അനിഴം നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
Mail This Article
അനിഴം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിങ്ങം:നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽനിന്നു കുറ്റവിമുക്തനാകും. ആസൂത്രിതപദ്ധതികളിൽ വിജയവും ലക്ഷ്യപ്രാപ്തിയും കൈവരും. ഭാഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമാണം പൂർത്തിയാക്കും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കും. അതിലൂടെ വിജയവും സമാധാനവും സ്വസ്ഥതയും അനുഭവപ്പെടും.
കന്നി:സംഘടിതശ്രമങ്ങൾ വിജയിക്കും. ജോലിരംഗത്ത് പല ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. സാഹിത്യരചനകളുടെ പുനരാവിഷ്കരണം ജനശ്രദ്ധയ്ക്ക് വഴിയൊരുക്കും. ശുഭാപ്തിവിശ്വാസം ആവാമെങ്കിലും അമിതമായ ആത്മവിശ്വാസം അരുത്. കലാകായികമേഖലയിൽ പരിശീലനം തുടങ്ങും.
തുലാം:ആത്മാർഥസുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നു രക്ഷിക്കുവാൻ സാധിക്കും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യപ്രാപ്തി കൈവരും. ഭാവിയെപ്പറ്റി ആശങ്ക തോന്നും. മത്സരരംഗങ്ങളിൽ വിജയം ഉണ്ടാകുമെങ്കിലും പ്രഥമസ്ഥാനം നഷ്ടപ്പെടും. വിഭാവനം ചെയ്ത പദ്ധതികൾ അന്തിമനിമിഷത്തിൽ അനുഭവത്തിൽ വന്നുചേരും.
വൃശ്ചികം:തന്മയത്വത്തോടുകൂടിയ സമീപനം ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഉപകരിക്കും. പ്രതിഭാസംഗമത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. സഹപ്രവർത്ത കരുടെയും കീഴ്ജീവനക്കാരുടെയും പിൻബലത്താൽ ഏറ്റെടുത്ത കരാറുജോലികൾ ചെയ്തുതീർക്കാനാകും. പട്ടണവികസനം ഉണ്ടെന്നറിഞ്ഞതിനാൽ ഭൂമിവിൽപന തൽക്കാലം നിർത്തിവയ്ക്കും. പൊതുകാര്യങ്ങളിൽ അമിതമായി പ്രവർത്തിക്കുന്നതിനാൽ കുടുംബാംഗങ്ങളിൽ നിന്നു ശകാരം കേൾക്കുവാനിടവരും.
ധനു:സംരക്ഷണച്ചുമതലയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. ആത്മാർഥസുഹൃത്തിനു സാമ്പത്തികസഹായം ചെയ്യുവാനിടവരും. അജ്ഞത കൊണ്ട് അബദ്ധം പറ്റിയ പുത്രനു മാപ്പുനൽകി രക്ഷാമാർഗങ്ങൾ നൽകും. സന്താനഭാഗ്യത്തിന് അനുയോജ്യമായ സാഹചര്യമുണ്ടാകും. ഈശ്വരപ്രാർഥനകളാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും.
മകരം:ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ഉന്നയിച്ച ആശയങ്ങൾ പരിഗണിച്ച മേലധികാരിയോട് ആദരവും ബഹുമാനവും തോന്നും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. ബന്ധുവിന്റെ ദുരവസ്ഥയിൽ സാമ്പത്തികസഹായം ചെയ്യുവാൻ പ്രേരിതനാകും. ദമ്പതികൾക്ക് ഒരുമിച്ചുതാമസിക്കുവാൻതക്ക വണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
കുംഭം:കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പരീക്ഷയ്ക്കു തൃപ്തിയായ വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. ഉപരിപഠനം പൂർത്തിയാക്കുന്നതിനും ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളുമുള്ള ഉദ്യോഗം ലഭിക്കുന്നതിനും യോഗമുണ്ട്. സാഹചര്യങ്ങൾക്ക് അനുസൃതമായ പ്രവർത്തനങ്ങളും സമീപനങ്ങളും സർവാദരങ്ങൾക്കും വഴിയൊരുക്കും. നിഷ്ഠയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ സഹായിക്കും.
മീനം:അനുദിനം വർധിക്കുന്ന ചെലവുകൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ നിർബന്ധിതനാകും. ബന്ധുവിന്റെ അകാലവിയോഗത്തിൽ അതീവദുഃഖമനുഭവപ്പെടും. ഔദ്യോഗികജീവിതത്തിൽ ക്ലേശങ്ങളും യാത്രകളും സമ്മർദവും അനുഭവിക്കേണ്ടിവരും.
മേടം:യുക്തിപൂർവം ചിന്തിച്ചുപ്രവർത്തിച്ച് പ്രതിസന്ധികളെ അതിജീവിക്കുവാൻ സാധിക്കും. സമയോചിതമായ ഇടപെടലുകളാൽ കുടുംബാംഗങ്ങളിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കുവാൻ കഴിയും. ആസൂത്രിത പദ്ധതികൾക്കു പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ഉപരിപഠനത്തിന് അന്യസംസ്ഥാന ത്തെ വിദ്യാഭ്യാസസ്ഥാപനത്തെ ആശ്രയിക്കും. കീഴ്‌വഴക്കം മാനിച്ച് പ്രവർത്തിച്ചാൽ ഏറെക്കുറെ നിലനിന്നുപോകുവാൻ സാധിക്കും.
ഇടവം:മനസ്സാക്ഷിക്കു വിരുദ്ധമായ പ്രവൃത്തികളിൽ നിന്നു പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. ചിന്തയിൽ ഒതുങ്ങാത്ത വിഷയങ്ങൾ ഉപേക്ഷിക്കും. പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കുവാൻ ബന്ധുക്കളിൽ നിന്നു കടം വാങ്ങും. പക്വതയോടു കൂടിയ സമീപനവും ഈശ്വരാരാധനകളും മാർഗതടസ്സങ്ങൾ തീർക്കുവാനും ഏറെക്കുറെ കാര്യനിവൃത്തിക്കും വഴിയൊരുക്കും.
മിഥുനം:അതുല്യപ്രതിഭകളുമായുള്ള ആത്മബന്ധം, പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും ജീവിതഗതിക്കു വ്യക്തമായ വഴിത്തിരിവുണ്ടാക്കുന്നതിനും ഉപകരിക്കും. ക്ലേശകരമായ വിഷയങ്ങളാണെങ്കിലും സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. പുത്രനു തന്നെക്കാൾ പ്രശസ്തിയും പദവിയും ഉണ്ടെന്നറിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും. സന്മനസ്സുള്ളവരുമായുള്ള സഹവർത്തിത്വത്താൽ നല്ല ചിന്തകൾ ഉണ്ടാകും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
കർക്കടകം:ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിച്ചു പ്രവർത്തിക്കുന്നതിലൂടെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് ദീർഘകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. വ്യത്യസ്തമായ കാഴ്ചപ്പാടുകളാൽ സമീപസ്ഥരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ സാധിക്കാതെ വരും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ സന്നദ്ധനാകും. മാന്യമായ പെരുമാറ്റരീതിയും സമീപനവും അവലംബിക്കുവാൻ തയാറാകും.