ADVERTISEMENT

ജനുവരി 24 ജ്യോതിഷവിശ്വാസികൾക്കു പരമപ്രധാന ദിനമായിരുന്നു. ആ ദിനത്തിലാണ് ശനി കാപ്രികോൺ രാശിയിലേക്ക് മാറുന്നത്. ശനിയുടെ ഈ മാറ്റം ജ്യോതിഷവിശ്വാസികളെ ഏറെ ആകാംക്ഷയിലാഴ്ത്തുന്നു. ഓരോ നക്ഷത്രക്കാരെയും രാശിക്കാരെയും ശനിമാറ്റം ബാധിക്കുന്നതു പല തരത്തിലാണ്. ചില നക്ഷത്രക്കാർക്ക്‌ ശനിയുടെ മാറ്റം ഗുണകരമായി ഭവിക്കുമ്പോൾ ചിലർക്കത് ഏഴരശനിയുടെയും കണ്ടകശനിയുടെയുമെല്ലാം ആരംഭമാണ്. സൂര്യരാശിയിൽ ശനിയുടെ മാറ്റം എങ്ങനെയെന്നറിയാം.

 

മേടം രാശി.........Aries

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

 

ഏരീസ് രാശിയുടെ പത്താമത്തെ മണ്ഡലത്തിലേക്കാണ് ശനിയുടെ മാറ്റം. അതുകൊണ്ടുതന്നെ ശനി ഈ രാശിക്കാരെ ചെറുതല്ലാത്ത രീതിയിൽ ബാധിക്കാനിടയുണ്ട്. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരുന്നതിനൊപ്പം തന്നെ ധാരാളം ആളുകളുമായി കൂടികാഴ്ചകളും വേണ്ടിവരും. ഇത്തരം യാത്രകളും കൂടികാഴ്ചകളും ഈ രാശിക്കാർക്കു തൊഴിൽപരമായി ഗുണകരമാണ്. എങ്കിലും തൊഴിൽ സംബന്ധമായ ചില പ്രശ്നങ്ങളും പുതിയ പദ്ധതികളും ആകുലതകൾ വർധിപ്പിക്കാനിടയുണ്ട്. ചെറിയ രീതിയിലുള്ള മാനസിക സംഘർഷങ്ങൾ സന്തോഷം നഷ്ടപ്പെടുത്താനുള്ള സാധ്യതകളുണ്ട്. കൂടാതെ, ബന്ധങ്ങളേക്കാളുപരി പണത്തിനു പ്രാധാന്യം കൈവരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടതായും വരും. 

 

ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച തോറും പഞ്ചാമൃതാഭിഷേകം നടത്തുന്നത് ദോഷങ്ങൾ കുറയാൻ ഉത്തമമാണ്. 

 

 

ഇടവം രാശി.......... Taurus

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

 

ഈ രാശിയുടെ ഒമ്പതാമത്തെ മണ്ഡലത്തിലേക്കാണ് ശനിയുടെ ചലനം. ഇത് ടോറസ് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കിടവരുത്തും. പുത്തൻ തൊഴിലവസരങ്ങളും പുതിയ പദ്ധതികളും ഈ കാലയളവിൽ നടപ്പിലാക്കാനിടയുണ്ട്. എങ്കിലും ചില സുപ്രധാന മേഖലകളിൽ നിന്നും ഉദ്ദേശിച്ച രീതിയിലുള്ള ഫലം ലഭിക്കണമെന്നില്ല. ഭാഗ്യത്തിന്റെ കടാക്ഷം കുറവാണെങ്കിലും കാര്യങ്ങൾ കുറെയേറെ അനുകൂലമായി ഭവിക്കാനിടയുണ്ട്. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നിരാശ തോന്നുമെങ്കിലും പ്രതീക്ഷ കൈവിടാതിരിക്കുക, ഇക്കൂട്ടർ ഏർപ്പെടുന്ന സംരംഭങ്ങൾ ഫലപ്രാപ്തിയിലെത്താൻ കാലതാമസം നേരിട്ടേക്കാം. ശാന്തമായിരിക്കുക എന്നതു മാത്രമാണ് പ്രതിവിധി, അനുകൂല കാലം വിദൂരമല്ല. 

 

പരിഹാരമായി ദരിദ്രർക്ക് അന്നദാനം നടത്തുക.

 

മിഥുനം രാശി .......... Gemini

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

 

ശനി ജമിനി രാശിയുടെ എട്ടാമത്തെ മണ്ഡലത്തിലേക്കാണ് നീങ്ങുക. ഈ മാറ്റം ജമിനി രാശിക്കാരുടെ തൊഴിൽ മേഖലയെയാണ് പ്രധാനമായും ബാധിക്കുക. ഒന്നിലേറെ തടസങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കർമമേഖലയിൽ നിന്നും പരാതികൾ ഉയരാൻ സാധ്യതയുണ്ട്. മറ്റുള്ളവരുമായി സംയോജിച്ചല്ലാതെ, സ്വതന്ത്രമായി തൊഴിലിൽ ഇടപ്പെടുന്നതാണ് ഈ സമയങ്ങളിൽ അനുയോജ്യം. എല്ലായ്‌പ്പോഴും ജാഗരൂകരായിരിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിൽ നിന്നും ഭൂസ്വത്തു ലഭിക്കുന്നത് പോലുള്ള നേട്ടങ്ങൾ ഉണ്ടായെന്നു വരാം. ജമിനി രാശിക്കാരിൽ ശനിയുടെ മാറ്റം മാനസിക സംഘർഷങ്ങൾക്കും മനക്ലേശത്തിനുമെല്ലാം ഇടവരുത്തും. തൊഴിലിലും ഇതെല്ലാം പ്രതിഫലിക്കാൻ ഇടയുണ്ട്. കുടുംബത്തിൽ ഭിന്നിപ്പും രോഗപീഡയുമെല്ലാം ഈ കാലയളവിൽ പ്രതീക്ഷിക്കാം.

 

മാതാവിനെ ബഹുമാനിക്കുകയും ഉപഹാരങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്യുന്നത് ഗുണകരമാണ്. 

 

 

കർക്കടകം രാശി .......... Cancer

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

 

കാൻസർ രാശിയുടെ ഏഴാം ഭാവത്തിലേക്കാണ് ശനിയെത്തുക. ഈ മാറ്റം കുടുംബ ബന്ധങ്ങളിലും ബിസിനസിലും സാരമായ രീതിയിൽ പ്രതിഫലിക്കും. ചെറുതെന്നു തോന്നുന്ന പ്രശ്‍നങ്ങൾ ചിലപ്പോൾ സങ്കീർണ്ണമാകും. ജോലി ഭാരം വർധിക്കാനും അതുവഴി അലസത അധികരിക്കാനും ഇടയുണ്ട്. ദാമ്പത്യബന്ധവും സുഖകരമാകാനിടയില്ല. മേലധികാരികളിൽ നിന്നും അനുകൂലമായ നടപടികൾ ഉണ്ടാകുമെങ്കിലും ശത്രുക്കളുടെ ഇടപെടൽ മൂലം ഉദ്ദേശിക്കുന്ന നേട്ടം കൈവരിക്കാൻ കഴിയുകയില്ല. പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വർധിക്കാനിടയുണ്ട്. എങ്കിലും ഈ കാലയളവിൽ നേട്ടങ്ങളും ഒട്ടും കുറവായിരിക്കുകയില്ല.

 

ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക, അർഹതപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ ചെയ്യുന്നത് വഴി ദോഷഫലങ്ങൾ കുറയാനിടയുണ്ട്.

 

ചിങ്ങം രാശി .......... Leo

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ) 

 

ഈ രാശിയുടെ ആറാം മണ്ഡലത്തിലേക്കാണ് ശനിയുടെ മാറ്റം. ധാരാളം ശത്രുക്കളെ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും അവരുടെ മേൽ വിജയം കൈവരിക്കാൻ കഴിയും. ആരോഗ്യസംബന്ധമായ പ്രശ്‍നങ്ങൾ ഉണ്ടാകാനും ആശുപത്രി വാസത്തിനും ഇടയുണ്ട്. വാഗ്വാദങ്ങളിൽ വിജയം കൈവരിക്കും. മേലധികാരിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകാനിടയുണ്ട്. വളരെ കലുഷിതവും സംഘർഷഭരിതവുമായ സാഹചര്യങ്ങളെ ചിലപ്പോൾ അഭിമുഖീകരിക്കേണ്ടതായി വരുമെങ്കിലും അതിനെ തരണം ചെയ്യാൻ നിഷ്പ്രയാസം സാധിക്കുമെന്നതുകൊണ്ടു തന്നെ അധികം ആകുലപ്പെടേണ്ടതില്ല. യാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ കൈവരും. ചെലവുകൾ വർധിക്കാനുമിടയുണ്ട്. 

 

ശിവ ചാലിസ നാല്പതു ദിവസം മുടങ്ങാതെ പാരായണം ചെയ്യുന്നത് ദോഷപരിഹാരത്തിനു ഉത്തമമാണ്.

 

കന്നി രാശി .......... Virgo

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

 

വിർഗോ രാശിയുടെ അഞ്ചാം ഭാവത്തിലേക്കാണ് ശനി മാറുന്നത്. പുതിയ ബന്ധങ്ങൾ ആരംഭിക്കാൻ ഉചിതമായ സമയമാണിത്. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കുമ്പോൾ പഴയ ബന്ധങ്ങളിൽ വിള്ളലുകൾ വീഴാനുള്ള സാഹചര്യമുണ്ട്. കഠിനാധ്വാനം നടത്തിയാൽ മാത്രമേ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കുവാൻ സാധിക്കുകയുള്ളു. ഉപരിപഠനത്തിനു ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ അതിനു വേണ്ട പരിശ്രമങ്ങൾ ആരംഭിക്കേണ്ടതാണ്. പ്രണയബന്ധങ്ങളുടെ ആരംഭദശയിലുള്ളവർക്കു ഈ കാലം അല്പം സംഘർഷങ്ങളുടേതാണെങ്കിലും അധികം താമസിയാതെ അനുകൂലവും ആഹ്ളാദകരവുമായിത്തീരും. മാതാപിതാക്കൾ മക്കളുടെ കാര്യങ്ങളിൽ ജാഗരൂകരായിരിക്കേണ്ടതാണ്. സന്താനഭാഗ്യത്തിനായി കാത്തിരിക്കുന്ന ദമ്പതിമാർക്കു അനുകൂലമായ വാർത്ത കേൾക്കാനിടവരും.

 

ഭഗവാന് എണ്ണ സമർപ്പിക്കുന്നത് ദോഷങ്ങൾ അകലാനുള്ള പ്രതിവിധിയാണ്.

 

തുലാം രാശി .......... Libra

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

 

ലിബ്ര രാശിക്കാരുടെ നാലാം ഭാവത്തിലേക്കാണ് ശനിയുടെ ചലനം. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകളിലൂടെ കഴിഞ്ഞു പോകേണ്ട കാലമാണ് ഈ രാശിക്കാരുടെ മുമ്പിലുള്ളത്. കുടുംബത്തിൽ നിന്നടക്കം മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടതായി വരും. ചില സമയങ്ങളിൽ ചില കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ചോർത്തു അനാവശ്യമായ വ്യഥകളിലൂടെ കടന്നുപോകാം, അത് ചിലപ്പോൾ ആരംഭിക്കാൻ പോകുന്ന പുതിയ സംരംഭത്തെക്കുറിച്ചോർത്തു കൂടിയായിരിക്കാനിടയുണ്ട്. ഗൃഹത്തിലേക്ക് കടന്നുവരുന്ന അതിഥികൾ സന്തോഷം നൽകുന്ന വാർത്തകൾ പങ്കുവെയ്ക്കും. സുഹൃത്തുക്കളുടെ പിന്തുണ   ഈ രാശിക്കാർക്കു നേട്ടങ്ങളുണ്ടാക്കി കൊടുക്കും. പ്രണയബന്ധങ്ങളിൽ ഉലച്ചിലുകളുണ്ടാകാതെ നോക്കേണ്ടതാണ് .

 

ദോഷങ്ങൾ അകലാൻ വിഷ്ണു സഹസ്രനാമം ജപിക്കുക.

 

വൃശ്‌ചികം രാശി .........Scorpio

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) 

 

ഈ രാശിക്കാരുടെ മൂന്നാം മണ്ഡലത്തിലേക്കാണ് ശനി മാറുന്നത്. സ്കോർപിയോ രാശിക്കാരെ ഇതല്പം അലസന്മാരാക്കുമെങ്കിലും തങ്ങളുടെ കഴിവിന്റെ പരമാവധി ഒരു കാര്യത്തിന് വേണ്ടി നല്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നതായിരിക്കും. പുരോഗതി ആഗ്രഹിച്ചുകൊണ്ട് ഇവർ  പൂർണമനസോടെ പ്രവർത്തികളിലേർപ്പെടും. അതുകൊണ്ടു തന്നെ ഏർപ്പെടുന്ന കാര്യങ്ങൾ തുടക്കക്കാലത്തു ത്വരിതഗതിയിൽ മുമ്പോട്ടു നീങ്ങും. മാതാപിതാക്കളുമൊരിച്ചുള്ള യാത്രകൾക്കു ഈ കാലം അനുകൂലമാണ്.  പ്രണയ ബന്ധങ്ങളിൽ പരാജയപ്പെടുമെങ്കിലും പുതിയ സുഹൃത്തുക്കളെ ലഭിക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. സാമ്പത്തികമായി പുരോഗതിയുള്ള കാലമായിരിക്കും. ഗൃഹത്തിലേയ്ക്ക്  ഉപയോഗയോഗ്യമായ പുതിയ വസ്തുക്കൾ വാങ്ങുവാനിടയുണ്ട്.

 

അമാവാസി ദിനത്തിൽ അന്നദാനം നടത്തുന്നത് ദോഷങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്. 

 

ധനു രാശി .......... Sagittarius

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

 

ശനിയുടെ മാറ്റം ഈ രാശിയുടെ രണ്ടാം ഭാവത്തിലേക്കാണ്. അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ധം ഒരു പരിധിവരെ കുറയാനിടയുണ്ട്. നിലവിലുള്ള വായ്പ മടക്കി നൽകാനും മുടങ്ങി കിടക്കുന്ന ബിസിനസ് പുനരാരംഭിക്കാനും സാധ്യതയുണ്ട്. എതിരാളികളിൽ നിന്നും വെല്ലുവിളികൾ ഉയരാൻ ഇടയുള്ളതുകൊണ്ടു തന്നെ എല്ലായ്‌പ്പോഴും കരുതിയിരിക്കേണ്ടതാണ്. അപകടങ്ങളോ മുറിവുകളോ ഉണ്ടാകാനിടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കണം. ദീർഘദൂര യാത്രകൾ വേണ്ടിവന്നേക്കാം.

 

പരിഹാരമായി നിത്യവും നൂറ്റെട്ട് തവണ " ഓം നമഃ ശിവായ " ജപിക്കുക.

 

 

മകരം രാശി .......... Capricorn

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

 

ഈ ശനിമാറ്റം മൂലം ജീവിതത്തിൽ അലച്ചിലും  സ്വസ്ഥതക്കുറവും നേരിടാൻ സാധ്യതയുണ്ട്. ആവശ്യമില്ലാത്ത പല കാര്യങ്ങളിൽ  ഇടപെട്ടു ഊർജവും നഷ്ടവും നേരിടാനിടയുള്ള കാലമാണ്. ചുറ്റുമുള്ളവരിൽ നിന്നും അകൽച്ച നേരിടാം. പിടിവാശിയും ചിന്താഗതിയും മൂലം സമൂഹത്തിൽ ഒറ്റപ്പെടാനിടയുണ്ട്. സ്നേഹ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവാം. ആകുലതകൾ വർധിക്കാം .തൊഴിലിൽ പുതിയ അവസരങ്ങൾ ലഭിക്കാം. സ്ഥലമാറ്റം ഉണ്ടാവാനിടയുണ്ട്.

 

 

അരയാൽ തറയിൽ ദീപം തെളിയിച്ചു പ്രാർഥിക്കുന്നത് ദോഷങ്ങൾ അകലാനുള്ള പ്രതിവിധിയാണ്. 

 

 

 

കുംഭം രാശി .......... Aquarius

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

 

അക്വാറിയസ് രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്കാണ് ശനി മാറുന്നത്. ഇവരുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഈ കാലയളവിൽ പ്രതീക്ഷിക്കാം. കോപം അധികരിക്കും. നിയന്ത്രണമില്ലാതെ ചെലവുകൾ ചെയ്യും. എടുത്തുചാടി സാഹസ പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുന്നതാണ് ഉത്തമം. പ്രണയ ബന്ധങ്ങളിൽ മറ്റുള്ളവരുടെ ഇടപെടലുകളുണ്ടാകാനിടയുണ്ട്. മാനസികവ്യഥകൾ ഈ കാലയളവിൽ വർധിക്കും. നിയമപ്രശ്‌നങ്ങൾ മൂലം തടസം നേരിട്ട കാര്യങ്ങൾക്കു പരിഹാരം കാണാനുള്ള ഉചിതമായ സമയമാണിത്. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാൻ കഴിയും. ഗുരുതുല്യനായ ഒരു വ്യക്തിയെ കാണുകയും അദ്ദേഹത്തിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യും. 

 

ചൊവ്വ, ശനി ദിനങ്ങളിൽ ഹനുമാന് വെറ്റില മാല സമർപ്പിക്കുന്നത് ഉത്തമമാണ്.

 

മീനം രാശി .......... Pisces

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർ‘ച്ച് 21 വരെയുള്ളവർ)

 

ശനിയുടെ മാറ്റം ഈ രാശിയുടെ പതിനൊന്നാം ഭവനത്തിലേക്കാണ്. ഈ രാശിക്കാർക്കു സാമ്പത്തികമായി ഏറെ ഉന്നമനം ഉണ്ടാകുന്ന ഒരു കാലമാണ് മുമ്പിലുള്ളത്. എങ്കിലും ചിലരുടെ പെട്ടെന്നുള്ള ഇടപെടലുകൾ ഇവരെ കുഴപ്പത്തിൽ ചാടിക്കാനിടയുണ്ട്. ദാമ്പത്യബന്ധത്തിലും പ്രണയബന്ധങ്ങളിലും സംഘർഷങ്ങൾക്കിടയുണ്ട്. സുഹൃത്തുക്കളുമായി യാത്രകൾ പോകാനും ഉല്ലസിക്കാനും അവസരങ്ങൾ ലഭിക്കും. അത്തരം യാത്രകൾ ചിലപ്പോൾ നേട്ടങ്ങളുണ്ടാക്കാനുമിടയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്, അല്ലാത്ത പക്ഷം സങ്കീർണമായ രോഗാവസ്ഥകളെ അഭിമുഖീകരിക്കേണ്ടതായി വരും. പിതൃസ്വത്തിനെ സംബന്ധിച്ചുള്ള തർക്കങ്ങൾ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താൻ ഇടയാക്കും. വിഷമഘട്ടങ്ങളിൽ സന്താനങ്ങളിലൂടെ സന്തോഷത്തിനു യോഗമുണ്ട്. 

 

ശിവന് ജലധാര നടത്തുന്നത് ദോഷങ്ങൾ അകലാൻ സഹായിക്കും.

 

English Summery : Saturn Transit 2020 for Each Zodiac Sign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com