വാസ്തുശാസ്ത്രപ്രകാരം ഓരോ രാശിക്കാർക്കും 2022 പുതുവർഷം എങ്ങനെ?

HIGHLIGHTS
  • വാസ്തുശാസ്ത്രപ്രകാരം 12 രാശിക്കാരുടെയും പുതുവർഷഫലം
yearly-prediction-2022-as-per-vasthu
SHARE

കെട്ടിടനിർമാണത്തിൽ മാത്രമല്ല ജീവിതത്തിലെ നെഗറ്റീവ് എനർജികളെ  അകറ്റിനിർത്താനും സഹായിക്കുന്ന പുരാതന ശാസ്ത്രമാണ് വാസ്തുശാസ്ത്രം. ഓരോ വ്യക്തിയും ജീവിക്കുന്ന സ്ഥലം അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥലം തുടങ്ങി ഓരോ ഇടങ്ങളിലുമുള്ള വസ്തുക്കളും അവയുടെ ആകൃതിയുംവരെ ജീവിതത്തിൽ ഗുണകരമായും ദോഷകരമായുമുള്ള ഫലങ്ങൾ ഉണ്ടാക്കുമെന്നാണ് വിശ്വാസം. വാസ്തുശാസ്ത്രപ്രകാരം 12 രാശികളിൽ ഉള്ളവർക്കും പുതുവർഷത്തിലെ ഫലങ്ങൾ എങ്ങനെയാണെന്ന് നോക്കാം.

മേടം രാശി.........Aries

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

വാസ്തു ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രഹനില പ്രകാരം മേടം രാശിക്കാർക്ക് പൊതുവെ ഈ വർഷം ഗുണകരമാണ്. ഉറച്ച തീരുമാനങ്ങൾ എടുക്കാനും ബൃഹത് പദ്ധതികൾ ലക്ഷ്യം വയ്ക്കാനും നേതൃത്വ ഗുണംകൊണ്ട്  അവ വിജയകരമായി പൂർത്തീകരിക്കാനും 2022 ൽ സാധിക്കും. തലവേദന, ഉദര വൈഷമ്യങ്ങൾ തുടങ്ങിയ ചെറിയ  പ്രശ്നങ്ങൾ ഒഴിച്ചുനിർത്തിയാൽ ആരോഗ്യവും പൊതുവേ തൃപ്തികരമായിരിക്കും. കായികം, രാഷ്ട്രീയം, ഭക്ഷണ രംഗം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മേടം രാശിക്കാർക്ക്  ഉയർച്ച നേടാനാകും.

ഇടവം രാശി.......... Taurus

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം രാശിക്കാർ ഈ വർഷം പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ കൃത്യമായി ആലോചിച്ചശേഷം മാത്രം അവ പ്രാബല്യത്തിൽ വരുത്താൻ ശ്രദ്ധിക്കുക. ക്ഷമാശീലം കൈവിട്ടു പോകുന്നതും കോപം വർധിക്കുന്നതും മൂലം ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിക്കാനിടയുണ്ട്. ജല സംബന്ധമായ രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. തൊഴിൽരംഗത്ത് അഭിവൃദ്ധി  ഉണ്ടാകുന്ന വർഷംകൂടിയാണിത്. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഇടവം രാശിക്കാർക്ക് വരുമാനം വർധിക്കാനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി ..........Gemini

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം രാശിക്കാർക്ക് വൈകാരികമായ ഏറ്റകുറച്ചിലുകൾ നിരന്തരം നേരിടേണ്ടിവരുന്ന വർഷമായിരിക്കും ഇത്. വെല്ലുവിളികളെ നേരിടാനുള്ള  മനസ്സാന്നിധ്യം മുൻകൂട്ടി ആർജ്ജിച്ചു വയ്ക്കേണ്ടതുണ്ട്. ഈ രാശിക്കാർക്ക് ആരോഗ്യവും പൊതുവേ ഗുണകരമായിരിക്കില്ല.  അതിനാൽ രോഗപ്രതിരോധത്തിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം. കുടുംബജീവിതവും സാമൂഹ്യജീവിതവും  തൃപ്തികരമായിരിക്കും. തൊഴിൽ രംഗത്തും അനുകൂല സാഹചര്യമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ തേടിയെത്തും.

കർക്കടകം രാശി .......... Cancer

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ഏതു ജോലിയിൽ ഏർപ്പെടുമ്പോഴും  അമിതോത്സാഹം ഉണ്ടാവാതിരിക്കാൻ കർക്കിടകം രാശിക്കാർ ഈ വർഷം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പ്രതീക്ഷക്കൊത്ത് ഫലം ലഭിക്കാത്തതിൽ നിരാശ നേരിടേണ്ടിവരും. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അലട്ടാൻ ഇടയുണ്ട്. കുടുംബജീവിതം പൊതുവേ തൃപ്തികരമായിരിക്കും. പുതിയ സുഹൃദ് വലയം സൃഷ്ടിക്കാൻ സാധിക്കും. ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ ഉടലെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തണം. തൊഴിൽരംഗത്ത്  മെച്ചപ്പെട്ട സാഹചര്യങ്ങൾ വന്നുചേരും. ഓഹരി വിപണിയിലുള്ളവർക്ക് പൊതുവേ ഈ വർഷം ഗുണകരമാണ്.

ചിങ്ങം രാശി .......... Leo

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തിയും കൃത്യമായി പൂർത്തീകരിക്കാൻ ചിങ്ങം രാശിക്കാർക്ക് ഈ വർഷം സാധിക്കും. സമൂഹത്തിന്റെ അംഗീകാരവും  ബഹുമാനവും നേടിത്തരുന്ന വർഷം കൂടിയാണിത്. കലാമേഖലകളിൽ വിജയം കൈവരിക്കാനാകും. കീർത്തി വർധിക്കും. എന്നാൽ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സുഹൃത്ബന്ധങ്ങൾ ശക്തിപ്പെടും. പുതിയ പ്രണയബന്ധങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചിങ്ങം രാശിയിലുള്ളവർക്ക് തൊഴിൽ മേഖലയിൽ ഏറ്റവുമധികം അഭിവൃദ്ധി നേടാനാവുന്ന കാലമാണ്. കുടുംബ സ്വത്തിൽ നിന്നുള്ള ഗുണഫലങ്ങളും അനുഭവിക്കാനാവും.

കന്നി രാശി .......... Virgo

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

പുതിയ പദ്ധതികളെക്കുറിച്ചുള്ള ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതെ സമചിത്തതയോടെ പരിശ്രമിച്ച് പൂർത്തിയാക്കാനാവും കന്നി രാശിക്കാർ ഈ വർഷം ശ്രമിക്കുന്നത്. ആരോഗ്യകാര്യങ്ങളിൽ കാര്യമായ പ്രശ്നങ്ങൾ ഉടലെടുക്കില്ല. എന്നാൽ ഉറക്കക്കുറവ് അനുഭവപ്പെട്ടേക്കാം. ബന്ധങ്ങളിൽ ചതിവുപറ്റാൻ ഇടയുള്ളതിനാൽ അല്പം ജാഗ്രത പുലർത്തേണ്ടതുണ്ട്. തർക്കങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. തൊഴിൽ രംഗത്തുനിന്നും മികച്ച അനുഭവങ്ങൾ ഉണ്ടാകും. വിപണന മേഖലയിലുള്ള  കന്നി രാശിക്കാർക്ക് ഈ വർഷം കൂടുതൽ ഗുണകരമാണ്.

തുലാം രാശി .......... Libra

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

കൂട്ടായ പ്രവർത്തനങ്ങൾ അധികമായി ചെയ്യേണ്ടിവരുന്ന വർഷമാണിത്. അതിനാൽ കൃത്യമായ തീരുമാനങ്ങൾ യഥാസമയം എടുത്തില്ലെങ്കിൽ അവസരങ്ങൾ കൈവിട്ടു പോകാൻ സാധ്യതയുണ്ട്. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാവും.  പെയിന്റിങ്ങ് കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിലുള്ളവർക്ക് ഗുണഫലങ്ങൾ ഉണ്ടാവും.

വൃശ്‌ചികം രാശി ..........Scorpio

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

വൃശ്ചികം രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കും. വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാനും കഠിനാധ്വാനത്തിലൂടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനും സാധിക്കും. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കുമെങ്കിലും കഫപ്രകൃതം ഉള്ളവർ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത് ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവും. സുഹൃത്തുക്കളിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചെന്നും വരാം. വൈദ്യ രംഗത്തുള്ളവർക്കും കായിക രംഗത്തുള്ളവർക്കും അഭിവൃദ്ധി കൈവരിക്കാനാവുന്ന വർഷമാണിത്.

ധനു രാശി .......... Sagittarius

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു രാശിയിൽ ഉൾപ്പെട്ടവർക്ക് കൂടുതൽ യാത്രകൾ ചെയ്യാനുള്ള അവസരം ഈ വർഷം ഉണ്ടാവും. മത്സരങ്ങളിൽ പങ്കെടുക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കും. എന്നാൽ കരൾ സംബന്ധമായ രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കുടുംബത്തിൽ നിന്നും അകന്നു നിൽക്കേണ്ട സാഹചര്യങ്ങൾ വന്നേക്കാം. വിപരീത സാഹചര്യങ്ങളിൽ  വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരികയും എന്നാൽ അതുമൂലം നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. നിയമം, ആത്മീയം, എഴുത്ത് തുടങ്ങിയ മേഖലകളിലുള്ളവർക്ക് മികച്ച വർഷമാണ്.

മകരം രാശി ..........Capricorn

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ഈ രാശിക്കാർക്ക് പുതിയ അവസരങ്ങൾ വന്നു ചേരാൻ ഇടയുണ്ട്. എല്ലാ കാര്യങ്ങളിലും ശുഭാപ്തി വിശ്വാസം വെച്ചുപുലർത്താൻ സാധിക്കും. ത്വക്ക് രോഗങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. മാനസിക സമ്മർദ്ദം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. അവിവാഹിതർക്ക്  വിവാഹകാര്യത്തിൽ തീരുമാനമാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തികരംഗം മെച്ചപ്പെടും. നിർമ്മാണ മേഖലയിലുള്ളവർക്ക്  മികച്ച നേട്ടങ്ങൾ ലഭിക്കുന്ന വർഷമാണിത്. രാഷ്ട്രീയ രംഗത്തുള്ളവരെ ഉയർന്ന സ്ഥാനങ്ങൾ തേടിയെത്തും.

കുംഭം രാശി .......... Aquarius

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം രാശിക്കാർക്ക് സമൂഹത്തിന്റെ ആദരവ് നേടിയെടുക്കാൻ സാധിക്കുന്ന വർഷമാണ് 2022. കാര്യങ്ങൾ പെട്ടെന്നു ഗ്രഹിക്കാനുള്ള കഴിവ് സംജാതമാകും. മറ്റു വർഷങ്ങളെ അപേക്ഷിച്ച് കൃത്യമായ തീരുമാനങ്ങളെടുക്കാൻ സാധിക്കും. എന്നാൽ വിവിധ രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഭാവി ജീവിതത്തിൽ ഗുണകരമാകുന്നതരം ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. സമൂഹത്തിന് ഗുണകരമായ പ്രവർത്തികളിൽ ഏർപ്പെടും. തൊഴിൽരംഗത്തെടുക്കുന്ന പുതിയ തീരുമാനങ്ങൾ ദീർഘകാലത്തേക്ക് ഗുണകരമായി ഭവിക്കും.

മീനം രാശി .......... Pisces

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

മീനം രാശിക്കാർക്ക് കൂടുതൽ യാത്ര ചെയ്യാനുള്ള യോഗമുണ്ട്. ഇവയിൽ പലതും ഭാവിയിലേക്ക്  ഗുണകരമാകുന്നവ ആയിരിക്കും. പ്രായോഗികമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. മീനരാശിയിൽ ഉള്ളവർക്ക് ആരോഗ്യം ഏറ്റവും മെച്ചപ്പെട്ട നിലയിലുള്ള വർഷമായിരിക്കും ഇത്. മറ്റുള്ളവരോട് ക്ഷമിക്കാനുള്ള  മനസ്സ് ഉണ്ടാകുന്നതിനാൽ ബന്ധങ്ങൾ കൂടുതലും ശക്തമാവും. സാമ്പത്തിക മേഖലയിൽ ഉയർച്ച കൈവരിക്കാൻ സാധിക്കുന്നതിനാൽ മനസ്സമാധാനം കൈവരും. തൊഴിൽ രംഗത്തും  ഗുണഫലങ്ങൾ  തേടിയെത്തുന്ന വർഷം ആണിത്.

English Summary : 2022 Yearly Prediction as per Vasthu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA