മകരമാസത്തിലെ സമ്പൂർണ നക്ഷത്രഫലം - കാണിപ്പയ്യൂർ

Mail This Article
അശ്വതി :ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉണ്ടാകും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സഹവർത്തിത്വഗുണത്താൽ നല്ല ചിന്തകൾ കൂടും. നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടി വരും. വാഹനാപകടം ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം.
ഭരണി :സത്യാവസ്ഥ ബോധിപ്പിച്ചാലും മറ്റുള്ളവർക്കു യാഥാർഥമെന്നു തോന്നുകയില്ല. മാതാവിന്റെ അസുഖം നിമിത്തം ജന്മനാട്ടിലെ ഉദ്യോഗത്തിനു ശ്രമിക്കും. ഗതാഗതനിയമം പാലിക്കാത്തതിനാൽ പിഴ അടയ്ക്കേണ്ടി വരും. വേണ്ടപ്പെട്ടവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതു വഴി ആത്മാഭിമാനമുണ്ടാകും. ബന്ധുവിന്റെ അകാലവിയോഗം ഗതകാലസ്മരണകൾക്കു വഴിയൊരുക്കും.
കാർത്തിക: വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ചു പ്രവർത്തിച്ചാൽ തൊഴിൽമേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. അധികച്ചെലവു നിയന്ത്രിക്കണം. പുതിയ തലമുറയിലുള്ളവരുടെ അതൃപ്തി കാരണത്താല്‍ മാറിത്താമസിക്കാനിടവരും. ഈശ്വരപ്രാർഥനകളാലും ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും അബദ്ധങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. ഉപകാരം ചെയ്തു കൊടുത്ത ബന്ധുക്കളിൽ ചിലർ വിരോധികളായിത്തീരും.
രോഹിണി:മേലധികാരി ചെയ്തുവച്ച അബദ്ധങ്ങൾക്കു വിശദീകരണം നൽകുവാനിടവരും. ഏറ്റെടുത്ത ജോലികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. അവസരോചിതമായി പ്രവർത്തിക്കാനുള്ള സമചിത്തതയും യുക്തിയും അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ദീർഘകാല പദ്ധതികള്‍ക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും.
മകയിരം : വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നു നിരുപാധികം പിന്മാറും. ആതുരസേവനത്തിൽ ആത്മാർഥമായി പ്രവർത്തിക്കും. വർഷങ്ങളായി അധഃപതിച്ചു കിടക്കുന്ന പ്രവർത്തനമണ്ഡലങ്ങൾക്കു പുനർജീവൻ നൽകാൻ സാധിക്കും. സജ്ജനസംസർഗത്താൽ നല്ല ചിന്തകൾ കൂടും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.
തിരുവാതിര: ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആധ്യാത്മിക– ആത്മീയ ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ആർഭാടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുന്നതു വഴി പണം മിച്ചം വയ്ക്കുവാൻ സാധിക്കും. ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തും. പഠിച്ച വിദ്യയോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും.
പുണർതം : ഈശ്വരപ്രാർഥനകളാലും സൗമ്യസമീപനത്താലും പ്രതികൂലസാഹചര്യങ്ങളെ ഏറെക്കുറെ അതിജീവിക്കും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. െചയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാകും ഭാവിയിലേക്കു നല്ലത്. ഔചിത്യമുള്ള സമീപനശൈലിക്ക് അർഹമായ അംഗീകാരം അന്തിമനിമിഷത്തിൽ അനുഭവയോഗ്യമാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും.
പൂയം: അനാവശ്യമായ ആധി ഒഴിവാക്കണം. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാനും പുതിയ ആശയങ്ങൾ സ്വീകരിക്കുവാനും ഇടവരും. ശ്രമകരമായ പ്രവർത്തനങ്ങൾ ജൂണിനു ശേഷം ലക്ഷ്യപ്രാപ്തി നേടും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആധ്യാത്മിക–ആത്മീയ ചിന്തകളാൽ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവ സാന്നിധ്യം വേണ്ടിവരും.
ആയില്യം: ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. വഴിപാടു നേർന്ന്, കാര്യസാധ്യം കൈവന്ന്, നേർന്ന വഴിപാടുകൾ ചെയ്യുവാനിടവരും. മേലധികാരിക്കു തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിക്കുവാൻ സാധിക്കും. കൈവിട്ടുപോകുമെന്നു കരുതിയ വസ്തുവകകൾ തിരിച്ചു വാങ്ങുവാൻ സാധിക്കും.
മകം: സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യുവാനവസരമുണ്ടാകും. ഗൃഹനിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനം നിർവഹിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കാനിടവരും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വാത–നാഡീരോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും.
പൂരം: കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. ശാസ്ത്രീയ പ്രായോഗിക വശങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും.
ഉത്രം: വാഹനം മാറ്റി വാങ്ങും. അനാവശ്യമായ ആധി ഉപേക്ഷിക്കണം. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടുപോകും. സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുെട സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും.
അത്തം:ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനു വ്യവസായം നവീകരിക്കാൻ തീരുമാനിക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നതിൽ ആത്മസംതൃപ്തി നേടും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആഗ്രഹിക്കുന്ന ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. വാഗ്ദാനങ്ങൾ നിറവേറ്റാൻ ആത്മാർഥമായി പ്രവർത്തിക്കും.
ചിത്തിര: അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുവാൻ നിയമസഹായം തേടും. അവസ്ഥാഭേദങ്ങൾക്കനുസരിച്ചു മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക തോന്നും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. പുത്രന്റെ കുടുംബസംരക്ഷണച്ചുമതലയിൽ ആശ്വാസം തോന്നും. ഉദ്യോഗത്തിനോടനുബന്ധമായ ഉദ്യോഗം ഉപേക്ഷിച്ചോ ഉപരിപഠനത്തിനു േചരുന്നതു ഭാവിയിലേക്ക് ഉപകാരപ്രദമാകും.
ചോതി:വിജയപ്രതീക്ഷകൾ സഫലമാകും. അവതരണശൈലിയിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതിനാൽ സൽക്കീർത്തിയും സജ്ജനബഹുമാന്യതയും വന്നു ചേരും. പണം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധങ്ങൾക്കു വഴിയൊരുക്കും.
വിശാഖം :സമര്‍പ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. കൂട്ടുകെട്ടുകളിൽ നിന്നു മക്കളെ രക്ഷിക്കുവാൻ സാധിക്കും. വർഷങ്ങളായി നിലനിന്നിരുന്ന തൊഴിൽപരമായ അനിശ്ചിതാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. വ്യവഹാര വിജയത്താൽ അർഹമായ പൂർവികസ്വത്ത് ലഭിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം.
അനിഴം: ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ഉന്നയിച്ച ആശയങ്ങൾ പരിഗണിച്ച മേലധികാരിയോട് ആദരവും ബഹുമാനവും തോന്നും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. ബന്ധുവിന്റെ ദുരവസ്ഥയിൽ സാമ്പത്തിക സഹായം ചെയ്യുവാൻ പ്രേരിതനാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
തൃക്കേട്ട:കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ഉദ്യോഗമന്വേഷിച്ച് വിദേശയാത്രയ്ക്കു തയാറാകും.ശുഭാപ്തിവിശ്വാസത്തോടുകൂടിയ സമീപനം പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് സർവകാര്യവിജയങ്ങൾക്കും വഴിയൊരുക്കും. വിദ്യാർഥികൾക്ക് അനുകൂലസാഹചര്യവും ഉന്മേഷവും ഉത്സാഹവും വർധിക്കും. ആധ്യാത്മിക– ആത്മീയവിഷയങ്ങളിൽ താൽപര്യം വർധിക്കുന്നതിനും സാധ്യതയുണ്ട്.
മൂലം: മറ്റുള്ളവർ എന്തു വിചാരിക്കുന്നു എന്നു വ്യാകുലപ്പെടാതെ യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. പ്രവർത്തനതലങ്ങൾ വിജയത്തിലെത്തിക്കുവാൻ കർമോത്സുകരായവരെ നിയമിക്കും. പുതിയ ആത്മബന്ധം ഉടലെടുക്കുമെങ്കിലും അന്ധമായി വിശ്വസിക്കരുത്. സങ്കൽപത്തിനനുസരിച്ചു കുടുംബജീവിതം നയിക്കുവാൻ സാധിച്ചതിനാൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തിക്ക് അർഹമായ അംഗീകാരം ലഭിക്കും.
പൂരാടം: പുനഃപരീക്ഷയിൽ വിജയശതമാനം കൂടും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. അതിലൂടെ പ്രവർത്തനക്ഷമതയും ആത്മവിശ്വാസവും വർധിക്കും. സങ്കീർണമായ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. ഉന്നതാധികാരം ലഭിച്ചതിനാൽ ജീവിതഗതിയിൽ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും.
ഉത്രാടം :ഉന്നതരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ അവസരമുണ്ടാകും. സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. വ്യവഹാരത്തിൽ വിജയമുണ്ടാകും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗം ലഭിക്കുമെങ്കിലും സാമ്പത്തികചുമതലകളും യാത്രാക്ലേശവും കൂടും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും.
തിരുവോണം :അനുഭവജ്ഞാനവും പ്രവൃത്തി പരിചയമുള്ളവരുടെ നിർദേശവും ഉപദേശവും സ്വീകരിച്ച് പുതിയ കർമപദ്ധതികൾ തയാറാക്കും. പുനഃപരിശോധനയിൽ വിജയശതമാനം കൂടും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കുന്നതിനാൽ പ്രവർത്തനക്ഷമതയും ജനസ്വാധീനവും കാര്യനിർവഹണ ശക്തിയും ആത്മവിശ്വാസവും കൂടും.
അവിട്ടം: ഭരണപാടവും, ശുഭാപ്തിവിശ്വാസം, ലക്ഷ്യബോധം, ഏകാഗ്രചിന്ത തുടങ്ങിയവ പ്രവർത്തനവിജയത്തിനും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കും. നിർത്തിവച്ച കര്‍മപദ്ധതികൾ പുനരാരംഭിക്കും. ആഗ്രഹിച്ചതുപോലെ സന്താനഭാഗ്യമുണ്ടാകും. സങ്കീർണമായ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. ജോലിയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ കഴിയും.
ചതയം : പുതിയ വിഷയങ്ങളിൽ അറിവു നേടാനും പകർന്നു കൊടുക്കുവാനുമിടവരും. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. ജോലിയിൽ നിന്ന് അവധിയെടുത്തു വിശ്രമം വേണ്ടി വരും. വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളതിനാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും.
പൂരുരുട്ടാതി : അബദ്ധങ്ങളിൽ നിന്നു മക്കളെ രക്ഷിക്കുവാൻ കരുതലെടുക്കും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ വന്നു ചേരും. അറിയാത്ത കാര്യങ്ങളിൽ ആധികാരികമായി പറയരുത്. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. പുതിയ വീടു വാങ്ങാൻ ആലോചിക്കും.
ഉത്തൃട്ടാതി : പുതിയ വീടു വാങ്ങാൻ ആലോചിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസവും ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാകും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. അർഹമായ രീതിയിൽ സ്ഥാനം ലഭിക്കും. വിനയത്തോടുകൂടി സ്വീകരിക്കണം.
രേവതി :ജാഗ്രതയോടു കൂടിയുള്ള പ്രവർത്തനശൈലിക്ക് അനുമോദനങ്ങൾ വന്നു ചേരും. ക്രിയാത്മകമായ നടപടിക്രമങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതു വൻവിജയത്തിനു വഴിയൊരുക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കുവാനും സാധ്യതയുണ്ട്. കുടുംബത്തിലെ തർക്കം പരിഹരിക്കാൻ നേതൃത്വം നൽകുന്നതു വഴി അർഹമായ സ്വത്ത് വന്നു ചേരും.