ചിങ്ങമാസം– സേവനസാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. സാമ്പത്തികവരുമാനത്തിൽ കുറവു തോന്നുന്നതിനാൽ ചെലവിനങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സഹപാഠികളോടൊപ്പം വിനോദയാത്ര വേണ്ടിവരുമെങ്കിലും വാഹന ഉപയോഗം അരുത്. ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന വ്യവസായ മേഖലകൾക്കു രൂപകൽപന ചെയ്യും. സ്വജനങ്ങളിൽ നിന്നു പല അപസ്വരങ്ങളും കേൾക്കുവാനിടവരുമെങ്കിലും ലക്ഷ്യബോധത്തോടു കൂടിയ പ്രവർത്തനങ്ങൾ അനിഷ്ടസ്വരങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും.
കന്നിമാസം– സജ്ജനസംസർഗത്താൽ നല്ല ചിന്തകൾ വർധിക്കും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകുവാൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. വിരോധികളായിരുന്നവർ ലോഗ്യമായിത്തീരും. വിദഗ്ധചികിത്സകളാലും ഭക്ഷണക്രമീകരണങ്ങളാലും ആരോഗ്യം തൃപ്തികരമായിരിക്കും. പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പുതിയ പാഠ്യപദ്ധതിക്കു ചേരും. കലാകായികമത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും.
തുലാമാസം– അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും. കുടുംബാംഗങ്ങൾക്കിടയിലുള്ള ദുസ്സംശയങ്ങൾക്കു വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. കുടുംബബന്ധം നിലനിർത്താനും, സ്വത്തുതർക്കം പരിഹരിക്കാനും വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. മംഗളകർമങ്ങൾക്കു നേതൃത്വം നൽകുവാനിടവരും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസത്തിന് അപേക്ഷ നൽകും.
വൃശ്ചികമാസം– അമിതാവേശം നിയന്ത്രിക്കണം. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. കരാറുജോലികളിൽനിന്നു സാമ്പത്തികനേട്ടം കുറയും. ശ്രദ്ധക്കുറവുകൊണ്ട് അബദ്ധങ്ങൾ വന്നുചേരും. മാതാവിന് അസുഖം വർധിക്കും. ആധ്യാത്മിക ആത്മീയ ചിന്തകൾ അബദ്ധങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. അശ്രാന്തപരിശ്രമത്താൽ ആഗ്രഹസാഫല്യമുണ്ടാകും. ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടും.
ധനുമാസം– നല്ല ശീലങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകുന്നതുവഴി അനുമോദനങ്ങൾ വന്നുചേരും. ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്ഫലമാകും. കാര്യമാത്ര പ്രസക്തമായ കാര്യങ്ങളാണെ ങ്കിലും സമീപനത്തിൽ അവകാശവാദം ഉന്നയിക്കുന്ന ധ്വനി ഉണ്ടാവരുത്. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമീപത്തുളള വീട് വാങ്ങുവാനിടവരും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും.
മകരമാസം– സംയോജിത കൃഷിസമ്പ്രദായം നടപ്പിലാക്കും. വർഷങ്ങളായി അധഃപതിച്ചുകിടക്കുന്ന പ്രവർത്തനമണ്ഡലങ്ങൾക്കു പുനർജീവൻ നൽകുവാൻ സാധിക്കും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ഉപരിപഠനത്തിനു വികസിത രാജ്യത്തിലേക്കു പ്രവേശനം ലഭിക്കും. വിജ്ഞാനം ആർജിക്കുവാനും പകർന്നുകൊടുക്കുവാനും അവസരമുണ്ടാകും. വ്യാപാര, വിപണന മേഖലകളിൽ പുതിയ പ്രചരണരീതി അവലംബിക്കും.
കുംഭമാസം– പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. യാഥാർഥ്യങ്ങളെ മനസ്സിലാക്കാത്തതിനാൽ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും. ദുഃശ്ശീലങ്ങൾ ഒഴിവാക്കി പ്രകൃതിജീവന ഔഷധരീതിയും, പ്രാണായാമവും ശീലിക്കുന്നതിനാൽ ശാരീരിക–മാനസിക ഉന്മേഷം ഏറക്കറെ ഉണ്ടാകും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല സാഹചര്യങ്ങളും അംഗീകാരവും വന്നുചേരും.
മീനമാസം– ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്കു നേതൃത്വം നൽകും. ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രവർത്തനം വേണ്ടിവരും. പരീക്ഷയിൽ ഓർമിച്ച് എഴുതുവാൻ സാധിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. ശമ്പളവർധന മുൻകാലപ്രാബല്യത്തോടുകൂടി ലഭിക്കും. ആഗ്രഹസാഫല്യമുണ്ടാകുമെങ്കിലും അഹംഭാവം ഒഴിവാക്കണം.
മേടമാസം– അഗ്നി, ആയുധം, ധനം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾക്കു കഠിനപ്രയത്നം വേണ്ടിവരും. പിതാവിന് അസുഖം വർധിക്കുന്നതിനാൽ ജന്മനാട്ടിൽ വന്നുപോകുവാനിടവരും. എല്ലാ കാര്യങ്ങളിലും ക്ഷമയും വിനയവും ആത്മസംയമനവും നിർബന്ധമായും വേണം. വിദേശയാത്ര മാറ്റിവയ്ക്കേണ്ടതായി വരും.
ഇടവമാസം– പദ്ധതി ആസൂത്രണ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ ആത്മാഭിമാനം തോന്നും. വിദ്യാർഥികൾക്ക് അനാവശ്യമായി ആധി വർധിക്കുമെങ്കിലും ഈശ്വരപ്രാർഥനകളാൽ അന്തിമവിജയം അനുകൂലമായിരിക്കും. പ്രണയബന്ധത്തിന് രക്ഷിതാക്കളിൽനിന്ന് അനുമതി ലഭിക്കും. സന്താനഭാഗ്യ മുണ്ടാകും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ആതുരസേവനത്തിൽ ആത്മാർഥമായി പ്രവർത്തിക്കും.
മിഥുനമാസം– ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടു കൂടിയ ശമ്പളവർധനയോടു കൂടി ലഭിക്കും. വ്യത്യസ്തമായ പ്രവർത്തനശൈലി അവലംബിക്കുന്നതുവഴി പിന്തളളപ്പെടുന്ന അവസ്ഥയെ അതിജീവിക്കുവാൻ സാധിക്കും. സ്ഥിതിഗതികൾ വിലയിരുത്തി പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ ചേരും. പൂർവികസ്വത്ത് ഭാഗംവയ്ക്കുന്നതിൽ വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും.
കർക്കടകമാസം– തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടിവരും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും. ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചു നടപ്പിലാക്കിയ മേലധികാരിയോട് ആദരവു തോന്നും. മാതാപിതാക്കളോടൊപ്പം ജന്മനാട്ടിൽ വന്നുപോകുവാനിടവരും. ഒട്ടേറെ കാര്യങ്ങൾ നിശ്ചയിച്ച സമയത്തിന്നുളളിൽ ചെയ്തുതീർക്കും. വ്യാപാര വിപണനമേഖലകളിൽ സാമ്പത്തികപുരോഗതിയുണ്ടാകും.
Content Highlights: Yearly Prediction | Uthram | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online