ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക): സന്താന സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. മേലധികാരിയുടെ തെറ്റിദ്ധാരണകൾക്കു വിശദീകരണം നൽകേണ്ടതായി വരും. പൊതുജനാവശ്യം അവതരിപ്പിക്കാൻ ഭരണകർത്താക്കളെ കാണാനിട വരും. ഉത്തരവാദിത്തവും യാത്രാക്ലേശവും വർധിക്കും. പുരോഗതിയില്ലാത്ത ഗൃഹം വിൽക്കാൻ തീരുമാനിക്കും. വ്യവഹാരവിജയത്താൽ അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. വസ്തുനിഷ്ഠമായി പഠിച്ചു പൊതുജനാവശ്യം അറിഞ്ഞ് പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.

ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മദേശത്തേക്ക് മടങ്ങാൻ തീരുമാനിക്കും. സങ്കീർണമായ പ്രശ്നങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും. ആഗ്രഹസാഫല്യത്തിനായി പ്രത്യേക വഴിപാടുകൾ നടത്തും. പ്രായാധിക്യമുള്ളവരുെട വാക്കുകൾ പലപ്പോഴും യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ ആദരവു തോന്നും. ഗുരുതുല്യമായവരെ ആദരിക്കാൻ അവസരമുണ്ടാകും. ജീവിത സാഹചര്യങ്ങളെ മാറ്റി മറിക്കുന്ന സാഹചര്യങ്ങൾ വന്നു ചേരും. എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.

മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക):ആത്മാർഥമായ പ്രവർത്തനങ്ങൾ അനുകൂലസാഹചര്യങ്ങൾക്കു വഴിയൊരുക്കും. നിഷ്ക്രിയരായ ജോലിക്കാരെ പിരിച്ചുവിടും. ചർച്ചകൾക്ക് പൂർണതയുണ്ടാകും. മാനസിക പിരിമുറുക്കത്തിന് കുറവു തോന്നും. സേവന സാമർഥ്യത്താൽ സർവകാര്യവിജയം നേടും. സുപ്രധാനമായ കാര്യങ്ങൾ തീരുമാനത്തിലെത്തും. കഫ രോഗപീഡകൾ വർധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ തുടങ്ങും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും.

കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം):സഹോദര സുഹൃത് സഹായമുണ്ടാകും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ആരാധനാലയത്തിൽ വച്ചു വിശിഷ്ട വ്യക്തികളെ പരിചയപ്പെടാൻ അവസരമുണ്ടാകും. വി‍ജ്ഞാനം കൈമാറാൻ അവസരമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. പുത്രപൗത്രാദി സംരക്ഷണത്താൽ മനസ്സമാധാനമുണ്ടാകും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും. വ്യവസ്ഥകൾ പാലിക്കും. പ്രായത്തിലുപരി പക്വതയുള്ള പുത്രിയുടെ സമീപനത്തിൽ ആശ്വാസവും അഭിമാനവും തോന്നും.

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക):സഹപാഠികളോ സുഹൃത്തുക്കളോ വിരുന്നുവരും. മംഗളകർമങ്ങൾക്ക് നേതൃത്വം നൽകും. ഭാവനകൾ യാഥാർഥ്യമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. അനുബന്ധഭൂമി വാങ്ങാനിട വരും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. സൽക്കർമങ്ങൾക്ക് നേതൃത്വം നൽകും. ഉദ്യോഗമുപേക്ഷിച്ചു വ്യാപാരം തുടങ്ങാൻ തീരുമാനിക്കുമെങ്കിലും കൂട്ടുകച്ചവടത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് നല്ലത്. മേലധികാരികള്‍ക്കു തൃപ്തിയാകും വിധത്തിൽ പദ്ധതികൾ സമർപ്പിക്കാൻ സാധിക്കും. വാഹന ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. സാഹസിക പ്രവൃത്തികളിൽ നിന്നു വിട്ടുനിൽക്കണം.

കന്നിക്കൂർ (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക):ഉപരിപഠനത്തിന് അന്യദേശയാത്ര പുറപ്പെടും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുക്കും. ഈശ്വരപ്രാർഥനകളാൽ ദുഃഖസ്മരണകളിൽ നിന്നു മോചനമുണ്ടാകും. അശ്രദ്ധകൊണ്ടു പണ നഷ്ടമുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും. കാലാവസ്ഥാ വ്യതിയാനം നിമിത്തം അസുഖങ്ങൾ വർധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. ചർച്ചകൾ വിജയിക്കും. ഔദ്യോഗികമായി ചുമതലകൾ വർധിക്കും.

തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക):ആത്മവിശ്വാസവും പ്രവർത്തനക്ഷമതയും വർധിക്കും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. വിജ്ഞാനം ആർജിക്കാനും പകർന്നു കൊടുക്കാനും അവസരമുണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിക്കും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ആർജിക്കും. വിദഗ്ധരുടെ ആശയങ്ങൾ സ്വീകരിച്ച് പുതിയ പദ്ധതികൾ രൂപകൽപന െചയ്യും. ഉപരിപഠനത്തിന‌് പ്രതീക്ഷച്ചതിൽ കൂടുതൽ പണച്ചെലവ് അനുഭവപ്പെടും.

വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട):കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാര വിപണന വിതരണ മേഖലകളിൽ നിന്നു സാമ്പത്തിക പുരോഗതിയുണ്ടാകും. പുതിയ കരാർ ജോലിയിൽ ഒപ്പു വയ്ക്കും. പുതിയ ആവിഷ്കരണ ശൈലി അവലംബിക്കും. മത്സരരംഗങ്ങളിൽ വിജയിക്കും. വാഹനം മാറ്റി വാങ്ങാൻ തീരുമാനിക്കും. ആഗ്രഹിച്ച വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലതു വിട്ടു പോകും. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക):ധനവിഭവ സമാഹരണത്തിൽ ലക്ഷ്യപ്രാപ്തി നേടും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പ്രത്യേക പരിഗണനയിൽ സ്ഥാനക്കയറ്റമുണ്ടാകും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. കയറ്റുമതി സജീവമാകും. വ്യവസായം നവീകരിക്കാൻ വിദഗ്ധ നിർദേശം തേടും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. കരാർ ജോലികൾ പൂർത്തീകരിക്കും. നടപടി ക്രമങ്ങളിൽ കൃത്യത പാലിക്കും.

മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക):ജാഗ്രതയോടു കൂടി പ്രവർത്തിക്കാൻ സാധിക്കും. സമ്പൂർണ സ്വാതന്ത്ര്യത്തോടു കൂടി പുതിയ ചുമതലകൾ ഏറ്റെടുക്കും. കടം വാങ്ങിയ സംഖ്യ തിരിച്ചു കൊടുക്കാൻ സാധിക്കും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അന്തിമ നിമിഷത്തിൽ പരിഹരിക്കപ്പെടും. ആത്മീയ വിഷയങ്ങളിൽ താൽപര്യം വർധിക്കും.

കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):ആത്മവിശ്വാസവും പ്രവർത്തനക്ഷമതയും വർധിക്കും. നിരവധികാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. വിജ്‍ഞാനം ആർജിക്കാനും പകർന്നു കൊടുക്കാനും അവസരമുണ്ടാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്നതെല്ലാം വിജയം കൈവരിക്കും. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സമ്പന്നനാണെന്നു തോന്നിക്കുന്ന വിധത്തിൽ ജീവിക്കുന്നതിൽ ആത്മാഭിമാനം തോന്നും. കക്ഷിരാഷ്ട്രീയ പ്രവർ‍ത്തനം ഉപേക്ഷിച്ച് ഉദ്യോഗമന്വേഷിച്ച് വിദേശയാത്ര പുറപ്പെടും. മുൻകോപം ബോധപൂർവം നിയന്ത്രിക്കണം.

മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും. മാർഗതടസ്സങ്ങൾ നീങ്ങും. വ്യവസ്ഥകൾ പാലിക്കും. ആത്മവിശ്വാസം വർധിക്കും. വിതരണമേഖല വിപുലമാക്കാൻ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. വസ്തുനിഷ്ഠമായി പഠിച്ചു െചയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വർഷങ്ങളായി അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്ക് ആശ്വാസമാകും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ ഉണ്ടാകും. സമയോചിതമായ നീക്കങ്ങളാൽ അബദ്ധങ്ങൾ ഒഴിവാകും.

English Summary:

Bi Weekly predictions in Malayalam by Kanippayyur Narayanan Namboodiripad . Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com