sections
MORE

വ്യാഴമാറ്റം 2021 ; ഓരോ രാശിക്കാർക്കും എങ്ങനെ?

HIGHLIGHTS
  • സമ്പൂർണ രാശിഫലം
Jupiter-Transit-Photo-Credit-Think-About-Life
Photo Credit : Think_About_Life / Shutterstock.com
SHARE

ഭാരതീയ സങ്കല്പമനുസരിച്ചു ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഗ്രഹങ്ങളിൽ ഒന്നാണ് വ്യാഴം. ഗുരു എന്നാണ് വ്യാഴം അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 6 നാണ് മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്കു വ്യാഴം നീങ്ങി തുടങ്ങിയത്.  ചില രാശിക്കാർക്കു ഏറെ ഗുണഫലങ്ങൾ പ്രദാനം ചെയ്യുന്ന ഈ മാറ്റം മറ്റു ചില രാശിക്കാരിൽ ദോഷമായി ഭവിക്കാനും സാധ്യതയുണ്ട്. വ്യാഴത്തിന്റെ ഈ നീക്കം ഓരോ രാശിക്കാരെയും എങ്ങനെയാണു ബാധിക്കുന്നതെന്നു നോക്കാം.

മേടം രാശി.........ARIES

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

വ്യാഴമാറ്റത്തിന്റെ സമയത്തു അതായതു ഏപ്രിൽ 6 മുതൽ സെപ്തംബർ 15 വരെയുള്ള കാലയളവിൽ ഏരീസ് രാശിക്കാർക്കു ധനപരമായി ഏറെ മുന്നേറ്റം പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക ലാഭത്തിനൊപ്പം ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യും. ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. വിദേശത്തു നിന്നും സഹായങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെയുള്ള സമയത്തു കാര്യങ്ങൾ അനുകൂലമല്ല. തൊഴിൽമേഖലയിൽ ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പിതാവിന്റെ ആരോഗ്യ പ്രശ്‍നങ്ങൾ അലട്ടാനിടയുണ്ട്. എന്നാൽ അതിനു ശേഷം കാര്യങ്ങൾ അനുകൂലമായി ഭവിക്കുകയും കുടുംബത്തിൽ സന്തോഷം നിലനിൽക്കുകയും സാമ്പത്തിക ഭദ്രത കൈവരുകയും ചെയ്യും. 

ഇടവം രാശി.......... TAURUS

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

കഠിനാധ്വാനത്തിന്റെ നാളുകളാണ് ടോറോസ് രാശിക്കാരെ കാത്തിരിക്കുന്നത്. തൊഴിൽ മേഖലയിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. കുടുംബത്തിന്റെ പിന്തുണ ഈ കാലയളവിൽ ഏറെ സഹായകരമാകും. സാമ്പത്തികമായും ഈ സമയം ഗുണകരമായിരിക്കുകയില്ല. സെപ്റ്റംബർ 15 നു ശേഷം ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും. പിതാവിന്റെ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. നവംബർ 20 നു ശേഷം കാര്യങ്ങൾ അനുകൂലമാകാനിടയുണ്ട്. തൊഴിൽ മാറ്റമുണ്ടാകുകയും അത് ധനപരമായി മുന്നേറാൻ സഹായിക്കുകയും ചെയ്യും. കുടുംബജീവിതം സന്തോഷകരമാകുന്നതിനൊപ്പം മാതാപിതാക്കളുടെ ആരോഗ്യത്തിൽ പുരോഗതിയും കൈവരും.

മിഥുനം രാശി .......... GEMINI

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലം ഈ രാശിക്കാരെ സംബന്ധിച്ച് ഏറെ മെച്ചമുള്ളതാണ്. കൈക്കൊള്ളുന്ന തീരുമാനങ്ങളെല്ലാം ഗുണകരമായി ഭവിക്കും. ദാമ്പത്യബന്ധം ഏറെ സന്തോഷകരമായിരിക്കും. സാമ്പത്തികമായും മുന്നേറ്റമുണ്ടാകും. ആരാധനാലയങ്ങൾ സന്ദർശിക്കും. വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വീട്ടിൽ നിന്നും അകന്നു നിൽക്കേണ്ടതായി വരും. സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെയുള്ള കാലമത്ര അനുകൂലമല്ല. കുടുംബാംഗങ്ങൾക്കും  പിതാവിനും ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ അനുഭവിക്കേണ്ടി വരുന്ന സമയം കൂടിയായിരിക്കുമത്. നവംബർ 20 നു ശേഷം കാര്യങ്ങൾ മെച്ചപ്പെടും. കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുകയും ആരാധനാകർമങ്ങളിൽ പങ്കെടുക്കുകയും ആരോഗ്യകാര്യത്തിൽ പുരോഗതി കൈവരുകയും ചെയ്യും. 

