sections
MORE

വ്യാഴമാറ്റം; ഓരോ നാളുകാർക്കും എങ്ങനെ?

HIGHLIGHTS
  • വ്യാഴമാറ്റം; ഈ നാളുകാർക്ക് മാറ്റങ്ങളുടെ കാലം
  • 2020 നവംബർ 20 - ന് ഉച്ചക്ക് 1.23 നാണു വ്യാഴം രാശി മാറുന്നത്
  • വ്യാഴം സ്വരാശിയായ ധനുവിൽ നിന്ന് നീചരാശിയായ മകരത്തിലേക്ക് പ്രവേശിക്കുന്നു
Jupiter-transit-prediction
SHARE

ഭാരതീയ ജ്യോതിഷത്തിലെ പരമപ്രധാനിയായ ഗ്രഹമാണ് വ്യാഴം (ജൂപിറ്റർ ). ബഹുമാനപുരസ്സരം ഗുരു എന്ന് വിളിക്കുന്നു. ദേവഗുരുവായ ബ്രഹസ്പതി എന്ന് സങ്കല്പം. ജാതകം, പ്രശ്‍നം, മുഹൂർത്തം എന്നിവ ചിന്തിക്കുമ്പോൾ വ്യാഴത്തിന്റെ ഗ്രഹനിലയിലെ സ്ഥാനം അതിപ്രധാനം.വ്യാഴം 6, 8, 12 - ൽ ആണ് വരുന്നതെങ്കിൽ ആകെ വിഷമമായി ഭവിക്കും. ഗോചരത്തിൽ വ്യാഴം 3, 6, 8, 12 - ൽ നിൽക്കുന്നത് ഗുണപ്രദമല്ല.

2020 നവംബർ 20 - ന് 1.23.31 പി.എമ്മിനാണ് വ്യാഴം സ്വന്തം രാശിയായ ധനുവിൽ നിന്ന് നീചരാശിയായ മകരത്തിൽ പ്രവേശിക്കുന്നത്. മേടം മുതൽ മീനം വരെ 12 രാശികളിൽ ആയി ജനിച്ച 27 നക്ഷത്രക്കാരെ വ്യാഴപകർച്ച എങ്ങനെ സ്വാധീനിക്കും എന്ന് നോക്കാം

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക - ആദ്യത്തെ കാൽഭാഗം):

ചൊവ്വയുടെ രാശിയായ മേടത്തിന്റെ 10 -ൽ ആണ് വ്യാഴം കർമ്മവ്യാഴവും, കണ്ടകശനിയും കൂടി മേടക്കൂറുകാരെ തൊഴിൽ രംഗത്ത്  പ്രതിസന്ധികൾ ഉണ്ടാവാം. സ്ഥാനചലനം, തൊഴിൽ ഇടങ്ങളിൽ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബബാധ്യതകൾ ഏറ്റെടുത്ത് കുഴപ്പത്തിൽ പെടുക എന്നീ സാഹചര്യങ്ങൾ ഉണ്ടാവാം. ജാഗ്രത പാലിക്കുക.

ഇടവക്കൂറ് (കാർത്തിക- അവസാന കാൽ ഭാഗം,  രോഹിണി, മകയിരം - ആദ്യപകുതി ):

ഇടവകൂറുകാർക്ക് ഭാഗ്യരാശിയായ 9 -ൽ ആണ് വ്യാഴം. ഇടവം രാശിയിലേക്ക് വ്യാഴത്തിന്റെ ദൃഷ്‌ടി ഉള്ളത് ജന്മരാഹുവിന്റെ ദോഷത്തെ കുറയ്ക്കും. ഈ രാശിക്കാർക്ക് പൊതുവിൽ എല്ലാ വിഷയങ്ങളിലും അനുകൂല ഫലങ്ങൾ. ദീർഘകാലമായി പരിശ്രമിച്ച് പരാജയപ്പെട്ട  സംരംഭങ്ങൾ വിജയിക്കും. ഭവന -വാഹനയോഗം, വിവാഹയോഗം, സന്താനലാഭം, പൂർവ്വിക സ്വത്തുക്കൾ ലഭിക്കുക, മത്സരപരീക്ഷകളിൽ വിജയം എന്നിവ പ്രതീക്ഷിക്കാം. പണം, പട്ട് വസ്ത്രം, സ്വർണ്ണം എന്നിവ കൈവശം വന്നു ചേരും. പൂർവ്വകാല ബാധ്യതകൾ തീർത്ത് സ്വസ്ഥത കൈവരും. കേസുവഴക്കുകളിൽ അനുകൂല ഫലം ലഭിക്കുന്ന സമയം. എന്നാൽ ശനി വ്യാഴത്തോടൊപ്പം നിൽക്കുന്നതിനാൽ കാലവിളംബം ഉണ്ടാകും. 

മിഥുനക്കൂറ് (മകയിരം - അവസാന പകുതി, തിരുവാതിര, പുണർതം -  മുക്കാൽ):

ഈ  രാശിക്കാർക്ക് വ്യാഴം അഷ്ടമരാശിയിൽ സഞ്ചരിക്കുന്നു. ഒപ്പം അഷ്ടമശനിയും. 12 -ൽ രാഹുവും ഒട്ടും അനുകൂലമായ കാലമല്ല. വളരെ ജാഗ്രത പാലിക്കുക. അസമയയാത്രകൾ ഒഴിവാക്കുക. തൊഴിൽ രംഗത്ത് പലവിധ ബുദ്ധിമുട്ടുകൾ നേരിടും. സാമ്പത്തികമായി ചതിക്കപ്പെടാവുന്ന കാലം. പണപരമായ കാര്യങ്ങൾ വളരെ ജാഗ്രതയോടെ നടപ്പാക്കുക. അനുനയന രീതിയിൽ കാര്യങ്ങൾ തീർപ്പാക്കാൻ ശ്രമിക്കുക. പൊതുജന വിഷയങ്ങളിൽ ഇടപെടുന്നത് ഇക്കാലത്ത് സൂക്ഷിച്ചു വേണം നടത്താൻ. സാക്ഷി പറയൽ, മദ്ധ്യസ്ഥത വഹിക്കൽ, ജാമ്യം നിൽക്കൽ എന്നിവ പാടില്ല. വളരെ ജാഗ്രത പുലർത്തിയാൽ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാം. 

കർക്കടകക്കൂറ്  (പുണർതം - അവസാന കാൽഭാഗം, പൂയം, ആയില്യം): 

കർക്കടക രാശിക്കാർക്ക് 7 -ലെ ഈ വ്യാഴപകർച്ച അനുകൂലമാണ്. കണ്ടകശനിദോഷം ശമിക്കുന്നതാണ്. യുവതിയുവാക്കൾക്കും, വിവാഹം ആഗ്രഹിക്കുന്നവർക്കും, വിവാഹത്തിന് അനുകൂലമായ കാലം. പുനർവിവാഹം ആഗ്രഹിക്കുന്നവർക്കും അനുകൂലമായ സമയം. വിദ്യാഭ്യാസ വിജയം, ഉന്നത വിദ്യാഭ്യാസ സാധ്യത എന്നിവയിൽ അനുകൂലമായ അവസരങ്ങൾ തുറന്നു കിട്ടും. ചിട്ടി, ലോട്ടറി പുതിയ ഉപജീവനമാർഗങ്ങൾ എന്നിവ ഉണ്ടാകും. കുടുംബത്തിൽ സന്താന ജനനം ഉണ്ടാകും. സന്താനസൗഭാഗ്യത്തിനായി ചികിത്സകൾ നടത്താൻ പറ്റിയ കാലം. മുൻപ് പരാജയപ്പെട്ട വിഷയങ്ങളിൽ ഈ  സമയം വീണ്ടും പരിശ്രമിച്ചാൽ വിജയം ലഭിക്കുന്ന കാലം. ജീവിത വിജയത്തിന് പ്രപഞ്ചശക്തി നൽകുന്ന അനുകൂല അവസരം നഷ്ടപ്പെടുത്തരുത്. പ്രവർത്തിച്ചാൽ വിജയം ഉണ്ടാകുന്ന കാലം. ദശാകാലം കൂടി അനുകൂലമാണ് എങ്കിൽ സർവ്വത്ര വിജയം ലഭിക്കാവുന്ന കാലം. 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം - കാൽ):

ചിങ്ങക്കൂറുകാർക്ക് 6 -ൽ  ആണ് വ്യാഴം. ആരോഗ്യപരമായ കാര്യങ്ങളിൽ 2021 നവംബർ 20 വരെ ജാഗ്രത പാലിക്കുക. 6 - ലെ വ്യാഴം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമാകും. ചെറിയ വൈഷമ്യം തോന്നിയാലും അടിയന്തിരവൈദ്യ സഹായം തേടുക. മുൻകാലത്ത് ശമിച്ചിരുന്ന രോഗങ്ങൾ ശക്തിയാർജ്ജിക്കാം. മെഡിക്കൽ ചെക്കപ്പുകൾ മുടക്കാതിരിക്കുക.  കിട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുക, അനാവശ്യ യാത്രകൾ വഴി ധനനഷ്ടം എന്നിവ ഉണ്ടാവാം.  6 - ലെ ശനി ആശ്വാസം നൽകും എന്നതാണ് ഒരു സമാധാനം. 

കന്നിക്കൂറ് (ഉത്രം - അവസാനത്തെ മുക്കാൽ അത്തം, ചിത്തിര - ആദ്യപകുതി  ):

കന്നിരാശിക്കാർക്ക് വ്യാഴം 5 -ൽ സഞ്ചരിക്കുന്ന കാലം. കൂടാതെ വ്യാഴത്തിന്റെ സവിശേഷ ദൃഷ്ടിയും ഉണ്ട്. വിജയങ്ങൾ ഉണ്ടാകുന്ന കാലം. വിദ്യാഭ്യാസം, മത്സരപരീക്ഷകൾ എന്നിവയിൽ വിജയിക്കാൻ പറ്റിയ കാലം. മുൻപ് പരാജയപ്പെട്ട വിഷയങ്ങളിൽ വിജയസാധ്യത കൂടിയ കാലം. സത് സന്താനഭാഗ്യം, അനുയോജ്യമായ വിവാഹം എന്നിവ ഉണ്ടാകും. ചികിത്സകൾ ഫലിക്കുന്ന കാലം. പൊയ്‌പ്പോയ അഭിമാനം തിരിച്ച്  പിടിക്കാൻ സാധ്യത കൂടിയ സമയം. തൊഴിൽരംഗത്ത്‌ വിജയം, കടബാധ്യതകൾ കുറയും. ചിട്ടി, ലോട്ടറി, ഷെയർ മാർക്കറ്റ് എന്നിവയിൽ നിന്ന് നേട്ടം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത, വിവിധങ്ങളായ സാമ്പത്തിക നേട്ടത്തിന് അവസരം കിട്ടുന്ന കാലം. പൊതുവിൽ സാമൂഹ്യ അംഗീകാരം ഉള്ള സമയം 

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം -  മുക്കാൽ):

ഈ രാശിക്കാർക്ക് സാമാന്യമായ ആശ്വസത്തിന്റെ കാലം. കണ്ടകശനി, 8 - ൽ രാഹു എന്നീ ദോഷങ്ങൾക്ക് ശമനം  കണ്ടുതുടങ്ങും. ബന്ധനാവസ്ഥ ഒഴിയും. സമാധാനത്തിന്റെ  കുളിർകാറ്റ് വീശുന്ന അനുഭവം. പ്രതിസന്ധികൾക്ക് ആശ്വാസം. മുടങ്ങിപ്പോയ ഭവന-വാഹന സ്വപ്‌നങ്ങൾ  ലോൺ  അനുകൂല്യത്തോടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതിന് അനുകൂലമായ സമയം. തടസ്സങ്ങൾ ഉണ്ടാകും എങ്കിലും കാര്യങ്ങൾ നടപ്പാക്കപ്പെടും. ജീവിതത്തോട് ആഭിമുഖ്യം തോന്നി തുടങ്ങും. കഷ്ടനഷ്ടങ്ങളിൽ നിന്ന് കരകയറാനുള്ള മാർഗ്ഗങ്ങൾ തെളിഞ്ഞ് വരും. പൊതുജന- ബന്ധുസഹകരണം  വീണ്ടും ലഭിക്കാൻ ഇടയാകും. 

വൃശ്ചികക്കൂറ് (വിശാഖം - അവസാന കാൽ ഭാഗം  അനിഴം,  തൃക്കേട്ട):

വൃശ്ചികം രാശിക്കാർക്ക് 3 -ൽ ആണ് വ്യാഴം. മൂന്നിലെ വ്യാഴം മുറവിളികൂട്ടും എന്നൊരു ചൊല്ലുണ്ട്. വഴിയേപോകുന്ന സർവ്വ കുഴപ്പങ്ങളും ഈ  നക്ഷത്രക്കാരെ തേടിപ്പിടിച്ച് വന്ന്  ഉപദ്രവിക്കും. സഹായങ്ങൾ സ്വീകരിച്ചവർ തള്ളിപ്പറയുക, ഒപ്പം നിന്ന് പലരും ഒറ്റിക്കൊടുക്കാൻ സാധ്യത.  ജീവിതത്തിന്റെ വഴികൾ അടഞ്ഞ് പോകുന്ന കാലം. കഴിവതും സംസാരത്തിൽ മിതത്വം പാലിക്കുക. പരസ്യമായ അഭിപ്രായപ്രകടനങ്ങൾ, വെല്ലുവിളിക്കുക, പന്തയം വെക്കൽ, വീരവാദം മുഴക്കൽ എന്നിവ ഒഴിവാക്കുന്നത് അഭിമാനത്തിന് ഉത്തമം. എന്നാൽ മൂന്നിലെ ശനി അനുകൂലമായതിനാൽ ബുദ്ധിപരമായി പെരുമാറിയാൽ  കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാം. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം  ആദ്യ കാൽ ഭാഗം ):

ധനുക്കൂറുകാർക്ക് 2 -ൽ വ്യാഴം നിൽക്കുന്ന കാലം. കഴിഞ്ഞ വർഷം  നേരിട്ട മാനസിക വിഷമങ്ങൾക്കും തടസ്സങ്ങൾക്കും വ്യാഴത്തിന്റെ 2 -ലെ സഞ്ചാരം ഗുണം നൽകും. ഏഴര ശനിയുടെ ഉപദ്രവവും കുറഞ്ഞു വരും. വിദ്യാഭ്യാസ കാര്യങ്ങളിൽ ഉയർച്ച ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം, പലവിധത്തിൽ നേരിട്ടിരുന്ന ഭീഷണികൾ ഒഴിഞ്ഞു പോകും. കുടുംബത്തിൽ ശാന്തത  വരും. ദാമ്പത്യത്തിലെ തെറ്റി ദ്ധാരണകൾ മാറി വരും. മുടങ്ങിപ്പോയ യാത്രകൾ പുനരാരംഭിക്കാൻ അവസരം ഉണ്ടാകും. വിദേശ ജോലിക്ക് കാലതാമസമില്ലാതെ അനുകൂലമായ നിർദ്ദേശങ്ങൾ  തൊഴിൽ ഉടമയിൽ നിന്ന് ലഭിക്കും. രണ്ടിൽ വ്യാഴം നിന്നാൽ പല്ലക്കിൽ സേവകന്മാരോട് ഒപ്പം സഞ്ചരിക്കും എന്നാണ് പഴമൊഴി. വാഹന-ഭവന കാര്യങ്ങളിൽ പുരോഗതി കൈവരും. പൊതുവിൽ സ്തംഭനാവസ്ഥ മാറി വരും. 

മകരക്കൂറ് (ഉത്രാടം - അവസാന  മുക്കാൽ, തിരുവോണം, അവിട്ടം,  ആദ്യപകുതി):

മകരക്കൂറുകാർക്ക് ജന്മത്തിലാണ് വ്യാഴം. എരിതീയിൽ നിന്ന് രക്ഷ പ്രാപിക്കാൻ ഒരു അവസരം. എന്നാലും മനോവിഷമം കൂടും. ജന്മശനിയും ജന്മവ്യാഴവും ചേർന്ന് അലച്ചിൽ വർദ്ധിപ്പിക്കും. മനഃശാന്തി കുറയുന്ന കാലം. എല്ലാ വിഷയങ്ങളിലും പരിമിതമായ ഗുണാനുഭവങ്ങൾ ലഭിക്കും. അതിനെ പരിപോഷിപ്പിച്ച് നിലനിർത്തിക്കൊണ്ടുപോകാൻ  ശ്രമിക്കുക. കടുംപിടുത്തം ഒഴിവാക്കിയാൽ വലിയ കുഴപ്പം കൂടാതെ മുന്നോട്ട് പോകാം. ഗുരുകാരണവന്മാരുടെ അഭിപ്രായവും, ആശീർവാദവും  തേടി കാര്യങ്ങൾ നടപ്പാക്കുക, തന്നിഷ്ടപ്രകാരം കുടുംബവിഷയങ്ങളിലും, ധനകാര്യ വിഷയങ്ങളിലും ഈ  കാലത്ത് തീരുമാനം എടുക്കുന്നത് ഉചിതമല്ല . 

കുംഭക്കൂറ് (അവിട്ടം - അവസാനപകുതി, ചതയം,  പൂരുരുട്ടാതി- ആദ്യ മുക്കാൽ ഭാഗം):

കുംഭം രാശിക്കാർക്ക് 12 -ൽ വ്യാഴം സഞ്ചരിക്കുന്നു. ചെലവ്, നഷ്ടം എന്നിവ കൂടുന്ന കാലം. ഒപ്പം ഏഴര ശനിയുടെ ഉപദ്രവവും വളരെ  സമ്മർദ്ദം നിറഞ്ഞ കാലം. കുടുംബത്തിൽ ഭാഗംവെക്കലുകളുടെ കാലം. വേർപിരിയലുകളുടെ കാലം. തൊഴിൽ രംഗത്ത് തൊഴിലാളി- മുതലാളി ബന്ധങ്ങൾ പ്രതിസന്ധി നേരിടും. പരമാവധി ബാധ്യതകൾ  ഒഴിവാക്കാൻ നോക്കുക. പ്രയോജനരഹിതമായ കാര്യങ്ങൾക്ക് ആയി സമ്പാദ്യം ചെലവഴിക്കപ്പെടേണ്ടി വരും. ആരോഗ്യം, സാമ്പത്തിക -മാനസിക അവസ്ഥ, ബന്ധങ്ങൾ എന്നിവ മോശമാകാൻ സാധ്യത കൂടിയ സമയം. നാടുവിട്ട് മാറി നിൽക്കേണ്ട സാഹചര്യം, വിദേശ യാത്രകൾ പ്രയോജനരഹിതമാകുക, സ്ഥാനചലനം എന്നിവ ഫലം. 

മീനക്കൂറ് (പൂരുരുട്ടാതി- അവസാന  കാൽ ഭാഗം  ഉത്തൃട്ടാതി, രേവതി):

മീനരാശിക്കാർക്ക് ഈ വർഷം  വ്യാഴവും ശനിയും ഒരേസമയം പതിനൊന്നാം രാശിയിൽ വരുന്നത് വളരെ അനുകൂലമായ ഫലം നൽകും. മുൻകാലങ്ങളിൽ മുടങ്ങിപ്പോയ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പറ്റിയ സമയം. പ്രവൃത്തികളിൽ നിന്നും ലാഭകരവും ഗുണകരവും ആയ ഫലങ്ങൾ ലഭിക്കും. വിവാഹം, സന്താന ജനനം, ഭവനയോഗം, സാമ്പത്തിക നേട്ടങ്ങൾ, പ്രമോഷൻ, കോടതി നടപടികൾ വഴി അനുകൂല ഫലങ്ങൾ എന്നിവയ്ക്കു സാധ്യത. തൊഴിൽരംഗത്തെ മാന്ദ്യം മാറി വരും. യാത്രകൾ കൊണ്ട് പ്രയോജനം ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് പുരോഗതി പ്രതീക്ഷിക്കാം. രോഗങ്ങളുടെ ശമനവും മെച്ചപ്പെട്ട  ചികിത്സയും ലഭിക്കുവാൻ സാഹചര്യം ഉണ്ടാകും. വിരോധികൾ  കാര്യങ്ങൾ മനസ്സിലാക്കി സഹകരിക്കാൻ തയ്യാറാകും. പൊതുവിൽ അനുകൂലമായ ഫലങ്ങൾ. 

 ലേഖകൻ

ആർ. സഞ്ജീവ്കുമാർ PGA

ജ്യോതിസ് അസ്‌ട്രോളജിക്കൽ റിസർച്ച് സെന്റർ 

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ .

തിരുവനന്തപുരം 695014 

ഫോൺ : 8078908087, 9526480571 

E-mail:jyothisgems@gmail.com

English Summary : Jupiter Transit 2020 Prediction by R Sanjeev Kumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA