ADVERTISEMENT

 

അശ്വതി

 

വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. സൗന്ദര്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കും. ആധുനിക യന്ത്രോപകരണങ്ങളുടെ ലബ്ധിയുണ്ടാകും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്ന് അനുകൂലമായ നടപടിയുണ്ടാകും. വിദഗ്ധ ചികിത്സ, യോഗപരിശീലനം തുടങ്ങിയവയാൽ ആരോഗ്യം നില നിർത്താൻ കഴിയും. വിദ്യാർഥികൾക്ക് ഈ വർഷം പരീക്ഷാദികളിൽ സമുന്നത വിജയം കരസ്ഥമാക്കാൻ കഴിയും. അസൂയക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും ശല്യമുണ്ടാകും. ഗൃഹമോ വസ്തുവോ വാങ്ങിക്കാൻ ലക്ഷണമുണ്ട്. പ്രണയസാഫല്യം കൈവരും. വളരെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ അവരുടെ കാര്യസാധ്യങ്ങൾക്കായി അടുത്തു കൂടും. ആത്മീയകാര്യങ്ങളിൽ താൽപര്യം വർധിക്കും. 

 

ഭരണി

 

വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്ക് അനുകൂലമായ വർഷമാണ്. ഭാഗ്യക്കുറിയോ ചിട്ടിയോ വീണു കിട്ടിയേക്കാം. വിലപിടിപ്പുള്ള ആധാരങ്ങളിൽ ഒപ്പു വയ്ക്കും. കലാസാഹിത്യ പ്രവർത്തനം മൂലം ഗുണാനുഭവങ്ങളുണ്ടാകും. ഇഷ്ടജനസഹവാസം, വിദ്യാഭ്യാസമേഖലയിൽ നല്ലതുക സംഭാവന നൽകൽ, ഭോജനസൗഖ്യം, രാഷ്ട്രീയ കാര്യങ്ങളിൽ അലസത, തിരഞ്ഞെടുപ്പിൽ വിജയം. പ്രലോഭനങ്ങളുടെ വലയിൽ കുടുങ്ങി മാനവും ധനവും നഷ്ടപ്പെടൽ, നവീനഗൃഹാരംഭ പ്രവർത്തനം, കുടുംബത്തിലെ പ്രായമായ വ്യക്തികളുടെ വിയോഗം, ഉദ്യോഗക്കയറ്റം, ഇഷ്ടപ്പെട്ട സ്ഥനത്തേക്ക് സ്ഥലം മാറ്റം ലഭിക്കൽ, അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ, രാജബഹുമാനം, പുരസ്കാരലബ്ധി, ലഹരി പദാർഥങ്ങളിൽ അൽപം താൽപര്യം, ചിട്ടയില്ലാത്ത ദിനചര്യ, ഉന്നത വ്യക്തികളുമായി പരിചയപ്പെടാനവസരം ലഭിക്കൽ എന്നിവയ്ക്ക് ലക്ഷണമുണ്ട്. 

 

കാർത്തിക

 

കലാസാഹിത്യപ്രവർത്തനം മൂലം നേട്ടങ്ങൾ കൈവരിക്കും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാം. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ആശിച്ച വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ കഴിയും. സഹോദരസ്ഥാനീയരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സഹായമുണ്ടാകും. വിവാഹം കഴിഞ്ഞ് വളരെക്കാലമായിട്ടും സന്താനഭാഗ്യം ലഭിക്കാത്ത ദമ്പതികൾക്ക് ചികിത്സ വഴിയും വഴിപാടു മൂലവും സന്താനഭാഗ്യത്തിന് ലക്ഷണമുണ്ട്. ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും. സാഹസിക പ്രവൃത്തികളിൽ നിന്നു വിട്ടു നിൽക്കണം. ഔഷധങ്ങൾക്കും വഴിപാടുകൾക്കുമായി നല്ല തുക ചെലവഴിക്കും. ഗുരുജനപ്രീതി, പന്തുകളിയിൽ അമിത താൽപര്യം, രഹസ്യപ്രവർത്തനം, വിമർശനങ്ങൾക്ക് പാത്രമാകൽ, ഇഷ്ടപ്പെട്ട വിനോദകേന്ദ്രങ്ങൾ സന്ദർശിക്കൽ എന്നിവ അനുഭവപ്പെടുന്നതാണ്. 

 

 

രോഹിണി

 

ഗൃഹം മോടിപിടിപ്പിക്കുന്നതിനായി വൻതുക ചെലവഴിക്കും. ദേവാലയ കാര്യങ്ങൾക്കായി സംഭാവന നൽകും. അപവാദങ്ങൾ നേരിടേണ്ടതായി വരും. ഒന്നൊഴിയുമ്പോൾ അടുത്തത് എന്ന മട്ടിൽ പുതിയ പ്രശ്നങ്ങൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. സന്താനങ്ങളുടെ അഭ്യുന്നതിക്ക് വേണ്ടി അശ്രാന്തപരിശ്രമം നടത്തും. വാഹനം മാറ്റി വാങ്ങും. പങ്കാളിയുമായി പിണങ്ങാൻ സാധ്യതയുണ്ട്. തർക്കവാസന കൂടും. വിദ്യാർഥികൾ പഠനേതര വിഷയങ്ങളിൽ നല്ല പ്രകടനം കാഴ്ചവച്ച് സമ്മാനങ്ങൾ നേടും. സമ്മർദങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടി വരും. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം ലഭിക്കും. അഭിനയത്തിൽ കഴിവ് പ്രദർശിപ്പിക്കാനുള്ള സാഹചര്യം വന്നു ചേരും. പ്രണയം മനസ്സിൽ തന്നെ ഒതുക്കി വയ്ക്കും. ആശുപത്രിവാസവും രോഗമുക്തിയും ഉണ്ടാകും. യന്ത്രത്തകരാറുമൂലം ധനനഷ്ടമുണ്ടാകും. സുഹൃത്തുക്കൾ പോലും ശത്രുക്കളെ പോലെ പെരുമാറുന്ന സാഹചര്യം ഉണ്ടാകും. മേലധികാരികളിൽ നിന്ന് നീരസം സമ്പാദിക്കും. ചെലവു വർധിക്കുക വഴി വാക്ക് പാലിക്കാൻ പ്രയാസപ്പെടും. സഹായം നൽകിയവരിൽ നിന്നു പോലുമുണ്ടാകുന്ന വിപരീതാനുഭവങ്ങൾ മനഃക്ലേശത്തിനു വഴിയൊരുക്കും. 

 

മകയിരം

 

ജന്മദിനാഘോഷം വിപുലമായ രീതിയിൽ നടത്തും. സർക്കാരിൽ നിന്നു പലവിധത്തിലും ധനം ലഭിക്കും. വിദേശധനം ലഭിക്കാനും സാധ്യതയുണ്ട്. ആത്മാർഥ സുഹൃത്തുക്കളിൽ നിന്നും പോലും വിപരീത ഫലം പ്രതീക്ഷിക്കാം. ജാമ്യം നിൽക്കുക മൂലമോ സാക്ഷി പറയുക നിമിത്തമോ കുഴപ്പങ്ങളുണ്ടാകാം. അതിനാൽ അവയിൽ നിന്നു ബോധപൂർവം മാറി നിൽക്കേണ്ടതാണ്. ചില ബന്ധങ്ങൾ മൂലം മാനസികമായി പീഡിപ്പിക്കപ്പെടും. സ്ത്രീകൾക്ക് മുടികൊഴിച്ചിൽ, സന്ധിവേദന, ഗർഭാശയരോഗം, രക്തസ്രാവം, വിഷാദരോഗം, വിടാത്ത തലവേദന എന്നിവയ്ക്ക് ലക്ഷണമുണ്ട്. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടും. 

രാഷ്ട്രീയ കാര്യങ്ങളിൽ നേതൃത്വം വഹിക്കും. സംഘടനാ പ്രവർത്തനങ്ങൾക്കായി ഓടി നടക്കുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യും. വളരെക്കാലമായി നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും. സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. നല്ല ഉദ്ദേശത്തോെട ചെയ്യുന്ന കർമങ്ങൾക്ക് പോലും വളരെയധികം തടസ്സങ്ങളും എതിർപ്പും നേരിടേണ്ടി വരും. ആളുകളെ അന്ധമായി വിശ്വസിക്കുന്ന രീതി മൂലം അബദ്ധങ്ങൾ സംഭവിക്കാം. 

 

തിരുവാതിര

 

സന്താനസൗഭാഗ്യം, ശത്രുജയം, വളരെക്കാലമായി തീർപ്പു കൽപ്പിക്കാതെ കിടക്കുന്ന വ്യവഹാരങ്ങളിൽ അനുകൂലമായ വിധി ലഭിക്കൽ എന്നിവ ഈ വിഷുവർഷം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്ന് നികുതി സംബന്ധിച്ച് പ്രതികൂല നടപടി ഉണ്ടാകും. അഭിമാനക്ഷതം, മറവി മൂലം കുഴപ്പം, യാത്രാവേളകളിൽ വിലപിടിപ്പുള്ള സാമഗ്രികളുടെ നഷ്ടം, കള്ളക്കേസിൽ പ്രതിയാകൽ എന്നിവയ്ക്ക് ലക്ഷണമുണ്ട്. അതിവൈകാരികമായ അഭിപ്രായപ്രകടനങ്ങൾ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കും. ബന്ധുജനസഹായം ലഭിക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാനവസരം ലഭിക്കുന്നത് വഴി പ്രശ്നങ്ങൾക്ക് പരിഹാരം നേടാൻ കഴിയും. അനാവശ്യ യാത്ര, ദിനചര്യയിൽ കാര്യമായ വ്യതിയാനം, ബന്ധനം, ആശുപത്രിവാസം, നാവ്ദോഷം, ഉറ്റവരുടെ വിയോഗദുഃഖം എന്നിവയ്ക്ക് ലക്ഷണം കാണുന്നു. തൊഴിൽമാറ്റത്തെക്കുറിച്ചുള്ള ആലോചനകൾ നടക്കുമെങ്കിലും ആശയക്കുഴപ്പം മൂലം തീരുമാനമെടുക്കാതെ നീട്ടി വയ്ക്കും. മാനസിക സമ്മർദം കുറയ്ക്കാനായി വൈദ്യസഹായം തേടും. യോഗ, ധ്യാനമുറകൾ ഇവ പരിശീലിക്കും. വിേദശയാത്രയ്ക്ക് അവസരം ലഭിക്കും. കീഴ്ജീവനക്കാരിൽ നിന്ന് വഞ്ചനാപരമായ പ്രവർത്തനങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. താന്ത്രിക കാര്യങ്ങൾക്കായി ധനം ചെലവഴിക്കും. 

 

പുണർതം

 

സർക്കാരിൽ നിന്ന് അനുകൂലമായ നടപടി ഉണ്ടാകും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും. നവീന ഗൃഹാരംഭ പ്രവർത്തനത്തിനായി കൂടുതൽ തുക ചെലവഴിക്കും. കീഴ്ജീവനക്കാരുടെ സഹായസഹകരണത്താൽ നേട്ടമുണ്ടാകും. മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ശല്യമുണ്ടാകാൻ ലക്ഷണമുണ്ട്. ചർമരോഗങ്ങൾക്ക് ചികിത്സ തേടേണ്ട സാഹചര്യമുണ്ടാകും. അഗ്നിഭയം, പതനഭയം, കള്ളന്മാരിൽ നിന്ന് ശല്യം എന്നിവയ്ക്ക് ലക്ഷണമുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശ സന്ദർശനത്തിന് സാധ്യതയുണ്ട്. കലാരംഗത്ത് ശോഭിക്കും. അംഗീകാരങ്ങൾ സ്വന്തമാക്കും. സമൂഹത്തിലെ ഉന്നതരിൽ നിന്നു ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ലഹരിപദാർഥങ്ങളിൽ നിന്ന് ശാശ്വത മോചനം നേടും. ആരോഗ്യ സംരക്ഷണാർഥം ജീവിതശൈലിയിൽ മാറ്റം വരുത്തും. ധർമ ദൈവപ്രീതി, സൗന്ദര്യ സംരക്ഷണത്തിനായി പണം ചെലവഴിക്കൽ, വിശേഷ സ്ഥാന പ്രാപ്തി, തിരഞ്ഞെടുപ്പിൽ വിജയം, വിദ്യാലാഭം, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, മാധ്യമങ്ങളിൽ ശോഭിക്കൽ, ശത്രുശല്യം, അസൂയക്കാരുടെ ശല്യം, സ്വജനവിയോഗം, ഗർഭക്ലേശം എന്നിവയ്ക്ക് ലക്ഷണമുണ്ട്. 

 

പൂയം

 

വളരെ വർഷങ്ങളായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പ്രണയസാഫല്യമുണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരം ലഭിക്കും. ഊഹക്കച്ചവട മാർഗങ്ങളിലൂടെ അമിതലാഭം ലഭിക്കും. വ്യാപാരരംഗത്ത് പുരോഗതി നേടും. ഉദ്യോഗാർഥികൾക്ക് താൽക്കാലിക നിയമനം ലഭിക്കും. ഗുരുജനപ്രീതി, പാരിതോഷിക ലബ്ധി, ഉറച്ച പുതിയ സുഹൃദ്ബന്ധം, ഭക്ഷ്യവിഷബാധ, ശത്രുബാധ, പുതിയ വിദ്യാ പരിശീലനം, നിഗൂഢശാസ്ത്രപഠനം ഇവയ്ക്ക് ലക്ഷണം കാണുന്നു. മുൻകോപം വർധിക്കും. ആലോചിക്കാതെ ചെയ്ത പ്രവൃത്തികളുെട അനന്തരഫലത്തെക്കുറിച്ചോർത്ത് ദുഃഖിക്കും. പുണ്യ ദേവാലയ സന്ദർശനം, തീർഥാടനം, ഉല്ലാസയാത്ര, പ്രമാണങ്ങളിൽ ഒപ്പുവയ്ക്കൽ, കുടുംബത്തിൽ ഭാഗം വയ്പ്, നിക്ഷേപത്തുക വർധിപ്പിക്കാൻ കഴിയൽ, വാഹന ലബ്ധി ഇവ പ്രതീക്ഷിക്കാം. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കായി നല്ല തുക സംഭാവന നൽകും. മുടങ്ങിപ്പോയ ബിസിനസ് സംരംഭങ്ങൾ പുനരാരംഭിക്കാൻ അപ്രതീക്ഷിതമായി അവസരം ലഭിക്കും. ധനസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടാകും. വാത–നീർദോഷ പീഡകൾ അലട്ടും. അസ്ഥി സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടേണ്ടതായി വരും. പ്രതിസന്ധി ഘട്ടങ്ങളിൽ ജീവിതപങ്കാളിയുടെ വിവേകപൂർണമായി സമീപനം ആശ്വാസം പകരും. 

 

ആയില്യം

 

കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. ഉന്നത വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കാൻ കഴിയുകയും അതുമൂലം ഗുണാനുഭവം ഉണ്ടാകുകയും ചെയ്യും. സാഹസ പ്രവർത്തനങ്ങളിൽ മുഴുകും. കർമരംഗം സമ്പുഷ്ടമായിരിക്കും. വളരെക്കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്ത ശ്രവിക്കും. രാഷ്ട്രീയ സമ്മർദങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടി വരും. ത്വക്ക് രോഗങ്ങളും നേത്രോദര രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്. പ്രദർശനശാലകൾ സന്ദർശിക്കും. വാഹനം മാറ്റി വാങ്ങും. പ്രണയവാഗ്ദാനം പാലിക്കാൻ കഴിയാത്തത് കടുത്ത മനോവിഷമത്തിന് കാരണമാകും. പണം വാത് വച്ചുള്ള കളികളിൽ താൽപര്യം വർധിക്കും. കാർഷിക രംഗത്ത് നിന്ന് പ്രതികൂലാനുഭവം ഉണ്ടാകും. വളർത്തു മൃഗങ്ങൾ, പക്ഷികൾ വഴി നഷ്ടം സംഭവിക്കാൻ ഇടയുണ്ട്. അപകടസാധ്യതയുള്ള കാലമായതിനാൽ സാഹസിക പ്രവൃത്തികളിൽ നിന്ന് വിട്ടു നിൽക്കണം. ആശുപത്രിവാസം വേണ്ടി വരും. രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. 

 

മകം 

 

പലവിധ മേഖലകളിൽ ഒരേസമയം തിളങ്ങാൻ കഴിയും. പ്രശസ്തി വർധിക്കും. കലാരംഗത്തുള്ളവർക്ക് നേട്ടങ്ങളുടെ കാലമാണ്. അഭിനയമികവിലൂടെ പ്രശസ്തി നേടും. സർക്കാരിൽ നിന്ന് അനുകൂല നടപടി ഉണ്ടാകും. പിതാവിൽ നിന്ന് ധനസഹായം ലഭിക്കും. സ്ഥാനചലനം, വിയോഗദുഃഖം, പിതൃതർപണം, കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നത, ശത്രുശല്യം, കോടതി നടപടികളിൽ അനുകൂല വിധി, അവിഹിത മാർഗങ്ങളിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കൽ എന്നിവയ്ക്ക് ലക്ഷണം കാണുന്നു. 

മാനസിക സംഘർഷം വർധിക്കും. സന്താനങ്ങളെക്കുറിച്ചുള്ള ആധി വർധിക്കും. മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകും. അസ്ഥി സംബന്ധമായ അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ തേടും. ആത്മീയ വിഷയങ്ങളിൽ താൽപര്യം വർധിക്കും. വിശേഷ ദേവാലയ ദർശനത്തിന് അവസരം കൈവരും. ശയനസൗഖ്യം, ഭോജനസൗഖ്യം, നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറൽ, അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടൽ, പ്രമേഹം, രക്തസമ്മർദം പോലുള്ള രോഗങ്ങൾ മൂലം അസ്വസ്ഥതകൾ, അധ്വാനഭാരം വർധിക്കൽ ഇവയ്ക്ക് ലക്ഷണമുണ്ട്. 

 

പൂരം

 

പൂർവിക സ്വത്ത് പേരിൽ ലഭിക്കും. ഗുരുജനപ്രീതി, ഗ്രന്ഥരചന, മാധ്യമങ്ങളിൽ ശോഭിക്കൽ, പ്രണയസാഫല്യം, വിദേശയാത്രാനുമതി ലഭിക്കൽ എന്നിവയ്ക്ക് ലക്ഷണമുണ്ട്. നീർവീഴ്ച, വാതസംബന്ധമായ രോഗങ്ങള്‍ എന്നിവ അലട്ടും. പുതിയ തൊഴിലിൽ പ്രവേശിക്കും. കർമരംഗത്ത് പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും സ്ഥിരോത്സാഹം കൊണ്ട് നേട്ടമുണ്ടാകും. സ്ഥാനക്കയറ്റം, തൊഴിൽ മേഖലയിൽ നിന്ന് വരുമാന വർധന ഇവയ്ക്ക് യോഗമുണ്ട്. ആത്മീയകാര്യങ്ങളിൽ താൽപര്യം വർധിക്കും. താന്ത്രിക കർമങ്ങൾക്കായി ധനം ചെലവിടും. ആരോഗ്യസംരക്ഷണാർഥം ജീവിതശൈലിയിൽ മാറ്റം വരുത്തും. വിദ്യാഭ്യാസരംഗത്ത് കാര്യമായ പുരോഗതി കൈവരിക്കും. അന്യദേശവാസം, അനുഗൃഹ വാസം ഇവയ്ക്ക് യോഗം കാണുന്നു. അതിർത്തി തർക്കം, ഭൂമി ലാഭം, ശത്രുശല്യം, ഇഷ്ടജനവിയോഗം, ഗൂഡാലോചനക്കാരിൽ നിന്ന് ഉപദ്രവം, അപവാദശ്രവണം, ആദർശങ്ങൾക്ക് വേണ്ടി ത്യാഗം സഹിക്കൽ എന്നിവയ്ക്കും ലക്ഷണം കാണുന്നു. ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വരുമെങ്കിലും അന്തിമവിജയവും സമൂഹമധ്യത്തിൽ ആദരവും സ്വന്തമാകും. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ സുഹൃത് സഹായം ലഭിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാൻ അവസരം ലഭിക്കും. ദീർഘകാലമായി അലട്ടിയിരുന്ന ചർമരോഗപ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. 

 

ഉത്രം

 

ഏതു പ്രതിസന്ധിയേയും നേരിടാൻ കഴിയും. ആസൂത്രിതമായ സാമ്പത്തിക നിയന്ത്രണങ്ങൾ വഴി മൂലധന ലാഭമുണ്ടാക്കാൻ കഴിയും. സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ കഴിയും. കുടുംബാംഗങ്ങളുമൊത്ത് ഉല്ലാസയാത്ര, തീർഥാടനം, വിനോദകേന്ദ്ര സന്ദർശനം എന്നിവയ്ക്കു ലക്ഷണമുണ്ട്. ആരോഗ്യനില മെച്ചപ്പെടും. വിദ്യാർഥികളിൽ അലസത വർധിക്കും. പരീക്ഷകളിൽ വേണ്ടത്ര തിളങ്ങാൻ കഴിയാത്ത സ്ഥിതി ഉണ്ടാകാം. കാർഷികാവശ്യങ്ങൾക്ക് വായ്പയും ആനുകൂല്യങ്ങളും ലഭിക്കും. സുഗന്ധ ദ്രവ്യങ്ങൾക്കായും സൗന്ദര്യവർധക സാമഗ്രികൾക്കായും പുസ്തകങ്ങൾക്കായും ധനം ചെലവഴിക്കും. പുതിയ പ്രേമബന്ധം ഉടലെടുക്കും. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിദ്രാഭംഗം, ഭക്ഷ്യവിഷബാധ, തെറ്റിധാരണ മൂലം കലഹം, നാൽക്കാലി നാശം, അന്യഗൃഹവാസം, കള്ളക്കേസിൽ പ്രതിയാകേണ്ടി വരിക, പാരമ്പര്യ കാര്യങ്ങൾക്കായി ധനം ചെലവഴിക്കൽ, സഹപ്രവർത്തകരുടെ നിസ്സഹകരണം, വിദേശയാത്ര മാറ്റിവയ്ക്കേണ്ട വരിക വിദേശത്ത് തൊഴിൽ കുഴപ്പം, വിഷാദം, മൂത്രാശയരോഗം ഇവ ഫലമാക്കുന്നു. 

 

അത്തം

 

കൃഷിയിൽ നിന്ന് ലാഭമുണ്ടാകും. കർമരംഗത്ത് കൂടുതൽ ചുമതല ഏറ്റെടുക്കേണ്ടി വരും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യം കിട്ടും. ഭൂമിയോ വസ്തുവോ വാഹനമോ വാങ്ങാൻ കഴിയും. ഉദ്ദിഷ്ട സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിക്കും. അപേക്ഷ കൊടുത്ത് കാത്തിരുന്നാലും പ്രതീക്ഷിച്ച ഫലം കിട്ടാൻ കാലതാമസം നേരിടും. വ്യാപാരവിതരണ രംഗത്ത് നഷ്ടസാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധയോടെ വേണം പുതിയ പദ്ധതികള്‍ തയാറാക്കാൻ. ആധുനിക ഗൃഹോപകരണങ്ങൾക്കായി നല്ല സംഖ്യ ചെലവഴിക്കും. തൊഴില്‍ രംഗത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുനർവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് ആ ആഗ്രഹം സഫലീകരിക്കും. വരുമാനം വർധിപ്പിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുക വഴി മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റും. വിദ്യാരംഗം മെച്ചപ്പെടും. അനാവശ്യമായ വാശി മൂലം ദോഷവും നാശവും സംഭവിക്കാനിടയുണ്ട്. ബന്ധുജനവിയോഗം, അതിഥി സൽക്കാരം, കായിക വിനോദങ്ങളിൽ അമിത താൽപര്യം, വിേശഷവസ്ത്ര രത്നാഭരണ ലബ്ധി, ദേഹക്ഷതം, സ്ത്രീകളിൽ രക്തസ്രാവം, ഗർഭാലസ്യം എന്നിവയ്ക്ക് ലക്ഷണമുണ്ട്. 

 

ചിത്തിര

 

ആത്മാർഥമായി വിശ്വസിച്ചവരിൽ നിന്ന് അപ്രതീക്ഷിത നടപടിയുണ്ടാകാം. വഞ്ചനയിലകപ്പെടാനിടയുണ്ട്. രാത്രിയാത്ര കഴിവതും ഒഴിവാക്കണം. ആലോചനയും പരിശോധനയും നടത്താതെ രേഖകൾ കൈകാര്യം െചയ്യരുത്. നിർബന്ധത്തിനു വഴങ്ങി രേഖകളിൽ ഒപ്പുവയ്ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാം. വരുമാനം വർധിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. അന്നദാനത്തിനായി ഉദാരമായി സംഭാവന കൊടുക്കും. വ്യവഹാരത്തിൽ അന്തിമ വിധി ലഭിക്കും. ഊഹക്കച്ചവടത്തിൽ നല്ല ലാഭം പ്രതീക്ഷിക്കാം. അഭിനയ രംഗത്ത് ശോഭിക്കും. പൊതുസദസുകളിൽ വച്ച് പ്രകീർത്തിക്കപ്പെടും. അനുകൂലമല്ലാത്തൊരു സ്ഥലംമാറ്റം ലഭിക്കും. അഭിമാനം സംരക്ഷിക്കാനായി പല അടവുകളും പ്രയോഗിക്കേണ്ടി വരും. വാക്ക് പാലിക്കാൻ കഴിയാതെ വിഷമിക്കും. പ്രണയം വിവാഹത്തിലേത്തിച്ചേരും. ഉന്നത വ്യക്തികളുടെ അംഗീകാരം ലഭിക്കും. വാദ്യകലകളിൽ പ്രാവീണ്യം നേടാൻ പരിശീലനത്തിനു സാധ്യതയുണ്ട്. ഭാഷാപരമായ നേട്ടങ്ങൾ കൈവരിക്കും. അന്യരുടെ ഉന്നമനത്തിനായി അശ്രാന്തപരിശ്രമം ചെയ്യും. കാര്യനിർവഹണ സമിതികളിൽ സജീവമായി പങ്കെടുക്കും. അന്യരുടെ കള്ള സൂത്രം കണ്ടു പിടിക്കും.  

 

ചോതി

 

വിദേശപര്യടനത്തിന് ഏറ്റവും നല്ല വർഷമാണ്. തൊഴിൽ പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നടത്തും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വളരെക്കാലമായി കൊണ്ടു നടന്നിരുന്ന ചില പ്രത്യേക രോഗങ്ങളിൽ നിന്ന് പരിപൂർണ മുക്തി ലഭിക്കും. വിചാരിച്ച കാര്യങ്ങൾ പലതും നിറവേറ്റാൻ കഴിയും. വിദ്യാഭ്യാസാവശ്യങ്ങൾ നേടിയെടുക്കാനായി ഭഗീരഥപ്രയത്നം നടത്തും. ആരോപണങ്ങൾക്ക് വിധേയരാകും. ചിരകാല സുഹൃത്തുക്കളുമായി പോലും കലഹത്തിന് ഒരുമ്പെടും. മനഃസമാധാനം കുറയും. ആദ്ധ്യാത്മക കാര്യങ്ങളിൽ താൽപര്യം വർധിക്കും. സാമ്പത്തിക പരാധീനത അനുഭവപ്പെടും. സംഘടനാപ്രവർത്തനങ്ങൾ്ക്കായി വിശ്രമയ സമയം നീക്കിവെക്കും. പുതിയ കൂട്ടുകെട്ടുമൂലം ദുഃശീലങ്ങൾക്ക് വിധേയരാകും. 

എഴുത്തുകുത്തുകളിൽ നിന്ന് നല്ല പ്രതിഫലം ലഭിക്കും. അഭിമാനക്ഷതത്തിനും പ്രയത്നക്കുറവിനും സൗന്ദര്യപ്പിണക്കങ്ങൾക്കും സാധ്യതയുണ്ട്. പാഠ്യേതര വിഷയങ്ങളിൽ അമിത താൽപര്യം, രഹസ്യപ്രവർത്തനം, ബഹുമതി ലഭിക്കൽ, വിവാഹകാര്യങ്ങളിൽ ഉചിതമായ തീരുമാനം എന്നിവയ്ക്ക് ലക്ഷണമുണ്ട്.  

 

വിശാഖം

 

ഹോട്ടൽ ബിസിനസ് രംഗത്തുള്ളവർക്കും ഭക്ഷ്യോൽപ്പന്ന വിതരണ മേഖലയിൽ ഉള്ളവർക്കും വലിയ ലാഭം പ്രതീക്ഷിക്കാം. വിദ്യാഭ്യാസം പുരോഗതി ഉണ്ടാകും. പുതിയ ധനാഗമ സ്രോതസുകള്‍ തെളിയും. കടബാധ്യതകളിൽ നിന്ന് മോചനം സാധ്യമാകും. സമാധാനപരമായ കുടുംബജീവിതം നയിക്കും. സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കും. കലാകായിക മത്സരങ്ങളിൽ വിജയം, പുതിയ വിദ്യ പഠിക്കൽ, യോഗപരിശീലനം, സുഖ ചികിത്സ, പ്രണയസാഫല്യം, ചിരകാലാഭിലാഷം പൂവണിയൽ, അധികാരപ്രാപ്തി, രാഷ്ട്രീയ കാര്യങ്ങളിൽ നേതൃത്വം വഹിക്കൽ, ഔഷധങ്ങൾക്കും വഴിപാടുകൾക്കുമായി ധനം ചെലവഴിക്കൽ, ഭാഗ്യക്കുറിയോ ചിട്ടിയോ വീണു കിട്ടൽ ഇവയ്ക്ക് ലക്ഷണം കാണുന്നു. ആധ്യാത്മിക കാര്യങ്ങൾക്കായി നല്ല തുക ചെലവിടും. വിവാഹകാര്യങ്ങളിൽ തീരുമാനമാകും. സഞ്ചാരക്ലേശം, തൊഴിൽ പുരോഗതി, ഗൃഹനിർമാണ പ്രവർത്തനങ്ങളിൽ പുരോഗതി, കരാർ ജോലിയിൽ നിന്ന് ലാഭം, വിശിഷ്ട ദേവാലയ ദർശനം, കൂട്ടായ്മ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ ഇവയ്ക്ക് ലക്ഷണം കാണുന്നു. 

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ജീവിതശൈലിയിൽ മാറ്റം വരുത്തും. കാർഷിക മേഖലയിൽ നിന്ന് നേട്ടമുണ്ടാകും. 

 

അനിഴം

 

വസ്തു, വാഹനങ്ങൾ‍, നവീന ഗൃഹം എന്നിവയുടെ ലബ്ധി, പ്രശംസ ലഭിക്കൽ, വിദ്യാഭ്യാസത്തിൽ സമുന്നത വിജയം, ദാമ്പത്യ സൗഖ്യം, പുതിയ വിഷയങ്ങളിൽ അഭിരുചി, വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കൽ, വിദേശ വിനിമയകാര്യങ്ങളിൽ ലാഭം എന്നിവയ്ക്ക് ലക്ഷണം കാണുന്നു. രോഗശാന്തി, താന്ത്രിക കാര്യങ്ങൾക്കായി ധനം ചെലവഴിക്കൽ, കർമരംഗങ്ങളിൽ പടിപടിയായി ഉയർച്ച, വിദേശ രാഷ്ട്രങ്ങൾ സന്ദർശിക്കൽ, സ്ഥാനമാറ്റം, അധികാരാഭിവൃദ്ധി, പുതിയ കൂട്ടുകെട്ടുകൾ മൂലം ദോഷം, ദുശീലങ്ങൾക്ക് വശംവദരാകൽ, ആത്മീയ കാര്യങ്ങളിൽ താൽപര്യക്കുറവ് എന്നിവ പ്രതീക്ഷിക്കാം. ബന്ധുഗുണം, ഗുരുജനപ്രീതി, ഇഷ്ടപ്പെട്ട ഇടത്തേക്ക് സ്ഥലംമാറ്റം, വളരെക്കാലമായി കെട്ടുപിണഞ്ഞു കിടക്കുന്ന കാര്യങ്ങളിൽ അവസാന തീരുമാനമുണ്ടാക്കാൻ കഴിയൽ, വിദേശനിർമിത കൗതുകവസ്തുക്കളുടെ ലബ്ധി, തൊഴിലിന്റെ ഭാഗമായി പുതിയ പഠന പരിശീലനം എന്നിവ ഫലമാകുന്നു. അവസരത്തിനൊത്ത് പെരുമാറാനുള്ള കഴിവു മൂലം പ്രതിസന്ധികളിൽ നിന്ന് കരകയറും. 

 

തൃക്കേട്ട

 

പ്രതിസന്ധികൾ ധാരാളമുണ്ടാകുമെങ്കിലും ദൈവാനുകൂല്യത്താൽ അവയെ അതിജീവിക്കാൻ കഴിയും. സന്താനസൗഖ്യം, മൃഷ്ടാന്നഭോജനം, വസ്ത്രാലങ്കാര ലബ്ധി, സർക്കാരിൽ നിന്ന് അനുകൂലമായ നടപടി, ലഹരിപദാർഥങ്ങളിൽ അമിത താൽപര്യം, ഇഷ്ടജനസഹവാസം, വിവാഹസിദ്ധി, ദാമ്പത്യ സുഖം, വിശിഷ്ട വ്യക്തികളുമായുള്ള സമ്പർക്കം എന്നിവയ്ക്ക് ലക്ഷണം കാണുന്നു. പൂർവിക സ്വത്ത് പേരിൽ ലഭിക്കും. പുരസ്കാര ലബ്ധി, വിലപിടിപ്പുള്ള സാമഗ്രികൾ യാത്രാ മധ്യേ നഷ്ടപ്പെടൽ, ഗുരുജനങ്ങളിൽ നിന്നു വാത്സല്യം ലഭിക്കൽ, അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ, വ്യവസായ പുരോഗതി, സുപ്രധാന ചടങ്ങുകൾക്ക് നേതൃത്വം നൽകൽ, അധികാരം മൂലം അഹങ്കാരം വർധിക്കൽ, ശത്രു ശല്യം, പകർച്ചവ്യാധി പിടിപെടൽ എന്നിവയ്ക്ക് ലക്ഷണമുണ്ട്. ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകാനുള്ള അവസരം ലഭിക്കും. വിവാഹം കഴിഞ്ഞ് വളരെക്കാലമായി സന്താനഭാഗ്യം ഇല്ലാതിരിക്കുന്ന ദമ്പതികൾക്ക് സന്താനസൗഭാഗ്യം ലഭിക്കും. 

നവീന ഗൃഹത്തിനായുള്ള പ്രരംഭപ്രവർത്തനങ്ങൾ നടത്തും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. 

 

മൂലം

 

കാർഷിക മേഖലയിൽ നിന്ന് പുരോഗതി പ്രതീക്ഷിക്കാം. ഉപരിപഠന കാര്യങ്ങൾക്കായി അധിക തുക ചെലവാക്കേണ്ട സാഹചര്യം ഉണ്ടാകും. ദമ്പതികൾക്കിടയിൽ അസ്വാരസ്യം, തർക്കങ്ങൾക്ക് മധ്യസ്ഥം വഹിക്കൽ, അതിർത്തിതർക്കം, അഭിമാനക്ഷതം സംഭവിക്കൽ ഇവയ്ക്ക് ലക്ഷണമുണ്ട്. ഈ വർഷം മുഴുവൻ പരാജയഭീതി മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് കടം വാങ്ങേണ്ടി വരും. കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിദേശത്തെ സ്ഥിരതാമസത്തിനുള്ള അപേക്ഷ നിരസിക്കപ്പെടൽ, തൊഴിൽ നഷ്ടം ഇവ വർഷഫലത്തിൽ ഉൾപ്പെടുന്നു. പരീക്ഷകളിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാതിരിക്കുക, നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടൽ എന്നിവയ്ക്ക് യോഗം കാണുന്നു. കലാസാഹിത്യ മേഖലകളിലുള്ളവർക്ക് സാന്നിധ്യം പ്രകടമായി അറിയിക്കാനുള്ള അവസരം ലഭിക്കും. രാഷ്ട്രീയപ്രവർത്തകർക്ക് നേട്ടമുണ്ടാകും. ജാമ്യം നിൽക്കേണ്ട സാഹചര്യമുണ്ടാകും. ബന്ധുജനങ്ങളോടൊത്തു കഴിയാനുള്ള അവസരം ലഭിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. സന്താനഭാഗ്യത്തിന് ലക്ഷണം കാണുന്നു. 

 

പൂരാടം

 

വളരെക്കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം സാധിക്കും. വിദേശയാത്രകൾക്ക് അവസരമുണ്ടാകും. സ്ഥാനമാറ്റവും ആഗ്രഹിച്ച രീതിയിലുള്ള സ്ഥലംമാറ്റവും ഉണ്ടാകും. തൊഴിൽമേഖലയിൽ പുരോഗതി ഉണ്ടാകും. ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സാഹചര്യം വരാം. യോഗയും വ്യായാമമുറകളും പരിശീലിക്കും. ഇടപാടുകളിൽ നിന്ന് പ്രതീക്ഷിച്ചതിലധികം ലാഭം കൈവരാം. 

പുതിയ ബിസിനസ് സംരംഭത്തിന് തുടക്കമിടും. ജീവിതമൂല്യങ്ങളിൽ നിന്ന് വഴിമാറി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിലും ധർമബോധം കൈവിടാതെ ജീവിക്കും. സന്താനങ്ങളുടെ ഉപരിപഠന ആവശ്യങ്ങൾക്കായി ഏറെ മനഃക്ലേശം അനുഭവിക്കേണ്ടി വരും. പണച്ചെലവ് വർധിക്കും. 

ജീവിതപങ്കാളിയുടെ കുടുംബവും ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. വിയോഗദുഃഖം അതിജീവിക്കേണ്ട അവസ്ഥ നേരിടേണ്ടതായി വരും. സാഹസിക പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണം. ജലം, അഗ്നി, വാതകം എന്നിവ മൂലവും മൃഗങ്ങൾ മൂലവും കുഴപ്പങ്ങൾക്ക് സാധ്യതയുണ്ട്. അത് മനസ്സിലാക്കി ജാഗ്രത പാലിക്കുക. 

 

ഉത്രാടം

 

നറുക്കെടുപ്പുകളിലും സമ്മാനപദ്ധതികളിലും വിജയിക്കും. തൊഴിൽമേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കും. അതിലൂടെ അധിക ധനം കൈവരും. ഈ വർഷം കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. 

മുടങ്ങിപ്പോയ നിർമാണപദ്ധതികൾ പുനരാരംഭിക്കാൻ അവസരം കിട്ടും. അപവാദങ്ങൾ കേൾക്കാനിടയാകും. ഇത് മനസ്സിനെ വല്ലാതെ അലട്ടും. അന്ധവിശ്വാസങ്ങൾക്ക് കീഴ്പെട്ട് ധനവും മാനം നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും. പ്രായമായവരുടെ ക്ഷേമത്തിൽ പ്രത്യേക ശ്രദ്ധ നൽകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കും. 

സംഗീതം, യോഗ, മാന്ത്രികം, കളരി ഇവ പരിശീലിപ്പിക്കാനും പഠിക്കാനും യോഗമുണ്ട്. പുതിയ കൂട്ടുകെട്ട് മൂലം നേട്ടമുണ്ടാകും. അസൂയക്കാരുടെ ഉപജാപങ്ങൾ വഴി മനഃക്ലേശമുണ്ടാകും. അടുത്ത് പരിചയമുള്ളവരെങ്കിൽ കൂടി ആളുകളെ അന്ധമായി വിശ്വസിക്കുന്ന രീതി ഒഴിവാക്കാൻ ശ്രമിക്കുക. ഇങ്ങനെ കണ്ണടച്ച് മറ്റുള്ളവരെ വിശ്വസിക്കുന്ന സ്വഭാവം മൂലം നഷ്ടമുണ്ടാകാൻ ലക്ഷണം കാണുന്നു. 

കള്ളന്മാരിൽ നിന്നു ഉപദ്രവം, വീഴ്ച, അഗ്നിഭയം, പകർച്ചവ്യാധി എന്നിവയാൽ കഷ്ടപ്പാടുകൾ ഉണ്ടാകും. നിരപരാധിത്വം തെളിയിക്കാൻ വേണ്ടി ഏറെ പണിപ്പെടേണ്ട സ്ഥിതി ഉണ്ടാകും. 

 

 

തിരുവോണം

 

പൊതുവേ ഏറെ ഗുണഫലങ്ങൾ തരുന്ന വിഷുവർഷമാണിത്. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ മാറും. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും. അക്കാദമിക് മികവിന് അംഗീകാരം ലഭിക്കും. ഗ്രന്ഥരചനയിലേർപ്പെടും. പ്രണയസാഫല്യം, പുരസ്കാരനേട്ടം, ദാമ്പത്യസൗഖ്യം, സന്താനങ്ങൾക്ക് നേട്ടം, ആത്മീയകാര്യങ്ങളിൽ താൽപര്യം വർധിക്കൽ, സാഹസിക പ്രവൃത്തികളിലേർപ്പെടൽ, കുടുംബവുമൊത്ത് പുണ്യദേവാലയ ദർശനം, രോഗവിമുക്തി, സന്താനഭാഗ്യം ഇവയ്ക്ക് ലക്ഷണമുണ്ട്. സിനിമ മേഖലയിൽ നിന്ന് അപ്രതീക്ഷിത അവസരം ലഭിക്കും. ഇടപാടുകളിൽ നിന്ന് അമിതലാഭം പ്രതീക്ഷിക്കാം. ചെവിക്കും കണ്ണിനും അസുഖങ്ങൾ വരാം. ആധുനിക യന്ത്രസാമഗ്രികൾ കൈവരും. കേസുകളിൽ വിജയം നേടും. വീഴ്ച, അസ്ഥിഭ്രംശം ഇവയ്ക്ക് ലക്ഷണമുണ്ട്. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കൽ, വീട് മോടിപിടിപ്പിക്കൽ ഇവയ്ക്ക് യോഗമുണ്ട്. ഊഹകച്ചവടത്തിൽ താൽപര്യം വർധിക്കും. കീഴ്ജീവനക്കാരുടെ നിസ്സഹകരണം തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾക്ക് കാരണമാകും. ജോലിമാറ്റത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ ശക്തമാകും. നയപരമല്ലാത്ത സംഭാഷണശൈലി മൂലം കുഴപ്പങ്ങളുണ്ടാകാം. പ്രതിസന്ധികളെ അതിജീവിക്കാൻ ജീവിതപങ്കാളിയുടെ ഉപദേശ നിർദേശങ്ങൾ സഹായകരമാകും. 

 

അവിട്ടം

 

നയപരമായ സംഭാഷണത്തിലൂടെ സാമ്പത്തിക നേട്ടം കൈവരും. പല വഴിക്ക് ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ അവസരം കിട്ടും. സ്വന്തം നിലയിൽ ബിസിനസ് ആരംഭിക്കാനുള്ള അവസരം ലഭിക്കും. വർഷങ്ങൾക്കു മുൻപ് കടം കൊടുത്ത സംഖ്യ പലിശ സഹിതം തിരികെ ലഭിക്കും. 

വിമർശനങ്ങളെ ബുദ്ധിപരമായി നേരിടും. കലാസാഹിത്യരംഗത്തുള്ളവർക്ക് അംഗീകാരം പ്രതീക്ഷിക്കാം. ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകാം. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. 

രാഷ്ട്രീയ പ്രവർത്തകർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും മികച്ച വിജയം സ്വന്തമാകും. നേത്ര ശസ്ത്രക്രിയ വേണ്ടി വരാം. മാതാപിതാക്കളുടെ അനാരോഗ്യം മാനസികക്ലേശത്തിനു വഴിയൊരുക്കും. മൂത്രാശയ രോഗം അലട്ടും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ഭൂമി വിൽപന സാധ്യമാകും. അത് വഴി സാമ്പത്തികനേട്ടം ഉണ്ടാകും. വിദേശീയ ധനം ലഭിക്കൽ, പുസ്തക രചന, പ്രതീക്ഷിച്ച ജോലി മാറ്റം ലഭിക്കൽ എന്നിവയ്ക്ക് ലക്ഷണമുണ്ട്. ആത്മീയകാര്യങ്ങളിലും വ്രതാനുഷ്ഠാനങ്ങളിലും താൽപര്യം വർധിക്കും. 

 

ചതയം

 

നാളുകളായി മുടങ്ങിക്കിടന്നിരുന്ന വീട് പണി പൂർത്തിയാക്കാൻ കഴിയും. വാഹന ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തേണ്ട കാലമാണ്. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കും. കർമമേഖലയിൽ ഈശ്വരാനുകൂല്യം തുണയ്ക്കും. സന്നദ്ധസേവനപ്രവൃത്തികൾക്ക് ഉദാരമായി സംഭാവന നൽകും. കലാപ്രവർത്തനങ്ങളിൽ താൽപര്യം വർധിക്കും. കീഴ്ജീവനക്കാരിൽ നിന്ന് എതിർപ്പ് നേരിടേണ്ടതായി വരും. വളർത്തു മൃഗങ്ങളെ വാങ്ങും. അക്കാദമിക് രംഗത്ത് നിന്ന് നേട്ടമുണ്ടാകും. വ്യാപാര വിതരണ രംഗത്ത് പ്രവർത്ത‌ിക്കുന്നവർക്ക് ഈ വിഷ‌ുവർഷം നേട്ടങ്ങൾ പ്രതീക്ഷിക്കാം. അനാരോഗ്യം മൂലമുള്ള പ്രയാസങ്ങൾ വർധിക്കും ഭക്ഷണക്രമീകരണത്തിലെ പാകപ്പിഴകൾ മൂലം ആശുപത്രിവാസം വേണ്ടിവരും. വഞ്ചനയ്ക്ക് ഇരയാകാൻ ലക്ഷണമുണ്ട്. കുടുംബത്തിൽ പതിവുള്ള പ്രാർത്ഥനയും നാമജപവും മുടക്കരുത്. കലാകായികമൽസരങ്ങളിൽ വിജയമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ ധനാഗമ മാർഗങ്ങൾ തെളിഞ്ഞു വരും. കടബാധ്യതകൾ ഒരു പരിധിവരെ  ഒഴിവാക്കാനുള്ള അവസരം വന്നുചേരും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടമുണ്ടാകാൻ സാധ്യതയേറെയാണ്. 

 

പൂരുരുട്ടാതി

 

ദൈവാനുകൂല്യം, സാമ്പത്തിക സ്ഥിരത എന്നിവ പ്രതീക്ഷിക്കാം. കുറേക്കാലമായി മാർഗതടസ്സം സൃഷ്ടിച്ചിരുന്ന പല പ്രശ്നങ്ങളെയും ഈ വർഷം എളുപ്പത്തിൽ മറികടക്കാൻ കഴിയും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. കലാകാരന്മാർ, അഭിഭാഷകർ, അധ്യാപകർ എന്നിവർക്ക് അനുകൂ‌ല കാലമാണ്. കോടതി നടപടികളിൽ അനുകൂല കാലമാണ്. കോടതി നടപടികളിൽ അനുകൂലവിധി പ്രതീക്ഷിക്കാം. ഉറ്റവരും സുഹൃത്തുക്കളും പോലും പിണങ്ങി മാറി നിൽക്കുന്ന സ്ഥിതി ഉണ്ടാകാം. ഭൂമി വിൽപനയിൽ നിന്ന് പ്രതീക്ഷിച്ചതിലുമധികം നേട്ടമുണ്ടാകും. വഞ്ചിക്കപ്പെടാനുള്ള സാഹചര്യത്തിൽ നിന്ന് തന്ത്രത്തിൽ രക്ഷപ്പെടും. കയ്യിൽ ആവശ്യത്തിന് ധനമുണ്ടായിട്ടും പട്ടിണി കിടക്കേണ്ട അവസ്ഥ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട കാലാമാണ്. തൊഴിൽ രംഗത്ത് അരക്ഷിതാവസ്ഥ ഉണ്ടാകും. പ്രതിസന്ധികളെ അതിജീവിക്കാൻ സുഹൃത്തുകളുടെ പിന്തുണ ലഭിക്കും. നിലവിലുള്ളതിനു പുറമേ പുതിയ ധനാഗമ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമം വിജയത്തിലേക്കു നീങ്ങും. വിദേശധനസഹായം ലഭിക്കും. 

 

 

ഉത്രട്ടാതി

 

സാമ്പത്തികമായി ഏറെ നേട്ടം പ്രതീക്ഷിക്കാവുന്ന വിഷു വർഷമാണിത്. കൃത്യനിഷ്ഠ പാലിക്കുക വഴി പ്രശംസയ്ക്കും ആദരവിനും പാത്രമാകും. കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതി ലഭിക്കും. സുഹൃത്തുക്കളുമായി ചേർന്ന് ചില സംഘടനകൾക്ക് രൂപം കൊടുക്കാൻ കഴിയും.‌‌ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടതായി വരും. അന്യരുടെ കള്ളത്തരങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കും. ഇത് മൂലം ഉന്നത വ്യക്തികളിൽ നിന്ന് അഭിനന്ദനം ലഭിക്കും. സാഹിത്യപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ആശുപത്രിവാസം വേണ്ടിവരും. ശത്രുശല്യം വർധിക്കും. പ്രവർത്തനങ്ങളുടെ പേരിൽ നിശിതമായ വിമർശനങ്ങൾ നേരിടും. പക്ഷേ, വിമർശനങ്ങളിൽ കഴമ്പില്ലെന്ന് വാദിച്ച് ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കും. സന്താനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. കീഴ്ജീവനക്കാരുട‌െ സഹകരണത്താൽ തൊഴിൽമേഖലയിൽ അഭിവൃദ്ധി നേടും. വിദേശയാത്രയ്ക്ക് അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകും. കടുത്ത പ്രതിസന്ധികളെ ദൈവാനുകൂല്യത്താൽ അതിജീവിക്കും.

 

 

രേവതി 

 

ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ പൂർണമായും അകലും. കുടുംബസമാധാനം വർധിക്കും. നിലവിലുള്ളത് വിൽപന ചെയ്ത് വിലപിടിപ്പുള്ള വാഹനം സ്വന്തമാക്കും. ജോലിഭാരം വർധിക്കും. മാധ്യമങ്ങളിൽ ശോഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാം. അഭിനയം, ചിത്രകല എന്നീ മേഖലകളിലുള്ളവർക്ക് അംഗീകാരങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിലെ മുതിർന്നവരുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ ഒരുപരിധി വരെ പരിഹരിക്കും. സർക്കാർ നടപടിക്കെതിരേ കോടതിയെ സമീപിക്കും.  സംഗീത, സാഹിത്യ സദസ്സുകളിൽ തിളങ്ങാൻ കഴിയും.  ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. പർവതാരോഹണം, ജലയാത്ര, സമുദ്രസ്നാനം, തീർഥാടനം ഇവയ്ക്ക് ലക്ഷണമുണ്ട്. യന്ത്രത്തകാർ മൂലം ധനനഷ്ടം‌, കള്ളന്മാരിൽ നിന്ന് ശല്യം ഇവ നേരിടേണ്ടതായി വരാം. കൂട്ടുകച്ചവടത്തിൽ നിന്ന് ധനനഷ്ടം ഉണ്ടാകും. പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. ആരോഗ്യം തൃപ്തികരമായിരിക്കില്ല, ഇടയ്ക്കിടയ്ക്ക് ആശുപത്രി വാസം വേണ്ടിവരും. 

 

English Summary : Vishu Prediction 2022 by Peringode Sankaranarayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com