽ. ഓഗസ്റ്റിൽ അവിവേകം ചെയ്യാൻ തോന്നൽ. ജീവിതപങ്കാളിക്ക് അന്യദേശത്തു വ്യാപാര വിജയം. സെപ്റ്റംബറിൽ ദമ്പതികളെ സന്ധിസംഭാഷണങ്ങളിലൂടെ ഒരുമിപ്പിക്കാൻ കഴിയൽ, പുരസ്കാരലബ്ധി എന്നിവ ഫലം. ഒക്ടോബറിൽ ശത്രുക്കളെ ഉപായത്തിൽ തോൽപിക്കൽ, വിവാഹമോചനക്കേസിൽ അനുകൂലമായ വിധി ലഭിക്കൽ നവംബറിൽ വിഭവനാശം, രാഷ്ട്രീയമായി ഉയർച്ച. വിദേശധനം ലഭിക്കൽ ഡിസംബറിൽ കഫജ്വരം സന്താനങ്ങൾക്കു പിടിപെടൽ, രക്തസമ്മർദം അധികരിക്കൽ എന്നിവ ഫലമാകുന്നു. അയല്‍ക്കാരുമായി അകൽച്ച, തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം, പ്രേമസാഫല്യം, ഉദരപീഡ, ശസ്ത്രക്രിയ, ഭാഗ്യക്കുറിയോ ചിട്ടിയോ വായ്പയോ ലഭിക്കൽ, വിദ്യാഭ്യാസാവശ്യങ്ങൾ നേടിയെടുക്കാൻ ഭീഗരഥപ്രയത്നം ചെയ്യൽ, വിവാഹം, വിദേശയാത്രയ്ക്ക് അവസരം ഉറപ്പാകൽ, ദിനചര്യയിൽ കാര്യമായ വ്യതിയാനം ഇവയ്ക്ക് യോഗം കാണുന്നു. വിദേശ വിനോദസഞ്ചാരം, വൃദ്ധജനങ്ങളുമായുള്ള സമ്പർക്കം ഗുണം ചെയ്യൽ, ഭൃത്യജനങ്ങളുടെ സഹായസഹകരണം, മരണാനന്തരചടങ്ങുകളിൽ സംബന്ധിക്കൽ, വിലപിടിപ്പുള്ള സാധനങ്ങൾ കൈമോശം വരിക. സർക്കാർ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കൽ, വൈദ്യന്മാർക്കും പൂജാരിമാർക്കും ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ധനംവരവിന്റെ കൊയ്ത്തുകാലം, സ്ഥാനചലനമുണ്ടാകുമെങ്കിലും ഉടനെത്തന്നെ പഴയ സ്ഥാനത്തു വന്നു ചേരാൻ കഴിയൽ, കലാസാഹിത്യപ്രവർത്തനം മൂലം ഗുണാനുഭവം എന്നിവയ്ക്കു ലക്ഷണം കാണുന്നുണ്ട്.

സ്കോർപിയോ (ഒക്ടോബർ24-നവംബർ22)

സ്കോർപിയോ രാശിക്കാർ മികച്ച നീരീക്ഷണപാടവവും ആസൂത്രണമികവും ഉള്ളവരാണ്. ശത്രുക്കളെ ഉപായത്തിൽ തോൽപിക്കാൻ പ്രത്യേക കഴിവുള്ള ഇവർ സ്വപ്രയത്നത്താൽ ഉയർച്ച നേടുന്നവരാണ്. പുറമേക്കു ധൈര്യം പ്രദർശിപ്പിക്കുമെങ്കിലും തൊട്ടാവാടികളാണിവർ. പ്രണയം ഇവർക്കു സഹജമാകയാൽ പ്രേമിക്കാതെ ചെറുപ്പക്കാർക്ക് ഒരു ദിവസവമെങ്കിലും ജീവിക്കാൻ പ്രയാസമായിരിക്കും. മദ്യവ്യവസായം, മരാമത്ത്, ഗവേഷണം, യന്ത്രവ്യവസായം, ചലച്ചിത്രവ്യവസായം എന്നീ മേഖലകളിൽ വിജയം കൈവരിക്കും. പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തു നിരീക്ഷിക്കാൻ ഇവർക്കു പ്രത്യേകം പ്രാഗത്ഭ്യം ഉണ്ട്. സ്കോർപിയോ രാശിയിൽ ജനിച്ചവർക്ക് സൂര്യചാരവശാൽ ജനുവരിയിൽ സ്ഥാന ചലനം, അസ്ഥിഭ്രംശം, പുതിയ വീടും സ്ഥലവും വാഹനവും