ശനി രാശി മാറുന്നു; 9 നക്ഷത്രക്കാരുടെ ജീവിതം മാറ്റിമറിക്കും, സമ്പൂർണഫലം

Mail This Article
2025 മാർച്ച് മാസം 29ന് ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റത്തോടെ ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): മേടക്കൂറുകാർക്ക് ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുകയാണ്. ഗതിവിഗതികൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങളെ അതിജീവിക്കേണ്ടതായി വരും. കോപവും ദാർഷ്ട്യവും ഉപേക്ഷിക്കാൻ തയാറായാൽ വലിയ ദോഷങ്ങൾ വരില്ല. ചുമതലകൾ യഥാസമയം പൂർണതയോടെ ചെയ്തു തീർക്കുക. ശരിയായി ചിന്തിച്ച ശേഷം മാത്രം പണം വിനിയോഗിക്കണം. വിദ്യാർഥികൾ അലസത വെടിയണം. വെറുതെ സമയം കളയുന്നത് ലക്ഷ്യത്തിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കും. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. മോശപ്പെട്ട സംസാരം പ്രതികൂലമായി ബാധിക്കും. അമിത ചിന്ത ഒഴിവാക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാനുള്ള മാർഗങ്ങൾ കണ്ടെത്തണം. മാനസ്സിക സംഘർഷത്തിന്റെ കാരണം തിരിച്ചറിഞ്ഞ് തിരുത്താൻ നോക്കണം.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ഇടവക്കൂറുകാർക്ക് ശനി പതിനൊന്നാം ഭാവത്തിലേക്ക് മാറുകയാണ്. ഭാഗ്യവും അനുഭവ ഗുണവും വരാവുന്ന കാലമാണ്. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പല നല്ല കാര്യങ്ങളും സാധിക്കുന്നതിനുള്ള അവസരം ദൈവകൃപയാൽ വന്നു ചേരും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. ഭാവനകൾ യാഥാർഥ്യമാകും. വസ്തു തർക്കം പരിഹരിച്ച് പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. ആഗ്രഹിച്ച വിവാഹം നടക്കും. വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാധ്യമാകും. കൃഷിയിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും ശത്രുക്കളെയും അസൂയക്കാരെയും കരുതിയിരിക്കുക.
മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4): മിഥുനക്കൂറുകാർക്ക് ശനി പത്താം ഭാവത്തിലേക്ക് മാറുകയാണ്. കർമമേഖലയിൽ ചില ബുദ്ധിമുട്ടുകൾ വരാം. വിവാഹകാര്യങ്ങൾ നീണ്ടു പോകും. ഹൃദയ സംബന്ധമായും ഉദരസംബന്ധമായും അസുഖം ഉള്ളവർ അസുഖത്തെ അവഗണിക്കാതെ ചികിത്സ നല്‍കണം. അനാവശ്യ വിവാദങ്ങളിൽ നിന്നും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിലൂടെ പ്രശ്നങ്ങൾ നിയന്ത്രിക്കാം. കഠിനാധ്വാനവും നിരന്തര പരിശ്രമങ്ങളും ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാൻ തുണയാകും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം. പ്രായാധിക്യമുള്ളവരുടെയും അനുഭവജ്ഞാനമുള്ളവരുടെയും ഉപദേശങ്ങൾ സമീപഭാവിയിൽ ഗുണകരമാകും.
കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം): കർക്കടകക്കൂറുകാർക്ക് ശനി ഒൻപതാം ഭാവത്തിലേക്ക് മാറുകയാണ്. വലിയ സംരംഭങ്ങൾ, മുതൽമുടക്കുകൾ എന്നിവ വിജയിപ്പിക്കാൻ പ്രയാസമായതു കൊണ്ട് അത്തരം കാര്യങ്ങളിലെല്ലാം പണം ചെലവാക്കുന്നത് വളരെ ആലോചനയോടെ വേണം. നല്ലതിനായി ചെയ്യുന്ന കാര്യങ്ങൾ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടും. എതിരാളികളെ കരുതിയിരിക്കണം. സുപ്രധാന കാര്യങ്ങൾക്കായി കുടുംബാംഗങ്ങളുമായി കൂടിയാലോചന നടത്തുക. സന്ദർഭോചിതമായ തീരുമാനം കാരണം തലവേദന ഒഴിവാകും. മറ്റുള്ളവർക്ക് അനാവശ്യ വാഗ്ദാനങ്ങൾ നൽകുന്നത് പിന്നീട് ബാധ്യതമായി മാറും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി ആത്മസംതൃപ്തി ഉണ്ടാകും. എടുത്തു ചാട്ടം വേണ്ട. സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4): ചിങ്ങക്കൂറുകാർക്ക് ശനി അഷ്ടമത്തിലേക്ക് മാറുകയാണ്. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കരുത്. യോഗ പോലുള്ള കാര്യങ്ങൾ ശീലിക്കുന്നത് ഗുണകരമാവും. മറ്റു ഗ്രഹങ്ങളുടെ അനുകൂല സ്ഥിതിമൂലം ദോഷകാഠിന്യം കുറയും. മാനസിക സംഘർഷം ഒഴിവാക്കുക. അല്ലെങ്കിൽ മിക്ക കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വിഷമിക്കും. ബുദ്ധി ഉപയോഗിച്ച് സങ്കീർണമായ പല പ്രശ്നങ്ങളും പരിഹരിക്കണം. സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ പാടില്ല. സഹകരണത്തിലൂടെ നേടമുണ്ടാക്കാൻ കഴിയും. തൊഴിൽ സ്ഥലത്ത് കിംവദന്തികൾ സൃഷ്ടിക്കുന്നവരിൽ നിന്നും ഒഴിഞ്ഞു നിൽക്കാം. വിദ്യാർഥികൾ അവസരങ്ങൾ ഉപയോഗപ്പെടുത്തണം.
കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2): കന്നിക്കൂറുകാർക്ക് ശനി ഏഴാം ഭാവത്തിലേക്ക് മാറുകയാണ്. ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുടുംബകാര്യങ്ങളിലും ബന്ധങ്ങളിലുമാണ്. അടുത്ത് നിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ പോലും അകന്ന് മാറുന്ന പ്രതീതി ഉണ്ടാകും. കുടുംബത്തിൽ ഐക്യവും സമാധാനവും നിലനിർത്താൻ ശ്രമിക്കണം. മാനസികമായി നല്ല കരുത്ത് നേടുന്നത് വെല്ലുവിളികൾ തരണം ചെയ്യുന്നതിന് സഹായിക്കും. അഭിപ്രായം തുറന്ന് പറയുന്നതിന്റെ പേരിൽ ശത്രുക്കൾ വർധിക്കും. ക്രമവിരുദ്ധമായി ഒന്നും ചെയ്യരുത്. പണത്തിന്റെ വില അറിഞ്ഞ് ചെലവാക്കുക. ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ശ്രമിക്കണം. വിദ്യാർഥികൾ കഠിനാധ്വാനം ചെയ്താൽ ഫലം കാണും. അഹംഭാവം ഒഴിവാക്കണം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാൽ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്.
തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4): തുലാക്കൂറുകാർക്ക് ശനി ആറാം ഭാവത്തിലേക്ക് മാറുകയാണ് ധനപരമായി അപ്രതീക്ഷിത വരുമാനം ഉണ്ടാകും. അസൂയാവഹമായ ഉയർച്ച എല്ലാ കാര്യങ്ങളിലും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നുചേരും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചു ലഭിക്കും. ഉപരിപഠനം പൂർത്തീകരിച്ച് നല്ല ഉദ്യോഗം ലഭിക്കും. മക്കളോടൊപ്പം പുണ്യതീർഥയാത്രകൾക്ക് യോഗമുണ്ട്. ജീവിത നിലവാരം വർധിക്കുവാനും വിസ്തൃതിയിലുള്ള ഗൃഹം വാങ്ങി താമസിക്കാനും യോഗമുണ്ട്. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ ലഭിക്കും. പൊതു പ്രവർത്തനങ്ങളിൽ ശോഭിക്കും നിർധനരായവർക്ക് സാമ്പത്തിക സാഹയം ചെയ്യും.
വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട): വൃശ്ചികക്കൂറുകാർക്ക് ശനി അഞ്ചാം ഭാവത്തിലേക്ക് മാറുകയാണ്. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധവേണം. ആരോഗ്യ കാര്യങ്ങളും അവഗണിക്കരുത്. വലിയ നേട്ടങ്ങൾ ഉണ്ടായില്ലെങ്കിലും നഷ്ടസാധ്യത ഇല്ല. വിദ്യാർഥികൾ കഠിനാധ്വാനത്തിലൂടെ വിജയം വരിക്കും. കുടുംബാംഗങ്ങൾക്ക് വേണ്ടി സമയവും പണവും ചെലവഴിക്കും. തടസ്സങ്ങളെ ഈശ്വരപ്രാർഥന കൊണ്ട് മാറ്റിയെടുക്കാം. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കിയാൽ നന്ന്. ശരിയായ തീരുമാനം എടുത്ത് തക്ക സമയത്ത് ചെയ്യുന്ന പ്രവർത്തികൾ നല്ല ഫലം തരും. വിനയം, ക്ഷമ തുടങ്ങിയവ സർവവിധത്തിലുള്ള ആദരവിനും വഴിയൊരുക്കും. ഭൗതിക ജീവിതത്തിനോടൊപ്പം ആധ്യാത്മിക ചിന്തകളും സമന്വയിപ്പിക്കുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും.
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 1/4 ): ധനുക്കൂറുകാർക്ക് ശനി നാലാം ഭാവത്തിലേക്ക് മാറുകയാണ്. മറ്റു ഗ്രഹങ്ങളുടെ അനുകൂല സ്ഥിതിമൂലം ദോഷകാഠിന്യം കുറയും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. പ്രതീക്ഷിക്കുന്ന അത്ര ആനുകൂല്യങ്ങൾ തൊഴിൽ രംഗത്ത് നിന്ന് ലഭിക്കണമെന്നില്ല. ചെറിയ കാര്യങ്ങളിൽ പോലും കുടുംബത്തിൽ അസ്വസ്ഥത ഉടലെടുക്കുന്ന സാഹചര്യം ആകയാൽ വാക്കുകളിലും പെരുമാറ്റത്തിലും മിതത്വം പാലിക്കാൻ ശ്രമിക്കുക. ധനപരമായി നേട്ടമുണ്ടാക്കാൻ കഴിയുന്ന എല്ലാ അവസരവും ഭംഗിയായി ഉപയോഗപ്പെടുത്തണം. കഠിനാധ്വാനത്താൽ പരീക്ഷയിൽ വിജയം വരിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ദുശ്ശീലങ്ങൾ ഒഴിവാക്കണം. ഈശ്വരാധീനത്താൽ വിഷമങ്ങൾ തരണം ചെയ്യും.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): മകരക്കൂറുകാർക്ക് ശനി മൂന്നാം ഭാവത്തിലേക്ക് മാറുകയാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം വന്നു ചേരും. നിസ്സാര ചികിത്സകളാൽ രോഗവിമുക്തി ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടും. ബിസിനസ് വിപുലീകരിക്കാനാകും. പഠന പുരോഗതി നേടുവാനും സാധിക്കുന്നതാണ്. വിവാഹം നടക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കാർഷിക മേഖലകളിൽ അനുകൂല അന്തരീക്ഷം വന്നു ചേരും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വ്യാപാര വിതരണ സമ്പ്രദായം വിപുലമാക്കും.
കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4): കുംഭക്കൂറുകാർക്ക് ശനി രണ്ടാം ഭാവത്തിലേക്ക് മാറുകയാണ്. ശാസ്താവിനെ സ്ഥിരമായി ഉപാസിക്കുക. ഒരിടത്ത് ഉറച്ചു നിൽക്കുക. ചഞ്ചലമായ മനസ്സ് എല്ലാ കാര്യങ്ങളിലും തടസ്സവും താമസവും സൃഷ്ടിക്കും. ഈശ്വര ചിന്ത ശക്തമാക്കണം. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. നല്ല പെരുമാറ്റത്തിലൂടെ സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കണം. അപമാനത്തിന് ഇടയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി ഒഴിവാക്കുക .കുടുംബ ജീവിതത്തിലെ വൈഷമ്യങ്ങൾ പെരുപ്പിക്കാതെ ക്ഷമയോടെ അതിനെ നേരിടാൻ ശ്രമിക്കണം. ദാമ്പത്യത്തിൽ തെറ്റിദ്ധാരണ ഒഴിവാക്കുക. ദുർചിന്തകൾ ഒഴിവാക്കിയാൽ എവിടെയും വിജയിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സാധിക്കും. എന്ത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും രണ്ടു തവണ ആലോചിക്കണം.
മീനക്കൂർ (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): മീനക്കൂറുകാർക്ക് ശനി ജന്മത്തിലേക്ക് മാറുകയാണ്. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപ്പെട്ടാൽ അപകീർത്തി ഉണ്ടാകും. മുൻകോപം ഒഴിവാക്കണം. ചെറിയ ചെറിയ ആരോഗ്യ പ്രശ്നം ബുദ്ധിമുട്ടിച്ചേക്കാം. ആരേയും അമിതമായി വിശ്വസിക്കരുത്. വിശാലമായ ചിന്താഗതി പുലർത്തുന്ന നിലപാടുകൾ പ്രശംസിക്കപ്പെടും. എല്ലാ കാര്യങ്ങളും ഫലപ്രദമായി നടപ്പിലാക്കാൻ നന്നായി ശ്രമിക്കുക. ഉന്നതതല ബന്ധങ്ങൾ ഗുണം ചെയ്യും. ഒഴിവ് സമയം പാഴാക്കാതെ നല്ല കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തണം. അപകീർത്തി ഉണ്ടാകാവുന്ന പ്രവൃത്തികളിൽ നിന്നും വിട്ടു നിൽക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച മനോഭാവം കൈ കൊള്ളുക വഴി പ്രശ്നങ്ങൾ ഉണ്ടാവില്ല. ആധ്യാത്മിക ആത്മീയ ജ്ഞാനത്താൽ വൈരാഗ്യബുദ്ധി ഉപേക്ഷിക്കും.
ശനിദോഷശാന്തിക്ക്
ശനിയാഴ്ച വ്രതം നോറ്റ് ശനീശ്വര മന്ത്രം ജപിക്കുക. കാക്കയ്ക്ക് എള്ളും പച്ചരി ചോറും കൊടുക്കുക. വികലാംഗർ, വയോധികർ, രോഗികൾ ഇവരെ സഹായിക്കുക. ശാസ്താ - ഹനുമദ് ക്ഷേത്ര ദർശനം, കാലഭൈരവ ക്ഷേത്ര ദർശനം ഇവ ചെയ്യുക. കരിക്കഭിഷേകം ശനി ദുരിതശാന്തിക്കും ആരോഗ്യ വർധനവിനും ഉത്തമമാണ്. ശാസ്താവിന് നെയ്യഭിഷേകം പാപശാന്തിക്ക് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്ന നിവാരണത്തിനും ത്വക്ക് രോഗശാന്തിക്കും നന്ന്. അയ്യപ്പ ക്ഷേത്രങ്ങളിൽ നീരാഞ്ജനം തെളിയിക്കൽ, എള്ള് പായസം എന്നിവ അഭീഷ്ട സിദ്ധി, പാപശാന്തി എന്നിവയ്ക്കെല്ലാം ഉത്തമം തന്നെയാണ്. നീല ശംഖു പുഷ്പാർച്ചന ശനിദോഷ നിവാരണത്തിന് അതിവിശേഷമാണ്.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി. ഒ : മമ്പറം
വഴി : പിണറായി - 676741
ഫോ: 9961442256
Email ID: prabhaseenacp@gmail.com