നേട്ടങ്ങൾ വിസ്മയം തീർക്കുന്ന വർഷം; വിജയത്തേരിൽ 7 കൂറുകാർ, സമ്പൂർണ വർഷഫലം

Mail This Article
ഒരു വർഷത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഒരു വർഷ കാലത്തോളം വ്യാഴം, ശനി, രാഹു, കേതു എവിടെ സ്ഥിതിചെയ്യുന്നു എന്നു നോക്കിയാണ് സാമാന്യ ഫലപ്രവചനം നടത്തുക (മറ്റു ഗ്രഹങ്ങളുടെ ചാരഫലവും വ്യക്തികൾക്ക് അനുഭവപ്പെടുമെങ്കിലും അവയുടെ ഫലം മാസഫലങ്ങളിലെ വിവരിക്കുകയുള്ളൂ) ഇതിന്റെ കൂടെ ജാതകാൽ ഉള്ള ഗ്രഹസ്ഥിതി ബലവും ഭാവഅംശകാദി ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ് ഒരു ജാതകന്റെ യഥാർഥ ഫലം നിർണയം നടത്തേണ്ടത്.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): വർഷത്തിന്റെ ആദ്യ പകുതി എല്ലാ കാര്യങ്ങളിലും കൂടുതൽ ഗുണാനുഭവം ഉണ്ടാകും. ശേഷം കയറ്റവും ഇറക്കവും ഒരു പോലെ അനുഭവപ്പെടും. എല്ലാ കാര്യവും നന്നായി ആലോചിച്ച് ചെയ്യുക. അനാവശ്യ വാക്കുതർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ആരോഗ്യത്തിൽ ശ്രദ്ധ വേണം. എടുത്തു ചാടാതെയും അലസത കൂടാതെയും ഈശ്വരപ്രാർഥനയോടെയും ക്ഷമയോടെയും പ്രവർത്തിച്ചാൽ ഈ വർഷം ആഹ്ലാദകരമായ ജീവിതം നയിക്കാനിടയാകും. അതേ സമയം ഭയപ്പാടോടെ എല്ലാത്തിൽ നിന്നും അകന്നു നിൽക്കുന്നത് തിരിച്ചടി ഉണ്ടാക്കും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2): വർഷത്തിന്റെ ആദ്യ പകുതി വളരെ സൂക്ഷിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകണം. ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യ കാര്യത്തിലും ധനപരമായ കാര്യത്തിലും വളരെ ശ്രദ്ധവേണം. വർഷപകുതി കഴിഞ്ഞാൽ ഗുണാനുഭവം വന്നു തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരും. കാര്യവിജയമുണ്ടാകും. ശത്രുശല്യം കുറയും. വിവാഹം, പ്രണയം, ദാമ്പത്യ സുഖം ഇവയെല്ലാം അനുഭവിക്കാൻ യോഗം. തടസ്സപ്പെട്ടു കിടന്ന വിദേശയാത്ര സഫലീകൃതമാവും. വരുമാനമാർഗങ്ങൾ വർധിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4): ഈ വർഷം ഈശ്വരാധീനത്താൽ ഗുണകരമാക്കി മാറ്റാം. എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും മനഃസംയമനത്തോടെയും സാവകാശത്തോടെയും ചെയ്യുന്നതു വഴി വിജയിക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ചകൾ ചെയ്യുക വഴി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതെ വരുത്താം. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങളുടെമേൽ ചുമത്തപ്പെടാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ധൂർത്ത് ഒഴിവാക്കണം. അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടരുത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം): വർഷത്തിന്റെ ആദ്യ പകുതി എല്ലാ കാര്യങ്ങളിലും ഗുണാനുഭവം ഉണ്ടാകുന്നതാണ്. ശേഷം എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. പാഴ്ച്ചെലവ് നിയന്ത്രിക്കുക. ഭൂമി സംബന്ധമായ ക്രയ–വിക്രയം ചെയ്യുമ്പോൾ ധനനഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ധ്യാനം, ഈശ്വരപ്രാർഥന എന്നിവ പതിവാക്കുക. കഠിനാധ്വാനം അംഗീകരിക്കപ്പെടും. എല്ലാവരോടും നയപരമായി പെരുമാറുക വഴി ഗുണാനുഭവം ഉണ്ടാകും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): വർഷത്തിന്റെ ആദ്യ പകുതി ചില വിഷമങ്ങൾ അലട്ടിയേക്കും. അന്യരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് മനോദുഃഖം വാങ്ങരുത്. കർമകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. ധന ഇടപാടിൽ ജാഗ്രത വേണം. അലസത ഒഴിവാക്കണം. വർഷപകുതി കഴിഞ്ഞാൽ കർമരംഗത്ത് നേട്ടം, സാമ്പത്തികാഭിവൃദ്ധി, വിദേശയോഗം, മത്സരങ്ങളിൽ വിജയ സാധ്യത, ഗ്യഹത്തിൽ സന്തോഷാനുഭവം ഇവ അനുഭവത്തിൽ വരും. ദുശ്ശീലങ്ങൾ ഉപേക്ഷിച്ച് സദ്ശീലങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തി മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): വർഷത്തിന്റെ ആദ്യ പകുതി കൂടുതൽ ഗുണമാണ്. പകുതിക്കു ശേഷം എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തുക. ഇടയ്ക്ക് ദാമ്പത്യ പ്രശ്നങ്ങൾ വന്നാൽ രമ്യതയിൽ പരിഹരിക്കാൻ ശ്രമിക്കണം. ബന്ധുക്കളെ പിണക്കരുത്. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ജോലി സ്ഥലത്ത് എല്ലാവരോടും വിനയത്തോടെയും നയപരമായും പെരുമാറുക. നിഷേധ ചിന്തകൾ ഒഴിവാക്കണം ചിലർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കില്ല. ധനനഷ്ടം, അപവാദം ഇവ കരുതിയിരിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): വർഷത്തിന്റെ ആദ്യ പകുതി ശാരീരികവും മാനസികവും ധനപരമായും പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. ശേഷം ഒരു പാട് ഗുണാനുഭവങ്ങൾ കൈവരും. കർമരംഗത്ത് വ്യക്തിപരമായ പല നേട്ടങ്ങളുമുണ്ടാകും. ഭാഗ്യാനുഭവങ്ങൾ വർധിക്കും. പ്രണയബന്ധങ്ങൾ ശക്തമാകും. ആഗ്രഹിച്ച വിവാഹം നടക്കും. ധനപരമായി അപ്രതീക്ഷിത വർധനവ് ഉണ്ടാകും. ഉപരിപഠന സാധ്യത തെളിയും. കലാരംഗത്ത് അവസരങ്ങൾ വർധിക്കും. നിർധനരായവർക്ക് സാമ്പത്തിക സഹായം ചെയ്യുവാനിടവരും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ആദ്യ പകുതി വലിയ ബുദ്ധിമുട്ട് ഇല്ലാതെ കടന്നു പോകും. ശേഷം ഗുരുതര പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും ഈശ്വരപ്രാർഥനയാൽ ഗുണകരമായി തന്നെ പരിണമിക്കും. എങ്കിലും എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. ആരോഗ്യ ശ്രദ്ധ നന്നായി വേണം. ലോൺ, കട ബാധ്യത, ജാമ്യം ഇവയിൽ ചെന്നു ചാടരുത്. ദാമ്പത്യ കലഹം ഒഴിവാക്കണം. അസുഖങ്ങൾക്ക് തക്കതായ ചികിത്സ നൽകണം. ചെറിയ അസുഖങ്ങളെ പോലും അവഗണിക്കരുത്. അനാവശ്യ മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം. ജപം, പ്രാർഥന ഇവയ്ക്ക് മുടക്കം വരാതെ നോക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): വർഷത്തിന്റെ ആദ്യ പകുതി ചെറിയ ബുദ്ധിമുട്ടിലൂടെ കടന്നു പോകും. തൊഴിൽപരമായ ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം. ദൈവാധീനം വർധിപ്പിക്കണം. വർഷ പകുതിക്കു ശേഷം ശ്രമങ്ങൾ ഫലം തരും. പുതിയ കർമപദ്ധതികൾ ആവിഷ്ക്കരിക്കും. പുതിയ നിർമാണ പ്രൊജക്ടിൽ പങ്കാളിയാകും. തടസ്സപ്പെട്ട വിവാഹം, വിദ്യാഭ്യാസം എന്നീ കാര്യങ്ങൾ വഴിയെ നടക്കും. കോടതി വിധികൾ അനുകൂലമാവും. ബിസിനസിൽ ലാഭം കൂടും. പാഴ്ചെലവ് നിയന്ത്രിക്കണം. അസൂയക്കാരെയും കള്ളൻമാരെയും കരുതിയിരിക്കുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ആദ്യ പകുതി കൂടുതൽ ഗുണം ഉണ്ടാകും. പകുതിക്കു ശേഷം എല്ലാ കാര്യങ്ങളും ക്ഷമയോടെയും ശ്രദ്ധാപൂർവവും ചെയ്യുക വഴി വിജയിക്കാൻ കഴിയും. മോശം കൂട്ടുകെട്ടുകൾ കാരണം മാനഹാനിയും മറ്റ് ദോഷാനുഭവങ്ങളും വരാതെ നോക്കണം. കർമരംഗത്ത് മേലധികാരികളുടെ പിന്തുന്ന ഗുണം ചെയ്യും. താൻ ചെയ്യേണ്ടതായ കാര്യങ്ങളിൽ ഉണർന്നു പ്രവർത്തിച്ചാൽ പ്രശസ്തിയും അംഗീകാരവും നിശ്ചയമായും കിട്ടും. അപ്രതീക്ഷിതമായി ധനം വന്നു ചേരും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4): ആദ്യ പകുതി ചില വൈഷമ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ പകുതിക്കു ശേഷം ഈശ്വരകൃപയാൽ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഈശ്വര കൃപയാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. പഠന പുരോഗതി നേടുവാൻ സാധിക്കും. പുതിയ സംരംഭങ്ങൾക്ക് ധനസഹായം ലഭിക്കും. ബുദ്ധി സാമർഥ്യവും വാക് സാമർഥ്യവും കൊണ്ട് നേട്ടമുണ്ടാകും. ധനാഗമനത്തിനോടൊപ്പം ചെലവുകൾ വർധിക്കും. പാഴ്ചെലവുകൾ നിയന്ത്രിക്കണം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം വന്നു ചേരും. സന്താനങ്ങളെ കൊണ്ട് ഗുണാനുഭവം ഉണ്ടാകും.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): ഈ വർഷം എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. ജോലി ഭാരം കുറയ്ക്കണം. ആരോഗ്യ ശ്രദ്ധ വേണം. ഒരു കാര്യവും മനസ്സിലാക്കാതെ ഊഹിച്ച് അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ചെയ്യരുത്. പരുഷമായ സംസാരം പാടില്ല. നിരാശ വേണ്ട. ദാമ്പത്യ കലഹം ഒഴിവാക്കണം. ചെറിയ ശാരീരിക ക്ലേശങ്ങൾ പോലും അവഗണിക്കരുത്. അനാവശ്യമായി പലതും ആലോചിച്ച് മന:സംഘർഷം വരുത്താതെ മന:സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ മുഴുകുക. ദൈവികപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി.ഒ : മമ്പറം
വഴി : പിണറായി - 670741
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID: prabhaseenacp@gmail.com