ആയില്യം നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
Mail This Article
ആയില്യം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ.
ചിങ്ങം:പഠിച്ച വിഷയത്തോട് അനുബന്ധമായ ഉദ്യോഗം ലഭിക്കും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടുകൂടി അ നുഭവത്തിൽ വന്നുചേരും. അന്യദേശത്തു വസിക്കുന്നവർക്ക് തൊഴിൽപരമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി ഗൃഹംവാങ്ങി താമസമാക്കുവാൻ സാധിക്കും. വ്യാപാര–വ്യവസായ– വിപണനമേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തികനേട്ടവും അനുഭവപ്പെടും.
കന്നി:ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണമുള്ള സാഹചര്യവും ഉദ്യോഗമാറ്റവും ഉണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി നേടും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. വാഹനം മാറ്റി വാങ്ങുവാനിടവരും.
തുലാം:ദീർഘകാലനിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാൻ ആലോചിക്കും. അന്യദേശത്തു വസിക്കുന്നവർക്കു മാതാപിതാക്കളെ ഒരുമിച്ചു താ മസിപ്പിക്കുവാൻ സാധിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. മനസ്സംതൃപ്തിയോടൂ കൂടി ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ കൃതാർഥതയുണ്ടാകും.
വൃശ്ചികം:വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. അർഹമായ പൂർവികസ്വത്തുക്കൾ രേഖാപരമായി ലഭിക്കും. സെമിനാറുകളിലും മറ്റും അറിവുള്ളതിനെക്കാൾ ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. ശുഭാപ്തിവിശ്വാസവും കാര്യനിർവഹണശക്തിയും കൂടും.
ധനു:ചിത്രംവര, വാസ്തുവിദ്യ, ശില്പശാസ്ത്രം, കലാകായികരംഗങ്ങൾ, സാഹി ത്യരചനകൾ തുടങ്ങിയവയിൽ ഭാവനയ്ക്കനുസൃതമായി അവതരിപ്പിക്കാൻ കഴിയും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടുകൂടി പ്രവർത്തിക്കുമെങ്കിലും അനുഭവഫലം കുറയും. സന്താനങ്ങളുടെ ബഹുവിധ ആവശ്യങ്ങൾക്കായി അവധി എടുക്കേണ്ടിവരും. ഏറ്റെടുത്ത ദൗത്യം മനസ്സംസതൃപ്തിയോടൂ കൂടി നി ശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കും.
മകരം:ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. വഴിപാടു നേർന്ന്, കാര്യസാധ്യം കൈവന്ന്, നേർന്ന വഴിപാടുകൾ ചെയ്യുവാനിടവരും. മേലധികാരിക്കു തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിക്കുവാൻ സാധിക്കും. കൈവിട്ടുപോകുമെന്നു കരുതിയ വസ്തുവകകൾ തിരിച്ചുവാങ്ങുവാൻ സാധിക്കും.
കുംഭം:സന്താനഭാഗ്യമുണ്ടാകും. ശിരോ–നാഡീ രോഗപീഡകൾക്ക് ചികിത്സ വേണ്ടിവരും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നു നിരുപാധികം പിന്മാറും. ആതുരസേവനത്തിൽ ആത്മാർഥമായി പ്രവർത്തിക്കും. വർഷങ്ങളായി അധഃപതിച്ചു കിടക്കുന്ന പ്രവർത്തനമണ്ഡലങ്ങൾക്ക് പുനർജീവൻ നൽകുവാൻ സാധിക്കും.
മീനം:സജ്ജനസംസർഗത്താൽ നല്ല ചിന്തകൾ ഉണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. ജനമദ്ധ്യത്തിൽ പരിഗണന ലഭിക്കുമെങ്കിലും കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടും. പ്രത്യേക പാഠ്യപദ്ധതിയിൽ ചേരുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.
മേടം:അശ്രദ്ധ കൊണ്ട് അബദ്ധം വന്നുചേരുമെങ്കിലും അന്യരെ കുറ്റം പറയുന്നത് ഒഴിവാക്കണം. ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. പൊതുവേ സുഖദുഃഖമിശ്രമായ ഫലങ്ങളാണ് ഈ വർഷം അനുഭവപ്പെടുക. പരീക്ഷകളിൽ അറിവുള്ള കാര്യങ്ങളാണെങ്കിലും ചിലതു മറന്നു പോകും. വീഴ്ചകൾ ഉണ്ടാകാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം.
ഇടവം:പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടിവരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നു പിന്മാറുകയാണു നല്ലത്. വൈജ്ഞാനികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും. ഉദ്യോഗത്തിൽ നേട്ടമില്ലാത്തതിനാൽ ഉപരിപഠനത്തിനു ചേരും. വിമർശനങ്ങളെ അതിജീവിക്കുവാൻ സാധിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും.
മിഥുനം:പുതിയ സംരംഭങ്ങൾക്ക് ഈ വർഷം പണം മുടക്കുന്നത് അഭികാമ്യമല്ല. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരരാരാധനകളാൽ സാധിക്കും. സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജനശത്രുത കൂടും. പുതിയ ആശയങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധനിർദേശം സ്വികരിക്കുകയാവും നല്ലത്. സൌമ്യസമീപനത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും.
കർക്കടകം:തൊഴിൽമേഖലകളിൽ സമ്മർദങ്ങളും പ്രതികൂലസാഹചര്യങ്ങളും വന്നുചേരും. പ്രണയബന്ധം സഫലമാകും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. മാസത്തിലൊരിക്കൽ വന്നുപോകുവാൻ തക്കവണ്ണം ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ആശങ്ക തോന്നും. ആരോഗ്യസംരക്ഷണത്തിന് ആയുർവേദ ചികിത്സയ്ക്കു തയാറാകും.