ലക്ഷം ദോഷം ശമിപ്പിക്കുന്ന വ്യാഴം ആർക്കൊക്കെ അനുകൂലം? സമ്പൂർണ രാശിമാറ്റഫലം ഒറ്റനോട്ടത്തിൽ

Mail This Article
ഗ്രഹങ്ങൾ ഓരോ രാശി മാറുമ്പോൾ അതുവരെ ദുരിതം അനുഭവിച്ചിരുന്നവർക്ക് പരിഹാരമുണ്ടാവുകയും നല്ല കാലമായി തീരുകയും ചെയ്യുന്നു. നല്ലസമയം ആയിരുന്നവർക്ക് മോശം സമയം ആയി മാറാനും സാധ്യതയുണ്ട്. വ്യാഴം ഒരു വർഷമാണ് ഒരു രാശിയിൽസഞ്ചരിക്കുന്നത്. അതായത് ഒരു വർഷം കഴിഞ്ഞാണ് അടുത്ത രാശിയിലേക്ക് പ്രവേശിക്കുക. 12 രാശിയിലൂടെ വ്യാഴം സഞ്ചരിക്കുന്ന കാലത്തിനെയാണ് ഒരു വ്യാഴവട്ടക്കാലം എന്നു പറയുന്നത്. 2025 മേയ് 14ന് വ്യാഴം ഇടവത്തിൽ നിന്നു മിഥുനത്തിലേക്കു സംക്രമിക്കുന്നു. വ്യാഴം അനുകൂലമായ കാലമാണ് ദൈവാധീനമുള്ള സമയമായി കണക്കാക്കുന്നത്. വ്യാഴത്തിന്റെ ഈ രാശിമാറ്റം ഓരോ കൂറുകാരെയും വ്യത്യസ്ത തരത്തിലാണു ബാധിക്കുക.
മേടം: (അശ്വതി, ഭരണി, കാർത്തിക 1/4): സാമ്പത്തിക പുരോഗതിയും പഠന പുരോഗതിയും പരീക്ഷയിൽ ഉന്നത വിജയവും, ഉപരിപഠനത്തിനുള്ള അവസരവും ഉണ്ടാകും. ദീർഘ കാലമായി അനുഭവിച്ചു കൊണ്ടിരുന്ന ക്ലേശങ്ങൾക്ക് പരിഹാരം ഉണ്ടാകും.
ഇടവം: (കാർത്തിക 3/4രോഹിണി, മകയിരം 1/2): ഇടവം രാശിക്കാർക്ക് ജന്മ വ്യാഴം പല ദുരന്തങ്ങളും അനുഭവിക്കേണ്ട കാലമാണ്. പണത്തിനും ബുദ്ധിമുട്ടുകളുണ്ടാകും.
മിഥുനം: (മകയിരം1/2, തിരുവാതിര, പുണർതം3/4): മിഥുനം രാശിക്കാർക്ക് വ്യാഴം 12ൽ ആയതിനാൽ അനാവശ്യ ചെലവുകളും സാമ്പത്തിക ക്ലേശവുമുണ്ടാകും.
കർക്കടകം: (പുണർതം1/4, പൂയം, ആയില്യം): ദീർഘകാലമായി പരിശ്രമിക്കുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ കഴിയും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും.
ചിങ്ങം: (മകം, പൂരം, ഉത്രം1/4): ചിങ്ങം രാശിക്കാർക്ക് കർമ വ്യാഴമായതുകൊണ്ട് തൊഴിൽപരമായ ബുദ്ധിമുട്ടുകൾ കൂടുതലായിരിക്കും. നിലവിലെ ജോലി മാറാതിരിക്കുന്നതാണ് ഉത്തമം. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്.
കന്നി: (ഉത്രം, അത്തം, ചിത്തിര 1/2): സാമ്പത്തിക പുരോഗതി കൈവരിക്കും.ഭാഗ്യം കൊണ്ട് പലകാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും.
തുലാം: (ചിത്തിര 1/2, ചോതി, വിശാഖം 3/4): തുലാം രാശിക്കാർക്ക് വ്യാഴം അഷ്ടമത്തിലായതുകൊണ്ട് എല്ലാകാര്യങ്ങൾക്കും തടസ്സവും സാമ്പത്തിക ബുദ്ധിമുട്ടും അപകടസാധ്യതയുമുണ്ടാകാം.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട): കുടുംബജീവിതം സന്തോഷകരമാകും. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളുമുണ്ടാകും. പുതിയ പല അവസരങ്ങളും ലഭിക്കും ഈശ്വരാധീനമുള്ള കാലമാണ്.
ധനു: (മൂലം, പൂരാടം, ഉത്രാടം 1/4): ധനു രാശിക്കാർക്ക് വ്യാഴം ആറിൽ ആയതുകൊണ്ട് ദൈവാധീനം കുറഞ്ഞ കാലമാണ്. ഒരു കാര്യത്തിന് തന്നെ പലപ്രാവശ്യം ശ്രമിക്കേണ്ടതായി വരും.
മകരം: (ഉത്രാടം, തിരുവോണം, അവിട്ടം 1/2): സ്ഥാനക്കയറ്റവും സാമ്പത്തികം നേട്ടവും പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കുന്ന ദൈവാധീനമുള്ള കാലമാണ്.
കുംഭം: (അവിട്ടം, ചതയം, പൂരുരുട്ടാതി): യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. പൊതുവേ ദൈവാധീനമുള്ള കാലമാണ്. ധനപരമായി നേട്ടങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യാം.
മീനം: (പൂരുരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി): മീനം രാശിക്കാർക്ക് മൂന്നിൽ വ്യാഴം ആയതുകൊണ്ട് തന്നെ പലവിധ ദുഃഖങ്ങളും അനുഭവിക്കേണ്ടി വരാം. ഒപ്പം സാമ്പത്തിക ഞെരുക്കവും അനുഭവപ്പെടാം.