ADVERTISEMENT

ചിങ്ങമാസം  

കുടുംബാംഗങ്ങളിൽ ചിലരുടെ മനോഭാവം മനോവിഷമത്തിനു വഴിയൊരുക്കും. ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങളിൽ ഏകോപനസമീപനത്തിനു പരിശ്രമിക്കും. പ്രായോഗികവശം ചിന്തിച്ചുപ്രവർത്തിക്കുന്നതിനാൽ മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.  

കന്നിമാസം 

ആജ്ഞാനുവർത്തികളിൽ നിന്നു ലഭിക്കുന്ന ആശയങ്ങൾ പലപ്പോഴും യുക്തിക്കു നിരക്കുന്നതിനാൽ സ്വീകരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ പ്രത്യേക കരുതൽ വേണം. സൗമ്യസമീപനത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. പദ്ധതിസമർപ്പണത്തിൽ വിജയിക്കും. 

തുലാമാസം  

പരിഹാസവചനങ്ങൾ കേൾക്കാനിടവരുമെങ്കിലും കാര്യം മനസ്സിലാക്കി പ്രതികരിക്കാതിരിക്കുന്നതാണു നല്ലത്. നിയമവിരുദ്ധമായ പ്രവൃത്തികളിൽ നിന്നു പിന്മാറാൻ ആത്മപ്രചോദനമുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ സ്വന്തമായി അനുഭവഫലം കുറയും. എന്നാൽ മറ്റുളളവർക്കു വേണ്ടി ചെയ്യുന്നത് ഫലപ്രദമാകും. പകർച്ചവ്യാധി പിടിപെടും. ഔദ്യോഗികമായ യാത്രകളും ചർച്ചകളും ക്രമാതീതമായി കൂടും.  

വൃശ്ചികമാസം  

സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറി മാതാപിതാക്കൾ നിശ്ചയിച്ചതിനു തയാറാകും. യുക്തമായ തീരുമാനങ്ങൾക്കു ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കുകയാണു നല്ലത്. നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നം വേണ്ടിവരും. വിശേഷപ്പെട്ട ആരാധനാലയദർശനം ഉന്നതരെ പരിചയപ്പെടുവാൻ വഴിയൊരുക്കും. 

ധനുമാസം 

അവിചാരിതമായ ചെലവുകളാൽ പലപ്പോഴും കടം വാങ്ങേണ്ടിവരും. പുതിയ കർമപദ്ധതികൾ ഏറ്റെടുക്കുവാൻ ഇടവരുമെങ്കിലും സാമ്പത്തികവിഭാഗത്തിൽ നിന്നു പിന്മാറുകയാണു നല്ലത്. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്കു വ്യതിചലനം വന്നുചേരും. പിതാവിന് അസുഖം കൂടും. പരീക്ഷണനിരീക്ഷണങ്ങൾ, പദ്ധതിസമർപ്പണം എന്നിവ ഈ മാസം അരുത്. മുൻകോപം നിയന്ത്രിക്കണം. 

മകരമാസം  

പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. വർഷങ്ങൾക്കു ശേഷം പുണ്യതീർഥയാത്രയ്ക്ക് അവസരം വന്നുചേരും. ആധ്യാത്മികാത്മീയപ്രഭാഷണങ്ങൾ മനസ്സിനു സ്വസ്ഥതയ്ക്കു വഴിയൊരുക്കും. 

കുംഭമാസം  

പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. ആധുനികസംവിധാനവും പൗരാണിക സംസ്കാരവും സമന്വയിപ്പിച്ച പുതിയ പ്രവർത്തനങ്ങൾക്കു രൂപം നൽകും. വ്യാപാര വിപണന മേഖലകളിൽ അഭൂതപൂർവമായ വളർച്ച അനുഭവപ്പെടും. ഉഷ്ണരോഗപീഡകൾക്കു പ്രകൃതിചികിത്സകൾ ആരംഭിക്കും. സങ്കീർണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ആർജവമുണ്ടാകും. 

മീനമാസം  

ഗുരുതരാവസ്ഥയിലുളള ബന്ധുവിനെ സന്ദർശിച്ച് സാന്ത്വനവചനങ്ങളും സാമ്പത്തികസഹായവും നൽകുവാനിട വരും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുളള മാനസികാവസ്ഥ സംജാതമാകും. ആത്മവിമർശനങ്ങളാൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. വിനയം, ക്ഷമ, ആദരം, കാര്യനിർവഹണശേഷി തുടങ്ങിയ കഴിവുകളിലൂടെ സകല പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ കഴിയും. ഈശ്വരപ്രാർഥനകളാൽ പരീക്ഷകളിൽ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കും. 

മേടമാസം  

നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നം വേണ്ടിവരും. സമയബന്ധിതമായ പ്രവർത്തനങ്ങൾ ചെയ്തുതീർക്കുവാൻ പരസഹായവും പ്രതീക്ഷിച്ചതിലുപരി പണച്ചെലവും അനുഭവപ്പെടും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. നിയമപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു പിന്മാറണം. അശ്രദ്ധ കൊണ്ട് അബദ്ധങ്ങൾ വന്നുചേരും. ചെലവിനങ്ങളിൽ വളരെ ശ്രദ്ധിക്കണം. 

ഇടവമാസം 

ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. സുദൃഢമായ തീരുമാനങ്ങൾ അവലംബിക്കാൻ ഉൾപ്രേരണയുണ്ടാകും. മേലധികാരിയുടെ ആജ്ഞകൾ അനുസരിക്കേണ്ടിവരും. പണം മുൻകൂട്ടി ചെലവാക്കിയുളള പ്രവൃത്തികളിൽ നിന്നു പിന്മാറുന്നതാണു നല്ലത്. ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ, കലാകായികമത്സരങ്ങൾ തുടങ്ങിയവയിൽ തൃപ്തിയായി അവതരിപ്പിക്കാൻ സാധിക്കും. 

മിഥുനമാസം 

ഉദ്യോഗമുപേക്ഷിച്ചോ ഉദ്യോഗത്തോടനുബന്ധമായോ ഉപരിപഠനത്തിനു ചേരുവാനിടവരും. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചുലഭിക്കും. മംഗളകർമങ്ങളിലും വിരുന്നുസൽക്കാരത്തിലും സജീവമായി പങ്കെടുക്കും. സമാനമനസ്കരുമായി സംയുക്ത കൃഷിരീതിക്കു തുടക്കം കുറിക്കും. 

കർക്കടകമാസം 

അപ്രധാനമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതു മൂലം സുപ്രധാനമായ പലതും നഷ്ടപ്പെടും. വിദഗ്ധ ചികിത്സകളാലും വിശ്രമത്താലും ഈശ്വരപ്രാർഥനകളാലും സന്താന ഭാഗ്യമുണ്ടാകും. ഏറ്റെടുക്കുന്നതും ചെയ്യുന്നതുമായ പല കാര്യങ്ങളും സ്വന്തം നിലയിൽ നേട്ടമൊന്നുമില്ലെങ്കിലും പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകും എന്നറിഞ്ഞതിനാൽ കൃതാർഥതയുണ്ടാകും. 

Content Highlights: Yearly Prediction | Karthika | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com