സൗഭാഗ്യത്തേരേറി 6 കൂറുകാർ; സമ്പൂർണ ദ്വൈവാര നക്ഷത്രഫലം - കാണിപ്പയ്യൂർ

Mail This Article
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)അനുബന്ധവ്യാപാരം തുടങ്ങാൻ ധാരണയാകും. ഫലപ്രദമായ നിർദേശങ്ങൾ സ്വീകരിച്ചു െചയ്യുന്നതെല്ലാം വിജയിക്കും. തൊഴിൽ മേഖലയോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും. ക്ലേശകരമായ സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. ആശയവിനിമയങ്ങളിൽ പുതിയ തൊഴിലവസരം വന്നു ചേരും. സംതൃപ്തിയുള്ള കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. മതപരമായ കാര്യങ്ങളിൽ വിമുഖതയുണ്ടാകും. വർധിച്ചു വരുന്ന ചെലവുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും.
ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക) കാര്യങ്ങൾ ശരിയായ നിഗമനത്തിൽ എത്തിച്ചേരും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കും. തൃപ്തിയുള്ള വിഭാഗത്തിൽ ഉദ്യോഗത്തിന് അവസരം വന്നു ചേരാം. പദ്ധതി ആസൂത്രണങ്ങളിൽ പങ്കു വഹിക്കാൻ സാധിക്കും. പരസ്പര വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. കുടുംബാംഗങ്ങളോടൊപ്പം പുണ്യതീർഥയാത്രയ്ക്ക് അവസരം വന്നു ചേരും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കു പ്രഥമ പരിഗണന ലഭിക്കും. തൊഴിൽ മേഖലകളിൽ മാറ്റം വരുത്താൻ തയാറാകും.
മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക) തൊഴിൽ മേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾക്കു തയാറാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പട്ടണത്തിലേക്കു താമസം മാറും. വിദേശത്തു സ്ഥിരതാമസത്തോടുകൂടി പുതിയ ഭരണസംവിധാനം അവലംബിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. വിദഗ്ധ ചികിത്സകളാൽ രോഗശമനമുണ്ടാകും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം) സുതാര്യതയുള്ള പ്രവർത്തനങ്ങളിൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. മേലധികാരിയുടെ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. വ്യക്തി സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. പാരമ്പര്യ പ്രവൃത്തികൾ പിന്തുടരാൻ സാധിക്കും. പുതിയ വ്യാപാരം തുടങ്ങാൻ നിർദേശവും ഉപദേശവും തേടും. വിശ്വസ്തസേവനത്തിനു പ്രശസ്തി പത്രം ലഭിക്കും. പണം കടം കൊടുക്കരുത്. സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപിക്കരുത്.
ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക) സമയപരിധിക്കു മുൻപ് ഉദ്യോഗങ്ങളിൽ നിന്നു വിരമിക്കാൻ തീരുമാനിക്കും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്കു തയാറാകും. പ്രവൃത്തി മേഖലകളിൽ ക്രമാനുഗതമായ വളർച്ചയുണ്ടാകും. കലാകായിക മത്സരങ്ങളിലും നറുക്കെടുപ്പിലും വിജയിക്കും. നിരാലംബരായവർക്കു സാമ്പത്തിക സഹായം നൽകാനിടവരും. വസ്ത്രാഭരണ സുഗന്ധദ്രവ്യങ്ങൾ വാങ്ങാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ഭക്ഷണ ക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.
കന്നിക്കൂർ (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക) അപകീർത്തി ഒഴിവാക്കാൻ അധികാരസ്ഥാനം ഒഴിയും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാക്കാനുള്ള അനുമതിക്ക് അപേക്ഷ നൽകും. സഹകരണപ്രസ്ഥാനങ്ങൾക്ക് സാരഥ്യ സ്ഥാനം വഹിക്കാനിട വരും. അനുബന്ധ വ്യാപാരം തുടങ്ങാൻ അനുമതി തേടും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. ഉദ്ദിഷ്ടം കാര്യവിജയമുണ്ടാകയാൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. സാഹസിക പ്രവൃത്തികളിൽ നിന്നു വിട്ടു നിൽക്കണം.
തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)വിൽപനോദ്ദേശത്തോടുകൂടി ഭൂമി വാങ്ങാൻ പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടു കൂടി വാഹനം മാറ്റി വാങ്ങും. മുൻകോപം നിയന്ത്രിക്കണം. മാതാപിതാക്കളെ വിദേശത്തേക്കു കൊണ്ടു പോകാനുള്ള അനുമതി ലഭിക്കും. സമാന ചിന്താഗതിയുള്ളവരുമായി സംസര്ഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും.
വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട) പൊതുജനാവശ്യം മനസ്സിലാക്കി വ്യക്തമായ ഉപദേശത്താൽ പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കും. പിതൃതുല്യനായ ബന്ധുവിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനിടവരും. വിട്ടു വീഴ്ചാമനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മധ്യസ്ഥർ മുഖാന്തരം കടംകൊടുത്ത് സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഓർമശക്തിക്കുറവിനാൽ സാമ്പത്തിക വിഭാഗത്തിൽ നിന്നു പിന്മാറും.
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക)അനാരോഗ്യത്താൽ അവധിയെടുക്കും. വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും. സ്വാശ്രയശീലം ജീവിതത്തിൽ നടപ്പിലാക്കാൻ സർവാത്മനാ തയാറാകും. സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ ആത്മാഭിമാനം തോന്നും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. പ്രത്യേക പരിഗണനയിൽ പുതിയ കരാറു ജോലികളിൽ ഒപ്പു വയ്ക്കും. സഹപാഠികളോടൊപ്പം വിനോദയാത്ര പുറപ്പെടും. സഹോദര സഹായഗുണമുണ്ടാകും. പൂർവിക സ്വത്തു ഭാഗം വയ്ക്കാൻ തീരുമാനിക്കും.
മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. വ്യവസ്ഥകൾ പാലിക്കാന് കഠിന പ്രയത്നം വേണ്ടി വരും. വിശേഷദേവാലയ ദർശനത്തിന് അവസരം ലഭിക്കും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. പുതിയ പാഠ്യപദ്ധതിക്കു ചേരാൻ യാത്ര പുറപ്പെടും. ജീവിത പങ്കാളിയുടെ തൊഴിൽസ്ഥിരതയ്ക്കായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. പരിചയമില്ലാത്ത പ്രവർത്തനങ്ങളിൽ നിന്നു പിന്മറാൻ ഉൾപ്രേരണയുണ്ടാകും.
കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക) കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഏറെക്കുറെ സാധ്യമാകും. വ്യാപാരസമുച്ചയം പണിയാൻ ഭൂമി വാങ്ങാനിടവരും. നിലവിലുള്ളതിനു പുറമെ മറ്റൊരു വാഹനം വാങ്ങാൻ തീരുമാനിക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. മുടങ്ങിക്കിടപ്പുള്ള സ്ഥാപനം പുനരാരംഭിക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടി വരും. ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാൽ ഉദ്യോഗത്തിൽ നിന്നു രാജിവയ്ക്കാൻ ആലോചിക്കും.
മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി) പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. അപകീർത്തി ഒഴിവാക്കാൻ അധികാരസ്ഥാനം ഒഴിയും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതി സമർപ്പണത്തിനു തയാറാകും.