sections
MORE

ചിത്തിര ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം ചിത്തിര നക്ഷത്രക്കാർക്കെങ്ങനെ?
Chithira
SHARE

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020–ൽ പുതിയ പാഠ്യപദ്ധതിയിൽ ചേർന്ന വിദ്യാർഥികൾക്ക് തൃപ്തികരമായ വിജയം കൈവരിക്കും. മറ്റുചിലർക്ക് പുതിയ പാഠ്യ പദ്ധതിയിലോ പുതിയ ഉദ്യോഗത്തിലോ ചേരുന്നതിന് അവസരം കാണുന്നു. പഠിച്ച വിദ്യ വേണ്ടവിധത്തിൽ പ്രയോഗിക്കാൻ സാധിക്കാത്തതു വഴി നല്ല അവസരങ്ങൾ നഷ്ടപ്പെടാനുള്ള യോഗം കാണുന്നു. മറ്റു ചിലർക്ക് ഔദ്യോഗികമേഖലകളിൽ അധികാരപരിധിയും ചുമതലകളും വർധിക്കുന്നതു വഴി ജോലി ഉപേക്ഷിച്ച് വികസിത രാഷ്ട്രങ്ങളിൽ ഉപരിപഠനത്തിന് ചേരുന്നതിന് അവസരം ലഭിക്കും. മറവി സംഭവിക്കുന്നതു വഴി ഔദ്യോഗിക മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും നല്ല അവസരങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു.

വിദേശത്ത് വസിക്കുന്നവർക്ക് ജീവിത ചെലവ് വർധിക്കാം. അവതരണ ശൈലിയിൽ അപാകത ഉള്ളതിനാൽ പലപ്പോഴും വിപരീത സാഹചര്യങ്ങൾ വന്നു ചേരാൻ സാധ്യത ഉള്ളതിനാൽ വാക്കുകളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. അസുഖങ്ങൾ വർധിക്കുന്നതു വഴി പ്രകൃതിജീവന ഔഷധ രീതികൾ അവലംബിക്കുകയും ഭക്ഷണ ക്രമീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ഈ അവസ്ഥകളെ അതിജീവിക്കാൻ സഹായിക്കും. പലപ്പോഴും പ്രതിരോധ ശക്തി വർധിക്കുന്നതു വഴി പകർച്ചവ്യാധിയിൽ നിന്ന് രക്ഷ നേടും. ഏറ്റെടുത്ത കർമപദ്ധതികളിലും കരാർ ജോലികളിലും കഠിനാധ്വാനം വേണ്ടി വരും. വരുമാന മാർഗം ഉണ്ടെങ്കിലും  അവിചാരിതമായ ചിലവിനാൽ നീക്കിയിരുപ്പ് കുറയും. അശ്രാന്ത പരിശ്രം ചെയ്താൽ പോലും പലപ്പോഴും നല്ല അവസരങ്ങൾ ലഭിക്കാതെ പോവുകയും മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.

പ്രലോഭനങ്ങളിൽ പെടാതെ യുക്തിപൂർവം കാര്യങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ നിലവിലുള്ള ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം മാറ്റുന്നത് ഉചിതം. അധികാരപരിധി, അധ്വാനഭാരം എന്നിവ കൂടും മാസത്തിലൊന്ന് വീട്ടിൽ വന്നു പോകാൻ തക്കമുള്ള ദൂരദേശവാസം വേണ്ടി വരും.  ഇതിന്റെ ഫലമായി 2021 ലും 2022ലും സ്ഥാനക്കയറ്റവും വളരെയധികം സാമ്പത്തിക നേട്ടത്തിനും ഇത് സഹായിക്കും. കക്ഷി രാഷ്ട്രീയ പ്രവർത്തികൾ ഉപേക്ഷിച്ച് ആദ്ധ്യാത്മിക ആത്മീയ ചിന്തകളും പൗരാണികമായിട്ട് കുടംബപരമായിട്ടുള്ള പ്രവർത്തന മണ്ഡലങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം സ്വീകരിക്കുന്നത് മാതാപിതാക്കളിൽ നിന്ന് അനുമോദനങ്ങൾക്ക് വഴി തെളിക്കും. ശരിയാണെന്നു തോന്നുന്ന പല കാര്യങ്ങളും നന്നായി ആലോചിച്ചും സത്യാവസ്ഥകൾ മനസ്സിലാക്കിയും ചെയ്യുന്നതിനാൽ അബദ്ധങ്ങളിൽ നിന്ന് രക്ഷപ്പെടും.

ഔദ്യോഗിക മേഖകളില്‍ ശാസ്ത്രീയവശമോ പ്രായോഗിക വശമോ ശരിയല്ലാ എന്നു തോന്നുമെങ്കിലും കീഴ്‍വഴക്കം മാനിക്കേണ്ടതായ സാഹചര്യം ഉണ്ടായിത്തീരും.  പണം കടം വാങ്ങേണ്ട സാഹചര്യം കാണുന്നു. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം സംജാതമാകും. വിട്ടുവീഴ്ചാ മനോഭാവവും പരസ്പരം അന്യോന്യം പരിഗണിക്കേണ്ടതുമായ സാഹചര്യവും പ്രത്യേകിച്ച് ദമ്പതികൾക്ക് വേണ്ടി വരും. പ്രാണായാമം, വ്യായാമം എന്നിവ ശീലിക്കുന്നതു വഴി മാനസിക ബുദ്ധിമുട്ടുകൾക്ക് കുറവ് തോന്നാൻ സാധ്യത കാണുന്നു. യാഥാർഥ്യത്തോടു കൂടിയുള്ള സമീപനം സ്വീകരിക്കുന്നത് ഗുണകരമായിത്തീരും. വിജയപ്രതീക്ഷകൾ വിഫലമായിത്തീരുവാന്‍ സാധ്യതയുള്ളതിനാൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുകയും ഈശ്വരപ്രാർഥനകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നത് ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കും.

ഗുരുകാരണവന്മാരുടെയും പ്രായാധിക്യമുള്ളവരുടെയും വാക്കുകൾ സ്വീകരിക്കുന്നത് നന്നായിരിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസം ലഭിക്കാത്തു വഴിയും മറ്റുചിലർക്ക് ജീവിത ചെലവു വർധിക്കുന്നതു വഴിയും ശമ്പള വർധനവ് ഇല്ലാത്തതു വഴിയും ജന്മനാട്ടിലേക്ക് മടങ്ങുന്നതിനുള്ള സാഹചര്യം കാണുന്നു. നാട്ടിൽ വന്നശേഷം ഒരു വർഷത്തേക്ക് പണം മുതൽ മുടക്കിയുള്ള പ്രവർത്തനങ്ങൾ ഉചിതമല്ല. സുഹൃത്തു തുടങ്ങുന്ന സ്ഥാപനത്തിൽ ഉദ്യോഗത്തിന് സാധ്യത. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചില കാര്യങ്ങൾ വിട്ടു പോകുന്നതിനാൽ മേലധികാരികളിൽ നിന്നും ചില നിർദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിത്തീരും. പലപ്പോഴും യുക്തിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ആണെങ്കിൽ പോലും അർധമനസ്സോടു കൂടി ഏറ്റെടുക്കുവാനും അതിൽ നിന്നു കിട്ടുന്ന പരിശീലനവും അനുഭവ ജ്ഞാനവും ഭാവിയിലേക്ക് ഗുണകരമായിത്തീരുവാനും സാധ്യത കാണുന്നു. സുരക്ഷാ സംവിധാനം സുശക്തമാക്കുന്നത് വഴി പ്രസ്ഥാനത്തിന്റെ സുരക്ഷിതമായിട്ടുള്ള കാര്യങ്ങൾ അനുകൂലമാകുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. പണമിടപാടുകളിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും, സ്വന്തം ഉത്തരാവാദിത്തങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുന്നതും ഈ ഒരു വർഷം അബദ്ധമായി തീരാനിടയുണ്ട്. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് അബദ്ധങ്ങൾക്ക് വഴിയൊരുക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും പുലർത്തണം.

കുടുംബാംഗങ്ങളുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശങ്ങൾ പരിഗണിക്കുകയും ഈശ്വരപ്രാർഥനകളോടുകൂടിയതുമായ സമീപനം കുടുംബത്തിൽ സമാധാനപരമായിട്ടുള്ള അന്തരീക്ഷം നിലനിർത്തും. ഉദ്യോഗത്തിൽ അനുകൂലമായ സാഹചര്യങ്ങളും വ്യാപാരവിപണനവിതരണ മേഖലകളിൽ തൃപ്തികരമായ അന്തരീക്ഷം സംജാതമാകും. ലാഭം കുറയുമെങ്കിലും നിലനിൽപിന് അനുകൂലമായ സാഹചര്യങ്ങൾ എല്ലാ മേഖലകളിലും വന്നു ചേരുവാൻ ചിത്തിര നക്ഷത്രക്കാർക്ക് ഈ 2020 ൽ സാധിക്കും. 

English Summary : Chithira Birth Star / Yearly Prediction 2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA