ADVERTISEMENT

രോഗചിന്തനം എന്നതു ജ്യോതിഷഗ്രന്ഥങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. ഓരോ വ്യക്തിക്കും ഏതേതു കാലത്താണു കൂടുതൽ രോഗസാധ്യതയെന്നു കണ്ടെത്താനുള്ള വിവിധ വഴികളെക്കുറിച്ചു ജാതകാദേശം, ഹോരാശാസ്ത്രം, പ്രശ്നമാർഗം, ഫലദീപിക തുടങ്ങിയ ജ്യോതിഷഗ്രന്ഥങ്ങളിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.  

ഓരോ കാലത്തും ആർക്കൊക്കെയാണു കൂടുതൽ രോഗസാധ്യതയുള്ളത് എന്നു ചിന്തിക്കാൻ ജ്യോതിഷഗ്രന്ഥങ്ങൾ പല വഴികളും മുന്നോട്ടുവയ്ക്കുന്നുണ്ട്. അതനുസരിച്ച് ഇപ്പോൾ ഏതെല്ലാം കൂറുകാർക്കാണു രോഗസാധ്യത കൂടുതലെന്നു പരിശോധിക്കാം. 

ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥിതിയുടെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിക്കും ഏതേതു കാലത്തു രോഗസാധ്യത കൂടുതൽ ഉണ്ടാകുന്നു എന്ന തികച്ചും ജ്യോതിഷമാനദണ്ഡങ്ങൾ മാത്രം അനുസരിച്ചുള്ള പരിശോധനയാണ് ഉദ്ദേശിക്കുന്നത്. ഇത്തരം രോഗചിന്തനം സഹസ്രാബ്ദങ്ങളായി ഭാരതത്തിലെ വിവിധ ജ്യോതിഷഗ്രന്ഥങ്ങളിൽ ചർച്ച ചെയ്യുന്നതുമാണ്.

ജാതകത്തിലെ ആറാംഭാവം കൊണ്ടാണു ജ്യോതിഷത്തിൽ രോഗത്തെക്കുറിച്ചു ചിന്തിക്കുന്നത്. എട്ടാം ഭാവം കൊണ്ടു മരണത്തെയും ചിന്തിക്കുന്നു.  

ഫലദീപിക എന്ന ഗ്രന്ഥത്തിലെ രോഗനിർണയപ്രകരണം എന്ന അധ്യായത്തിൽ പറയുന്നതിങ്ങനെ:

'രോഗസ്യ ചിന്താമപി രോഗഭാവ-

സ്ഥിതൈർഗ്രഹൈർവാ വ്യയമൃത്യുസംസ്ഥൈഃ

രോഗേശ്വരേണാപി തദന്വിതൈർവാ

ദ്വിത്ര്യാദിസംവാദവശാദ് വദന്തു.'

ജാതകത്തിലെ  6, 8, 12 ഭാവങ്ങളിൽ നിൽക്കുന്നവർ, ആറാംഭാവാധിപൻ, കൂടെ നിൽക്കുന്നവർ തുടങ്ങിയവരെക്കൊണ്ടാണു രോഗചിന്തനം നടത്തേണ്ടത് എന്നർഥം.  

എന്നാൽ ഗ്രഹങ്ങളുടെ അതതു സമയത്തെ നിൽപു മനസ്സിലാക്കി ഓരോ കൂറുകാർക്കും ചാരഫലപ്രകാരമുള്ള രോഗസാധ്യതാകാലത്തെക്കുറിച്ചു മനസ്സിലാക്കാമെന്നും ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നു. ഓരോ ഗ്രഹവും ചാരവശാൽ ചില ഭാവത്തിൽ വരുമ്പോൾ രോഗസാധ്യതയുള്ള കാലമാണെന്നു പറയും. ഇതനുസരിച്ച് ഓരോ കൂറുകാരുടെയും ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കുകയാണിവിടെ.

 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം):

മേടക്കൂറുകാർക്ക് വ്യാഴം 11-ൽ സഞ്ചരിക്കുന്നതിനാൽ പൊതുവേ ദൈവാനുഗ്രഹമുള്ള കാലമാണിത്. എന്നാൽ ശനി 10-ൽ സഞ്ചരിക്കുന്നതു ചെറിയ തോതിലുള്ള രോഗാരിഷ്ടങ്ങൾക്കിടയാക്കും. സൂര്യൻ ജന്മരാശിയിൽ നിൽക്കുന്നതിനാൽ മേടമാസം കഴിയുന്നതു (മേയ് 14) വരെ കൂടുതൽ ജാഗ്രത പാലിക്കണം. 

 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാർ മേടം, ഇടവം മാസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. ചാരവശാൽ സൂര്യൻ 12-ലും ജന്മക്കൂറിലുമായി നിൽക്കുന്നതു ചെറിയ തോതിൽ രോഗഭീഷണിക്കിടയാക്കുന്നു. അതിനാൽ കരുതൽ വേണം. ദൈവാനുഗ്രഹം ഉള്ളതിനാൽ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. 

 

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

മിഥുനക്കൂറുകാർക്ക് ചൊവ്വ ജന്മക്കൂറിലും ശനി അഷ്ടമത്തിലും നിൽക്കുന്നതു നല്ലതല്ല. കൂടുതൽ ജാഗ്രത ആവശ്യമാണ്. മേയ് 15ന് ഇടവമാസം പിറക്കുന്നതോടെ സൂര്യൻ 12-ലേക്കു മാറുന്നതിനാൽ ആ ദിവസങ്ങളിൽ ജാഗ്രത കൂട്ടണം. ദൈവാനുഗ്രഹമുണ്ട്. പേടി വേണ്ട.

 

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

കർക്കടക്കൂറുകാർക്ക് ചൊവ്വ 12-ലും വ്യാഴം 8-ലും ശനി 7-ലും നിൽക്കുന്നതിനാൽ വളരെയേറെ ജാഗ്രത വേണം. ചെറിയ തോതിലുള്ള പനി, തലവേദന തുടങ്ങിയവയ്ക്കു ജ്യോതിഷപ്രകാരം സാധ്യതയുള്ളതിനാൽ പ്രതിരോധത്തിനു മുൻകരുതൽ വേണം. 

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ചിങ്ങക്കൂറുകാർക്ക് ഗ്രഹങ്ങളെല്ലാം അനുകൂഭാവത്തിൽ സഞ്ചരിക്കുന്ന സമയാണ്. അതിനാൽ പേടിക്കേണ്ട കാലമല്ല. എങ്കിലും ജാഗ്രതക്കുറവ് കാണിക്കരുത്. 

 

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാർക്ക് ചൊവ്വയും ശനിയുമൊക്കെ അനുകൂലമാണ്. അതുകൊണ്ടു വലിയ രോഗഭീഷണിയൊന്നുമില്ല. എങ്കിലും വ്യാഴം 6-ൽ തുടരുന്നതിനാൽ കരുതൽ ആവശ്യമാണ്. ദൈവാനുഗ്രഹത്തിനായി പ്രാർഥനകളും വേണം. 

 

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

തുലാക്കൂറുകാർക്ക് പൊതുവേ അനുകൂലമായ സമയമാണ്. എങ്കിലും മേടമാസം കഴിയുന്നതു (മേയ് 14) വരെ സൂര്യൻ 7-ൽ നിൽക്കുന്നതിനാൽ ജാഗ്രത വേണം. 

 

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് ചൊവ്വ 8-ൽ തുടരുന്നതിനാൽ രോഗസാധ്യതയ്ക്കെതിരെ ജാഗ്രത ആവശ്യമാണ്. മേയ് 15 ന് ഇടവമാസം പിറക്കുന്നതോടെ സൂര്യൻ 7-ലേക്കു കടക്കുന്നതിനാൽ ആ സമയത്തും കരുതൽ പാലിക്കണം. ദൈവാനുഗ്രഹം ഉണ്ട്. പ്രതിസന്ധികളൊന്നും ഇല്ല. 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ധനുക്കൂറുകാർക്ക് വ്യാഴം 3-ൽ ആയതിനാൽ രോഗഭീഷണികൾക്കെതിരെ കരുതൽ വേണം. സൂര്യൻ 5-ൽ ആയതിനാൽ മേടമാസം കഴിയുന്നതു (മേയ് 14) വരെ കൂടുതൽ ജാഗ്രത പാലിക്കണം. 

 

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറുകാർക്ക് ജന്മശ്ശനി കാലമായതിനാൽ കൂടുതൽ ജാഗ്രത വേണം. ദൈവാനുഗ്രഹമുണ്ട് എന്ന സമാധാനമുണ്ട്.

 

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

കുംഭക്കൂറുകാർക്കു വലിയ പ്രതിസന്ധിയുടെ കാലമല്ല. ശനി 12-ലായതിനാൽ ജാഗ്രത നല്ലതാണ്. 

 

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ചൊവ്വ 4-ലും വ്യാഴം 12-ലും സഞ്ചരിക്കുന്ന ഇക്കാലം കൂടുതൽ ജാഗ്രത ആവശ്യമാണ്. ദൈവാനുഗ്രഹത്തിനായി പ്രാർഥനകളും വേണം. 

ചാരവശാലുള്ള ഈ ഫലം ഈ കൂറുകാർക്കു പൊതുവേയുള്ള അനുഭവമായിരിക്കും. ഓരോ വ്യക്തിയുടെയും വയസ്സ്, ദശാകാലം, അപഹാരസമയം തുടങ്ങിയവയുടെ കൂടി അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും ഫലം അനുഭവപ്പെടുക.  

അതുകൊണ്ട്, ഏതു കൂറുകാരും ഏതു കാലത്തും രോഗഭീഷണികൾക്കെതിരെ ജാഗ്രത പാലിക്കണം എന്ന കാര്യത്തിൽ സംശയമില്ല. 

English Summary : Health Prediction 2021 by raveendran Kalarikkal  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com