മകരമാസം ഓരോ നാളുകാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • മകരമാസത്തിലെ സമ്പൂർണ നക്ഷത്രഫലം
makaram-monthly-prediction-kanippayyur
SHARE

അശ്വതി

ബഹുരാഷ്ട്രസ്ഥാപനത്തിൽ ആനുകൂല്യങ്ങളോടുകൂടിയ പുതിയ ഉദ്യോഗം ലഭിച്ചതിനാൽ ആശ്വാസമാകും. വ്യാപാര മേഖലകളുടെ അനുബന്ധസ്ഥാപനം തൽക്കാലത്തേക്ക്  നിർത്തിയിരുന്നത് പുനരാരംഭിക്കാനുള്ള അവസരം വന്നു ചേരും. സങ്കല്പത്തിനനുസരിച്ച് സന്തുഷ്ടമായ കുടുംബജീവിതം നയിക്കുവാൻ സാധിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. പുതിയ വർഷം തുടങ്ങുന്നതിന്റെ വെളിച്ചത്തിൽ സംയുക്തസംരംഭങ്ങൾ തുടങ്ങുന്നതിൽ നിന്നും ഒഴിവായി സ്വന്തമായ കർമമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധ്യത കാണുന്നു. 

ഭരണി

മനസ്സിന് തൃപ്തിയായ ഭൂമി ഏറെക്കുറെ തൃപ്തിയായ വിലയ്ക്ക് വാങ്ങുവാൻ അവസരം വന്നു ചേരും. ഏറ്റെടുത്ത കർമപദ്ധതികൾ പൂർത്തീകരിക്കുന്നതിനാൽ പുതിയത് ഏറ്റെടുക്കുവാനിടയുണ്ട്. ഒരുപക്ഷെ പണം മുതൽമുടക്കാതെ തന്നെ നിലവിലുള്ള ഉദ്യോഗത്തോടൊപ്പം ലാഭശതമാനവ്യവസ്ഥയിലുള്ള പ്രവൃത്തികളിൽ കൂടി ഏർപ്പെടുന്നത് ഗുണകരമായിരിക്കും. വിദേശത്ത് നിന്നും ജന്മനാട്ടിൽ വന്നവർക്ക് പുനരവസരം ലഭിക്കും. കാർഷികമായ മേഖലയിൽ പുതിയ ആശയം അവലംബിക്കുന്നതു വഴി അനുകൂലമായ അവസരം വന്നു ചേരും. 

കാർത്തിക

ധർമപ്രവര്‍ത്തനങ്ങൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കുന്നതു വഴി മാതാപിതാക്കളിൽ നിന്നും അനുമോദനങ്ങൾ കേൾക്കുവാനിടവരും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾ ചടങ്ങ് മാത്രമായി തൃപ്തികരമായ രീതിയിൽ അവലംബിക്കുന്നതു വഴി നേര്‍ന്നു കിടപ്പുള്ള വഴിപാടുകള്‍ ചെയ്തു തീർക്കാനും സാധിക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമാകും. 

രോഹിണി

തൊഴിൽമേഖലകൾക്ക് പ്രാധാന്യം നൽകുന്നതുപോലെ തന്നെ മാതാപിതാക്കളുടെ കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കും. കാർഷികമേഖലയിൽ അനുകൂലമായ രീതിയിൽ വിളവെടുപ്പ് ഉണ്ടാകുവാനിടയുണ്ട്. സഹപ്രവർത്തകരുടെ സഹകരണങ്ങളാൽ ബൃഹത്പദ്ധതികൾ ഏറ്റെടുക്കാനിടവരും. ഈവിധത്തിൽ ഉടമസ്ഥരിൽ നിന്നും അനുമോദനങ്ങൾ കേൾക്കുവാനിടവരും. വ്യക്തിതാല്പര്യം പരമാവധി പ്രയോജനപ്പെടുത്തും. ദുശ്ശീലങ്ങൾ ഉപേക്ഷിച്ച് സദ്ശീലങ്ങൾ സ്വീകരിക്കുകയും ആദ്ധ്യാത്മികാത്മീയ ചിന്തകളോടും കൂടി പ്രവർത്തിക്കുകയും ചെയ്യുന്നത് അനുകൂല അവസരങ്ങൾക്ക് വഴിയൊരുക്കും. 

മകയിരം

ഔദ്യോഗിക മേഖലയിൽ മേലുദ്യോഗസ്ഥൻ മറ്റു ജോലി നേടി പോയതിനാലും സഹപ്രവർത്തകർക്ക് പലവിധ അസ്വാസ്ഥ്യങ്ങളാൽ അവധിയായതിനാലും അവരുടെ ജോലി കൂടി ചെയ്തു തീർക്കേണ്ടതായ സാഹചര്യം ഉണ്ടാകും. താരതമ്യേന കുറഞ്ഞവിലയ്ക്ക് പൂർവികസ്വത്ത് വാങ്ങാനുള്ള സാഹചര്യം കാണുന്നു. തന്നെക്കാൾ ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗം പുത്രന് ലഭിച്ചതിൽ ആശ്വാസവും ആത്മാഭിമാനവും ഉണ്ടാകാനിടയുണ്ട്. 

തിരുവാതിര

തൊഴിൽപരമായ മേഖലകളിൽ യാത്രാക്ലേശവും സമ്മർദവും ചര്‍ച്ചകളും വേണ്ടിവരുമെങ്കിലും ഒന്നും പൂർത്തീകരിക്കുവാനോ ഫലപ്രാപ്തിയിലെത്തിക്കുവാനോ സാധ്യതകൾ വളരെ കുറവാണ്. സഹോദരങ്ങൾക്കോ സുഹൃത്തുക്കൾക്കോ സഹായം നൽകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം . അറിവുള്ള വിഷയങ്ങളാണെങ്കിൽ പോലും അവതരിപ്പിക്കാനുള്ള അവസരങ്ങൾ വളരെ കുറവായിരിക്കും. 

പുണർതം

പലപ്രകാരത്തിലും തൊഴിൽപരമായ മേഖലകളോട് ബന്ധപ്പെട്ട് മിക്ക ദിവസങ്ങളിലും ൈവകി മാത്രമെ ഗൃഹത്തിൽ എത്തിച്ചേരുവാൻ സാധിക്കൂ. ഏറ്റെടുത്ത പ്രവർത്തനം പൂർത്തീകരിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടി വരും. ഏറ്റെടുത്ത എല്ലാ കാര്യങ്ങള്‍ക്കും ചെലവ് കൂടുതൽ അനുഭവപ്പെടാനിടയുണ്ട്. ഭാവനകൾ യാഥാർഥ്യമാകുവാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിയ്ക്കേണ്ടതായി വരും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനവസരം വന്നു ചേരും. 

പൂയം

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാനുള്ള സാഹചര്യങ്ങൾ വന്നു ചേരും. മാര്‍ഗതടസ്സങ്ങൾ ഉണ്ടാകുമോ എന്നുള്ള മുൻകരുതലോടുകൂടി കൂടുതൽ പ്രയത്നിക്കുവാനുള്ള സന്നദ്ധതയും ആത്മവിശ്വാസത്തോടുകൂടിയുള്ള അവസരങ്ങളെ സ്വീകരിക്കുവാൻ തയാറാകുന്നത് ഒരു പരിധിവരെ മാർഗതടസ്സങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. വസ്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കേണ്ടതായി വരും. ഏതൊരു കാര്യവും അതിന്റെ അർഥമൂല്യങ്ങളോടു കൂടി അനുവർത്തിക്കുന്നതു വഴി സൽകീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകുവാനിടയുണ്ട്. 

 

ആയില്യം

അവസരോചിതമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള അവസരം ദമ്പതികൾക്ക് ഉണ്ടാകും. സാമ്പത്തിക മേഖലയിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതു വഴി കടം വാങ്ങേണ്ടതായ സാഹചര്യത്തിൽ നിന്നും പിന്മാറാനുള്ള സാധ്യത കാണുന്നു. ഉത്തരവാദിത്തങ്ങൾ അതിന്റെ അർഥമൂല്യങ്ങളോടു കൂടി ഗ്രഹിക്കുകയും അവലംബിക്കുകയും അനുവർത്തിക്കുകയും ചെയ്യുന്നത് ഏതൊരു വിപരീതമായ സാഹചര്യങ്ങളെയും അതിജീവിക്കാൻ പ്രാപ്തമാക്കും. 

മകം

മാനസികമായി പലപ്രകാരത്തിലുള്ള സംതുലിതാവസ്ഥ നിലനിർത്തുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരുവാൻ സാധ്യത കാണുന്നു. ബന്ധുമിത്രാദികളുടെ ആവശ്യം കൂടി പരിഗണിക്കുന്നതിനാൽ കൂടുതൽ പ്രയത്നം വേണ്ടി വരും. ഉദ്യോഗത്തിൽ അധ്വാനഭാരവും ചുമതലകളും വർധിക്കുവാനിടയുണ്ട്. വ്യാപാര വിപണനമേഖലകളിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തികമായ നീക്കിയിരുപ്പ് കുറയുവാനിടയുണ്ട്. ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ജീവിതത്തെയും ജീവിതയാഥാർഥ്യങ്ങളെയും മനസ്സിലാക്കി ജീവിക്കുവാൻ തയാറാകുന്നത് ഏതുപ്രകാരത്തിലും നന്നായിരിക്കും. 

പൂരം

ഭൂമിക്രയവിക്രയങ്ങളിൽ ലാഭമുണ്ടാകുവാനിടയുണ്ട്. വിരോധികളായിരുന്നവർ അനുകൂലമായിത്തീരും. ഏറ്റെടുത്ത പ്രവൃത്തികൾക്ക് പൂർണ പിന്തുണ ലഭിക്കുന്നതിനാൽ ആശ്വാസവും ആത്മവിശ്വാസത്തോടുകൂടി പ്രവർത്തിക്കുവാനുള്ള സന്നദ്ധതയും ഉണ്ടാകും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകുവാനിടയുണ്ട്. കാര്യനിർവഹണശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കുന്നതിനാൽ ഏതൊരു വിപരീതസാഹചര്യങ്ങളേയും അതിജീവിക്കുവാൻ സാധ്യത കാണുന്നു. ഗൃഹത്തിന് അറ്റകുറ്റപണികൾ തുടങ്ങുവാനിടവരും. 

ഉത്രം

വ്യവസായമേഖലകളിൽ ഉല്പന്നങ്ങളുടെ ഗുണനിലവാരം വർധിക്കുന്നതിനാൽ പുരോഗതിയുണ്ടാകും. വിരോധികളായിരുന്നവർ പലരും ലോഹ്യമായിത്തീരുവാനിടയുണ്ട്. വിശേഷപ്പെട്ട ദേവാലയദർശനത്തിന് ഇടവരും. സുഹൃത്ത് തുടങ്ങുന്ന കാർഷികമേഖലകൾക്ക് പിന്തുണ അറിയിക്കുന്നതു വഴി ഒരു പക്ഷെ പണം മുടക്കേണ്ട സാഹചര്യം വന്നു ചേരും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. 

അത്തം

പുതിയ ആവിഷ്ക്കരണശൈലി സർവർക്കും സ്വീകാര്യമായതിനാൽ ആശ്വാസം തോന്നും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്‍ഞർക്കും അനുകൂലമായ അവസരങ്ങൾ വന്നു ചേരും. വ്യാപാരത്തില്‍ കടം കൊടുക്കുന്ന വിഭാഗം ഉപേക്ഷിച്ച് ലാഭശതമാനമുള്ള മേഖല നിലനിർത്തും. ചില ഉദ്യോഗസ്ഥരെ ഈ വിധത്തിലുള്ള സ്ഥാനത്ത് നിയമിക്കുന്നത് വഴി പ്രസ്ഥാനത്തിന് പ്രവർത്തനക്ഷമത കൈവരുവാൻ യോഗം കാണുന്നുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങൾ മക്കൾ മുഖാന്തിരം അനുഭവത്തിൽ വന്നു ചേരും. 

ചിത്തിര 

തൊഴിൽപരമായുള്ള മേഖലകളിൽ കാലോചിതമായ മാറ്റങ്ങളും പരിഷ്കാരങ്ങളും അവലംബിക്കുന്നതു വഴി പിൻതള്ളപ്പെടുന്ന അവസ്ഥാവിശേഷങ്ങളെ അതിജീവിക്കുവാനുള്ള യോഗം കാണാനുണ്ട്. ഈശ്വരപ്രാർഥനകളാലും വിദഗ്ധമായ ചികിത്സകളാലും പകർച്ചവ്യാധിയിൽ നിന്നും രക്ഷപ്പെടുവാനുള്ള സാധ്യത കാണുന്നു. പുതിയ തൊഴിലവസരം വന്നു ചേരുവാനുള്ള സാധ്യത ഉണ്ടെങ്കിൽ പോലും നിലവിലുള്ള പ്രസ്ഥാനത്തിന്റെ ഗുണമേന്മ ഇല്ലാത്തതിനാൽ തൽക്കാലത്തേക്ക് ഉപേക്ഷിക്കും. 

ചോതി

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ മക്കൾ മുഖാന്തിരം അനുഭവത്തിൽ വന്നു ചേരും. വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും സാധ്യത കാണുന്നു. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിച്ച് പ്രവർത്തന തലത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഗുണകരമായിത്തീരും. ആശ്രയിച്ചു വരുന്നവര്‍ക്ക് അഭയം നൽകുവാനുള്ള അവസരം വിനിയോഗിക്കും. സ്ഥാപിത താല്പര്യം മുൻ നിർത്തി സേവനമനഃസ്ഥിതിയോടും ലക്ഷ്യബോധത്തോടും കൂടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നത് വളരെ ഗുണപരമായ മാറ്റങ്ങൾക്ക് ഇടവരുത്തുവാനിടയുണ്ട്.

വിശാഖം

ജീവിതനിലവാരം വർധിച്ചതിനാൽ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും. ബൃഹത്പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിനാൽ ചാരിതാർഥ്യവും കൃതാർഥതയും ഉണ്ടായിത്തീരും. സങ്കല്പങ്ങൾ യാഥാർഥ്യമാകുന്നതിനാൽ ആശ്വാസമുണ്ടാകും. ബഹുമുഖപ്രതിഭകളുെട ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാകുന്നത് സൽകീർത്തിക്ക് യോഗം കാണാനുണ്ട്. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വ്യാപാരത്തിൽ ക്രമാനുഗതമായ പുരോഗതിക്ക് യോഗമുണ്ട്. 

അനിഴം

വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിൽ ദർശനം നടത്തുവാനും ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനും യോഗം കാണുന്നുണ്ട്. വ്യക്തിത്വവികസനത്തിന് സ്വയം തയാറാകുന്നത് ഭാവിയിലേക്ക് ഗുണകരമായിത്തീരും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വ്യാപാരവിപണന വിതരണമേഖലകളോട് ബന്ധപ്പെട്ട് പുതിയ ആശയം അവലംബിക്കുന്നതിന്റെ വെളിച്ചത്തിൽ ക്രമാനുഗതമായ പുരോഗതിക്ക് ഉതകുന്ന വിധത്തിൽ പദ്ധതികൾ സമർപ്പിക്കാൻ സാഹചര്യങ്ങൾ ഉണ്ടായിത്തീരും. റോഡുവികസനത്തിന് ഭൂമി വിട്ടുകൊടുക്കാനിടവരും. 

തൃക്കേട്ട

സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറേണ്ട സാഹചര്യം ഉണ്ടാകും. ആത്മാർഥ സുഹൃത്തിന്റെ പ്രവർത്തന രീതി പിൻതുടരുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഏതൊരു വിപരീത സാഹചര്യങ്ങളേയും അതിജീവിക്കുന്നതിന് വഴിയൊരുക്കുവാനിടയുണ്ട്. വിദ്യാർഥികൾക്ക് പുനഃപരീക്ഷയ്ക്ക് ആത്മവിശ്വാസം വർധിക്കുവാനിടയുണ്ട്. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കർമമണ്ഡലങ്ങളിൽ എല്ലാം അനുകൂലമായ വിജയം കൈവരിക്കും. 

മൂലം

വിപരീത സാഹചര്യങ്ങളെ അതിജീവിച്ച് അനുകൂലമായ വിജയം കൈവരിക്കുവാനുള്ള യോഗം കാണാനുണ്ട്. വന്നു ചേരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ അഹോരാത്രം പ്രയത്നം േവണ്ടിവരും. സാഹചര്യങ്ങൾക്കനുസരിച്ച് ക്ഷമ, വിനയം, ആദരവ്, കാര്യനിർവഹണശക്തി എന്നിവ കൃത്യതയോടുകൂടി മനസ്സിൽ ധരിച്ചു കൊണ്ട് ചെയ്യുന്ന കർമമണ്ഡലങ്ങളിലും കുടുംബബന്ധങ്ങളിലും എല്ലാം തന്നെ സൽകീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകുവാനുള്ള യോഗം കാണാനുണ്ട്. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ രമ്യതയോടു കൂടി പരിഹരിക്കുവാനുള്ള സാഹചര്യം ഉണ്ടായിത്തീരും.  

പൂരാടം

പുതിയ ഭരണസംവിധാനം ഏറ്റെടുത്ത് അവലംബിക്കുന്നത് ദീർഘവീക്ഷണത്തോടു കൂടിയായതിനാൽ വിജയം കൈവരിക്കുവാനിടയുണ്ട്. ശുഭാപ്തിവിശ്വാസത്തോടു കൂടി പുതിയ പ്രവർത്തനമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കുവാനുള്ള സാഹചര്യം ഉണ്ടായിത്തീരും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ അവസരം വന്നു ചേരും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടയുണ്ട്. കാർഷിക മേഖലയിൽ ആദായം വർധിക്കും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ ഭീമമായ നഷ്ടത്തിൽ നിന്നും രക്ഷപ്പെടുവാനുള്ള സാധ്യത കാണുന്നു. 

ഉത്രാടം

വിദേശത്ത് ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിനാൽ ധനകാര്യസ്ഥാപനത്തെ ആശ്രയിക്കേണ്ടതായി വരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ലാഭശതമാനവ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ അവസരം വന്നു ചേരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഔദ്യോഗികമായ ചർച്ചകളും യാത്രകളും ഫലപ്രദമാകുവാനിടയുണ്ട്. ഏറ്റെടുത്ത പ്രവൃത്തികള്‍ പൂർണതയിലെത്തിക്കുവാൻ സാധിക്കും. 

തിരുവോണം

ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഏറ്റെടുക്കുന്ന കർമപദ്ധതികളിൽ അനുകൂലമായ വിജയം കൈവരിക്കും. മംഗളകർമങ്ങളിൽ സജീവസാന്നിദ്ധ്യം േവണ്ടി വരും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടവരും. കാർഷികമേഖലയിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നത് ഗുണകരമായിത്തീരും. കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. 

അവിട്ടം

ഭൂമിക്രയവിക്രയങ്ങളിൽ പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടം ഉണ്ടാകും. കർമമണ്ഡലങ്ങളോട് ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടി വരും. ഉന്നതരുടെ ശുപാർശപ്രകാരം പുതിയ കർമമണ്ഡലങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതു വഴി ക്രമാനുഗതമായ പുരോഗതി കൈവരും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനും നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനും ഇടവരും. കൈകാര്യം ചെയ്യുന്ന മേഖലയിൽ ശ്രദ്ധക്കുറവുമൂലം പണ നഷ്ടത്തിന് സാധ്യതയുണ്ട്. 

ചതയം

പഠിച്ചവിഷയത്തോടനുബന്ധമായ വിഷയത്തിൽ ഉപരിപഠനത്തിന് ജന്മനാട്ടിൽ അവസരം ലഭിക്കുന്നതിനാൽ ആശ്വാസം തോന്നും. ക്രിയാത്മകമായ നടപടികളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ സൽകീർത്തിയും സജ്ജനപ്രീതിയും വന്നു ചേരും. അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. മക്കൾക്ക് തന്നെക്കാൾ ഉയർന്ന ഉദ്യോഗം ലഭിച്ചതിൽ ആശ്വാസവും സമാധാനവും ഉണ്ടാകും.  

പൂരുരുട്ടാതി

എല്ലാകാര്യങ്ങൾക്കും അഹോരാത്രം പ്രയത്നിക്കുന്നതു വഴി ദേഹക്ഷീണം വർധിക്കും. ഈവിധത്തിൽ ചില ജോലികൾ സഹപ്രവർത്തകരെ ഏല്പിക്കേണ്ട സാഹചര്യം ഉണ്ടാകും. പൊതുവെ പരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നത് ഈ മാസത്തിൽ ഒഴിവാക്കുന്നത് നന്നായിരിക്കും. വീഴ്ചകളുണ്ടാകാതിരിക്കാൻ സൂക്ഷിയ്ക്കണം. മക്കള്‍ പറയുന്ന കാര്യങ്ങൾ പരിഗണിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക ആവശ്യങ്ങൾക്കായി പൂർവികസ്വത്ത് വിൽക്കുവാനിടവരും. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ അശ്രാന്തപരിശ്രമം വേണ്ടിവരുവാനിടയുണ്ട്. 

ഉത്തൃട്ടാതി

വിദേശത്ത് ഉപരിപഠനത്തിന് അവസരം ലഭിക്കുമെങ്കിലും ആദ്യത്തെ കുറച്ചു കാലം ഗൃഹത്തിലിരുന്ന് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാകും. കുടുംബകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ വ്യാപാരത്തിലെ ചില മേഖലയിൽ നിഷ്കർഷ കുറയുവാനിടയുണ്ട്. മേലധികാരി അവധിയായതിനാൽ ജോലിഭാരം വർധിക്കുന്നതിനാൽ മിക്കദിവസങ്ങളിലും വൈകി മാത്രമേ വീട്ടിൽ എത്തിച്ചേരുവാനിടയുള്ളൂ. 

രേവതി

സങ്കീർണമായ വിഷയങ്ങളേയും ലാഘവത്തോടു കൂടി അഭിമുഖീകരിക്കുവാൻ സാധിക്കും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലമായ അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ സൽകീര്‍ത്തിയ്ക്ക് യോഗം കാണുന്നു. വ്യാപാര വിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതിക്കു യോഗം കാണുന്നുണ്ട്.

English Summary : Monthly Prediction in Makaram by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA