ചിങ്ങമാസം
ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. വാഹനം മാറ്റിവാങ്ങും. പുതിയ ഗൃഹം വാങ്ങി താമസിച്ചുതുടങ്ങും. വിനോദയാത്രയിൽ ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ഉദ്യോഗത്തിനോടൊപ്പം ലാഭശതമാന വ്യവസ്ഥകളോടുകൂടി പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.
കന്നിമാസം
മാതാവിന് അസുഖമുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കുറയും. സുഹൃത്ത് ഏറ്റെടുത്ത കരാറുജോലികൾ പൂർത്തീകരിക്കുവാൻ സഹായിക്കും. ഉദ്യോഗമുപേക്ഷിക്കരുത്. പൂർവികസ്വത്ത് ഭാഗംവയ്ക്കുന്നതിൽ വിട്ടുവീഴ്ചമനോഭാവം വേണ്ടിവരും. ബന്ധുമിത്രാദികൾ വിരുന്നുവരും.
തുലാമാസം
പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. പുത്രപൗത്രാദികളോടൊപ്പം വിദേശത്ത് താമസിക്കുവാനിടവരും. ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. തൊഴിൽമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സമ്പൽസമൃദ്ധിയും പ്രതാപവും ഐശ്വര്യവും ഈ വർഷം അനുഭവിക്കും. ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും.
വൃശ്ചികമാസം
ആഹാരപദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ജോലിസ്ഥലത്തു പകർച്ചവ്യാധിയായതിനാൽ വീട്ടിലിരുന്ന് തൊഴിൽ ചെയ്യുവാനിടവരും. അവിചാരിതച്ചെലവുകളാൽ വായ്പയ്ക്ക് അപേക്ഷിക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാൻ സുതാര്യമായ സമീപനം സഹായിക്കും.
ധനുമാസം
ഉല്ലാസ–പുണ്യതീർഥ–ദേവാലയദർശന യാത്രകൾക്ക് അവസരമുണ്ടാകും. അർപ്പണമനോഭാവവും, ലക്ഷ്യബോധവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസവും ആഹ്ലാദവും, ആത്മവിശ്വാസവും ഉണ്ടാകും. ആഗ്രഹിച്ചപോലെ സന്താനസൗഭാഗ്യത്തിന് യോഗമുണ്ട്. വിദേശ ഉപരിപഠനത്തിന് അനുമതി ലഭിക്കും.
മകരമാസം
അസ്ഥി–വാത–നീർദോഷരോഗങ്ങൾ വർധിക്കും. അഭ്യൂഹങ്ങൾ പലതും കേൾക്കുവാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. എല്ലാ കാര്യങ്ങൾക്കും ഇരട്ടിസമയം ജോലിചെയ്യേണ്ടിവരും. ക്ഷമയും ആത്മസംയമനവും പാലിക്കണം. അസമയങ്ങളിലും അമിതവേഗത്തിലുമുളള വാഹന ഉപയോഗം ഉപേക്ഷിക്കണം. പിതാവിന് ആശുപത്രിവാസം വേണ്ടിവരും.
കുംഭമാസം
പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം തുടങ്ങിയവയിൽ തൃപ്തിയാകും വിധത്തിൽ അവതരിപ്പിച്ച് പ്രശസ്തവിജയം നേടും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. തൊഴിൽമേഖലകളിൽ സാമ്പത്തികനേട്ടമുണ്ടാകും.
മീനമാസം
ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ചു പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജനാവശ്യവും പുതിയ തൊഴിൽ മേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. അനുകൂലമായ വിളവെടുപ്പ് ദീർഘകാല കൃഷിരീതി അവലംബിക്കുവാൻ അവസരമൊരുക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും.
മേടമാസം
ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. സംയുക്ത സംരംഭത്തിൽനിന്നു പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. ശമ്പളവർധന മുൻകാലപ്രാബല്യത്തോടുകൂടി ലഭിക്കും. സ്ഥാനക്കയറ്റമുണ്ടാകും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും അനുകൂല അവസരങ്ങൾ ഉണ്ടാകും.
ഇടവമാസം
വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. വാഹനം മാറ്റിവാങ്ങും. ദേഹത്തിനു തളർച്ച, പക്ഷവാതം, ഹൃദ്–നാഡീരോഗങ്ങൾ എന്നിവയ്ക്കെതിരെ കരുതൽ വേണം. പണം കടംകൊടുക്കുക, ജാമ്യം നിൽക്കുക എന്നിവ ഒഴിവാക്കണം. നിസ്സാരകാര്യങ്ങൾക്കു പോലും കഠിനപ്രയത്നം വേണ്ടിവരും. സുപ്രധാനമായ പലതും മറന്നുപോകും.
മിഥുനമാസം
ചികിത്സ ഫലിക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തനങ്ങളും ആഗ്രഹിക്കുന്ന ആശയങ്ങളും ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നുചേരും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം, കാര്യനിർവഹണ ശക്തി തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. സുതാര്യവും നീതിയുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. കലാകായികരംഗങ്ങളിൽ ശോഭിക്കും. വ്യവസ്ഥകൾ പാലിക്കുന്നതിനാൽ പ്രവർത്തനവിജയമുണ്ടാകും.
കർക്കടകമാസം
പ്രായത്തിലുപരി, പക്വതയോടുകൂടിയ സമീപനം ആർജിക്കുന്നതിനാൽ സൽകീർത്തിയും സജ്ജനബഹുമാന്യതയും വന്നുചേരും. സ്വന്തം നിലപാടിൽനിന്നും വ്യതിചലിക്കാതെ, ഏകാഗ്രതയോടും ദീർഘസമഗ്ര വീക്ഷണങ്ങളോടും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഉത്തേജന മരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതി ജീവനൗഷധരീതി അവലംബിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. ആധ്യാത്മിക ആത്മീയ വിഷയങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും.
Content Highlights: Yearly Prediction | Kanippayyur Narayanan Namboodiripad | Star Predictions | Punartham | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online