ADVERTISEMENT

രാശിചക്രത്തിൽ 18 മാസത്തിൽ ഒരിക്കൽ രാശി മാറുന്ന, ഗ്രഹണങ്ങൾക്ക് കാരണമാകുന്ന നിഴൽഗ്രഹമാണ് രാഹു. രാഹുവിനൊപ്പം കേതുവും രാശി മാറുന്നു. രാഹു-കേതുക്കൾ എപ്പോഴും 180 ഡിഗ്രി അകലം പാലിക്കുന്നു. ആധുനിക ജ്യോതിശാസ്ത്രം രാഹുവിനെ നോർത്ത് നോഡ് എന്നും കേതുവിനെ സൗത്ത് നോഡ് എന്നും വിളിക്കും. ധ്രുവം എന്നും പേരുണ്ട്. സൂര്യന്റേയും ചന്ദ്രന്റേയും ഭ്രമണപഥങ്ങൾ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ്  രാഹു- കേതുക്കൾ (നിഴൽ ഗ്രഹങ്ങൾ). ഫലഭാഗ ജ്യോതിഷത്തിൽ രാഹു-കേതുക്കൾക്ക് വലിയ പ്രാധാന്യം ഉണ്ട്.

ഭാരതീയ നിരയന ഗണിത പ്രകാരം (എൻ .സി. ലാഹിരി അയനാംശം) 2020 സെപ്റ്റംബർ 23 - ന് പകൽ 10 .40 - ന് മിഥുനം രാശിയിൽ നിന്നും വക്രഗതിയിൽ രാഹു ഇടവം രാശിയിൽ പ്രവേശിക്കുന്നു. കേതു-ധനു രാശിയിൽ നിന്നും വിഷരാശിയായ വൃശ്ചികത്തിലും പ്രവേശിക്കുന്നു. തുടർന്ന് രാഹു 2022  ഏപ്രിൽ 12 പകൽ 1 .27 വരെ ഇടവം രാശിയിൽ നിൽക്കും  കേതു വൃശ്ചികം രാശിയിലും. ഈ ഗ്രഹണ ഗ്രഹങ്ങളുടെ സ്ഥിതി മൂലം 12  രാശികളിൽ ആയി ജനിച്ച 27 നക്ഷത്രക്കാരുടെ ഗുണദോഷ ഫലങ്ങൾ  ചിന്തിക്കാം.

 മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക- ആദ്യ കാൽഭാഗം ):


മേടക്കൂറുകാർക്ക് രാഹു രണ്ടിൽ, കേതു എട്ടിൽ, രാഹുവിന് നിൽക്കുന്ന രാശിയുടെ 5 ,7 , 9  രാശികളിലേക്ക് ദൃഷ്ടി ഉണ്ട്. അതായത്  മേടക്കൂറിന്റെ 6 ലും 8 ലും  10 ലും ദൃഷ്ടി ഉണ്ട്. സാമ്പത്തിക ദുരിതം, ജീവിത പ്രതിസന്ധികൾ, വാക് തർക്കം, പിതൃ ദുരിതം, പിതൃ സ്വത്തുക്കൾക്കു നാശം, നിയമനടപടികൾ എന്നാൽ  അവിചാരിത ധനലാഭം ഉണ്ടാകുകയും തുടർന്ന് അത് സംബന്ധമായി കലഹവും, മനഃശാന്തി ഇല്ലായ്മയും ഉണ്ടാകുകയും ചെയ്യും. കേതു അഷ്ടമത്തിൽ നിൽക്കുന്നത് കടബാധ്യതകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാകും. ജാതകത്തിൽ രാഹു  6 , 8  ,12 രാശികളിൽ നിൽക്കുന്നവർക്കും രാഹുവിന്റെ ദശാകാലം ഉള്ളവർക്കും ഫലാനുഭവത്തിൽ വ്യത്യാസം വരാം. രാഹു അനുകൂല ഭാവങ്ങളിൽ നിൽക്കുന്നവർക്ക് ദോഷഫലം കുറയും.

ഇടവക്കൂറ് (കാർത്തിക- അവസാന കാൽ ഭാഗം, രോഹിണി, മകയിരം -  ആദ്യപകുതി):


ഇടവക്കൂറുകാർക്ക് ജന്മത്തിലാണ് രാഹു. കേതു ഏഴിലും, ഇടവം രാഹുവിന്റെ അനുകൂല രാശി ആയതിനാൽ ഈ രാശിക്കാർക്ക് ഗുണദോഷസമ്മിശ്രമാണ് ഫലം. തൊഴിൽരംഗത്തു പുതിയ ആശയങ്ങൾ ഉദയം ചെയ്യും. പ്രവൃത്തി വിജയം ഉണ്ടാകും. മുൻപ് പരിശ്രമിച്ചു പരാജയപ്പെട്ട  പ്രവൃത്തികൾ അനുകൂലമായി ഭവിക്കും. വിദ്യാഭ്യാസ രംഗത്ത്  പുരോഗതി ഉണ്ടാകും. അവിചാരിത വിജയങ്ങൾ ഉണ്ടാകും. മറ്റുള്ളവരോട് സഹകരിച്ചു  പ്രവൃത്തിക്കാൻ ശ്രമിയ്ക്കും. വിവാഹ സാധ്യതയും പറയാം.


മിഥുനം  (മകയിരം - അവസാനപകുതി, തിരുവാതിര, പുണർതം -  മുക്കാൽ ):


രാഹു 12  ൽ സഞ്ചരിക്കുന്നു. കേതു 6  ലും. അനുകൂല കാലമല്ല. പലവിധ തടസ്സങ്ങൾ തൊഴിൽ രംഗത്ത് അനുഭവിക്കും. വിദേശ യാത്രകൾ അനുകൂല ഫലം നൽകില്ല. അനാവശ്യ ചെലവുകൾ, നിയമപ്രശ്നങ്ങൾ, ജപ്തി നടപടികൾ, നികുതി സംബന്ധമായ വിഷയങ്ങൾ എന്നിവ മനഃശാന്തി കെടുത്തും. പുതിയ സുഹൃത്തുക്കളും ബന്ധുക്കളും പുതിയ സംരംഭങ്ങളും പ്രതിസന്ധികൾ ഉണ്ടാക്കും. വിദ്യാഭ്യാസ വിജയത്തിനും ഈ  കാലം നല്ലതല്ല. പൊതുവിൽ എല്ലാ വിഷയത്തിലും ജാഗ്രത പുലർത്തുക. ഗുരുക്കന്മാരുടെയും, പണ്ഡിതന്മാരുടെയും ഉപദേശം തേടി പ്രവർത്തിക്കുക. അസമയ യാത്രകൾ പരമാവധി ഒഴിവാക്കുക .

കർക്കടകക്കൂറ്  (പുണർതം  - അവസാന കാൽഭാഗം, പൂയം, ആയില്യം):


കർക്കടകക്കൂറുകാർക്ക് രാഹു 11  ലും, കേതു 5  ലും അവിചാരിതമായ ധനലാഭം, വിദ്യാഭ്യാസ വിജയം, വളരെ കാലമായി കാത്തിരുന്ന ജീവിതാഭിലാഷങ്ങൾ പൂവണിയും. സന്താനഭാഗ്യം, ഭാവന-വാഹനയോഗം, ഭരണകർത്താക്കളിൽ നിന്ന്  അഭിനന്ദനങ്ങളും അവാർഡുകളും, ലോട്ടറി, ചിട്ടി പുതിയ ബിസിനസ് ഓഫറുകൾ എന്നിവ ലഭിക്കും. പ്രേമവിവാഹ വിജയം, കുടുംബത്തിൽ സന്തോഷകരമായ  സാഹചര്യങ്ങൾ എന്നിവ ഫലം.

ചിങ്ങക്കൂറ് (മകം, പൂരം,  ഉത്രം കാൽ ):


ചിങ്ങം രാശിക്കാർക്ക് കർമ്മസ്ഥാനമായ 10 ൽ രാഹുവും 4 ൽ കേതുവും തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായി മോശം അനുഭവങ്ങൾ ഉണ്ടാക്കും. സ്ഥാനചലനം, കാരണം കാണിക്കൽ നോട്ടീസുകൾ, അപഖ്യാതി, അഴിമതി ആരോപണം എന്നിവ നേരിടേണ്ടി വരും. തൊഴിൽ രംഗത്ത് ടെൻഷൻ കൂടാൻ സാധ്യത . കുടുംബാന്തരീക്ഷത്തിൽ പലവിധ ദുരിതങ്ങൾ വരാം. അമ്മയുടെ ആരോഗ്യത്തിന് നാശം, മാതാവുമായി അകൽച്ച. ഉറക്കമില്ലായ്മ, സുഹൃത്തുക്കളും, ബന്ധുക്കളും അകാരണമായി അകലം പാലിക്കുക. വിളിച്ചു വരുത്തി അപമാനിക്കുക എന്നിവയാണ് സൂര്യ  രാശിക്കാരായ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. വളരെ ശ്രദ്ധിക്കുക.

 കന്നിക്കൂറ് (ഉത്രം - അവസാനത്തെ മുക്കാൽ,  അത്തം, ചിത്തിര ആദ്യ പകുതി):


കന്നിക്കൂറുകാർക്ക് 9 - ൽ ആണ് രാഹു. കേതു 3 - ലും ഗുണദോഷസമ്മിശ്ര ഫലം. പൂർവ്വീക സ്വത്തുക്കൾ, കേസിൽ നിന്നും അനുകൂല ഫലങ്ങൾ, പൂർവ്വകാല  നിക്ഷേപങ്ങളിൽ നിന്ന് ഗുണാനുഭവം, ഭൂമി, കെട്ടിടം, വാഹനം എന്നിവ  ലഭിക്കുക കുടുംബത്തിൽ മുതിർന്നവരുടെ അനാരോഗ്യത്തിൽ ചെലവുകളും, മനോവിഷമവും, മതാചാരങ്ങളിൽ താല്പര്യമില്ലായ്മ, യുക്തിവാദ ചിന്തകളിൽ  താല്പര്യം, തീവ്ര ചിന്തകൾ, വിദ്യാഭ്യാസ രംഗത്ത് മോശം അനുഭവങ്ങൾ  എന്നിവ ഫലം.


തുലാക്കൂറ് (ചിത്തിര- അവസാന പകുതി ചോതി, വിശാഖം - മുക്കാൽ ):


രാഹു തുലാം രാശിയുടെ അഷ്ടമ രാശിയിൽ സഞ്ചരിക്കുന്ന കാലം. കേതു 2 - ലും, എല്ലാ വിഷയങ്ങളും, വിപരീതഫലം വരികയാൽ ആകെ അസ്വസ്ഥത നിറഞ്ഞ കാലം. വളരെ ചിന്തിച്ചു എടുത്ത തീരുമാനങ്ങൾ പോലും അധികാരപ്പെട്ടവർ അംഗീകരിക്കാതിരിക്കുക. ആരോഗ്യപ്രശ്നങ്ങൾ, ഭക്ഷ്യവിഷബാധ, പകർച്ച വ്യാധികൾ മൂലം ജീവനു  ഭീഷണി, അമിതമായ ചെലവുകൾ, ആലോചിച്ചു ഉറപ്പിച്ച വിവാഹങ്ങൾ അലസിപ്പിരിയുക, സന്താനദുരിതം, യാത്രകളിൽ കഷ്ടനഷ്ടങ്ങൾ, ഈ  രാശിക്കാരായ പൊതു പ്രവൃത്തകർക്കു  അധികാരം നഷ്ടപ്പെടുക, അപഖ്യാതി, സ്ഥാനനഷ്ടം എന്നിവ ഫലം.


വൃശ്ചികക്കൂറ് (വിശാഖം - അവസാന കാൽ ഭാഗം  അനിഴം, തൃക്കേട്ട):


കാലപുരുഷന്റെ അഷ്ടമരാശിക്കാരായ മേൽ പറഞ്ഞ നക്ഷത്രക്കാർക്ക്‌ രാഹു 7 -ലും, കേതു ജന്മത്തിലും. പ്രവൃത്തികളിൽ വലിയ വിജയം ഒന്നും ഉണ്ടാകില്ല.  കാര്യങ്ങൾ നടന്നു പോകും. വിവാഹ ജീവിതത്തിൽ തടസ്സങ്ങളും, അസ്വസ്ഥതകളും വർദ്ധിക്കുന്നതു കാണാം. പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുന്ന  സാഹചര്യം, പുതിയ അസുഖകരമായ ബന്ധങ്ങൾ  ഉണ്ടാകുന്നതും ഒരു കാരണമാകും. സഹായം അഭ്യർത്ഥിച്ചു വരുന്നവർ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കാൻ ഇട വരുന്ന സാഹചര്യം ഉണ്ടാകും. ഉപജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെടാം. നിയമപ്രശ്നങ്ങൾ വരാം . ശക്തമായ മാനസിക പ്രശ്നങ്ങൾ നേരിടാൻ  സാഹചര്യത്തിൽ മനോരോഗ ചികിത്സ തേടേണ്ടി വരാം. പ്രശ്നങ്ങൾ മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കാൻ നോക്കുക


ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം - ആദ്യ കാൽ ഭാഗം):


ധനുക്കൂറുകാർക്ക്  രാഹു 6 -മത്തെ  രാശിയിൽ ആണ്. കേതു 12 -ലും, പൊതുവിൽ ഗുണപ്രദമായ കാലം. ധാരാളം അവസരങ്ങൾ ജീവിത വിജയത്തിനായി ലഭിക്കും. ഗവൺമെന്റിൽ നിന്നും സമൂഹത്തിൽ നിന്നും ആദരവ് ലഭിക്കും. ആരോഗ്യപരമായും ഗുണപ്രദമാണ് 6 - ലെ രാഹു . ഭാവന-വാഹന ഭൂമി സംബന്ധമായ കാര്യങ്ങളിൽ ഗുണം നൽകും. പലവിധ സഹായ-സഹകരണങ്ങൾ സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കും . സാമ്പത്തികമായി പ്രതിസന്ധികൾ ഉള്ളപ്പോഴും  വ്യക്തിഗതമായി നേട്ടങ്ങൾ ഉണ്ടാകും. വളരെക്കാലമായി കാര്യങ്ങൾ  പലതും പ്രാവർത്തികമാക്കാൻ സാധിക്കുന്ന കാലം.

മകരം രാശി  (ഉത്രാടം - അവസാന മുക്കാൽ,  തിരുവോണം,   അവിട്ടം  ആദ്യപകുതി):


മകരം രാശിയുടെ 5 - ၁൦  രാശിയിൽ രാഹുവും 11  - ၁൦രാശിയിൽ കേതുവും സഞ്ചരിക്കുന്ന കാലം. ഗുണദോഷസമ്മിശ്രം. മത്സര പരീക്ഷകളിലും ഗവേഷണ പഠനത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക്  ഇക്കാലം അനുകൂലം ആയ ഫലങ്ങൾ. മുൻപ് പരാജയപ്പെട്ടവർക്കും 11 - ലെ കേതു ഇത്തവണ ഗുണം നൽകും. കാര്യങ്ങൾ അനുകൂലമായി കൈകാര്യം ചെയ്യാനുള്ള മാനസിക അവസ്ഥ സംജാതമാകും. പണം ധാരാളമായി ലഭിക്കുന്നതിന് ഒപ്പം, ഊഹക്കച്ചവടം, ചീട്ടു കളി, ലോട്ടറി എന്നിവയിലൂടെ വലിയ സാമ്പത്തിക നഷ്ടവും അഭിമാന നഷ്ടവും ഉണ്ടാവാനും സാധ്യത കാണുന്നു. മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ വശംവദരാകാതിരിക്കുക. ഗുരു-കാരണന്മാനരുടെ  ഉപദേശങ്ങൾ തേടുന്നത് നന്നായിരിക്കും.    

കുംഭക്കൂറ് (അവിട്ടം  അവസാന പകുതി ചതയം, പൂരുരുട്ടാതി - ആദ്യ മുക്കാൽ ഭാഗം):


കുംഭ കൂറുകാർക്ക് 4 -ൽ രാഹുവും 10 -ൽ കേതുവും സഞ്ചരിക്കുന്ന സമയം ആണ്. കുടുംബ ജീവിതത്തിൽ പലവിധ സംഘർഷങ്ങൾക്ക് സാധ്യത കൂടിയ കാലം. തൊഴിൽ രംഗത്തും പ്രതിസന്ധികൾ, സഹപ്രവർത്തകരുടെ ചതി, വഞ്ചന എന്നിവയ്ക്ക് വിധേയനാകും. ഉദര-ശ്വസകോശ രോഗസാധ്യത, മാതാവിന് നല്ലതല്ലാത്ത അനുഭവങ്ങൾ ഉണ്ടാകും. സർക്കാർ ജീവനക്കാർ രാഷ്ട്രീയക്കാർ, മേലധികാരികൾ എന്നിവരുടെ ചതിയിൽപ്പെടാതെ നോക്കുക. പൊതുവിൽ സുഖകരമല്ലാത്ത കാലം. വളരെക്കാലത്തെ പ്രവർത്തനം മൂലം ഉണ്ടായ  സത്‌ഫലങ്ങൾ മറ്റുള്ളവർ അനുഭവിക്കുന്നത് നോക്കി നിൽക്കേണ്ടുന്ന അവസ്ഥകൾ  സംജാതമാകും. അസ്തമയ യാത്രകൾ, അനാവശ്യ ചർച്ചകൾ, സാമ്പത്തിക ബന്ധങ്ങൾ എന്നിവ ഒഴിവാക്കുന്നത് ഉത്തമം.

മീനക്കൂറ് (പൂരുരുട്ടാതി- അവസാന കാൽഭാഗം  ഉത്തൃട്ടാതി, രേവതി):


മീനം രാശിക്കാർക്ക് രാഹു ഇഷ്ട രാശിയായ 3 - ലും, കേതു 9 -ലും സഞ്ചരിക്കുന്നു. ഇക്കാലം പ്രശസ്തി, സാമൂഹിക അഭിനന്ദനം, ഭവന -വാഹനയോഗം, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. മാധ്യമ രംഗത്ത് നിന്നും  പ്രയോജനങ്ങൾ ലഭിക്കുന്ന കാലം. തൊഴിൽ, കുടുംബം എന്നീ  രംഗങ്ങളിൽ പ്രവർത്തന വിജയം. വളരെ കാലത്തെ ആഗ്രഹങ്ങൾക്ക് സഫലീകരണം ഉണ്ടാകും. പൂർവ്വകാല സുഹൃത്തുക്കളുടെ ഒത്തുചേരലുകളും, സഹകരണവും, വിവാഹം നടത്തുകയോ, നടത്തിക്കുകയോ ചെയ്യാൻ സാധ്യത. പിതൃ സ്വത്തിൽ നിന്നും അനുഭവം, പുണ്യ ക്ഷേത്രങ്ങൾ, ആരാധന സ്ഥലങ്ങളും എന്നിവ ദർശിക്കാൻ അവസരം. പൊതുവിൽ നന്മ നിറഞ്ഞ കാലം.

 

ലേഖകൻ

ആർ. സഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

റ്റി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർവശം

തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

Mob: 8078908087, 9526480571

e-mail: jyothisgems@gmail.com

 

English Summary : Rahu Ketu Transit 2020 Prediction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com