സർവേശ്വരകാരകനായ വ്യാഴത്തിന്റെ കൂറുമാറ്റം 2025 മേയ് 14 ന്, സമ്പൂർണഫലം

Mail This Article
ഒരു വ്യക്തിയുടെ ജാതകത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം, ധനം, സന്താന ഗുണം,ഭാഗ്യം ദൈവാധീനം , അനുഭവയോഗങ്ങൾ, ലഭിക്കുന്ന അവസരങ്ങൾ , പ്രയോജനപ്പെടുത്താനുള്ള അവസ്ഥ ഇവയെല്ലാം വ്യാഴത്തിന്റെ അവസ്ഥ കൊണ്ട് ചിന്തിക്കാവുന്നതാണ്. മറ്റെല്ലാ ഗ്രഹസ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കിൽ അനുഭവഗുണം കുറയും. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനക്കുറവ് അനുഭവപ്പെടും.
1200 മേടമാസം 31 ന് (2025 മേയ് 14 ന്) 41 നാഴിക 12വിനാഴികക്ക് വ്യാഴം ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് മാറുകയാണ് അതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ചു വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തണം
മേടക്കൂറ്(അശ്വതി ഭരണി, കാർത്തിക 1/4 ):മേടക്കൂറുകാർക്ക് വ്യാഴം രണ്ടാം ഭാവത്തിൽ നിന്നും മൂന്നാം ഭാവത്തിലേക്ക് മാറുകയാണ്. എല്ലാ കാര്യങ്ങളും വിചാരിക്കുന്ന പോലെ നടക്കണമെന്നില്ല. കർമ്മ സ്ഥാനചലനവും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഇഷ്ടക്കേടും ബുദ്ധിപൂർവം തരണം ചെയ്യുക. വിദ്യാർത്ഥികൾ അലസത വർധിക്കാതെ നോക്കണം ഗതിവിഗതികൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങളെ അതിജീവിക്കേണ്ടതായി വരും. ത്വക്‌രോഗം അലർജി, ആസ്തമ ഇവകൾ ബുദ്ധിമുട്ടിച്ചേക്കാം
ഇടവക്കൂറ്( കാർത്തിക 3/4 , രോഹിണി, മകയിരം 1/2): ഇടവക്കൂറുകാർക്ക് വ്യാഴം ജന്മത്തിൽ നിന്നും രണ്ടാം ഭാവത്തിലേക്ക് മാറുകയാണ്. അപ്രതീക്ഷിത ധനലാഭത്തിന് സാദ്ധ്യത. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കും. വിദേശയാത്രയ്ക്കുള്ള കാര്യങ്ങൾ പുരോഗമിക്കും. വിവാഹാന്വേഷകർക്ക് ഗുണാനുഭവ കാലമാണ്. പുതിയ ഗൃഹമോ വാഹനമോ വാങ്ങാനിടയുണ്ട്. വീട്ടിൽ ധാരാളം അതിഥികൾ വരാനിടവരും. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ സഹായം ഇവയും ഉണ്ടാവും
മിഥുനക്കൂറ് ( മകയിരം 1/2 , തിരുവാതിര , പുണർതം 3/4 ): മിഥുനക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ നിന്നും ജന്മത്തിലേക്ക് മാറുകയാണ്. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്. ധനം കൈകാര്യം ചെയ്യുമ്പോൾ അബദ്ധം പറ്റാതെ നോക്കുക. ധൂർത്ത് ഒഴിവാക്കുക. ഏതു തീരുമാനവും ക്ഷമയോടെ ആലോചിച്ച് മതി. കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തണം. ആത്മവിശ്വാസം കൈവിടരുത്. ബിസിനസ്സിൽ പുതിയ കരാർ - പദ്ധതികൾ എന്നിവ ഉടൻ വേണ്ട.
കർക്കടകക്കൂറ് ( പുണർതം 1/4 , പൂയം , ആയില്യം ): കർക്കടകക്കുറുകാർക്ക് വ്യാഴം പതിനൊന്നാം ഭാവത്തിൽ നിന്നും പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുകയാണ്. ചെലവുകൾ നിയന്ത്രിക്കുക. ദുർവ്യയങ്ങളിലൂടെ സാമ്പത്തിക വിഷമങ്ങൾക്കിടവരാതെ ജാഗ്രത. പുതിയ പദ്ധതികൾക്ക് രൂപം നൽകുമ്പോൾ നന്നായി ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ സഹപ്രവർത്തകർ എല്ലാവരോടും നല്ല രീതിയിൽ പെരുമാറി സ്നേഹാദരവ് നേടണം. സ്വയം നിയന്ത്രിച്ച് ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ മന:സമാധാനം ഉണ്ടാവും. അപകട സാദ്ധ്യതയുള്ള എല്ലാ പ്രവൃത്തികളും പരമാവധി ഒഴിവാക്കണം.
ചിങ്ങക്കൂറ് ( മകം , പൂരം ഉത്രം 1/4 ): ചിങ്ങക്കൂറുകാർക്ക് വ്യാഴം പത്താം ഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്ക് മാറുകയാണ്. ജോലി അന്വേഷകർക്ക് ജോലി സാദ്ധ്യത, ഉദ്യോഗസ്ഥർക്ക് ഉദ്യോഗകയറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സമകലും. സ്വപ്ന പദ്ധതികൾക്ക് കാലം അനുകൂലം. വിവാഹം നടക്കും. വ്യാപാര വ്യവസായ രംഗങ്ങളിലുള്ളവർക്ക് പുരോഗതി. സന്താനങ്ങൾക്ക് ഗുണാനുഭവങ്ങൾ ഉണ്ടാവും. ആഭരണലബ്ധി, ധനലാഭം, ഭക്ഷണസുഖം തുടങ്ങിയ ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം.
കന്നിക്കൂറ്( ഉത്രം 3/4 , അത്തം ചിത്തിര 1/2):കന്നിക്കൂറുകാർക്ക് വ്യാഴം ഒൻപതാം ഭാവത്തിൽ നിന്നും പത്താം ഭാവത്തിലേക്ക് മാറുകയാണ്. കർമ്മ സ്ഥാനത്ത് ക്ലേശാനുഭവം വരാനുള്ള സാഹചര്യം വന്നു ചേരും. ജീവിതമുന്നേറ്റത്തിന് ഒരു പരിധിയിലധികം ആരെയും ആശ്രയിക്കരുത്. വാക്കുകളിൽ നിയന്ത്രണം വേണം. പിടിവാശിയും മുൻകോപവും ഉപേക്ഷിക്കണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ദുഷ്ടജനങ്ങളുമായുള്ള സമ്പർക്കം അപകീർത്തിക്ക് ഇടവരുത്തുമെന്നതിനാൽ ശ്രദ്ധിക്കണം. ഗുരു ജനങ്ങളുടെ അപ്രിയത്തിന് സാദ്ധ്യതകാലമാകയാൽ പ്രത്യേകം ശ്രദ്ധിക്കുക
തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 ): തുലാക്കൂറുകാർക്ക് വ്യാഴം എട്ടാം ഭാവത്തിൽ നിന്നും ഒൻപതാം ഭാവത്തിലേക്ക് മാറുകയാണ്. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ അഭിവ്യദ്ധിയും ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ഫലപ്രാപ്തിയും ഉണ്ടാവും. പ്രണയിനികൾക്ക് പ്രണയ സാഫല്യം. അവിവാഹിതർക്ക് വിവാഹസാദ്ധ്യത വർധിക്കും. പൊതു പ്രവർത്തകർ പ്രവർത്തന രംഗത്ത് ശോഭിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരമുണ്ടാകും വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4 , അനിഴം , തൃക്കേട്ട ) വൃശ്ചികക്കൂറുകാർക്ക് വ്യാഴം ഏഴാം ഭാവത്തിൽ നിന്നും അഷ്ടമത്തിലേക്ക് മാറുകയാണ്. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. ആലോചിക്കാതെ ചെയ്തു പോയ ചില കാര്യങ്ങളുടെ ഫലമായി അനർഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്ന് താക്കീത് വരാതെ സൂക്ഷിക്കുക. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും സൗമ്യമായി പെരുമാറുക . ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ അലസത വെടിയണം. ഏറ്റെടുക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി കൃത്യമായി ചെയ്തു തീർക്കണം.
ധനുക്കൂറ്( മൂലം , പൂരാടം , ഉത്രാടം 1/4 ): ധനുക്കൂറുകാർക്ക് വ്യാഴം ആറാം ഭാവത്തിൽ നിന്നും ഏഴാം ഭാവത്തിലേക്ക് മാറുകയാണ്. അപ്രതീക്ഷിത ഭാഗ്യാനുഭവം ,പ്രണയ സാഫല്യം, വിവാഹം,ദാമ്പത്യ സുഖം ,സ്ഥാനലാഭം ഗ്യഹസുഖം എന്നിവ ഫലം. അകന്നു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കും. ബിസിനസ്സ് മെച്ചപ്പെടും. കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഭൂമിവാങ്ങുവാനവസരമുണ്ടാകും. അപ്രതീക്ഷിതമായി പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടും.
മകരക്കൂറ്( ഉത്രാടം 3/4 തിരുവോണം,അവിട്ടം 1/2):മകരക്കൂറുകാർക്ക് വ്യാഴം അഞ്ചാം ഭാവത്തിൽ നിന്നും ആറാം ഭാവത്തിലേക്ക് മാറുകയാണ്. ആരോഗ്യ ശ്രദ്ധ വേണം. വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. ഈശ്വര പ്രാർഥനയിലൂടെയും വിട്ടുവീഴ്ചകളിലൂടെയും കുടുംബ ജീവിതം സമാധാനപരമാകും. സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള സഹായത്തിന് ചില തടസ്സങ്ങൾ ഉണ്ടായേക്കാം. ഉന്നത ഉദ്യോഗസ്ഥരുമായുള്ള മാനസിക അകൽച്ച സ്ഥാനചലനത്തിനിടവരാം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് കൂടുതൽ പണം ആവശ്യമായി വന്നേക്കാം. ശരീരത്തിൽ മുറിവുകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
കുംഭക്കൂറ് ( അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 ):കുംഭക്കൂറുകാർക്ക് വ്യാഴം നാലാം ഭാവത്തിൽ നിന്നും അഞ്ചാം ഭാവത്തിലേക്ക് മാറുകയാണ്. മാനസ്സികമായി ഉന്മേഷം കൈവരും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് ധനവരവ് ഉണ്ടാവും. സന്താനങ്ങൾക്ക് ഉയർച്ച , മംഗല്യ ഭാഗ്യം എന്നിവ പ്രതീക്ഷിക്കാം. സന്താനങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. ഉപരിപഠനം വിജയകരമായി പൂർത്തിയാക്കും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും
മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി , രേവതി ): മീനക്കൂറുകാർക്ക് വ്യാഴം മൂന്നാം ഭാവത്തിൽ നിന്നും നാലാം ഭാവത്തിലേക്ക് മാറുകയാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. തൊഴിൽപരമായും ധനക്രയവിക്രയപരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. യാത്രകൾ കുറയ്ക്കുക. സ്ത്രീകളിൽ നിന്നും അപവാദങ്ങളേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക .ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. പ്രലോഭനങ്ങളിൽ അകപ്പെടരുത് ദുഃശ്ലീലങ്ങൾ ഒഴിവാക്കണം
ലേഖിക
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി : പിണറായി - 670741
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID: prabhaseenacp@gmail.com