ചിങ്ങമാസം – വിദേശത്തു വസിക്കുന്നവർക്ക് ജന്മനാട്ടിൽ മംഗളകർമങ്ങളിൽ പങ്കെടുക്കുവാനിടവരും. ജാമ്യം നിൽക്കുന്നതിൽ ജാഗ്രത വേണം. സുതാര്യതക്കുറവിനാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്ക് അധികച്ചെലവ് അനുഭവപ്പെടും. ഉദ്യോഗമാറ്റമോ തൊഴിൽക്രമീകരണമോ ഉണ്ടാകുന്നത് സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളാൽ മാർഗതടസ്സങ്ങൾ നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും.
കന്നിമാസം – അപര്യാപ്തതകൾ മനസ്സിലാക്കി ജീവിക്കേണ്ടിവരും. പണം കടം കൊടുക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും ജാഗ്രത വേണം. ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനു നിർബന്ധിതനാകും. ഊഹക്കച്ചവടത്തിൽ അൽപം നഷ്ടം സംഭവിക്കും. കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിക്കും. ദുശ്ശീലങ്ങൾ ഒഴിവാക്കുവാൻ നിർബന്ധിതനാകും. ചെലവിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
തുലാമാസം – അന്യരെ പരിഹസിച്ചു ചെയ്യുന്നതെല്ലാം സ്വന്തം അനുഭവത്തിൽ വിപരീതമാകും. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും. പൂർവികസ്വത്തിൽ വീടുനിർമാണം തുടങ്ങും. അഭിപ്രായസ്വാതന്ത്ര്യത്താൽ പൂർണമായും ആത്മാർത്ഥമായി പ്രവർത്തിക്കാൻ തയാറാകും. ബന്ധുവിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടിവരും.
വൃശ്ചികമാസം – ഏറ്റെടുത്ത ജോലികൾ ഏറെക്കുറെ നിശ്ചിതസമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ കഴിയും. അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. വിട്ടുവീഴ്ചമനോഭാവത്താൽ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. അർപ്പണമനോഭാവം, ലക്ഷ്യബോധം, പ്രവർ ത്തനസന്നദ്ധത തുടങ്ങിയവ ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കും.
ധനുമാസം – ഇച്ഛാ, ജ്ഞാനം, ക്രിയാശക്തികൾ സമന്വയിപ്പിച്ചു ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. വ്യാപാര വ്യവസായ വിപണനമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതി ഉണ്ടാകും. സങ്കീർണമായ പ്രശ്നങ്ങളെ ലാഘവത്തോടുകൂടി നേരിടും. കലാകായികരംഗങ്ങൾ തുടങ്ങിയവയിൽ അനുകൂലസാഹചര്യം വന്നുചേരും.
മകരമാസം – അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. പ്രാണായാമവും വ്യായാമവും ശീലിക്കും. സുഹൃത്ബന്ധങ്ങൾക്ക് നിയന്ത്രണങ്ങൾ വേണ്ടിവരും. ഉദ്യോഗമാറ്റമുണ്ടാകും. മാതാപിതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തൊഴിൽ ക്രമീകരിക്കും. ധർമത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനാൽ ആത്മനിർവൃതിയുണ്ടാകും.
കുംഭമാസം – പുത്രപൗത്രാദികളുടെ ആവശ്യങ്ങൾക്കായി വിദേശത്തേക്കു പോകാൻ സാധിക്കും. വാഹനാപകടത്തിൽ നിന്നു രക്ഷപ്പെടും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയവു ബഹുമതിയും ലഭിക്കും. സമ്മാനപദ്ധതിയിലും നറുക്കെടുപ്പിലും വിജയിയ്ക്കും.
മീനമാസം– ബൃഹത്പദ്ധതി രൂപകല്പനചെയ്യുവാനും അവലംബിക്കുവാനും യോഗമുണ്ട്. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും. അഭയം പ്രാപിച്ചുവരുന്നവർക്ക് അഭയം നൽകും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. ഉല്ലാസ വിനോദയാത്രകൾക്ക് അവസരം ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
മേടമാസം – സാമ്പത്തികനേട്ടം കുറയും. പുനഃപരീക്ഷയിൽ വിജയശതമാനം കൂടും. സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറി സ്വതന്ത്രമായി തൊഴിൽമേഖല തുടങ്ങും. പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം സാമ്പത്തികപരാധീനതകൾ പരിഹരിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും. ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മാഭിമാനവും അനുമോദനങ്ങളും ഉണ്ടാകും.
ഇടവമാസം – ഗൃഹനിർമാണം പൂർത്തിയാകും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. പാരമ്പര്യപ്രവൃത്തികളിൽ വ്യാപൃതനാകുന്നതിനാൽ മാതാപിതാക്കൾക്ക് സന്തോഷമുണ്ടാകും. സ്വയം തീരുമാനിച്ച പ്രണയബന്ധത്തിൽ നിന്നു പിന്മാറി രക്ഷിതാക്കൾ നിർദ്ദേശിക്കുന്ന വിധത്തിൽ വിവാഹമുണ്ടാകും. ചെലവ് കൂടുന്നതിനാൽ കടം വാങ്ങേണ്ടതായിവരും.
മിഥുനമാസം – അതിശയോക്തി കലർന്ന സംസാരശൈലിയിൽ ബന്ധുവിനെ സംശയിക്കാനിടവരും. ആഭരണവും വാഹനവും മാറ്റിവാങ്ങും. അശരണരായവർക്ക് ആശ്രയം നൽകുന്നതിൽ ആത്മസംതൃപ്തി തോന്നും. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. ആത്മവിശ്വാസം കൂടും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലവിജയം ഉണ്ടാകും.
കർക്കടകമാസം – മേലധികാരിയുടെ സ്വകാര്യവിഷയങ്ങളിൽ അഭിപ്രായം പറയുവാനിടവരും. ഉത്സാഹത്തോടു കൂടിയ സമീപനശൈലി മറ്റുള്ളവർക്ക് അസൂയയ്ക്ക് വഴിയൊരുക്കും. ഒരുപരിധിയിലധികം പണം മുടക്കിയുള്ള പ്രവൃത്തികളിൽ നിന്നു പിന്മാറുകയാണ് നല്ലത്. സജ്ജനസംസർഗത്താൽ പരോപദ്രവബുദ്ധി ഉപേക്ഷിക്കും.പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകും.
Content Highlights: Yearly Prediction | Pooruruttathi | Yearly Star Prediction | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online