കർക്കടകം രാശി .......... CANCER

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കാൻസർ രാശിക്കാർക്ക് സെപ്റ്റംബർ 15 വരെയുള്ള ദിവസങ്ങൾ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ആരാധനാകർമങ്ങളിലും പ്രാർത്ഥനകളിലും പങ്കുകൊള്ളുന്നതു ദുരിതങ്ങൾ അകലാൻ സഹായിക്കും. പിതാവിന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. രോഗപീഢ അലട്ടാനും ധനനഷ്ടത്തിനും സാധ്യതയുണ്ട്. ബന്ധുക്കളുമായി കലഹത്തിനിടയുണ്ട്. സെപ്റ്റംബർ 15 നു ശേഷം നവംബർ 20 വരെയുള്ള സമയത്തു കാര്യങ്ങളിൽ ചെറിയ പുരോഗതി കൈവരും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം കൈവരിക്കാൻ സാധിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളുടെ ബഹുമാനത്തിനു അർഹനാകും. നവംബർ 20 നു ശേഷം ആരോഗ്യകാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്. തിരിച്ചു കിട്ടുകയില്ലെന്നു കരുതിയ ധനം വന്നു ചേരും. അധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ മികവ് പുലർത്തും.

ചിങ്ങം രാശി .......... LEO

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

വ്യാഴമാറ്റം ഈ രാശിക്കാർക്കു ഗുണദോഷ സമ്മിശ്ര ഫലങ്ങളായിരിക്കും നൽകുന്നത്. പ്രണയ ബന്ധങ്ങൾ വിവാഹത്തിലെത്തുകയും ദാമ്പത്യ സൗഖ്യം കൈവരുകയും ചെയ്യും. തൊഴിൽ സ്ഥലങ്ങളിൽ ഇവരുടെ പങ്കാളികൾ  കൂടുതൽ മികവ് പുലർത്തുകയും മേലുദ്യോഗസ്ഥരുടെ  പ്രശംസയ്ക്കു  പാത്രമാകുകയും ചെയ്യും. വരുമാനത്തിൽ വർധനവുണ്ടാകും. ആരോഗ്യവും പൊതുവെ തൃപ്തികരമായിരിക്കും. സെപ്റ്റംബർ 15  ശേഷമുള്ള കാലം അല്പം ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങൾ വലയ്ക്കാനും ധാരാളം പണം ചെലവാകാനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ചെറിയ ഭിന്നത ഉണ്ടാകാനിടയുണ്ട്. നവംബർ 20 നു ശേഷം കാര്യങ്ങൾ  അനുകൂലമായി തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കൈവരും. പങ്കാളിയുടെ പിന്തുണയോടെ  ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം വരിക്കാൻ സാധിക്കും. സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം. ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയും. പ്രണയബന്ധം വിവാഹത്തിൽ കലാശിക്കും.

കന്നി രാശി .......... VIRGO

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ) 

വിദ്യാർഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം വരിക്കാൻ കഴിയും. ഭക്ഷണ കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരേണ്ടതാണ്, അല്ലാത്ത പക്ഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും. ചെലവ് ചുരുക്കാൻ ബുദ്ധിമുട്ടും. തൊഴിലിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ നിമിത്തം വിഷാദത്തിലേയ്ക്ക് വീണുപോകാൻ സാധ്യതയുണ്ട്. ദാമ്പത്യ ബന്ധത്തിൽ അനൈക്യവും ശിഥിലതയുമുണ്ടാകാനിടയുണ്ട്. സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെയുള്ള സമയത്തു കുറച്ചേറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മക്കളുടെ രോഗപീഢ അലട്ടും. വിദ്യാർഥികൾ പഠനമേഖലയിൽ മികവ് പുലർത്തും. സാമ്പത്തിക ഉന്നമനവും അതുവഴി ബഹുമാനവും കൈവരും. നവംബർ 20 നു ശേഷം കാര്യങ്ങൾ ഒട്ടും അനുകൂലമായിരിക്കുകയില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ദാമ്പത്യ ജീവിതം സംഘർഷഭരിതമാകും. ഈ കാലയളവിൽ സാമ്പത്തിക ബാധ്യതകളുണ്ടാകാനും സാധ്യതയുണ്ട്. 

തുലാം രാശി .......... LIBRA

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെയുള്ള സമയത്തു ലിബ്ര രാശിക്കാർക്ക് കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകും. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയിക്കുകയും ഉന്നതപഠനത്തിനു ചേരുകയും ചെയ്യും. ദാമ്പത്യ ബന്ധവും പൊതുവെ സമാധാനപരവും സന്തോഷകരവുമായിരിക്കും. വിവാഹം ശരിയാകാതെ വിഷമിക്കുന്നവർക്കു ചേരുന്ന പങ്കാളിയെ ലഭിക്കും. സന്താന സൗഭാഗ്യത്തിനും സാധ്യതയുണ്ട്. ധന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും സമ്പത്തു വർധിക്കാനുമിടയുണ്ട്. സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും. സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെയുള്ള സമയത്തു മാതാവിന്റെ രോഗങ്ങൾ മാനസികബുദ്ധിമുട്ടുണ്ടാക്കും. വിദേശത്തുള്ളവർ സ്വദേശത്തേയ്ക്കു മടങ്ങിയെത്തും. പാരമ്പര്യ സ്വത്തു കൈവന്നു ചേരും. നവംബർ 20 നു ശേഷം സന്താനങ്ങൾ മൂലം സന്തോഷം വന്നു ചേരും. സാമ്പത്തിക പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാൻ കഴിയും. വിദ്യാർഥികൾ പഠനത്തിൽ വിജയം കൈവരിക്കും. കാര്യങ്ങൾക്കു ഉടനടി ഉചിതമായ തീരുമാനങ്ങളെടുക്കും.

വൃശ്‌ചികം രാശി ..........SCORPIO

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

കുടുംബത്തിൽ പ്രശ്‍നങ്ങളുണ്ടാകാനും ബന്ധുക്കൾ തമ്മിൽ കലഹത്തിനും സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ അകപ്പെടാനിടയുണ്ട്. ഭൂമി വാങ്ങാനും വിൽക്കാനും യോഗമുണ്ട്. മാതാവിന്റെ  ആരോഗ്യം മോശമാകുകയും ധാരാളം പണം ചെലവാകുകയും ചെയ്യും. സെപ്റ്റംബർ 15 നു ശേഷം ധാരാളം യാത്രകൾ പോകും. ഈ യാത്രകൾ നേട്ടങ്ങളുണ്ടാക്കും. സഹോദരരുമായി നല്ല ആത്മബന്ധമുണ്ടാകും. അധ്യാത്മിക കാര്യങ്ങളിൽ താല്പര്യം വർധിക്കും. വിദ്യാർത്ഥികൾ മികവ് പുലർത്തും. ധനപരമായി നേട്ടങ്ങളുണ്ടാക്കും. കുടുംബത്തിലുണ്ടായ പ്രശ്‍നങ്ങൾക്കു പരിഹാരം കാണുകയും കുടുംബത്തിന്റെ ഇടപെടലിലൂടെ ഭൂസ്വത്ത് വാങ്ങുകയും ചെയ്യും. വീട്ടു ചെലവ് വർധിക്കും കുടുംബത്തിന് വേണ്ടി വലിയൊരു തുക ചെലവഴിക്കുകയും ചെയ്യും.

ധനു രാശി .......... SAGITTARIUS

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ധാരാളം ചെറുയാത്രകൾ പോകാൻ ഈ രാശിക്കാർക്കു സാധിക്കും. ആരാധനാലയങ്ങൾ സന്ദർശിക്കും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. പണമുണ്ടാക്കാനായി ചെയ്യുന്ന ശ്രമങ്ങൾ വിജയം കാണും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരും. സെപ്റ്റംബർ 15 നു ശേഷം മാതാവിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി പ്രതീക്ഷിക്കാം. കുടുംബത്തിൽ നിന്നും സഹായങ്ങളുണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങളിൽ അലസതയുണ്ടാകുകയും വളരെ സാവധാനത്തിൽ മാത്രം മുന്നോട്ടു പോകുകയും ചെയ്യും. അധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സഹോദരങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കാം. കുടുംബവുമൊന്നിച്ചു യാത്രകൾ പോകും. 

മകരം രാശി .......... CAPRICORN

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

കുടുംബജീവിതം സന്തോഷകരമായിരിക്കും. സന്താന സൗഭാഗ്യത്തിനും വിവാഹം പോലുള്ള മംഗള കർമങ്ങൾക്കും യോഗമുണ്ട്. കച്ചവടത്തിലേർപ്പെട്ടിരിക്കുന്നവർ വിജയം കൈവരിക്കും. വിദേശത്തു നിന്നും ഈ കാലയളവിൽ ധാരാളം പണം വന്നു ചേരും. ഏർപ്പെടുന്ന ഉദ്യമങ്ങളിൽ വിജയിക്കും. ആശയകുഴപ്പങ്ങളില്ലാതെ തീരുമാനങ്ങൾ  കൈക്കൊള്ളും. വിനയത്തോടെയുള്ള സംസാരശൈലിയിലൂടെ മറ്റുളളവരെ  ആകർഷിക്കാൻ കഴിയും. കഠിനമായ പരിശ്രമങ്ങളെല്ലാം വിജയം വരിക്കുന്ന ഒരു സമയം കൂടിയാണ്  ഈ രാശിക്കാർക്ക് മുമ്പിലുള്ളത്. തൊഴിലിൽ പുരോഗതിയും ശമ്പള വർധനവും പ്രതീക്ഷിക്കാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

കുംഭം രാശി .......... AQUARIUS

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

വ്യാഴമാറ്റം ഈ രാശിക്കാരെ സംബന്ധിച്ച് ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയും. ദാമ്പത്യബന്ധം സന്തോഷകരമായിരിക്കും. പ്രണയസാഫല്യമുണ്ടാകും. സെപ്റ്റംബർ 15 നു ശേഷം കാര്യങ്ങളിൽ നേരിയ വ്യത്യാസമുണ്ടാകും. കുറെയേറെ പ്രശ്നനങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ചെലവ് വർധിക്കും. രോഗപീഢകൾ അലട്ടാൻ സാധ്യതയുണ്ട്. ധനനഷ്ടത്തിനിടയുണ്ട്. നവംബർ 20 നു ശേഷം കാര്യങ്ങളിൽ നേരിയ പുരോഗതിയുണ്ടാകും. മുമ്പുണ്ടായിരുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും. മുടങ്ങി കിടക്കുന്ന സംരംഭങ്ങൾ  പുനരാരംഭിക്കും. സാമ്പത്തിക ഭദ്രതയുണ്ടാകും. സമൂഹത്തിൽ ബഹുമാനവും അന്തസും ലഭിക്കാം.    

മീനം രാശി .......... PISCES

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

ആരോഗ്യം മെച്ചമായിരിക്കും. വിദേശത്തു പോകാനിരിക്കുന്നവർക്കു ഉചിതമാണ് ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെയുള്ള സമയം. ചെലവ് വർധിക്കാനിടയുണ്ട്. അധ്യാത്മിക കാര്യങ്ങളിൽ പങ്കെടുക്കും. തൊഴിൽ സംബന്ധമായി ദൂരദേശങ്ങളിലേയ്ക്ക് യാത്രകൾ പോകേണ്ടതായി വരും. തൊഴിലിൽ കയറ്റം ലഭിക്കാനും സാമ്പത്തിക പുരോഗതിയുണ്ടാകാനും സാധ്യതയുണ്ട്. സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെയുള്ള സമയം ഏറെ അനുകൂലമാണ്. ഏർപ്പെടുന്ന പ്രവർത്തികളിലെല്ലാം വിജയം കൈവരിക്കാൻ കഴിയും. മേലുദ്യോഗസ്ഥരുമായുള്ള അടുപ്പം നേട്ടങ്ങളുണ്ടാക്കും. പലവഴികളിൽ ധനം വന്നു ചേരും. പ്രണയം വിവാഹത്തിൽ കലാശിക്കും. നവംബർ 20 നു ശേഷം ചെലവ് വർധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട സമയം കൂടിയാണിത്. കോടതി വ്യവഹാരങ്ങളിൽ വിജയം എതിർകക്ഷിയ്ക്കാകും.

English Summary : Jupiter Transit Prediction for each Zodiac Sign

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA