ADVERTISEMENT

മൂലം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:വിദ്യാർഥികൾക്ക് അനുസരണയില്ലായ്മ, ഉദാസീനമനോഭാവം, ശ്രദ്ധക്കുറവ് തുടങ്ങിയവ കൂടും. അനവസരങ്ങളിലുള്ള വാഗ്വാദങ്ങളിൽ നിന്ന് ഒഴി ഞ്ഞുമാറുവാൻ ഉൾപ്രേരണയുണ്ടാകും. പ്രവർത്തനമേഖലകളിൽ ക്രമാനുഗതമായ വളർച്ചയുണ്ടാകും. ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങളും തുടങ്ങിവയ്ക്കും. നീതിയുക്തമായ തീരുമാനവും പ്രവർത്തനങ്ങളും അപര്യാപ്തതകളെ അതിജീവിക്കുവാൻ ഉപകരിക്കും.

കന്നി:മേലധികാരികളിൽ നിന്ന് അതൃപ്തിവചനങ്ങൾ കേൾക്കാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണു നല്ലത്. കുടുംബത്തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുക. ഗൗരവമുള്ള കാര്യങ്ങൾ ലാഘവത്തോടുകൂടി ചെയ്യുവാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും. സമാനചിന്താഗതിയിലുള്ളവരുമായി സുദീർഘമായ ചർച്ച പുതിയ തൊഴിലവസരങ്ങൾക്കു വഴിയൊരുക്കും.

തുലാം:ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ആത്മപ്രഭാവത്താൽ ദുഷ്പ്രചാരണങ്ങൾ നിഷ്ഫലമാകും. അശുഭചിന്തകളും ദുസ്സംശയങ്ങളും ഒഴിവാക്കണം. വിജ്ഞാനപ്രദമായ വിഷയങ്ങളും സന്ദേശങ്ങളും മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.

വൃശ്ചികം:സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥയുണ്ടാകും. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാൽ ഉപരിപഠനത്തിനു ചേരും. ദമ്പതികളുടെ ഏകാഭിപ്രായത്തോടു കൂടിയ ആവശ്യങ്ങൾ പരിഗണിക്കപ്പെടും. സ്ഥാപനത്തിന്റെ ക്ഷയാവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗത്തിലേക്കു മാറുന്നതിനെക്കുറിച്ചു ചിന്തിക്കും. വിവിധ പ്രവർത്തനങ്ങൾ മനസ്സംതൃപ്തിയോടു കൂടി ചെയ്തുതീർക്കുവാൻ സാധിക്കും.

ധനു:സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. സങ്കീർണ വിഷയങ്ങളാണെങ്കിലും സമയോചിതവും യുക്തിപൂർവവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും. ശത്രുതാമനോഭാവത്തിലായിരുന്ന പലരും അവരുടെ സ്വാർഥതാൽപര്യം നേടാൻ മിത്രങ്ങളെന്ന ഭാവത്തിൽ അഭിനയിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ആത്മാർഥമായി പ്രവർത്തിക്കും.

മകരം:മറ്റുള്ളവർ എന്തു വിചാരിക്കുന്നു എന്നു വ്യാകുലപ്പെടാതെ യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. പ്രവർത്തനതലങ്ങൾ വിജയത്തിലെത്തിക്കുവാൻ കർമോത്സുകരായവരെ നിയമിക്കും. പുതിയ ആത്മബന്ധം ഉടലെടുക്കുമെങ്കിലും അന്ധമായി വിശ്വസിക്കരുത്. സങ്കൽപത്തിനനുസരിച്ചു കുടുംബജീവിതം നയിക്കുവാൻ സാധിച്ചതിനാൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തിക്ക് അർഹമായ അംഗീകാരം ലഭിക്കും.

കുംഭം:സുപ്രധാന കാര്യങ്ങൾ തീരുമാനത്തിലെത്തിക്കുവാൻ സാധിക്കും. നിഷേധാത്മക നിലപാടിൽ നിന്ന് ഒഴിഞ്ഞുമാറി, യാഥാർഥ്യങ്ങളോടു ബന്ധപ്പെട്ടു ചിന്തിച്ചു പ്രവർത്തിക്കുവാൻ ഉൾപ്രേരണയുണ്ടാകും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടിയതിനാൽ ഉന്നതാധികാരസ്ഥാനത്തേക്കു മത്സരിക്കുവാൻ അർഹത നേടും. ദിനചര്യാക്രമങ്ങളിൽ മാറ്റം വരുത്തുന്നതിനാൽ ജീവിതശൈലീരോഗങ്ങളെ അതിജീവിക്കും. സഹപ്രവർത്തകർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാനിടവരും.

മീനം:ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാൻ തയാറാകും. ആവർത്തനവിരസത ഒഴിവാക്കുവാൻ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനു തയാറാകും. അവധിക്കാലത്ത് വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

മേടം:പരമ്പരാഗത–പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ ആത്മാഭിമാനവും ആശ്വാസവും തോന്നും. കലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നേടി, മത്സരങ്ങളിൽ വിജയിക്കും. സത്യാവസ്ഥകൾ ബോധിപ്പിക്കുവാൻ അവസരം ലഭിച്ചതിനാൽ വേണ്ടപ്പെട്ടവരിലുള്ള മിഥ്യാധാരണകൾ ഒഴിവാകും. പെരുമാറ്റത്തിലുള്ള കർക്കശമനോഭാവം ഉപേക്ഷിച്ച്, സൗമ്യസമീപനം സ്വീകരിക്കുന്നതുവഴി ആഗ്രഹസാഫല്യമുണ്ടാകും.

ഇടവം:സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്വതസ്സിദ്ധമായ ശൈലി മാതൃകാപ രമായി എന്നറിഞ്ഞാൽ ആശ്വാസമാകും. ഉപഭോക്താവിന്റെ താൽപര്യം പരിഗണിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം കൂട്ടുവാൻ നടപടികളെടുക്കും. ശ്വാസകോശസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്കെതിരെ കരുതൽ വേണം. ശുഭകർമങ്ങളിലും സൽക്കർമങ്ങളിലും ആത്മാർഥമായി സഹകരിക്കും.

മിഥുനം:ആസൂത്രിതപദ്ധതികളിൽ അനുകൂലവിജയമുണ്ടാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൃപ്തിയുള്ള വിഷയത്തിനു ചേരും. സന്താനങ്ങൾക്കു സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. അധികാരപരിധി കൂടുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. അനാവശ്യമായ അശുഭചിന്തകൾ ഉപേക്ഷിക്കണം. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

കർക്കടകം:പ്രാദേശികപിന്തുണ ലഭിച്ചതിനാൽ കക്ഷിരാഷ്ട്രീയമത്സരത്തിൽ വിജയിക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ഭ ക്ഷണക്രമീകരണവും ശീലിക്കും. വ്യക്തമായ പദ്ധതി ആസൂത്രണങ്ങൾ ഇല്ലാതെ പണം മുടക്കരുത്. അപരിചിതർ നിർദേശിക്കുന്ന കർമമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകാമെങ്കിലും നിയമവിരുദ്ധമായതിനാൽ ഒഴിഞ്ഞുമാറുകയാണു നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com