വാങ്ങിക്കൽ. ഫെബ്രുവരിയിൽ തിരികെ ലഭിക്കില്ലെന്നു കരുതിയിരുന്ന കൊടുത്ത കടം പലിശസഹിതം തിരികെ ലഭിക്കൽ, സന്താനങ്ങൾക്ക് പരീക്ഷാവിജയം. മാർച്ചിൽ നയപരമായ നീക്കങ്ങളാൽ ശത്രുക്കളെ നിലംപരിശാക്കൽ, ദന്തരോഗം, മുടികൊഴിച്ചിൽ, ജിഹ്വാദോഷം എന്നിവയും ഫലമാകുന്നു. ഏപ്രിലിൽ തിരഞ്ഞെടുപ്പിൽ വിജയം, വിവാഹനിശ്ചയം, പുണ്യതീർഥയാത്ര. മേയിൽ ഭാഗ്യക്കുറിയോ ചിട്ടിയോ വീണുകിട്ടൽ, രോഗവിമുക്തി, ഇഷ്ടപ്പെട്ട സ്ഥലത്തേക്കു മാറ്റം ലഭിക്കൽ, ജൂണിൽ പുസ്തകരചന, പ്രണയസാഫല്യം, ഇഷ്ടജനസഹവാസം, മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റൽ, വളരെക്കാലങ്ങളായി സന്താനഭാഗ്യം കൈവരാത്ത ദമ്പതികൾക്ക് സന്താഭാഗ്യം എന്നിവയ്ക്ക് ലക്ഷണം കാണുന്നു. ജൂലൈയിൽ തീർഥാടനം, പരീക്ഷാ വിജയം, ഓഗസ്റ്റിൽ കഫ–വാത–പിത്ത–നീർവീഴ്ച രോഗങ്ങളാൽ ദേഹാസ്വാസ്ഥ്യമനുഭവപ്പെടൽ, വഴിപാടുകൾക്കും ഔഷധങ്ങൾക്കുമായി കൂടുതൽ തുക ചെലവഴിക്കൽ, അസത്യമായ ആരോപണങ്ങൾക്കു വിധേയരാകൽ സെപ്റ്റംബറിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേരൽ, നവീന വസ്ത്രരത്നാഭരണലബ്ധി എന്നിവ ഫലം. ഒക്ടോബറിൽ വിശ്വാസവഞ്ചനയ്ക്കു പാത്രമാകൽ, കള്ളക്കേസിൽ പ്രതിയാകൽ, വിവാഹമോചന ചിന്ത രൂപപ്പെടൽ. നവംബറിൽ വ്രതാനുഷ്ഠാനം, യാത്രാക്ലേശം, ഡിസംബറിൽ ദേഹക്ഷതം, കുടുംബത്തിൽ പകർച്ചവ്യാധികൾ പിടിപെടൽ, വിദേശപര്യടനം. വ്യവഹാരവിജയം, സത്സംഗം, പുതിയ ബന്ധുക്കളുടെ ആഗമനം എന്നിവയ്ക്കെല്ലാം ലക്ഷണം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കും. മാധ്യമങ്ങളിൽ ശോഭിക്കും. സദാചാരവിരുദ്ധചിന്ത, ദാമ്പത്യസുഖഭംഗം, സർക്കാരിൽ നിന്നു പ്രതികൂലനടപടിയുണ്ടാകൽ, രഹസ്യപ്രവർത്തനം പരസ്യമായി ഭവിക്കൽ, ഉത്സവാഘോഷപരിപാടികളിൽ കുടുംബസമേതം സംബന്ധിക്കൽ, ഏറ്റെടുത്ത പ്രവൃത്തി ഭംഗിയായി കൃത്യസമയത്ത് ചെയ്തു തീർക്കാൻ കഴിയാത്തതിൽ മനോവിഷമവും ധനനഷ്ടവും ഉണ്ടാകൽ, വിദേശയാത്രാസംരംഭം വിജയിക്കൽ എന്നിവയ്ക്ക് യോഗമുണ്ട്. കീഴ്ജീവനക്കാരിൽ നിന്നു ബഹുമാനവും ആദരവും ലഭിക്കൽ, ഭൃത്യജനങ്ങളിൽ നിന്നു ഗുണാനുഭവം, മറവിമൂലം നഷ്ടങ്ങൾ സംഭവിക്കൽ, കൂട്ടുകച്ചവടത്തിൽ ലാഭം ലഭിക്കൽ, അഗ്നി, വാതകം, വൈദ്യുതി, രാസപദാർഥങ്ങൾ, വാഹനം, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്ന ബോധം ഇല്ലെങ്കിൽ അപകടം സംഭവിക്കൽ എന്നിവയ്ക്ക് ലക്ഷണം കാണുന്നുണ്ട്. 

 സാജിറ്റേറിയസ് (നവംബർ23-ഡിസംബർ-22)

സാഹിത്യപ്രവർത്തനം, രാഷ്ട്രീയം, പത്രപ്രവർത്തനം, ജ്യോതിഷം, താന്ത്രികവിദ്യ, അധ്യാപകവൃത്തി, സർക്കാർ ജോലി, പരസ്യം, സിനിമ എന്നിവ സാജിറ്റേറിയൻസിന്റെ കർമമേഖലകളാണ്. എങ്കിലും ചെറിയ കാര്യങ്ങളെ പർവതീകരിച്ചു കാണിക്കുന്ന ഈ രാശിക്കാർ എടുത്തുചാട്ടം മൂലം പല പ്രശ്നങ്ങളിലും അബദ്ധത്തിൽ ചെന്നു ചാടും. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു മാറുന്നതും ഒരു സീറ്റിൽ നിന്നും മറ്റൊരു ഇരിപ്പിടത്തിലേക്കു മാറുന്നതുപോലും അവർക്ക് ഇഷ്ടപ്പെടുകയില്ല. വേദാന്തവിഷയങ്ങളും പ്രാർഥനയും ഏറെ ഇഷ്ടപ്പെടുന്ന ഈ രാശിക്കാർ ഭക്ഷണം നല്ല രുചിയിൽ ആസ്വദിച്ചു ഭക്ഷിക്കുന്നവരായിരിക്കും. സാജിറ്റേറിയസ് രാശിക്കാർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാതിരിക്കൽ, അപവാദശ്രവണം, വാക്ക് പാലിക്കാൻ കഴിയാത്ത അവസ്ഥ, കുടുംബത്തിൽ ഭാഗംവയ്പ്. ഫെബ്രുവരിയിൽ ഭൃത്യജനങ്ങളിൽ നിന്നു സഹായസഹകരണം. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. മാർച്ചിൽ വിദ്യാർഥികൾ വിദ്യാഭ്യാസാവശ്യങ്ങളും പരീക്ഷാവിജയവും നേടിയെടുക്കാനായി നെട്ടോട്ടം, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, വിദേശജോലി നഷ്ടപ്പെടൽ, ദാമ്പത്യക്ലേശം ഇവ ഫലമാകുന്നു. ഏപ്രിലിൽ എതിരാളികളിൽ നിന്നു ശല്യം, അനാവശ്യയാത്ര, ചൂതാട്ടം, ഭാഗ്യക്കുറി ഇവയിൽ അമിതാവേശം. മേയിൽ പ്രണയപരാജയം, വാക്കു പാലിക്കാൻ കഴിയാത്ത അവസ്ഥ, വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കൽ, നിദ്രാഭംഗം എന്നിവയും ജൂൺ മാസത്തിൽ പുരാതനധനം ലഭിക്കൽ, മുദ്രക്കടലാസ്സിൽ ഒപ്പുവയ്ക്കൽ, താന്ത്രികമാന്ത്രികകാര്യങ്ങൾക്കായി ധനം ചെലവഴിക്കൽ, പുണ്യദേവാലയം സന്ദർശിക്കൽ ഇവയക്ക് ലക്ഷണം കാണുന്നു. ജൂലൈയിൽ ജലയാത്ര, പ്രകൃതിക്ഷോഭം മൂലം ധനനഷ്ടം, അന്ധവിശ്വാസങ്ങൾക്കടിപ്പെടൽ, അവിഹിതമാർഗങ്ങളിലൂടെ ധനസമ്പാദനം, ഓഗസ്റ്റിൽ ഊഹക്കച്ചവടത്തിൽ അമിതലാഭം, കുടുംബസംഗമം, നവീനഗൃഹാരംഭപ്രവർത്തനം, നാൽക്കാലിനാശം, ശത്രുശല്യം. സെപ്റ്റംബറിൽ ജിഹ്വാദോശം. മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കൽ, ശത്രുവർധന, ഭോജനസൗഖ്യം, വാഹനലാഭം, പാരിതോഷികലബ്ധി എന്നിവ ഫലം. ഒക്ടോബറിൽ നേതൃസ്ഥാനം, വിഭവനാശം, വ്യവഹാരവിജയം. നവംബറിൽ വധഭീഷണി, സർക്കാരിൽ നിന്നു ധനസഹായം ലഭിക്കൽ, അന്യരുടെ വാക്കു കേട്ട് അബദ്ധത്തിൽ ചെന്നുചാടൽ, വ്രതാനുഷ്ഠാനം. ഡിസംബറിൽ മാതാവിന് ക്ലേശം, ബന്ധുസഹായം, സഹോദരസ്ഥാനീയരിൽ നിന്നു ദോഷാനുഭവം എന്നിവയും ഫലമാകുന്നു. വ്യവഹാരവിജയം, വ്യാപാരസംരംഭങ്ങളിൽ നേട്ടം കൈവരിക്കൽ, അധികാരികളിൽ നിന്നു പ്രശംസലഭിക്കൽ, കലാകായികരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കൽ, പ്രണയസാഫല്യം, വ്യവഹാരങ്ങളിൽ ഒത്തുതീർപ്പ്, ഊഹക്കച്ചവടത്തിൽ ധനനഷ്ടം, ആധ്യാത്മിക കാര്യങ്ങളിൽ അമിതതാൽപര്യം എന്നിവ ഫലമാകുന്നു. കൃഷിനഷ്ടം, രാഷ്ട്രീയക്കാർക്ക് വിജയം, പിൻഗാമികളിൽ നിന്നു കുഴപ്പം സംഭവിക്കൽ, വ്യാപാരരംഗത്ത് സ്തംഭനാവസ്ഥ, സഹപ്രവർത്തകരില്‍ സഹായസഹകരണം, ബലിയാടാകൽ, ശത്രുവർധന, അന്ധവശ്വാസങ്ങൾക്ക് അടിപ്പെടൽ, വാക്ക് പാലിക്കാൻ കഴിയാത്ത അവസ്ഥ, സർക്കാരിൽ നിന്നു ഗുണാനുഭവം എന്നിവയ്ക്കു ലക്ഷണം കാണുന്നുണ്ട്.

കാപ്രിക്കോൺസ്(ഡിസംബർ23-ജനുവരി20)

കയ്യിൽ കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്തുന്ന കാപ്രിക്കോൺസ് പൊതുവെ കടുംപിടിത്തക്കാരും ആത്മവിശ്വാസമുള്ളവരും വാദപ്രതിവാദങ്ങളിൽ ശോഭിക്കുന്നവരുമായിരിക്കും. മനസ്സിലുള്ളതിനെ ജീവിതപങ്കാളിയോട് വെട്ടിത്തുറന്നു സംവദിക്കാൻ കഴിയാത്ത ഈ രാശിക്കാർക്ക് ദാമ്പത്യജീവിതത്തിൽ സൗന്ദര്യപ്പിണക്കത്തിനു സാധ്യത കൂടുതലായിരിക്കും. ത്വക് രോഗം, ദന്തക്ഷയം, നടുവേദന, സന്ധിവേദന, വാതസംബന്ധമായ അസുഖങ്ങൾ, നേത്രോദരരോഗം എന്നിവ വരാൻ ഇവർക്കു സാധ്യത കൂടുതലാണ്. തീരുമാനിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നവരും നിരീക്ഷണപാടവവും ആസൂത്രണ വൈദഗ്ധ്യം ഉള്ളവരുമാണ് കാപ്രിക്കോൺ രാശിക്കാർ. കാപ്രിക്കോൺ രാശിക്കാർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ യാത്രാക്ലേശം, രോഗപീഡ, അത്യധ്വാനം, വ്യാപാരരംഗത്ത് അഭിവൃദ്ധി, സർക്കാരിൽ നിന്നു പ്രതികൂലമായ നടപടി. ഫെബ്രുവരിയിൽ സ്ഥാനമാന ബഹുമതി, ഭാഗ്യക്കുറിലബ്ധി, പ്രശസ്തി, ചിരകാലാഭിലാഷലബ്ധി, സന്താനഭാഗ്യം. മാർച്ചിൽ സ്ഥാനചലനം, ഉദ്യോഗക്കയറ്റം, അന്യഗൃഹവാസം, വ്യവഹാരവിജയം ഇവ ഫലമാകുന്നു. ഏപ്രിലിൽ ഗൃഹാന്തരീക്ഷശുദ്ധി, വ്രതാനുഷ്ഠാനം, ധനാഗമം. മേയിൽ വിദ്യാഭ്യാസരംഗത്തും കർമരംഗത്തും വന്നു ചേരുന്ന അവസരങ്ങൾ അശ്രദ്ധമൂലം നഷ്ടപ്പെടൽ, കാർഷികരംഗങ്ങളിൽ ഉന്നതി. ജൂണിൽ ഉദ്യോഗക്കയറ്റം, ശത്രുവിരോധം, ദുർവ്യയം, ഉദ്ദിഷ്ടകാര്യസിദ്ധി, ദാമ്പത്യസൗഖ്യം. ജൂലൈയിൽ ശത്രുഭീതി, രോഗഭീതി, മരണഭീതി, കൂട്ടുവ്യാപാരത്തിൽ നഷ്ടം എന്നിവയ്ക്കു ലക്ഷണം കാണുന്നു. ഓഗസ്റ്റിൽ സ്ഥാനമാന ബഹുമതി, ശത്രുജയം, ആരോഗ്യപുഷ്ടി, ഭോജനസൗഖ്യം, വിവാഹപ്രായമായവർക്ക് വിവാഹലബ്ധി. സെപ്റ്റംബറിൽ ശത്രുപീഡ, രോഗം പിടിപെടൽ, വിദ്യാലാഭം, ഗൃഹനിർമാണം നിർത്തിവയ്ക്കേണ്ടിവരിക. വ്യവഹാരവിജയം, വിദേശീയധനലബ്ധി. ഒക്ടോബറിൽ ദൂരദേശയാത്ര, ദാമ്പത്യക്കുഴപ്പം. പ്രണയപരാജയം ഇവയ്ക്കു ലക്ഷണം കാണുന്നു. നവംബറിൽ സ്ത്രീകൾ നിമിത്തം കുഴപ്പം. സന്താനങ്ങൾക്ക് ഉദ്യോഗലബ്ധി, ബഹുജനവിരോധം, വിദ്യാഭ്യാസത്തിൽ ആലസ്യം, ആരോഗ്യപുഷ്ടി, ശത്രുനാശം. ഡിസംബറിൽ ആത്മീയകാര്യങ്ങളിൽ കൂടുതൽ ശുഷ്കാന്തി, വിഭവനാശം, കാര്യജയം, പ്രണയസാഫല്യം. സർക്കാരിൽ നിന്ന് അനുകൂലമായ നീക്കങ്ങളുണ്ടാകൽ എന്നിവ ഫലമാകുന്നു. എതിർപ്പുകളെ അതിജീവിക്കാൻ പ്രാർഥന അത്യാവശ്യമാണ്. ഊഹക്കച്ചവടത്തിൽ ധനലാഭം. കലാകായികരംഗത്തുള്ളവർക്ക് ഗുണാനുഭവം, ആത്മീയകാര്യങ്ങളിൽ കൂടുതൽ താൽപര്യം. ബന്ധുജനസമാഗമം, വ്യവഹാരവിജയം. പിണങ്ങി നിൽക്കുന്ന ദമ്പതികള്‍ ഒന്നിക്കൽ, വളരെക്കാലമായി കാണുവാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടൽ, ഉന്നതവ്യക്തികളുമായി പരിചയപ്പെടുവാനിടവരികയും അതുമൂലം ഭാവിയിൽ വളരെ ഗുണങ്ങൾ ലഭിക്കുകയും ചെയ്യൽ എന്നിവ ഫലമാകുന്നു. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ അവസരം ലഭിക്കയും അതിൽ ശോഭിക്കയും ചെയ്യൽ. മേലധികാരികളിൽ നിന്ന് അംഗീകാരവും അനുമോദനവും ലഭിക്കൽ, ഉന്നതസ്ഥാനലബ്ധി, വിദേശയാത്രയ്ക്ക് അനുമതി ലഭിക്കൽ, ഗ്രന്ഥരചന, സംഗീതം, നൃത്തം, യോഗം എന്നിവ അഭ്യസിക്കൽ, സുഖചികിത്സ നടത്തൽ, രോഗവിമുക്തി എന്നിവയ്ക്കെല്ലാം ലക്ഷണം കാണുന്നുണ്ട്. 

 അക്വേറിയസ്(ജനുവരി21-ഫെബ്രുവരി19)

വ്യക്തിജീവിതത്തിൽ അന്യർ ഇടപെടുന്നത് തീരെ ഇഷ്ടമില്ലാത്തവരാണ് അക്വേറിയസ് രാശിക്കാർ സർക്കാർ ജോലി, സിനിമ, ഭൂമിക്കച്ചവടം, യോഗപരിശീലനം ഇവയിൽ ശോഭിക്കും. പ്രണയം നിറഞ്ഞ മനസ്സാണെങ്കിലും സ്നേഹം പുറമേക്ക് പ്രകടിപ്പിക്കാൻ പിശുക്കുകാട്ടുന്നവരാണ്. ഈ രാശിക്കാർ അഭിമാനികളും വൈകാരികത ഏറെയുള്ളവരും  ബന്ധങ്ങളിൽ വിശ്വസ്തത പുലർത്തുന്നവരുമായിരിക്കും. തിരിച്ചും അതേ വിശ്വസ്തത ലഭിക്കണമെന്നും ഇവർക്കു നിർബന്ധമുണ്ട്. എതിർലിംഗത്തിൽപ്പെട്ടവരുടെ ചതിവലയിൽ എളുപ്പത്തിൽ അക്വേറിയസ് രാശിക്കാർ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്. എങ്കിലും അതിൽ നിന്നു രക്ഷപ്പെടാനുള്ള കഴിവും ഇവർക്കുണ്ട്. അക്വേറിയസ് രാശിക്കാർക്ക് സൂര്യചാരവശാൽ 2020 ജനുവരിയിൽ ധനലബ്ധി, പ്രണയസാഫല്യം, ഇഷ്ടജനസഹവാസം, ഗ്രന്ഥരചന. ഫെബ്രുവരിയിൽ വിദ്വൽസദസ്സുകളിൽ പങ്കെടുക്കൽ, വിരുന്നുസൽക്കാരങ്ങളിൽ പങ്കെടുക്കൽ, പുണ്യദേവാലയസന്ദർശനം. മാർച്ചിൽ യോഗപരിശീലനം, ചൂതാട്ടത്തിൽ അമിത താൽപര്യം, പ്രമാണങ്ങളിലൊപ്പുവയ്ക്കൽ, സർക്കാരിൽ നിന്ന് ആദരവും ധനസഹായവും, അന്ധവിശ്വാസങ്ങൾക്കടിപ്പെടൽ എന്നിവ ഫലമാകുന്നു. ഏപ്രിലിൽ രോഗപീഡ, സുഹൃത്തുക്കളിൽ നിന്നു വഞ്ചന, ഉദ്യോഗസംബന്ധമായി കുഴപ്പങ്ങൾ മേയിൽ സംഭാഷണത്തിലെ അപാകത മൂലം തെറ്റിധാരണ രൂപ്പെടലും ദാമ്പത്യപ്രശ്നങ്ങളും, കാര്യപ്രതിബന്ധം, പിതൃജനവിയോഗദുഃഖം, ഗുരുജനപ്രീതി. ജൂണിൽ ദൂരയാത്ര, വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കൽ, ദുർവ്യയം, മരണാനന്തരചടങ്ങുകളിൽ സംബന്ധിക്കൽ എന്നിവയ്ക്ക് ലക്ഷണം കാണുന്നു. ജൂലൈയിൽ പുരസ്കാരലബ്ധി, ബന്ധുജനക്ലേശം, വ്രതാനുഷ്ഠാനം, സംഗീതം എന്നിവ അഭ്യസിക്കൽ. ഓഗസ്റ്റിൽ ബന്ധുജനസമാഗമം, നവീന വസ്ത്രാരത്നാഭരണലബ്ധി, മൃഷ്ടാന്നഭോജനം, സുഹൃദ്സംഗമം, സൗന്ദര്യവർധന. സെപ്റ്റംബറിൽ സുഖചികിത്സ, അന്യദേശവാസം, കളികളിൽ പങ്കെടുക്കൽ, ലഹരിപദാർഥങ്ങളോട് താൽപര്യം, തസ്കരഭയം ഇവ ഫലമാകുന്നു. ഒക്ടോബറിൽ രോഗശാന്തി, സ്ഥാനചലനം, സർക്കാരിൽ നിന്നു സഹായം, അസൂയക്കാരിൽ നിന്നു ശല്യം. നവംബറിൽ ഭാഗ്യക്കുറി ലഭിക്കൽ, ജിഹ്വാദോഷം, വിദേശയാത്ര മാറ്റിവയ്ക്കൽ, വിദേശ ജോലിക്കു കുഴപ്പം, വ്യവഹാര പരാജയം എന്നിവയും ഡിസംബറിൽ പ്രദർശനശാലകൾ സന്ദർശിക്കൽ, വിനോദസഞ്ചാരം, പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം, കലാസാഹിത്യപ്രവർത്തനം മൂലം ഗുണാനുഭവം, ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറൽ എന്നിവയ്ക്കെല്ലാം ലക്ഷണം കാണുന്നുണ്ട്. അപ്രതീക്ഷിതധനലാഭം, വ്യാപാരസംഭവങ്ങളിൽ ധനലാഭം, പ്രശസ്തി, ഗൃഹനിർമാണപുരോഗതി, നവീനവസ്ത്രരത്നാഭരണലബ്ധി, വ്യവസായപുരോഗതി, വ്യവഹാരവിജയം, പുനർവിവാഹ സാധ്യത എന്നിവയ്ക്ക് ലക്ഷണമുണ്ട്. രോഗവിമുക്തി, സ്ഥാനചലനം, ദാമ്പത്യസുഖഭംഗം, ലഹരിപദാർഥങ്ങളോട് വൈമുഖ്യം, ധനക്ലേശം, സന്താനസൗഭാഗ്യം, വിദ്യാപുരോഗതി, രോഗവിമുക്തി, പൊതുചടങ്ങുകളിൽ സംബന്ധിക്കൽ, മൃഷ്ടാന്നഭോജനം, തൊഴിൽലബ്ധി, പ്രണയസാഫല്യം, വാർത്താപ്രാധാന്യമുള്ള അനുഭവങ്ങളുണ്ടാകൽ, അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടൽ, പ്രമാണങ്ങളിലൊപ്പുവയ്ക്കൽ, ശത്രുബാധ, കിണർ കുഴിച്ചതിൽ വെള്ളംകാണൽ, മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ശല്യം എന്നിവ ഫലമാകുന്നു.

പീസസ്(ഫെബ്രുവരി20-മാർച്ച്21)

കള്ളസൂത്രങ്ങൾ കണ്ടുപിടിക്കുന്നതിൽ ഈ രാശിക്കാർ മിടുക്കരായിരിക്കും. ശുഭാപ്തിവിശ്വാസം, ആലോചനാശക്തി, കൃത്യനിഷ്ഠ, ക്ഷമ, സദാചാരബോധം, പരോപകാരതൽപരത എന്നിവ പീസസ് രാശിക്കാരുടെ മുതൽക്കൂട്ടാണ്. യാത്രാ പ്രിയരാണ്. യഥാർഥ രാഷ്ട്രീയം അറിഞ്ഞു പ്രവർത്തിക്കുന്ന ഈ രാശിക്കാർ അപകടങ്ങളിൽ നിന്നു ‘വലയിൽ കുടുങ്ങാത്ത മത്സ്യത്തെപ്പോലെ’ രക്ഷപ്പെടും. പഠിച്ച മേഖലയും തൊഴിലും തമ്മിൽ യാതൊരു ബന്ധവും കാണുകയില്ല. വൈരാഗ്യം തോന്നിയാൽ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നവരായിരിക്കും. പ്രണയാർദ്രമായ മനസ്സും ധർമബോധവും ഇവരുടെ മുഖമുദ്രയാണ്. പീസസ് രാശിക്കാർക്ക് സൂര്യരാശിവശാൽ 2020 ജനുവരിയിൽ വിവാഹകാര്യങ്ങളിൽ തീരുമാനം. മേലധികാരികളിൽ നിന്നു നീരസം സമ്പാദിക്കൽ, സാഹിത്യപ്രവർത്തനം. ഫെബ്രുവരിയിൽ ഉത്സവാഘോഷപരിപാടികളിൽ സംബന്ധിക്കൽ, പുസ്തകങ്ങൾക്കും ഗൃഹാലങ്കാരസാമഗ്രികൾക്കുമായി നല്ല തുക ചെലവഴിക്കൽ, അഭിനയത്തിൽ പ്രശസ്തി ലഭിക്കൽ, പരീക്ഷാദികള്‍ക്കായി കഠിനപ്രയത്നം. മാർച്ചിൽ പ്രണയസാഫല്യം, കുടുംബനാഥനിൽ നിന്നു വഴക്കു കേൾക്കൽ, രഹസ്യമായി വച്ച കാര്യങ്ങൾ അബദ്ധത്തിൽ പരസ്യമാകൽ ഇവ ഫലം. ഏപ്രിലിൽ സർക്കാരിൽ നിന്ന് അനുകൂല നടപടി, അന്യരുടെ വാക്കു കേട്ട് അബദ്ധത്തിൽ ചെന്നു ചാടല്‍. മേയിൽ എഴുത്തു കുത്തുകൾ മൂലം ഗുണാനുഭവം, മത്സരവേദികളിൽ പ്രത്യക്ഷപ്പെടാൻ അവസരം. ജൂണിൽ വിദ്യാപരമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിലേക്കായി കടംവാങ്ങേണ്ടിവരിക, ഉദരരോഗം പിടിപെടൽ, ശിശുക്കൾക്ക് കഫജ്വരം, ചെങ്കണ്ണ്, വിരശല്യം ഇവയിൽ ചിലതുണ്ടാകൽ എന്നിവയ്ക്ക് ലക്ഷണമുണ്ട്. ജൂലൈയിൽ ജലയാത്ര, ദാമ്പത്യസൗഖ്യം, എതിരാളികളിൽ നിന്ന് ഉപദ്രവം, ബന്ധുജനവിരോധം, പ്രണയസാഫല്യം, ഓഗസ്റ്റിൽ ഉദ്യോഗക്കയറ്റം, സഹപ്രവർത്തകരിൽ നിന്നു വഞ്ചന, ഭൂമിലാഭം, ധനലാഭം, സന്താനഭാഗ്യം. സെപ്റ്റംബറിൽ രാഷ്ട്രീയസമ്മർദങ്ങൾക്കു വിധേയത്വം, ഗ്രന്ഥരചന, ചലച്ചിത്രവുമായി ബന്ധപ്പെട്ട പ്രവർത്തനം എന്നിവ ഫലമാകുന്നു. ഒക്ടോബറിൽ ദാനധർമങ്ങൾ, സന്താനസൗഭാഗ്യം, നവംബറിൽ ധനലാഭം, വ്യവഹാരവിജയം, ദാമ്പത്യസൗഖ്യം, കുടുംബജനങ്ങളുമായി അകാരണവിരോധം ഡിസംബറിൽ വിദേശയാത്ര, വ്രതാനുഷ്ഠാനം, അവിഹിതമാർഗങ്ങളിലൂടെ ജോലി സമ്പാദിക്കൽ എന്നിവയ്ക്കെല്ലാം ലക്ഷണം കാണുന്നുണ്ട്. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. ശുഭവാർത്ത കേൾക്കും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. അന്യരുടെ വാക്ക് കേട്ട് കുഴപ്പത്തിലാകാതിരിക്കാൻ ശ്രദ്ധിക്കണം. വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയാണ്. ആധുനിക യന്ത്രസാമഗ്രികൾ വാങ്ങിക്കും. യന്ത്രത്തകരാറുമൂലം ധനനഷ്ടം സംഭവിക്കും. മരണാനന്തരചടങ്ങുകളിൽ സംബന്ധിക്കും. പ്രശസ്തി വർധിക്കും. ഗുരജനപ്രീതി, അസൂയക്കാരിൽ നിന്നു ശല്യം, ജിഹ്വദോഷം, പ്രവർത്തനവിജയം, പരീക്ഷകളിൽ സമുന്നതവിജയം കരസ്ഥമാക്കൽ, അഭിനയത്തിൽ ശോഭിക്കൽ, വസ്തു വാഹനലാഭം, മൃഷ്ടാന്നഭോജനം, രാഷ്ട്രീയമായ നേതൃസ്ഥാനം, സുഖചികിത്സ, ഭാഗ്യക്കുറി ലഭിക്കൽ, ആരോഗ്യപുഷ്ടി എന്നിവ ഫലമാകുന്നു. 

English Summery : Yearly Prediction 2020 By Peringode Sankaranarayanan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA