അശ്വതി:സഹോദരന്റെ കടബാധ്യതകൾ തീർക്കുവാൻ സഹായം നൽകേണ്ടതായി വരും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും. അടുത്ത വർഷം പൂർത്തീകരിക്കുന്ന കരാർ ജോലികളിൽ ഒപ്പുവയ്ക്കും.
ഭരണി: ദീർഘവീക്ഷണമില്ലാത്ത പുത്രന്റെ പ്രവർത്തനങ്ങളിൽ ആശങ്ക വർധിക്കും. പ്രവർത്തനരഹിതമായ വ്യാപാരം വിൽപന ചെയ്തു പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കും.
കാർത്തിക: വിൽപനോദ്ദേശ്യത്തിനായി ഭൂമി വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും. അപവാദാരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും.
രോഹിണി: കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറി ഉദ്യോഗമന്വേഷിച്ച് യാത്ര പുറപ്പെടും. അനുവദിച്ച സംഖ്യ ലഭിക്കുവാൻ കക്ഷി രാഷ്ട്രീയക്കാരുടെ സഹായം തേടും.
മകയിരം: വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനിടവരും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും.
തിരുവാതിര: സഹപ്രവർത്തകരുടെ നിസ്സഹകരണ മനോഭാവത്താൽ കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരും. ഔദ്യോഗികമായ ദൂരയാത്ര മാറ്റിവച്ചതിനാൽ കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്ര പുറപ്പെടും.
പുണർതം: പുത്രനു തന്നെക്കാൾ സ്ഥാനമാനങ്ങളോടു കൂടിയ ഉദ്യോഗം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. വസ്തുനിഷ്ഠമായി പഠിച്ചു പൊതുജനാവശ്യം അറിഞ്ഞു പ്രവർത്തിക്കുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും.
പൂയം: മനോധൈര്യക്കുറവിനാൽ ബൃഹത്തായ കരാർ ജോലികളിൽ നിന്നു പിന്മാറും. ദുഷ്പ്രചാരണങ്ങൾ പലതും വന്നു ചേരുമെങ്കിലും ആത്മനിയന്ത്രണം പാലിക്കുകയാണു വേണ്ടത്.
ആയില്യം: ഉന്നതരുമായുള്ള തർക്കങ്ങളിൽ നിന്നു പിന്മാറുകയാണ് നല്ലത്. യാതൊരു കാരണവുമില്ലാതെ നിയമപാലകന്റെ മുന്നിൽ ഹാജരാകേണ്ടതായി വരും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റം ലഭിക്കും.
മകം: പിതാവിന്റെ നിർബന്ധത്താലും സഹായത്താലും ഗൃഹം വാങ്ങുവാനിടവരും. പരാമർശങ്ങൾക്കു പാത്രമാകുമെങ്കിലും ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിച്ചാൽ അതിജീവിക്കുവാൻ സാധിക്കും.
പൂരം: അഭിപ്രായവ്യത്യാസത്താൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരത്തിനു തുടക്കം കുറിക്കും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കുമായി പണം ചെലവഴിക്കും.
ഉത്രം: ഗൃഹനിർമാണത്തിന് മനസ്സിനു തൃപ്തിയായ ഭൂമി വാങ്ങുവാൻ അവസരമുണ്ടാകും. അടുത്തവർഷം പൂർത്തീകരിക്കുന്ന വിധത്തിലുള്ള പാഠ്യപദ്ധതിക്കു ചേരുവാനിടവരും.
അത്തം: അനുഭവം കുറവുള്ള വ്യവസായം ഉപേക്ഷിച്ചു പുതിയ വ്യാപാരത്തിന് തുടക്കം കുറിക്കും. കീഴ്ജീവനക്കാരുടെ സഹായത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കും.
ചിത്തിര: പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. പണം മുടക്കാതെ നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്ന സ്ഥാപനത്തിനു തുടക്കം കുറിക്കും.
ചോതി: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിട വരും. ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കുവാൻ സാധിക്കും.
വിശാഖം: അനുദിനം വർധിച്ചു വരുന്ന ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ആത്മധൈര്യക്കുറവിനാൽ ബൃഹത്തായ കർമ പദ്ധതികളിൽ നിന്നു പിന്മാറും.
അനിഴം: വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചാൽ ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കും.
തൃക്കേട്ട: ആഴ്ചയിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ദൂരദേശത്തേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതനാകും.
മൂലം: കുടുംബസമേതം ഉല്ലാസ പുണ്യതീർഥയാത്ര പുറപ്പെടും. സുഹൃത്‌സഹായത്താൽ ആഗ്രഹപ്രാപ്തി കൈവരും. ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
പൂരാടം: ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഊഹക്കച്ചവടത്തിൽ ലാഭം വർധിക്കും.
ഉത്രാടം: കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനിടവരും.
തിരുവോണം: ഉപരിപഠനത്തിന്റെ ഭാഗമായ പദ്ധതി സമർപ്പണത്തിനു തയാറാകും. പുനഃപരീക്ഷയിൽ വിജയം കൈവരിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കുവാനിടവരും.
അവിട്ടം: ഭർത്താവിന്റെ തൊഴിൽപരമായ അനിഷ്ടങ്ങൾ മാറുവാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തുവാനിടവരും. പ്രവൃത്തി മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടി വരും.
ചതയം: മുടങ്ങിക്കിടപ്പുള്ള വ്യവസായ സ്ഥാപനങ്ങൾ പുനരാരംഭിക്കുവാനുള്ള സാഹചര്യം വന്നുചേരും. അവഗണിക്കപ്പെടുന്ന അവസ്ഥാവിശേഷങ്ങൾ ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടുന്നതിൽ ആശ്വാസം തോന്നും.
പൂരുരുട്ടാതി: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവസാന്നിധ്യം വേണ്ടി വരും. റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കുവാൻ നിർബന്ധിതനാകും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും
ഉത്തൃട്ടാതി: ഉദ്യോഗത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങളിൽ ഏർപ്പെടും. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണു നല്ലത്.
രേവതി: ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ഭർത്താവിനെ ഉപദേശിക്കുവാൻ ബന്ധുസഹായം തേടും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.